ആമുഖം

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനാല്‍ 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിതമായ കര്‍മ്മലീത്താ സന്യാസിനിസഭയില്‍ ആദ്യ അംഗമായി വ്രതം ചെയ്യുകയും ആ സഭയുടെ ആദ്യത്തെ മദര്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുകയും 1890 ല്‍ റോമയിലെ പരിശുദ്ധ സിംഹാസനം പ്രസ്തുത കര്‍മ്മലീത്താ സന്യാസിനിസഭ സീറോ-മലബാര്‍ സഭയുടെ ഭാഗമാണെന്ന് വിധിച്ചപ്പോള്‍, അന്നത്തെ ലത്തീന്‍ സഭയുടെ മെത്രാന്‍റെ നിര്‍ബന്ധത്തിനുവഴങ്ങി, പ്രസ്തുത സഭ പിളര്‍ത്തി സിടിസി C.T.C.) എന്ന സഭയ്ക്ക് രൂപം കൊടുത്തുകൊണ്ട് അതിന്‍റെ സ്ഥാപകയുമായി മാറിയ വാകയില്‍ ഏലീശ്വാ എന്ന മദര്‍ ഏലീശ്വായെ 2023 നവംബര്‍ എട്ടാം തീയതി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ വിശുദ്ധര്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയത്താല്‍ (Dicastery for the Causes of Saints) ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് തീര്‍ച്ചയായും കേരള കത്തോലിക്കരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു കാര്യം തന്നെ.

മദര്‍ ഏലീശ്വാ, 1831 ഒക്ടോബര്‍ 15-ാം തീയതി, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഓച്ചന്‍തുരുത്ത് എന്ന സ്ഥലത്ത് വൈപ്പിശ്ശേരി തൊമ്മന്‍റെയും താണ്ടയുടെയും എട്ടുമക്കളില്‍ സീമന്തപുത്രിയായി ഭൂജാതയായി. 1847 ല്‍ കൂനമ്മാവിലെ വാകയില്‍ കുടുംബത്തിലെ വതറിനെ വിവാഹം കഴിച്ച ഏലീശ്വായ്ക്ക് ആ വിവാഹത്തില്‍ അന്ന എന്ന ഒരു പുത്രിയുമുണ്ടായി. എന്നാല്‍, ഭര്‍ത്താവിന്‍റെ അകാലത്തിലുള്ള മരണം വരുത്തിവെച്ച ബുദ്ധിമുട്ടുകളും സാമ്പത്തിക ക്ലേശങ്ങളും അതിയായി അലട്ടിയപ്പോള്‍ ദൈവാശ്രയബോധത്തില്‍ വളരുവാനും ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ തന്‍റെ മകളെയും ഇളയ സഹോദരിയെയും അങ്ങനെയുള്ള ഒരു സമര്‍പ്പിതജീവിതത്തിലേക്ക് ചേര്‍ത്തുപിടിക്കുന്നതിനും, വിശുദ്ധ ചാവയച്ചനാല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതദ്ദേശീയമായ സന്യാസിനിസഭയുടെ ആദ്യ അംഗമായിത്തീരുവാനും ഈ പുണ്യാത്മാവിനെ ദൈവകൃപ അനുഗ്രഹിച്ചു. 1913 ജൂലൈ 18-ാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മദര്‍ ഏലീശ്വാ വിരോചിത പുണ്യങ്ങള്‍ അഭ്യസിച്ചിരുന്നു എന്നും അങ്ങനെ വിശുദ്ധമായ ഒരു ജീവിതമാണ് നയിച്ചിരുന്നതുമാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ 2023 നവംബര്‍ എട്ടാം തീയതിയിലെ ഡിക്രി വ്യക്തമാക്കുന്നത്. ഒരു വ്യക്തിയെ വിശുദ്ധന്‍ അഥവാ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാല് പടവുകളില്‍ രണ്ടാമത്തെ പടവിലാണ് മദര്‍ ഏലീശ്വായിപ്പോള്‍. ഇനി, ഈ ധന്യയുടെ മധ്യസ്ഥത്തില്‍ നടന്ന ഒരത്ഭുതം തെളിയിക്കുവാന്‍ സാധിച്ചാല്‍ ടിയാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാനാകും. വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം സംഭവിക്കുന്ന മറ്റൊരു അത്ഭുതം തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു, വീണ്ടും വിശുദ്ധയായുള്ള പ്രഖ്യാപനത്തിന്.

1. കേരളത്തിലെ ധന്യര്‍

അഗതികളുടെ സന്യാസിനി സഭയുടെ (SD) സ്ഥാപകനായ വര്‍ഗീസ് പയ്യപ്പള്ളി അച്ചന്‍, ആരാധനാ സഭയുടെ (SABS) സ്ഥാപകനായ അഭിവന്ദ്യ തോമസ് കുര്യാളശ്ശേരി പിതാവ്, തിരുഹൃദയസഭയുടെ (SH) സ്ഥാപകനായ കദളിക്കാട്ടില്‍ മത്തായി അച്ചന്‍, ഹോളി ഫാമിലി സഭയുടെ (CHF) സഹസ്ഥാപകനായ ജോസഫ് വിതയത്തില്‍ അച്ചന്‍, ചാരിറ്റി സഭയുടെ (CSC) സ്ഥാപകനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍ എന്നിവര്‍ സീറോ-മലബാര്‍ സഭയില്‍നിന്നും ധന്യരായി പ്രഖ്യാപിക്കപ്പെട്ട വരാണെങ്കില്‍ കേരളത്തിലെ ലത്തീന്‍സഭയില്‍ മദര്‍ ഏലീശ്വായ്ക്ക് മുമ്പുതന്നെ ധന്യരായി പ്രഖ്യാപിക്കപ്പെട്ടവരാണ് വിശുദ്ധ തെരേസയുടെ സഖറിയാസച്ചന്‍, ഔറേലിയന്‍ അച്ചന്‍, ജോണ്‍ വിന്‍സന്‍റ് അച്ചന്‍ എന്നിവര്‍. ഈ മൂന്നുപേരും വരാപ്പുഴ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മലീത്താ (OCD) വൈദികരായിരുന്നു. ഇവരെക്കൂടാതെ ആലപ്പുഴയില്‍ അല്പകാലം പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഫെര്‍നാന്‍ഡ റീവ FDCC എന്ന ഇറ്റലിക്കാരിയായ കനോസ്സിയന്‍ സന്യാസിനി സഭാംഗവും ധന്യരുടെ ഗണത്തില്‍പ്പെടുന്നു. ഒരു വ്യക്തി ധന്യരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത് ആ വ്യക്തി ധീരോചിത പുണ്യങ്ങള്‍ അനുഷ്ഠിച്ച് ജീവിച്ചു എന്ന വസ്തുത വത്തിക്കാന്‍ ഒരു ഡിക്രിവഴി അംഗീകരിക്കുമ്പോഴാണ്. എന്നാല്‍, ധന്യപദവി, ദൈവദാസപദവിക്ക് ശേഷംവരുന്ന ഒന്നാണെങ്കിലും, ധന്യരെ അള്‍ത്താര വണക്കത്തില്‍നിന്നും തിരുസഭ വിലക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ദൈവദാസരുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെയുള്ള കബറടത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ശ്രാദ്ധം എന്നിവ മാത്രമേ ധന്യരുടെ കാര്യത്തിലും അനുവദനീയമായുള്ളൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ധന്യരുടെ തിരുനാള്‍ ആഘോഷം അനുവദനീയമല്ല.

2. കൂനമ്മാവ് മഠം സ്ഥാപിച്ചത് ചാവറയച്ചനോ, ലെയോപ്പോള്‍ദ് മിഷണറിയോ, മദര്‍ ഏലിശ്വായോ?

മദര്‍ എലീശ്വായെ ധന്യയായി പ്രഖ്യാപിച്ചിരിക്കുന്ന വത്തിക്കാന്‍രേഖ, ടിയാളെ വിശേഷിപ്പിച്ചിരി ക്കുന്നത് ഇങ്ങനെയാണ്: “പരിശുദ്ധ കന്യാമറിയത്തിന്‍റെ ഏലീശ്വാ (സന്യാസിനിയാകുന്നതിന് മുമ്പുള്ള പേര് എലീശ്വാ വാകയില്‍), കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ, ഇപ്പോഴത്തെ Sisters of Teresian Carmelites ന്‍റെ സ്ഥാപക, 1831 ഒക്ടോബര്‍ 15-ാം തീയതി ഓച്ചന്‍തുരുത്ത് (India) ല്‍ ജനിക്കുകയും 1913 ജൂലൈ 18-ാം തീയതി വരാപ്പുഴയില്‍ മരിക്കുകയും ചെയ്തു.” ഇത്രയുംമാത്രമേ വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അറിയിപ്പില്‍ മദര്‍ ഏലീശ്വായെപ്പറ്റി കാണുന്നുള്ളൂ. ഏതായാലും ഒരു കാര്യം അതില്‍ നിന്നും വ്യക്തമാണ്; അതായത് CTC സഭയുടെ സ്ഥാപകയായി പരിശുദ്ധ സിംഹാസനം ഇപ്പോള്‍ മദര്‍ ഏലീശ്വായെയാണ് കാണുന്നത്. ഇത് ചരിത്രപരമായി ശ്രദ്ധേയമാണ്. കാരണം 1986 ഫെബ്രുവരി എട്ടാം തീയതി കോട്ടയത്തുവച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ CMI സന്യാസസഭയുടെയും CMC, CTC എന്നീ സന്യാനീസഭകളുടെ സ്ഥാപകനായാണ് വിശേഷിപ്പിച്ചിരുന്നത്. അക്കാലത്ത്, അത് എല്ലാവരും അംഗീകരിച്ചിരുന്ന ഒരു ചരിത്ര വസ്തുതയായിരുന്നുവെങ്കില്‍, 2004 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഈ ലേഖകന്‍ സിഎംഐ സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലും ചാവറപ്പിതാവിന്‍റെ റോമിലെ പോസ്റ്റുലേറ്ററുമായി സേവനം ചെയ്തിരുന്ന കാലം തുടങ്ങി CTC സഭാംഗങ്ങളുടേതായി വത്തിക്കാനിലേക്ക് കത്തുകളുടെ ഒരു പ്രവാഹം തന്നെയുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അവയുടെയൊക്കെ ഉള്ളടക്കത്തിലെ ഒരു കാര്യം ചാവറപ്പിതാവല്ല അവരുടെ സഭയുടെ സ്ഥാപകന്‍ എന്നതുതന്നെയായിരുന്നു.

1890 ല്‍ കൂനമ്മാവ് മഠത്തില്‍നിന്നും പിരിഞ്ഞുപോയ ലത്തീന്‍ സഭാംഗങ്ങളായ ആറുപേര്‍ ചേര്‍ന്ന് പുതുതായി രൂപംകൊണ്ട ഒരു സഭയാണ് CTC സന്യാസിനിസഭയെങ്കില്‍, ആ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത മദര്‍ ഏലീശ്വായെ ആ സഭയുടെ സ്ഥാപകയായി ചിത്രീകരിക്കുന്നതില്‍ ചരിത്രപരമായ തെറ്റില്ല. എന്നാല്‍ 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിച്ച സന്യാസിനിസഭയുടെ സ്ഥാപകയാണ് മദര്‍ ഏലീശ്വാ എന്ന് പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കുന്നതിന് തുല്യമാകും. സമകാലീന ചരിത്ര രേഖകളെല്ലാം വളരെ വ്യക്തമായി പ്രഖ്യാപിക്കുന്ന ഒരു കാര്യമാണ്, 1829 ല്‍ വൈദികപട്ടം സ്വീകരിച്ച്, 1831 ല്‍ സിഎംഐ സന്യാസസഭാ സ്ഥാപനത്തില്‍ പാലയ്ക്കല്‍ തോമാമല്‍പ്പാനോടും പോരൂക്കര തോമാമല്‍പ്പാനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, തുടര്‍ന്ന് അവരുടെ രണ്ടുപേരുടെയും മരണശേഷം 1855 ല്‍ സഭയുടെ കാനോനിക സ്ഥാപനസമയത്ത് അതിന്‍റെ തേരാളിയായി നിന്നുകൊണ്ട് ആദ്യം വ്രതം ചെയ്യുകയും തുടര്‍ന്ന് സഹസന്യാസിമാരുടെ വ്രതവാഗ്ദാനം സ്വീകരിക്കുകയും ചെയ്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനാണ് 1866 ല്‍ സ്ഥാപിതമായ കര്‍മ്മലീത്താ സന്യാസിനിസഭയുടെ ഏക സ്ഥാപകനെന്ന്. 1859 ല്‍ തന്‍റെ 22-ാം വയസ്സില്‍ കേരളത്തിലെത്തുകയും 1860 ല്‍ തിരുപ്പട്ടം സ്വീകരിക്കുകയും തുടര്‍ന്ന് സിഎംഐ സഭയുടെ അന്നത്തെ നോവിസ് മാസ്റ്ററായി കൂനമ്മാവ് കൊവേന്തയില്‍ ജീവിക്കുകയും ചെയ്തിരുന്ന ഇറ്റാലിയന്‍കാരന്‍ ലെയോപ്പോള്‍ദ് ബെക്കാറോ എന്ന കര്‍മ്മലീത്താ മിഷനറിക്ക് കൂനമ്മാവ് മഠം സ്ഥാപനസമയത്ത് പ്രായം വെറും 29 വയസ്സ് മാത്രം. എന്നിരുന്നാലും 61 വയസ്സുകാരനും സിഎംഐ സഭയുടെ ഏക പ്രിയോരച്ചനുമായ ചാവറപ്പിതാവിനോടൊപ്പം ലെയോപ്പോള്‍ദ് മിഷനറി ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാല്‍, അദ്ദേഹത്തെ ഇന്നത്തെ സിഎംസി സഭയുടെ സഹസ്ഥാപകന്‍ (co-founder) ആയി കരുതുന്നതിലും തെറ്റില്ല. എന്നാല്‍ 1831 ല്‍ ഓച്ചന്‍തുരുത്തില്‍ ജനിച്ച്, 1847 ല്‍ വിവാഹിതയായി, 1850 ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയശേഷം അകാലത്തില്‍ വിധവയായിത്തീര്‍ന്ന ഏലീശ്വാ വാകയില്‍ 1866 ല്‍ കൂനമ്മാവ് പനമ്പുമഠത്തിലേക്ക് വരുമ്പോള്‍ വെറും മുപ്പത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള, സാധാരണ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, ജീവിതകാലം മുഴുവന്‍ ഇനി വിവാഹിതയാകാതെ പ്രാര്‍ത്ഥനയിലും ദൈവാശ്രയബോധത്തിലുംമാത്രം ജീവിക്കുവാനാഗ്രഹിച്ച ഒരു ഭക്തസ്ത്രീ മാത്രമായിരുന്നു എന്നതാണ് ചരിത്രരേഖകള്‍ സാക്ഷിക്കുന്നത്. ഒരു സന്യാസിനീസഭ സ്ഥാപിക്കുവാന്‍ അവള്‍ ആഗ്രഹിച്ചതായി സമകാലീന ചരിത്രരേഖയിലൊന്നിലും കാണുവാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. അതുപോലെ തന്നെ, കൂനമ്മാവിലെ മഠം കേരളത്തിലെ ആദ്യത്തെ മഠമായിരുന്നതിനാല്‍ സന്യാസിനീജീവിതത്തിന്‍റെ മാതൃകകളൊന്നും ഏലീശ്വായെ പ്രചോദിപ്പിക്കുവാനുണ്ടായിരുന്നില്ല എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.

ഇതിലൊക്കെ ഉപരിയായി ശ്രദ്ധേയമായ കാര്യം, വിശുദ്ധ ചാവറയച്ചനാണ് കൂനമ്മാവില്‍ 1866 ഫെബ്രുവരി 13-ാം തീയതി ആരംഭിച്ച സന്യാസിനീസഭയുടെ സ്ഥാപകന്‍ എന്ന ചരിത്ര വസ്തുത അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത് ലെയോപ്പോള്‍ദ് മിഷനറി തന്നെയാണ് എന്നതാണ്. അദ്ദേഹം ചാവറയച്ചനെപ്പറ്റി തന്‍റെ ഡയറിയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഇങ്ങനെയാണ് എഴുതിയത്:””Fondato con somme fatiche il monastero delle monache.” അതായത്, “(ചാവറയച്ചന്‍) വളരെ ബുദ്ധിമുട്ട് സഹിച്ച് സന്യാസിനിമാര്‍ക്കായി ഒരു മഠം (ആശ്രമം) സ്ഥാപിച്ചു.” ചാവയച്ചന്‍റെ മരണശേഷം ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂനമ്മാവില്‍ ഒന്നിച്ചുകൂടിയ ഇടവകവികാരിമാരോട് ലെയോപ്പോള്‍ദ് മിഷനറി ഇതേകാര്യം വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞതായി ചാവറയച്ചന്‍റെ സമകാലീനനും കൂനമ്മാവ് കൊവേന്തയുടെ നാളാഗമം എഴുത്തുകാരനുമായ പാറപ്പുറം വര്‍ക്കിയച്ചന്‍ തന്‍റെ നാളാഗമത്തിലും (pp.1424-1425) എഴുതിയിട്ടുണ്ട്. “അദ്ദേഹം മുഖാന്തിരം ഈ കന്യാസ്ത്രീമഠം ഇവിടെ ഉണ്ടാകാനിടയായി” എന്നാണ് ലെയോപ്പോള്‍ദ് മിഷനറിയുടെ വാക്കുകളായി ആ നാളാഗമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ചാവറയച്ചന്‍റെ പിന്‍ഗാമിയും മാന്നാനത്തിന്‍റെ രണ്ടാം പ്രിയോരും സിഎംഐ സഭയുടെ രണ്ടാം പ്രിയോര്‍ ജനറാളും 1855 ഡിസംബര്‍ 8-ാം തീയതി ചാവറയച്ചനോടൊപ്പം വ്രതം ചെയ്യുകയും ചെയ്ത പോരുക്കര തോമാ മല്‍പ്പാന്‍റെ ഇളയ സഹോദരന്‍ കുര്യാക്കോസ് ഏലീശാ പോരൂക്കരയച്ചനും വ്യക്തമായി ഇങ്ങനെ എഴുതിയിരിക്കുന്നു, ചാവറയച്ചനാണ് മഠം സ്ഥാപകനെന്ന്: “പ്രത്യേകമായിട്ട് മലയാളത്തിലെ പെണ്‍പൈതങ്ങള്‍ക്ക് ഒരു പുണ്യസങ്കേതമായി വേദകാര്യങ്ങള്‍ പഠിക്കുന്നതിനും നല്ല ക്രിസ്ത്യാനി പൈതങ്ങളായിട്ട് വളരുന്നതിനും ഒരു കന്യാസ്ത്രീമഠം ഉണ്ടാക്കണമെന്നാഗ്രഹിച്ച്, സര്‍വശക്തനായ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് അതിനുള്ള അടിസ്ഥാനക്കാരായിട്ട് ആസ്ഥമായിരുന്നവരെ കൈക്കൊണ്ട് തല്‍ക്കാലം പനമ്പുകൊണ്ട് വീടുണ്ടാക്കി പാര്‍പ്പിച്ചു. അതിന്‍റെ ശേഷം അത്ഭുതമേ, എട്ടുമാസത്തിന്‍റെ ഇടംകൊണ്ട് എണ്ണായിരം രൂപവരെയും പലവഴിയായി ധര്‍മ്മം വരുത്തി കന്യാസ്ത്രീമഠവും അതിന് വേണ്ടതൊക്കെയുമുണ്ടാക്കി അതില്‍ അവരെ പാര്‍പ്പിക്കുകയും അവരുടെ അടക്കജീവിതവും പുണ്യവും കണ്ട് സന്തോഷിച്ച് അവരെ പറഞ്ഞൊപ്പ് ചെയ്യിക്കുകയും, കടശ്ശി ശു. കുര്‍ബാന അവരുടെ കപ്പേളയില്‍ സ്ഥാപിക്കുകയും ചെയ്തു.” ചാവറയച്ചനെപ്പറ്റിയുള്ള പോരൂക്കരയച്ചന്‍റെ ഈ വിവരണം ലെയോപ്പോള്‍ദ് മിഷനറിയുടെ സാക്ഷ്യത്തോട് ചേര്‍ന്നുപോകുന്നത് തന്നെ.

ഇതിനെല്ലാംപുറമേ, ചാവറയച്ചന്‍ മരിച്ച 1871 ജനുവരി 3-ാം തീയതിയിലെ കൂനമ്മാവ് മഠത്തിലെ നാളാഗമംതന്നെ സാക്ഷിക്കുന്നുണ്ട് ചാവറയച്ചനാണ് മഠം സ്ഥാപകനെന്ന്. ആ ദിവസത്തെ നാളാഗമത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “മരിച്ച ഉടനെതന്നെ ക്രമപ്രകാരം കൂനമ്മാവ് കൊവേന്തയില്‍ മരിച്ചവരുടെ മണി അടിച്ചു. ഇത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സഹിക്കാന്‍പറ്റാത്ത സങ്കടവും ദുഃഖവുമുണ്ടായി. ആയതിനാല്‍ കുര്‍ബാന കണ്ടിരുന്ന കപ്പേളയില്‍ കരച്ചിലുയര്‍ന്നു. എന്തെന്നാല്‍, നമ്മുടെ ഈ പിതാവ് കേരളത്തിലുള്ള ക്രിസ്ത്യാനികള്‍ക്കെല്ലാം മാതൃകനല്‍കുന്ന ദീപവും കണ്ണാടിയും പോലെയായിരുന്നു. കൂടാതെ, തിരുസ്സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസസ്ഥിരതയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണതയില്‍ ഈ തിരുസ്സഭയെ താങ്ങുന്ന തൂണുപോലെയായിരുന്നു. പ്രത്യേകമായി കന്യാസ്ത്രീമഠങ്ങളുടെ പുണ്യപരിപൂര്‍ണ്ണതയിലും വളര്‍ച്ചയിലും വലിയ താല്പര്യക്കാരനുമായിരുന്നു. അതിനാല്‍ ഞങ്ങളുടെ ഈ മഠം സ്ഥാപിക്കുന്നതിനും വിശുദ്ധിയുടെ വഴിയില്‍ ഞങ്ങളെ നടത്തുന്നതിനും ചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്തുവരുന്നതുമായ നന്മകളും ഉപകാരങ്ങളും ഇപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടമായി എന്നത് ഞങ്ങളെ ദുഃഖിപ്പിക്കുന്നു…” (നാളാഗമങ്ങള്‍, കൂനമ്മാവ് മഠം (1870-1909) രണ്ടാം പുസ്തകം, മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റ്, ആലുവ, 2008: പേജ് 20-21). ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം മഠം “സ്ഥാപിക്കുക” എന്നതാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

മദര്‍ ഏലീശ്വായെ മഠം സ്ഥാപകയായി ആ സഭയിലെ ആദിമ അംഗങ്ങള്‍ ആരുംതന്നെ കരുതിയിരുന്നില്ല എന്നതാണ് മറ്റൊരു ചരിത്ര വസ്തുത. സാധാരണഗതിയില്‍, ഒരു സഭാസ്ഥാപകന്‍ അഥവാ സഭാസ്ഥാപക, തന്‍റെ ജീവിതകാലം മുഴുവനും അഥവാ വളരെ ദീര്‍ഘകാലം ആ സഭയുടെ മുഴുവന്‍റെയും അധികാരിയായിരിക്കും; ചാവറയച്ചന്‍ ജീവിതകാലം മുഴുവന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറാളായിരുന്നതുപോലെ അഥവാ മദര്‍ തെരേസ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്നതുപോലെ. എന്നാല്‍, കൂനമ്മാവിലാരംഭിച്ച കര്‍മ്മലീത്ത സന്യാസിനിസഭയുടെ അധികാരിയായി മദര്‍ ഏലീശ്വാ 1866 മുതല്‍ 1871 വരെ മാത്രമേ ആ സഭയെ നയിച്ചിരുന്നതായി ചരിത്രം സാക്ഷിക്കുന്നുള്ളൂ. 1866 മുതല്‍ 1890 വരെ മദര്‍ ഏലീശ്വാ കൂനമ്മാവ് മഠത്തില്‍ ജീവിച്ചിരുന്നുവെങ്കിലും 1871 ല്‍ നടന്ന ശ്രേഷ്ടത്തി അഥവാ സുപ്പീരിയറിന്‍റെ തെരഞ്ഞെടുപ്പില്‍ വിജയിയായത് ഈശോയുടെ സിസ്റ്റര്‍ തെരേസ (Sr. Theresa of Jesus) ആണെന്നതുതന്നെ മദര്‍ ഏലീശ്വായെ “ഞങ്ങളുടെ ഒന്നാമത്തെ ശ്രേഷ്ടത്തി” എന്നുമാത്രം കൂനമ്മാവ് മഠത്തിന്‍റെ നാളാഗമത്തില്‍ വിശേഷിപ്പിക്കുന്ന ആദ്യകാല സഹസന്യാസിനികള്‍ ആ സ്ത്രീരത്നത്തെ തങ്ങളുടെ സഭാസ്ഥാപകയായി കരുതിയിരുന്നില്ല എന്നതിന്‍റെ ഏറ്റവും വ്യക്തമായ തെളിവ് തന്നെയാണ്. മദര്‍ ഏലീശ്വാ 1871 മുതല്‍ 1874 വരെയും വീണ്ടും 1881 മുതല്‍ 1884 വരെയും രണ്ട് തവണ “താക്കോല്‍ക്കാരി” അഥവാ സാമ്പത്തികം കൈകാര്യം ചെയ്യുന്ന ആളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

കൂനമ്മാവ് മഠത്തിന്‍റെ നാളാഗമം പഠിക്കുമ്പോള്‍ കാണുന്ന ഒരു ചരിത്രവസ്തുത 1871 മുതല്‍ 1890 വരെയുള്ള കാലഘട്ടത്തില്‍ സിസ്റ്റര്‍ തെരേസ മൂന്ന് പ്രാവശ്യവും (1871-1874, 1874-1878, 1884-1887), സിസ്റ്റര്‍ കാതറൈന്‍ രണ്ട് പ്രാവശ്യവും (1878-1881, 1887-1891) സിസ്റ്റര്‍ മറിയം ഒരു പ്രാവശ്യവും (1881-1884) ഈ സഭയുടെ ജനറാളമ്മമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. സഭയുടെ രണ്ടാം ജനറാളമ്മ യായി തെരഞ്ഞെടുക്കപ്പെടുകയും, വീണ്ടും രണ്ടുതവണകൂടി ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്ക പ്പെടുകയും ചെയ്ത സിസ്റ്റര്‍ തെരേസ മദര്‍ ഏലീശ്വായുടെ അനുജത്തിയും സഭയില്‍ രണ്ടാമതായി വ്രതം ചെയ്ത സന്യാസിനിയുമായിരുന്നു എന്നതില്‍നിന്നുതന്നെ 1871 ല്‍ 9 അംഗങ്ങളുണ്ടായിരുന്ന ആ സഭയില്‍ ആറുപേരും സുറിയാനിക്കാരായിരുന്നിട്ടും ആദ്യ അംഗങ്ങളായിരുന്ന മൂന്ന് ലത്തീന്‍ സഭാംഗങ്ങളില്‍ ഒരാളെത്തന്നെ തങ്ങളുടെ ജനറാളമ്മയായി അവര്‍ തെരഞ്ഞെടുത്തു എന്നതില്‍നിന്നും ലത്തീന്‍ സഭാംഗങ്ങള്‍ ആ സഭയില്‍ യാതൊരു വിവേചനവും അനുഭവിച്ചിരുന്നില്ല എന്നതും വ്യക്തം. 1887 ല്‍ ആ സഭയില്‍ 27 അംഗങ്ങളുണ്ടായിരുന്നതില്‍ 21 പേരും സുറിയാനിക്കാരും ആറുപേര്‍ മാത്രം ലത്തീന്‍കാരുമായിരുന്നു. അത്തവണത്തെ ഇലക്ഷനില്‍ സുറിയാനിക്കാരിയായ ഈശോയുടെ കാതറൈന്‍ ജനറാളമ്മയായും സുറിയാനിക്കാരിയായ ഈശോയുടെ മറിയം ഉപശ്രേഷ്ടത്തിയായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. എന്നാല്‍ ആ ടീമിലെയും താക്കോല്‍ക്കാരി മദര്‍ ഏലീശ്വയുടെ സഹോദരി സിസ്റ്റര്‍ തെരേസ ആയിരുന്നു എന്നതും ചരിത്രവസ്തുത തന്നെ. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു വസ്തുത മദര്‍ ഏലീശ്വായെ ആ കാലഘട്ടത്തില്‍ ഒരിക്കലും സഭയുടെ സ്ഥാപകയായി ആ സഭാംഗങ്ങള്‍ കരുതിയില്ല എന്നതുതന്നെ.

3. കൂനമ്മാവ് മഠം ആരുടെ?

1887 ല്‍ വരാപ്പുഴ വികാരിയാത്ത് വിഭജിച്ച് സുറിയാനിക്കാര്‍ക്കായി കോട്ടയം, തൃശൂര്‍ എന്നീ വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുകയും കോട്ടയം വികാരിയാത്തില്‍ ലവീഞ്ഞ് മെത്രാനും തൃശൂര്‍ വികാരിയത്തില്‍ മെഡ്ലിക്കോട്ട്മെ ത്രാനും ഭരണം ഏറ്റെടുക്കുകയും ചെയ്തതോടെ, കൂനമ്മാവ് ആരുടെ അധികാരത്തിന്‍കീഴില്‍ എന്നതിനെപ്പറ്റി തര്‍ക്കം ആരംഭിക്കുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മെല്ലാനോ കൂനമ്മാവ് മഠം തന്‍റെ അധീനതയിലായിരിക്കണമെന്ന് അവകാശപ്പെടുകയും ലവീഞ്ഞ് മെത്രാന്‍ മുത്തോലി മഠം സ്ഥാപിച്ച് അങ്ങോട്ടേക്ക് കൂനമ്മാവ് മഠത്തില്‍നിന്ന് ചിലരെ കൊണ്ടുപോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിഷയം പരിശുദ്ധ സിംഹാസനത്തിന്‍റെ അന്തിമതീര്‍പ്പ് കല്‍പ്പിക്കലിനായി സമര്‍പ്പിക്കപ്പെടുന്നത്. മഠം സ്ഥാപനം സംബന്ധിച്ചുള്ള എല്ലാ ചരിത്രരേഖകളും പഠിച്ചശേഷമാണ്, വത്തിക്കാന്‍ പ്രസ്തുത മഠം സുറിയാനിക്കാര്‍ക്കായി വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനത്തിലെത്തിയതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പഠനവിഷയമാക്കിയ രേഖകളില്‍ മെല്ലാനോ മെത്രാന്‍ 1888 നവംബര്‍ 28 നും 1889 മാര്‍ച്ച് 15 നും 1889 ഏപ്രില്‍ 2 നും വത്തിക്കാനില്‍ സമര്‍പ്പിച്ച രേഖകളിലെ വാദങ്ങളെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ മറുവശത്ത് ലെയോപ്പോള്‍ദ് മിഷനറി, മെഡ്ലിക്കോട്ട് മെത്രാന്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍, അന്നത്തെ ജനറാളമ്മ സിസ്റ്റര്‍ കാതറൈന്‍, സീറോ-മലബാര്‍ പ്രതിനിധികളുടെ നിവേദനം തുടങ്ങി മെല്ലാനോ മെത്രാപ്പോലീത്തായുടെ വാദങ്ങളെ ഖണ്ഡിക്കുന്ന തെളിവുകളുടെ കൂമ്പാരം തന്നെ ഉണ്ടായിരുന്നതിനാലാണ്, വത്തിക്കാന്‍ മഠം സുറിയാനിക്കാര്‍ക്കായി വിട്ടുകൊടുത്തത്. പ്രസ്തുത വിഷയം സംബന്ധിയായി കൂനമ്മാവ് മഠത്തിന്‍റെ നാളാഗമത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അന്ന് ഈ മഠത്തില്‍ വരാപ്പുഴ, തൃശൂര്‍, കോട്ടയം എന്നീ മൂന്ന് വികാരിയാത്തില്‍പ്പെട്ട സഹോദരിമാരുണ്ടായിരുന്നു. അതിനാല്‍ മൂന്ന് മെത്രാന്മാര്‍ക്കും ഈ മഠത്തിന്മേല്‍ അധികാരവുമുണ്ടായിരുന്നു. 1888 മുതല്‍ ഈ മഠം ആരുടെ അധികാരത്തിന്‍കീഴില്‍ വരേണ്ടതാണെന്നുള്ള തര്‍ക്കവും ഉണ്ടായിക്കൊണ്ടിരുന്നു. ഇതിന്‍റെ തീര്‍ച്ചയ്ക്കായി മൂന്ന് മെത്രാന്മാരും പരിശുദ്ധ സിംഹാസനത്തെ വിവരമറിയിച്ചു. 1890 ഏപ്രില്‍ 7 ന് പരിശുദ്ധ സിംഹാസനത്തില്‍നിന്നും കല്‍പ്പന വന്നു. അതനുസരിച്ച് മഠവും അതിനോടുചേര്‍ന്ന സകല കെട്ടിടങ്ങളും തൃശൂര്‍ വികാരിയ പ്പസ്തോലിക്കയായ നമ്മുടെ പെരിയ ബഹുമാനപ്പെട്ട പിതാവ് മെഡ്ലിക്കോട്ട് മെത്രാനച്ചന്‍റെ അധികാരത്തിലായിരിക്കുമെന്ന് നിശ്ചയിക്കപ്പെട്ടു. നമ്മുടെ നാളാഗമത്തിന്‍റെ ആദ്യലക്കത്തില്‍ വിവരിച്ചിരിക്കുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ ഈ മഠത്തിന്‍റെ പണികള്‍ക്കായി നമ്മുടെ സുറിയാനി പള്ളികളില്‍നിന്നും ജനങ്ങളില്‍നിന്നും 8000 രൂപ പിരിച്ചെടുത്താണ് ഈ മഠം പണികഴിപ്പിച്ചിട്ടുള്ളത് എന്ന ലെയോപ്പോള്‍ദ് മൂപ്പച്ചന്‍റെ ഒരു ബലവത്തായ സാക്ഷ്യം രേഖാമൂലം ഉണ്ടായിരുന്നതിനാലാണ് സുറിയാനിക്കാര്‍ക്ക് ഈ മഠം വിധിച്ചുകിട്ടുന്നതിന് ഇടയായത്. ഈ സത്യം ഈ മഠക്കാര്‍ എന്നും അനുസ്മരിക്കേണ്ടതാണ്” (നാളാഗമം, കൂനമ്മാവ് മഠം, (1870-1909) പേജ് 115).

കൂനമ്മാവിലെ 1866 ലെ പനമ്പുമഠമിരുന്ന സ്ഥലം മദര്‍ എലീശ്വായുടെ ഭര്‍ത്താവിന്‍റെ വീതത്തിലുള്ളതായിരുന്നു എന്ന് ചരിത്രരേഖകള്‍ സാക്ഷിക്കുന്നുണ്ട്. എന്നാല്‍, ആ സ്ഥലത്തിന്മേലുണ്ടായിരുന്ന കടം ആ സ്ഥലം വിറ്റാല്‍പ്പോലും തീരുന്നതല്ലായിരുന്നുവെന്നും ആ കടമെല്ലാം വീട്ടിയത് വിശുദ്ധ ചാവറച്ചനായിരുന്നുവെന്നും അതേ ചരിത്രരേഖകളില്‍ത്തന്നെ വ്യക്തം. ചാവറയച്ചന്‍തന്നെ എഴുതിയ നാളാഗമത്തില്‍ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: “അങ്ങനെയിരിക്കയില്‍ ഇവരുടെ വസ്തുവും ഇവരെയും വിചാരിച്ചുവന്ന ഈ പെണ്‍പൈതലിന്‍റെ എളയപ്പന്‍ വരിക്കത്തൊമ്മന്‍ എന്നവനെ മൂപ്പച്ചന്‍ വരുത്തി തിരക്കിയപ്പോള്‍ കണ്ടകടങ്ങളൊക്കെയും ഇവിടെ നിന്നും തീര്‍ത്തുകൊള്ളാമെന്നും അവര്‍ക്ക് ഒരു ചെറിയ പുര ഉണ്ടാക്കണമെന്നും ആയതിനെ നീ തന്നെ ചെയ്യിക്കണമെന്നും പറഞ്ഞതിനാല്‍ അവനും അപ്രകാരം അവന്‍റെ കെട്ടിയവളും ഏറ്റവും ഭക്തിക്കാരായിരിക്കയാല്‍ ഇതിന് നല്‍മനസ്സുവച്ചുത്സാഹിച്ചു. എങ്കിലും പണം എടുക്കുവാന്‍ കൈയില്‍ പാടില്ലായ്കയാല്‍ ദീര്‍ഘമായി കിടന്നു. 1866-ാം കാലത്തിന്‍റെ തുടക്കം ഒരാള്‍ക്ക് ഉത്തരപ്പിന്നായി ഏതാനും രൂപ വന്നിരുന്നത് കൊടുത്തപ്പോള്‍ അവന്‍ ഇതിന് ധര്‍മ്മമായിട്ട് 10 രൂപ തരികയും മറ്റുവഴി 8 ഇങ്ങനെ ഇതുകൊണ്ട് തുടങ്ങി. പനമ്പും തെങ്ങും കൊണ്ട് മൂന്ന് മുറിയും ഒരു ഊട്ടുമുറിയും ഒരു പ്രാര്‍ത്ഥനാസ്ഥലവും ഇങ്ങനെ തിരിച്ചുണ്ടാക്കി” (വി. ചാവറപ്പിതാവിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 1: നാളാഗങ്ങള്‍, 4th Edition, 2021, പേജ് 169). മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, ആദ്യത്തെ പനമ്പുമഠം പണിചെയ്തത് മദര്‍ ഏലീശ്വാ യുടെ ഭര്‍ത്താവിന്‍റെ പുരയിടത്തിലാണെന്നത് വ്യക്തം. എന്നാല്‍ അതിനോട് ചേര്‍ന്നുള്ള അടുക്കള പോലും പണിതത് പുതുതായി പണം കൊടുത്ത് വാങ്ങിയ പുരയിലാണ് എന്ന് കൂനമ്മാവ് മഠത്തിന്‍റെ നാളാഗമം വ്യക്തമാക്കുന്നു: “അങ്ങനെ ഏതാനും സംഭാവന കിട്ടി. ഇതുപയോഗിച്ച് തൊമ്മന്‍റെ ഉത്സാഹത്താല്‍ നമ്മുടെ അമ്മ കര്‍മ്മല ദൈവമാതാവിന്‍റെയും പിതാവായ വിശുദ്ധ യൗസേപ്പിന്‍റെയും വിവാഹത്തിരുനാള്‍ സമീപിച്ച 1866 ജനുവരി മാസത്തില്‍ ഈ ചെറിയ പനമ്പുമഠത്തിന്‍റെ വേല തുടങ്ങി… ആ പറമ്പില്‍ താമസിച്ചിരുന്ന അവുരാ എന്നയാളിന്‍റെ ഒരു ചെറിയ പുരയുണ്ടായിരുന്നത് ആറ് രൂപ കൊടുത്തു വാങ്ങി അടുക്കളയായി ഒരുക്കി” (നാളാഗമങ്ങള്‍: കൂനമ്മാവ് മഠം 1866-1870, പേജ് 6). ആറ് രൂപ കൊടുത്ത് ചാവറയച്ചന്‍ വാങ്ങിയ പുര അടുക്കളയാക്കിയ വിവരണത്തില്‍നിന്നും അക്കാലഘട്ടത്തിലെ പുരയിടങ്ങളുടെയും വീടുകളുടെയും വിലനിലവാരത്തെപ്പറ്റിയുള്ള ഒരു സൂചന കൂടി നമുക്ക് ലഭിക്കുന്നു. 8000 രൂപ മുടക്കി 2 നിലയിലായി 1867 ല്‍ ചാവറയച്ചനും ലെയോപ്പോള്‍ദ് മിഷനറിയുംകൂടി പണിയിച്ച മഠം പനമ്പുമഠമിരുന്ന പുരയിടത്തിലായിരുന്നില്ല എന്നതും അത് കൂനമ്മാവ് കൊവേന്തയുടെ സ്ഥലത്തായിരുന്നുവെന്നതും ചരിത്രവസ്തുത തന്നെ. കൂനമ്മാവ് മഠം പണികഴിപ്പിച്ചത് കൂനമ്മാവ് കൊവേന്തയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നത് ചാവറയച്ചന്‍റെ നാളാഗമത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നതിങ്ങനെയാണ്: “എന്നാല്‍ നമ്മുടെ കന്യാസ്ത്രീകള്‍ പനമ്പിനകത്ത് കിടക്കുകയാല്‍ പല സൗഖ്യക്കേടുകളും വരുന്നതിനാല്‍ വേഗത്തില്‍ ഉറപ്പായിട്ട ഒരു സ്ഥലമുണ്ടാക്കുവാന്‍ ബ. മൂപ്പച്ചന്‍ താല്പര്യപ്പെട്ടു. എന്നതില്‍ നമ്മുടെ കൂനമ്മാവ് കൊവേന്ത വകയായിട്ട സമീപിച്ച ഒരു പറമ്പുണ്ടായിരുന്നതിനൊടുകൂടെ മറ്റു രണ്ട് പറമ്പുകളുംകൂടെ ചേര്‍ത്താല്‍ നല്ലതെന്നും വച്ച അതിന്‍റെ ഉടയക്കാരൊട ബ. മൂപ്പച്ചന്‍ ചോദിച്ചതിനാല്‍ അവരു സമ്മതിച്ചു എംകിലും അവര്‍ക്കു പാര്‍പ്പാന്‍ മറ്റു സ്ഥലം അന്വേഷിച്ചു കൊടുത്തു. ഇത് രണ്ടും മുറപ്രകാരം കണ്ടതില്‍ അധികം സൌശീന്ന്യവും വിലയായും കൊടുത്തുവാങ്ങിച്ച മൂന്നുംകൂടി ഒന്നായി ചേര്‍ത്ത 1866 മിഥുനം 23-ാംനു ശനിയാഴ്ച 7 മണി കഴിഞ്ഞ പ്രിയോരച്ചനും മൂപ്പച്ചനുംകൂടെ ആ പറമ്പില്‍ ചെന്ന മൂപ്പച്ചന്‍ ഒരു തുണ്ടുകടലാസ്സില്‍ ഒരൊര്‍മ്മയും കൈയാളിപ്പു കുറിച്ച ആ കടലാസിനകത്ത ശു. കര്‍മ്മെല്‍ മാതാവിന്‍റേയും പിതാവായ യൗസേപ്പ് പുണ്യവാളന്‍റേയും അമ്മ ത്രേസ്യായുടേയും മൂന്നു കാശുരൂപംവച്ച് പൊതിഞ്ഞ ഒരു കല്ലിന്മേല്‍ മൂപ്പച്ചന്‍തന്നെ കൊലചെര എടുത്ത കുമ്മായം കോരി ഇട്ടു നിരത്തി ആ കുമ്മായത്തില്‍ ഈ രൂപങ്ങള്‍ പതിച്ചുവച്ച അതിനുംമീതെ ഒരു കല്ലും വച്ചു” (വി. ചാവറ പിതാവിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍, വാല്യം ഒന്ന്: നാളാഗമങ്ങള്‍, 4th Edition, 2021, പേജ് 176). ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിലായിരുന്നു കൂനമ്മാവ് മഠം സുറിയാനിക്കാര്‍ക്ക് വിട്ടുകൊടുക്കുവാനുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ തീരുമാനം.

1890 സെപ്റ്റംബര്‍ 17-ാം തീയതി, മദര്‍ ഏലീശ്വാ ഉള്‍പ്പെടെയുള്ള ലത്തീന്‍ സഭാംഗങ്ങളായ സിസ്റ്റേഴ്സിനെ മറ്റു സുറിയാനിക്കാരായ സിസ്റ്റ്ഴ്സ് പുറത്താക്കിയതായുള്ള പ്രചരണം ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ആ സംഭവത്തെപ്പറ്റി കൂനമ്മാവ് മഠത്തിന്‍റെ നാളാഗമം ഇങ്ങനെ എഴുതിയിരിക്കുന്നു: “ഇങ്ങനെ ബഹളം ഒന്നടങ്ങിയപ്പോള്‍ ലത്തീന്‍ റീത്തുകാരായ കന്യാസ്ത്രീകളെ വിട്ടുകൊടുക്കണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്താച്ചന്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ അവരെ വിട്ടു കൊള്ളണമെന്ന് തൃശൂര്‍ മെത്രാനച്ചന്‍ കല്‍പ്പിച്ചു. അതനുസരിച്ച് വൈപ്പിശ്ശേരി ഏലീശ്വാമ്മ, വൈപ്പിശ്ശേരി ത്രേസ്യാമ്മ, പൂപ്പന സിസ്റ്റര്‍ അനസ്താസ്യ, നോവിസുമാരായ പത്തിച്ചില ആഞ്ചല, പഴമ്പിള്ളി ബിയാട്രിസ്, തുണ സഹോദരിയായ ഏലീശ്വാ, ബോര്‍ഡിങ്ങിലെ കുട്ടിയായ വൈപ്പുശ്ശേരി മറിയം ഇങ്ങനെ 7 പേരെയും മേല്‍പ്പറഞ്ഞ എലീശ്വാമ്മയുടെ സഹോദരനായ ബഹുമാനപ്പെട്ട ളൂയീസച്ചനും മറ്റൊരു പാതിരി അച്ചനുംകൂടി ഇവിടെവന്നു കൊണ്ടുപോയി” (നാളാഗമങ്ങള്‍: കൂനമ്മാവ് മഠം (1870-1909), ആലുവ: മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റ്, 2008, പേജ് 117). ഈ വിവരണത്തില്‍നിന്നും വളരെ വ്യക്തമാണ് വരാപ്പുഴ മെത്രാപ്പോലീത്ത മെല്ലാനോയുടെ ആവശ്യത്തിനുവഴങ്ങി തൃശൂര്‍ മെത്രാന്‍ മെഡ്ലിക്കോട്ട്, എലീശ്വാമ്മ ഉള്‍പ്പെടെയുള്ള ലത്തീന്‍ റീത്തുകാരായ സിസ്റ്റേഴ്സിനെ പോകുവാന്‍ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും അവരെ ആരും പുറത്താക്കിയതല്ല എന്നും. വത്തിക്കാനിലെ കേസ് തോറ്റതിലുള്ള വൈക്ലബ്യം മറച്ചുവയ്ക്കാന്‍ ദുര്‍വാശിയോടുകൂടി മെല്ലാനോ മെത്രാപ്പോലീത്താ നടത്തിയ ഒരു അധികാര ദുര്‍വിനിയോഗത്തിന്‍റെ പരിണിതഫലമായിരുന്നു 1890 സെപ്റ്റംബര്‍ പതിനേഴാം തീയതിയിലെ ഒഴിവാക്കാമായിരുന്ന ദുഃഖകരമായ ഈ സംഭവം. സ്വന്തം സഹോദരനും OCD സന്യാസഭയിലെ കേരളത്തിലെ ആദ്യഅംഗവുമായ ളൂയിസച്ചനാണ് മറ്റൊരു വൈദികനോടുകൂടിവന്ന് അവരെ കൂനമ്മാവ് മഠത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെങ്കിലും അവര്‍ക്കുവേണ്ടി യാതൊരു താമസസൗകര്യവും ഒരുക്കാതെയാണത് ചെയ്തതെന്നും, അതിനാല്‍ത്തന്നെ, എറണാകുളത്തുള്ള CSST സഭയുടെ സെന്‍റ് തെരേസാസ് മഠത്തില്‍ അവരെ കുറേദിവസത്തേക്ക് താമസിപ്പിക്കേണ്ടിവന്നു എന്നതും ചരിത്രം.

ഉപസംഹാരം

സത്യാനന്തരകാലഘട്ടമെന്ന് വിശേഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മദര്‍ ഏലീശ്വായെ ധന്യ പദവിയിലേക്കുയര്‍ത്തിയിരിക്കുന്ന ഈ സമയത്ത് ചരിത്രവസ്തുതകളെ വളച്ചൊടിക്കുവാനും അവയില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിത്തിരുകുവാനുമുള്ള ചിലരുടെ കുതന്ത്രങ്ങളില്‍ നാമാരും വീണുകൂടാ. 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിതമായ കര്‍മ്മലീത്താ സന്യാസിനീസഭയുടെ സ്ഥാപകന്‍ ആരാണെന്ന് 1986 ഫെബ്രുവരി എട്ടാം തീയതി കോട്ടയത്തുവച്ച് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു ഡിക്രിവഴി പ്രഖ്യാപിച്ചത് ഇന്നും നിലനില്‍ക്കുന്നു. അത് ഇങ്ങനെയാണ്: “”Fr. Chavara, with the help of Leopold Beccaro a Carmelite missionary founded in 1866 a religious Congregation for women which was aimed for the education of girls.” മാര്‍പാപ്പയുടെ ആ ഡിക്രിയെ തിരുത്തുന്ന ഒന്നല്ല വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ്. ആ വാര്‍ത്താക്കുറിപ്പില്‍ 1866 ലെ മഠം സ്ഥാപനത്തെപ്പറ്റി പരാമര്‍ശിക്കാത്തതിനാല്‍ അത് നാം മനസ്സിലാക്കേണ്ടത് 1890 ല്‍ വരാപ്പുഴ സ്ഥാപിക്കപ്പെട്ട സന്യാസിനീസഭയുടെ സ്ഥാപനത്തെപ്പറ്റിയാണ് എന്നത് തീര്‍ച്ച (cf. Women TOCD: Facts versus Fabrications, Aluva: CMC Publications, 2013, p.370).

ഭാരത ലത്തീന്‍ ബിഷപ്പുമാരുടെ സംഘടനയായ CCBI യുടെ വെബ്സൈറ്റില്‍, മദര്‍ ഏലീശ്വായെ ധന്യപദവിയിലേക്കുയര്‍ത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പിലും പലവിധ ചരിത്രപരമായ വക്രീകരണങ്ങളും കാണുവാന്‍ സാധിക്കും.

ഒന്നാമതായി, 1867 മാര്‍ച്ച് 27-ാം തീയതി പനമ്പുമഠത്തില്‍നിന്നും സിസ്റ്റേഴ്സ് മാറിത്താമസിച്ച പുതുതായി പണികഴിക്കപ്പെട്ട മഠം എലീശ്വാമ്മയുടെയും മകളുടെയും സ്ഥലമായിരുന്നു എന്നുള്ള അവകാശവാദംതന്നെ. എന്നാല്‍ 1866 ല്‍ പണിത പനമ്പുമഠമായിരുന്നു മദര്‍ ഏലീശ്വായുടെ ഭര്‍ത്താവിന്‍റെ ഓഹരിപ്പറമ്പില്‍ എന്നതാണ് ചരിത്രവസ്തുത.

രണ്ടാമതായി, മദര്‍ ഏലീശ്വയാണ് 1866 ലെ സന്യാസിനീസഭാസ്ഥാപക എന്ന അവകാശവാദം. ഈ വാദം ഇന്ന് സ്വര്‍ഗ്ഗത്തിലിരുന്ന് കേള്‍ക്കുന്ന ഏലീശ്വാമ്മ ഒരുപക്ഷേ പറയുന്നുണ്ടാവും; “ഞാന്‍ അറിഞ്ഞില്ല; എന്നോടാരും പറഞ്ഞുമില്ല” എന്ന്!

മൂന്നാമത്തെ അവകാശവാദം, മദര്‍ ഏലീശ്വായാണ് കേരളത്തിലെ ആദ്യത്തെ കോണ്‍വെന്‍റ് സ്കൂള്‍ സ്ഥാപിച്ചതെന്നതാണ്. ചാവറയച്ചനും ലെയോപ്പോള്‍ദ് മിഷനറിയുംകൂടി കൂനമ്മാവില്‍ 1867 ല്‍ പണിപൂര്‍ത്തിയാക്കിയ രണ്ടുനില മഠം വളരെ വലുതും അതില്‍ ബോര്‍ഡിങ്ങിനും സ്കൂളിനുമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നിട്ടും മദര്‍ ഏലീശ്വാ ശ്രേഷ്ടത്തിയായിരുന്ന 1866-1871 കാലഘട്ടത്തില്‍ കോണ്‍വെന്‍റ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചില്ല എന്നുമാത്രമല്ല, 1872 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിനായി ഏലീശ്വാമ്മ പ്രത്യേകമായി ഒന്നും ചെയ്തതായും ചരിത്രരേഖകളില്‍ കാണുന്നില്ല എന്നതുമാണ് വാസ്തവം.

1872 ഒക്ടോബര്‍ 14-ാം തീയതി, സ്കൂള്‍ തുടങ്ങുന്നത് സംബന്ധിച്ച് ലെയോപ്പോള്‍ദ് മിഷനറി സിസ്റ്റേഴ്സിന് നല്‍കുന്ന ഉപദേശം കൂനമ്മാവ് മഠത്തിന്‍റെ നാളാഗമത്തില്‍ കൊടുത്തിരിക്കുന്നത് വായിച്ചാല്‍ മനസ്സിലാകും കോണ്‍വെന്‍റ് സ്കൂള്‍ തുടങ്ങുന്നതിനുള്ള കാര്യങ്ങളെല്ലാം ചെയ്തത് ആ ഇറ്റാലിയന്‍ മിഷനറി തന്നെയായിരുന്നു എന്ന് (cf. നാളാഗമങ്ങള്‍: കൂനമ്മാവ് മഠം (1870-1909), പേജ് 47-50). മദര്‍ ഏലീശ്വായുടെ മഹത്വവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത് സന്യാസസഭ സ്ഥാപിച്ചതിലോ, സ്വന്തംപറമ്പില്‍ മഠം വച്ചതിലോ കോണ്‍വെന്‍റ് സ്കൂള്‍ സ്ഥാപിച്ചതിലോ ഒന്നുമല്ല; പ്രത്യുത, ദൈവത്തിന്‍റെ പദ്ധതിയോട് വിനീതഹൃദയയായി, ആരവങ്ങളില്ലാതെ, അധികാരികള്‍ക്ക് കീഴ്വഴങ്ങി സമര്‍പ്പിതജീവിതം നയിച്ചതിലാണ്. ചെയ്യാത്ത കാര്യങ്ങള്‍ മദര്‍ ഏലീശ്വ ചെയ്തതായി, ചരിത്രത്തെ വളച്ചൊടിച്ച്, പുതുചരിത്ര നിര്‍മ്മിതിക്ക് തുനിയുന്നവര്‍ മദര്‍ ഏലീശ്വായുടെ യഥാര്‍ത്ഥ വിശുദ്ധി മനസ്സിലാക്കുവാന്‍ പരാജയപ്പെട്ടവര്‍ തന്നെയാണ്.

ഒരാളെ വിശുദ്ധനായി അഥവാ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്, ആ വ്യക്തി ഈ ഭൂലോകത്തിലെ എല്ലാ നല്ലകാര്യങ്ങളും ചെയ്തതായി അവകാശപ്പെടുകയോ തെളിയിക്കുകയോ ചെയ്യേണ്ട ആവശ്യവുമില്ല.

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

നിങ്ങൾ വിട്ടുപോയത്