അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്.
മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ ദൈവത്തിനെതിരായ പ്രതിഷേധമാണത്. ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഒരിക്കൽപോലും യൗസേപ്പിതാവിൽ ഒരു പ്രതിഷേധ ചിന്ത ഉയിർന്നിട്ടില്ല. മറ്റുള്ളവരുടെ നന്മ അംഗീകരിക്കുന്നതിലും ആ ജീവിതത്തിൽ ഒരു വീഴ്ചയും വന്നിട്ടില്ല. തൻ്റെ ജീവിതപങ്കാളിയുടെയും മകൻ്റെയും നിഴലിൽ ജീവിക്കുന്നതിൽ യൗസേപ്പ് പരിതപിച്ചില്ല. തന്നെക്കാൾ അവർ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതിലും ബഹുമാനിക്കപ്പെടുന്നതിലും ആ പിതൃ ഹൃദയം വേദനിച്ചില്ല. എല്ലാം ദൈവീക പദ്ധതികളുടെ പൂർത്തീകരണമായി കണ്ട യൗസേപ്പ് പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും ദൈവനിഷേധത്തിനു തുനിഞ്ഞില്ല. ഒരു വ്യക്തി തന്നെത്തന്നെ മറ്റുള്ളവരെക്കാൾ വലിയവനായി കാണാൻ തുടങ്ങുമ്പോൾ മറ്റുള്ളവരുടെ ഉയർച്ചയും വളർച്ചയും നിരാശയും ദു:ഖവുമേ അവനു സമ്മാനിക്കുകയുള്ളു.
അസൂയയുടെ ഒരു ചെറുകണം പോലും അപകടം വരുത്തി വയ്ക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഴയ നിയമത്തിലെ ജോസഫിനെ സഹോദരന്മാർ പൊട്ടക്കിണറ്റിൽ തള്ളിയിടാൻ കാരണം അവരുടെ അസൂയയായിരുന്നു. അവസരം തിരിച്ചു വന്നപ്പോൾ പൂർവ്വ യൗസേപ്പ് പ്രതികാരം കാണിക്കാത്തത് ദൈവത്തിനു സ്ഥാനം നൽകിയതുകൊണ്ടായിരുന്നു പുതിയ നിയമത്തിലെ ജോസഫ് ദൈവകൃപയുടെ ഉപകരണമാകുന്നത് അസൂയ ഇല്ലാത്തതിനാലായിരുന്നു.ദൈവദൂതൻ്റെ നിർദേശങ്ങൾ നിദ്രയിൽ പോലും തിരിച്ചറിയാൻ സാധിച്ചത് കളങ്കമില്ലാത്ത ഹൃദയം യാസേപ്പിനുണ്ടായിരുന്നതുകൊണ്ടാണ്.
അസൂയ, അതു ബാധിക്കുന്ന ആത്മാവിനെ, ഇരുമ്പിനെ തുരുമ്പെന്ന പോലെ തിന്നുതീർക്കും എന്ന വിശുദ്ധ ബേസിലിൻ്റെ ഉപദേശം നമുക്കു മനസ്സിൽ സൂക്ഷിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs