അപമാനിക്കപ്പെടുന്ന സ്ത്രീത്വം
മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാന്‍ നിയമവിരുദ്ധമായ വഴികള്‍ സ്വീകരിച്ച സിബിഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനല്‍വിധി മുമ്പുണ്ടായിട്ടുണ്ടോ? പൊതുസമൂഹത്തില്‍ ഒരു സ്ത്രീയുടെ അല്ല കന്യാസ്ത്രീയുടെ മാനത്തെയും സ്ത്രീത്വത്തെും അപമാനിക്കപ്പെട്ട കേസ് അന്വേഷണം വേറെയുണ്ടോ? പൊതുസമൂഹത്തിന്റെ കൈയടി നേടാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ സ്ത്രീത്വത്തെ അപമാനിട്ടു നോക്കുകുത്തിയായി നില്‍ക്കുന്ന അധികാരവര്‍ഗം നമ്മുടെ നാട്ടില്‍ മാത്രമേ കാണുകയുള്ളൂ. കേരളത്തിലും ഭാരതത്തിലുമുള്ള മനുഷ്യവകാശപ്രവര്‍ത്തകരും വനിത ക്മ്മീഷനും ഓടി ഒളിച്ചില്ലേ. സിസ്റ്റര്‍ അഭയകേസില്‍ ഒരു കന്യാസ്ത്രീ അപമാനിക്കപ്പെട്ടിട്ടും ഒരു ക്ഷമാപണം പറയാന്‍ പോലും ചെണ്ടകൊട്ടി നടന്നവരാരും മുതിര്‍ന്നില്ല. സിസ്റ്റര്‍ അഭയയുടെ മരണം അന്വേഷിക്കണം. അതിനൊന്നും ആര്‍ക്കും എതിര്‍പ്പില്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടുവെങ്കില്‍ പ്രതികളെ മാത്രം പിടിക്കണം. അതിനു അടയ്ക്ക രാജുവിനെ പോലുള്ള മോഷ്ടാവിന്റെ മൊഴി മാത്രം സ്വീകരിച്ചു പ്രതിയാക്കാനുള്ള നീക്കം അപകടമല്ലേ. ഇതെല്ലാം തിരക്കഥ തയാറാക്കിയവരുടെ പദ്ധതിയല്ലേ. സിസ്റ്റര്‍ സെഫി മോശം ജീവിതം നയിക്കുന്ന സ്ത്രീയാണെന്ന് അവര്‍ക്കു സ്ഥാപിച്ചെടുക്കാനുള്ള നീക്കം നടന്നില്ലേ. കേരളത്തിലെ പ്രമുഖരായ ചാനലുകളും മാധ്യമങ്ങളും സിബിഐയുടെ കഥക്കനുസരിച്ച് കഥ എഴുതിയില്ലേ. സിസ്റ്റര്‍ സെഫി എത്രമാത്രം അപമാനിക്കപ്പെട്ടു. ഇവരൊന്നും സ്ത്രീകളെ കാണാതെ വളര്‍ന്നരാണോ?
സിബിഐ ഭാവന
സിസ്്റ്റര്‍ അഭയ മരിച്ചിട്ടു 25 വര്‍ഷം കഴിഞ്ഞു.1992 മാര്‍ച്ച് 27നാണ് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വന്റ് ഹോസ്റ്റലിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. പിന്നീട് എത്രയും സിബിഐ സംഘങ്ങള്‍ അന്വേഷിച്ചു. അവസാനം എത്തിയ സിബിഐ സംഘത്തിനു പൊതുസമൂഹത്തിനു മുന്നില്‍ നാണക്കേടാകാതെയിരിക്കാന്‍ വേണ്ടി മാത്രം പ്രതികളെ പിടികൂടുന്നു. മരിച്ചതു കന്യാസ്ത്രീയായതു കൊണ്ട് മാത്രം വൈദികരെയും കന്യാസ്ത്രീയേയും പ്രതികളാക്കുന്നു. സിബിഐക്ക് ലഭിച്ച കൈയടി തന്നെയാണ് അതിന്റെ തെൡവ്. സിബിഐ തയാറാക്കിയ തിരക്കഥ മാധ്യമങ്ങളിലൂടെ വിളമ്പി അവര്‍ ആഘോഷിച്ചു. അപ്പോഴും ഒരു തെളിവുമില്ലാതെ പ്രതിയാക്കപ്പെട്ട രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും അനുഭവിച്ച അപമാനം ആരും ശ്രദ്ധിച്ചില്ല.
സിബിഐ ഭാവനയില്‍ മെനഞ്ഞ കുറ്റപത്രത്തിന്റെ അടിത്തറ പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം ആയിരുന്നു. അതു സ്ഥാപിക്കാന്‍ സിബിഐക്കു മുന്നിലുണ്ടായിരുന്ന ഏകവഴി കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്നു സ്ഥാപിക്കുകയായിരുന്നു. അതിനാണ് അവര്‍ നിയമവിരുദ്ധമായ കന്യകാത്വപരിശോധന നടത്താന്‍ തീരുമാനിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാല്‍ സന്യാസിനി അതിനുപോലും വഴങ്ങുകയും പരിശോധനയ്ക്കു വിധേയയാവുകയും ചെയ്തു. അതേസമയം, പരിശോധനയില്‍ സന്യാസിനി കന്യകയാണ് എന്നു തെളിഞ്ഞത് സിബിഐക്കു തിരിച്ചടിയായി. എന്നാല്‍, അവിടെയും തോല്‍വി സമ്മതിക്കാതെ അടുത്ത ട്വിസ്റ്റ് തങ്ങളുടെ തിരക്കഥയില്‍ അവര്‍ എഴുതിച്ചേര്‍ത്തു. അതായിരുന്നു ഹൈമനോപ്ലാസ്റ്റി.
കുറ്റാരോപിതയായ സന്യാസിനി കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാണ് എന്ന വാദമാണ് സിബിഐ ഉദ്യോഗസ്ഥര്‍ പിന്നീടുയര്‍ത്തിയത്. അല്ലാത്തപക്ഷം, ഒന്നര പതിറ്റാണ്ടിലേറെ സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ച കെട്ടുകഥകള്‍ കളവാണെന്നു സമ്മതിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനാല്‍, അക്കാലഘട്ടത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന, ചില വിദേശരാജ്യങ്ങളില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന അത്തരമൊരു സര്‍ജറി അവര്‍ ചെയ്തു എന്ന് സിബിഐ പ്രചരിപ്പിച്ചു. എന്നാല്‍, എവിടെവച്ചു ചെയ്‌തെന്നോ, ആരു ചെയ്‌തെന്നോ കണ്ടെത്താനോ വിശദീകരിക്കാനോ അവര്‍ക്കു കഴിഞ്ഞതുമില്ല. ഒരിക്കലും വിദേശത്തെവിടെയും പോയിട്ടില്ലാത്ത ഒരു വ്യക്തി, അക്കാലത്ത് വിദേശരാജ്യങ്ങളില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സര്‍ജറി ചെയ്തു എന്ന വാദത്തെ യാതൊരു തെളിവുകളുമില്ലാതെ അംഗീകരിച്ചുകൊണ്ടുകൂടിയാണ് സിബിഐ കോടതി പ്രസ്തുത സന്യാസിനിയെ സംശയലേശമന്യേ കുറ്റക്കാരിയാക്കി വിധിയെഴുതിയത്. സന്യാസിനിക്ക് ഒരു പാ്‌സ്‌പോര്‍ട്ട് പോലുമില്ലെന്ന കാര്യവും ശ്രദ്ധിക്കണം. പാസ് പോര്‍ട്ട് പോലുമില്ലാത്ത സന്യാസിനി സിസ്റ്റര്‍ സെഫി വിദേശത്ത് കറങ്ങി ഹൈമനോപ്ലാസ്റ്റി ശസത്രക്രിയ ചെയ്തു നാട്ടിലെത്തി. ഇത്തരം കഥകള്‍ പ്രചരിപ്പിച്ചവരെ മൂക്കാലിയെ കെട്ടി അടിക്കുകയാണ് വേണ്ടത്. എന്നിട്ടും മനുഷ്യവാകാശ കമ്മീഷനും പ്രവര്‍ത്തകരും വനിത കമ്മീഷനും മൗനം പാലിച്ചു.
ഭരണഘടനവിരുദ്ധം
നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരിക്കുന്നു സിസ്റ്റര്‍ സെഫിയെ കന്യകാത്വപരിശോധനയ്ക്കു വിധേയയാക്കിയത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന്. കേസിലെ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സിബിഐക്കെതിരേ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനും നിയമനടപടി സ്വീകരിക്കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്തിനധികം പറയുന്നു, കന്യകാത്വപരിശോധന എന്ന മഹാപാതകത്തിന്റെ ഫലം സിസ്റ്റര്‍ സെഫിക്ക് അനുകൂലമെന്നു കണ്ടപ്പോള്‍ ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കു വഴങ്ങി അത് ഇന്ത്യയില്‍ അന്നു കേട്ടുകേള്‍വി പോലുമില്ലാത്ത ഹൈമനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചതാകാമെന്ന് യാതൊരു ഫോറന്‍സിക് ശാസ്ത്രതത്വങ്ങളുടെയും പിന്‍ബലമില്ലാതെ എഴുതിക്കൊടുത്ത ആ രണ്ടു ഡോക്ടര്‍മാരും വനിതകളായിരുന്നു.തനിക്കു നേരിട്ട ദുരനുഭവത്തിനെതിരേ ഈ സ്ത്രീ ആദ്യം സമീപിച്ചത് മനുഷ്യാവകാശ കമ്മീഷനെയാണ്. എന്നാല്‍, ഇതില്‍ മനുഷ്യാവകാശലംഘനമൊന്നും കണ്ടെത്താന്‍ ആ കമ്മീഷനു കഴിഞ്ഞില്ലത്രേ. നമ്മുടെ മനുഷ്യാവകാശ സംരക്ഷണ സംവിധാനങ്ങളുടെ അര്‍ഥശൂന്യത വിലയിരുത്താന്‍ ഈ ഒറ്റ കാരണം മാത്രം മതിയാകും.
കന്യകാത്വപരിശോധനയും ഹൈമനോപ്ലാസ്റ്റി എന്ന ആരോപണവും അനുബന്ധ പ്രചാരണങ്ങളും മാത്രമായിരുന്നില്ല സിബിഐയുടെ വഴിവിട്ട പ്രവൃത്തികള്‍. കുറ്റാരോപിതരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയ പ്രവൃത്തിയും കോടതിയില്‍നിന്നു വിമര്‍ശനം നേരിട്ടിരുന്നു. നാര്‍ക്കോ അനാലിസിസ് ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു.നൂറിലേറെ എഡിറ്റിംഗ് നടത്തി വാക്കുകളും അക്ഷരങ്ങളും കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതും മാധ്യമങ്ങള്‍ക്ക് ലഭിച്ചതുമായ നാര്‍ക്കോ അനാലിസിസ് വീഡിയോ. യഥാര്‍ഥ വീഡിയോ കോടതിക്കു മുന്നില്‍പോലും സമര്‍പ്പിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല എന്നതാണു വാസ്തവം. കോടതി മുമ്പാകെ ഹാജരാക്കിയ നാര്‍ക്കോ പരിശോധനാസംബന്ധമായ സിഡികള്‍ സിബിഐ തിരിമറി നടത്തിയവയായിരിക്കാമെന്നായിരുന്നു ജസ്റ്റീസ് ഹേമയുടെ നിരീക്ഷണം. എങ്കിലും, അതിനുശേഷവും ആ വീഡിയോകള്‍ കുറ്റാരോപിതര്‍ക്കെതിരായ വികാരം വളര്‍ത്തുന്നതിനായി പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയുണ്ടായി.
ഇവിടെ പേടിയാണ് ഭായ്
കന്യാസ്ത്രീയെ അപമാനിച്ചാലും വൈദികരെ താറടിച്ചാലും ബൈബിള്‍ കത്തിച്ചാലും ആരും ചോദിക്കില്ലെന്ന ഉറപ്പാണ് ഇതിന്റെ എല്ലാം പിന്നിലുള്ളത്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടേണ്ടവരാണ് എന്ന തോന്നല്‍ പൊതുസമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ട്. ഇതില്‍ മാധ്യമങ്ങളും ഉള്‍പ്പെടുന്നുവെന്നു മാത്രം. സിസ്റ്റര്‍ അഭയ കേസില്‍ കന്യാസ്ത്രീയെ അപമാനിക്കുകയും മാനത്തിനു വില പറയുകയും ചെയ്തപ്പോള്‍ ഇവിടെ ഏതെങ്കിലും ഒരു നേതാവ് സംസാരിച്ചോ? ദീപിക ഒഴികെ ഏതെങ്കിലും മാധ്യമങ്ങള്‍ ശബ്ദിച്ചോ? ഇവിടെ ബൈബിള്‍ കത്തിച്ചപ്പോള്‍ ആരെങ്കിലും എതിര്‍ശബ്ദം പുറപ്പെടുവിച്ചോ? തങ്ങളുടെ വോട്ട് കുറയുമെന്നു വിശ്വസിച്ചു യുഡിഎഫും എല്‍ഡിഎഫും മൗനം പാലിച്ചു. എന്തിനു പറയുന്നു, പള്ളിക്കുള്ളില്‍ മാത്രം പ്രകടനം നടത്താന്‍ ധൈര്യംകാണിച്ച സഭ സംഘടനകളുടെ നാടാണ് കേരളം. ഇവിടെ പേടിയാണ് ഭായ്. തങ്ങളുടെ പേരില്‍ രംഗത്തിറങ്ങിയാല്‍ കൂച്ചുവിലങ്ങിടാന്‍ അറിയാമെന്ന ധൈര്യം ഒരു ഭാഗത്ത്. മറുഭാഗത്ത് ഭയം. നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദിന്റെ പേരില്‍ പാലാ അരമനയിലേക്കു പ്രകടനം നടത്താന്‍ ധൈര്യം കാണിച്ചവരുള്ള നാടാണിത്. സ്വന്തം മക്കളോടു പോലും ശബദിച്ചു പോകരുതെന്ന് പറഞ്ഞ യുഡിഎഫ് നേതാക്കളും എല്‍ഡിഎഫ് നേതാക്കളുമുള്ള നാടാണ് കേരളം. ഇവിടെ കന്യാസ്ത്രീ ആക്രമിക്കപ്പെട്ടില്ലെങ്കിലേ അഭ്ഭുതമുള്ളൂ.
ഒരു വാക്ക്
തിരിച്ചുകടിക്കില്ലെന്നു മാത്രം ഉറപ്പുള്ള വിഷയത്തില്‍ മാത്രം പ്രതികരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യം വച്ചു ജീവിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സ്വന്തം രാഷ്ട്രീയം മാത്രം നോക്കി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വായനക്കാര്‍ക്ക് സുഖം ലഭിക്കാന്‍ മഞ്ഞ അക്ഷരങ്ങള്‍ നിരത്തുന്ന മാധ്യമങ്ങള്‍ക്കും തിരിച്ചറിവിന്റെ കാലം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാനേ സാധിക്കൂ. അതു വരെ ക്രൈസ്തവര്‍ കടന്നാക്രമിക്കപ്പെടും.
വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനല്ല മാധ്യമം. ലഹരിക്കടത്തുകാരും ആവശ്യക്കാര്‍ക്ക് ലഹരി എത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ധാര്‍മികത എന്നൊരു വാക്കുണ്ട്. അത് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. സമൂഹത്തിനുണ്ടാകണം. സമൂഹത്തെ നോക്കി കാണുന്നവര്‍ക്കും ഉണ്ടാകണം. ഇല്ലെങ്കില്‍ നുണയും അസത്യവും സമൂഹത്തില്‍ പാഞ്ഞു നടക്കും.
ജോൺസൺ വേങ്ങത്തടം