ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ.

ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു തോമാമാർഗത്തിന്റെ ഉടയോൻ.

അറിവിനെ അതിജീവിക്കുന്ന അനുഭവത്തെ നെഞ്ചിലേറ്റിയവനെയാണ് നാമിന്ന് അനുസ്മരിക്കുന്നത്. അവൻ കാട്ടിത്തന്ന പാതയും പകർന്നുതന്ന വിശ്വാസ പ്രകാശവും അണയാതെ, മങ്ങാതെ പകർന്നുകൊടുക്കാൻ ഇന്നലെകളിൽ സാധിച്ചുവെന്ന് അഭിമാനത്തോടെ പറയുമ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട് ; മാർ തോമാ കാട്ടിത്തന്ന ക്രിസ്തുവിനെ ഏകരക്ഷകനായി ഏറ്റുപറയുവാനും ജീവിതത്തോട് ചേർത്തുപിടിക്കുവാനും എല്ലായ്പ്പോഴും ഉയർത്തികാട്ടുവാനുമുള്ള ബോദ്ധ്യവും ആർജ്ജവവും എത്രമാത്രം ഇന്ന് നമുക്കുണ്ട് ?പാരമ്പര്യത്തിലും നേടിയ വളർച്ചയിലും അഭിമാനം കൊള്ളുമ്പോഴും പുത്തൻ തലമുറ ക്രിസ്തുവിനോടും തോമാമാർഗത്തോടും വിമുഖത കാട്ടുന്നുണ്ടെങ്കിൽ അത് കരിന്തിരി കത്തിയ വിശ്വാസ ദീപം പകർന്നു നൽകപ്പെട്ടത് മൂലമാണോയെന്ന് ഉച്ചത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തത്വാധിഷ്ഠിത പാഠങ്ങളെക്കാൾ ഉദാഹരിക്കപ്പെടുന്നത് അനുകരണനീയമായ ജീവിതപാഠങ്ങളാണെന്നു തിരിച്ചറിയുകയും ആനുകാലികതയിൽ അത് പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ക്രിസ്തു തോറ്റാലും തനിക്ക് ജയിക്കണമെന്ന ചിന്തയോടെയുള്ള വെല്ലുവിളികളും സ്വയമവരോധിത നേതാക്കളുടെ ജിഹ്വകളും ഉതപ്പിനും അപചയത്തിനും ശിഥിലതയ്ക്കും കാരണമാകുന്നെങ്കിൽ തിരിച്ചറിവിനും തിരുത്തലിനുമുള്ള ഒരു ഉണർത്തുപാട്ടായി ഈ ഓർമ്മത്തിരുനാൾ മാറട്ടെ.

ദുക്റാന തിരുനാൾ മംഗളങ്ങൾ…..

ക്രിസ്താനുകരണത്തിൻ ശീലുകളും ക്രിസ്തുസ്നേഹത്തിൻ ഭാവവും ഒരു സമൂഹം രൂപപ്പെടട്ടെ നമ്മിലൂടെ.മടിക്കാതെ, മറക്കാതെ നമുക്കും ഏറ്റുപറയാം :

” എന്റെ കർത്താവേ എന്റെ ദൈവമേ”.

ദുക്റാന തിരുനാളിന്റെ മംഗളങ്ങളും ചൈതന്യവും ഏവർക്കും നേരുന്നു.

✍ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്