അതിരുകടക്കുന്ന അപ്പോളജറ്റിക്സുകൾ

വാളെടുക്കുന്നവർ എല്ലാവരും വെളിച്ചപ്പാടുകളാകുന്നത് പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ അപ്പോളജറ്റിക്സുകൾ. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവർ അപ്പോളജറ്റിക്സ് അഥവാ വിശ്വാസ സമർത്ഥനം എന്ന പേരിൽ സഹജ വിദ്വേഷവും ഇതരമതങ്ങളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ഥിരം കാഴ്ചയാകുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ കത്തോലിക്കാ കാഴ്ചപ്പാടിൽ എന്താണ് അപ്പോളജറ്റിക്സ് എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അപ്പോളജിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് അപ്പോളജറ്റിക്സ് എന്ന പദം വരുന്നത്. വിശദീകരണം എന്നാണ് ആ പദത്തിന്റെ അർത്ഥം. വിശ്വാസത്തിന് വിശദീകരണത്തിന്റെ ആവശ്യമുണ്ടോ? ആവശ്യമുണ്ട്. കാരണം, ഹൃദയ ഭാഷകളുടെ സമ്മേളനമാണ് വിശ്വാസം. അത് എപ്പോഴും യുക്തിക്ക് യുക്തമാകണമെന്നില്ല. അങ്ങനെ വരുമ്പോൾ വിശദീകരണം ആവശ്യമായി വരും. എങ്ങനെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്? ദൈവശാസ്ത്രത്തിലൂടെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്.

ദൈവശാസ്ത്രവും അപ്പോളജറ്റിക്സും

കത്തോലിക്കാ വിശ്വാസത്തിന്റെ കാഴ്ചപ്പാടിൽ സഭയുടെ ദൗത്യത്തിനുള്ളിൽ നിന്നുകൊണ്ട് അതിനു വേണ്ടിയുള്ള സംവേദനത്തെയും പ്രതികരണത്തെയുമാണ് ലളിതമായ ഭാഷയിൽ ദൈവശാസ്ത്രം എന്ന് പറയുന്നത്. അടിസ്ഥാനപരമായി അതൊരു ആത്മവിചിന്തനമാണ്; actus reflexus. അത് ഉള്ളതുകൊണ്ടാണ് വിശ്വാസ സമൂഹം ആത്മാവബോധത്തിലും സഹജനന്മയിലും വളരുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവവചനത്തെ ആഴമായി അറിയുന്നതിനും അത് സഭയിൽ പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുള്ള മാർഗ്ഗമാണ് ദൈവശാസ്ത്രം. ദൈവവചനമാണ് സഭയുടെ അടിത്തറയും പൈതൃകവും പാരമ്പര്യവും (Paradosis). ഈ പൈതൃക പാരമ്പര്യത്തിന്റെ വകഭേദങ്ങളാണ് വചനപ്രഘോഷണം (kerygma), ആരാധനക്രമം (leitourgia), ശുശ്രൂഷ പ്രവർത്തനം (diakonia), കൂട്ടായ്മ (koinonia), സാക്ഷ്യം (martyria) തുടങ്ങിയവ. ഈ പാരാഡോസിസിനെ ആത്മവിമർശനാത്മകമായ രീതിയിൽ തുണയ്ക്കുകയും സഭാജീവിതത്തെ അതിന്റെ സാഹചര്യമനുസരിച്ച് ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രത്തിന്റെ കർത്തവ്യം. എങ്കിലും സഭയുടെ പ്രവർത്തനങ്ങൾക്ക് വ്യത്യസ്ത ഭാവങ്ങളുണ്ട്. അതെല്ലാം സംവേദനാത്മകവുമാണ്. അവയെ നമുക്ക് അവഗണിക്കാൻ സാധിക്കില്ല. അങ്ങനെ ചിന്തിക്കുമ്പോൾ ദൈവശാസ്ത്രമെന്നത് ക്രിസ്തുവിലൂടെ മനുഷ്യകുലത്തിന് പകർന്നുതന്ന ദൈവവചനവുമായുള്ള ആശയവിനിമയം സാധ്യമാക്കുകയെന്നതാണ്.

യേശുവിലൂടെ മനുഷ്യനും ദൈവവും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഏത് ചിന്താരീതിയും ദൈവശാസ്ത്രമാണ്. ഈ ആശയവിനിമയത്തിന് തടസ്സമായും ഭീഷണിയായും വരാൻ സാധ്യതയുള്ള മൂന്നു സന്ദർഭങ്ങളുണ്ട്:

(1) ആശയവിനിമയം വൈരുദ്ധ്യാത്മകതകൊണ്ട് തടസ്സപ്പെടുമ്പോൾ; (2) ആശയവിനിമയം അജ്ഞതകൊണ്ട് തടസ്സപ്പെടുമ്പോൾ;

(3) വചനം ഗ്രഹിക്കാൻ കഴിവുള്ള ശ്രോതാക്കൾ ഇല്ലാതെ വരുമ്പോൾ. ഈ മൂന്ന് സാഹചര്യങ്ങളും മൂന്ന് വ്യത്യസ്ത ദൈവശാസ്ത്ര പ്രതികരണങ്ങളെ ആവശ്യപ്പെടുന്നുണ്ട്. ആശയവിനിമയത്തിൽ വൈരുദ്ധ്യാത്മകത കടന്നുവരുമ്പോൾ ദൈവശാസ്ത്രം അപ്പോളജറ്റിക്സ് ആകും, അജ്ഞത കടന്നുവരുമ്പോൾ വിവരണാത്മകമാകും (hermeneutical), അഗ്രാഹ്യമാകുമ്പോൾ സംഭാഷണമാകും (dialogue).

വിശ്വാസവും വിശദീകരണവും

വിശ്വാസത്തിന് ഒരു അപ്പോളജറ്റിക് തലമുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് പത്രോസിന്റെ ഒന്നാമത്തെ ലേഖനം മൂന്നാം അധ്യായം പതിനഞ്ചാം വാക്യം: “ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍”. വിശ്വാസ സംബന്ധമായ വിശദീകരണത്തെ കുറിച്ചാണ് അപ്പോസ്തോലൻ പറയുന്നത്. ചരിത്രത്തിൽ അത് ആക്രമണാത്മകവും പ്രതിരോധാത്മകവുമായ രീതിയിൽ തത്വശാസ്ത്രത്തിന്റെയും സാഹിത്യ ആവിഷ്കാരങ്ങളുടെയും സഹായത്തോടെ ധൈഷണികമായ തലത്തിലാണ് നടത്തിയിട്ടുള്ളത്. വിശ്വാസം വിശദീകരണമാകുമ്പോൾ ഭാഷയിൽ പരിഹാസമോ പരിദേവനങ്ങളോ കടന്നുവരാൻ പാടില്ല, മറിച്ച് ധിഷണയിലൂന്നിയ സമർത്ഥനമാണ് ഉണ്ടാകേണ്ടത്. ഇതര മതങ്ങളെയോ ചിന്താസരണികളെയോ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നതല്ല അപ്പോളജറ്റിക്സ്.

വിശദീകരണം അഥവാ അപ്പോളജിയ എന്ന പദം ആത്മവിമർശനം എന്ന സങ്കൽപ്പത്തിന്റെ നൂലിഴകളിൽ വിശ്വാസത്തെ കൊരുത്തിടുന്നുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രതിരോധ മതിൽ പണിയുന്നതിനു മുൻപ് സ്വയം വിചിന്തനം ചെയ്യണം നമ്മൾ; അന്ധവും അസംബന്ധമായതുമായ എന്തെങ്കിലും വിശ്വാസമെന്ന പേരിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ, ജീവിക്കുന്നുണ്ടോയെന്ന്. ക്രിസ്തു ഒരു അനുഭവമാകാത്ത തരത്തിൽ എന്തെങ്കിലും എന്റെ വിശ്വാസ ജീവിതത്തിൽ കടന്നു കൂടിയിട്ടുണ്ടോയെന്ന്. ഞാൻ സംവേദനം ചെയ്യുന്ന വിശ്വാസവും എന്റെ പ്രവർത്തികളും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്ന്. അപ്പോളജറ്റിക്സ് എന്നത് എന്റെ കണ്ണിലെ മരത്തടിയും സഹജന്റെ കണ്ണിലെ കരടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കൽ കൂടിയാണ്.

വിശദീകരണത്തിന്റെ വിവക്ഷിതാർത്ഥങ്ങൾ

1 പത്രോസ് 3:15 നെ ആഴമായി വിശകലനം ചെയ്താൽ എങ്ങനെയായിരിക്കണം ക്രൈസ്തവ അപ്പോളജറ്റിക്സ് എന്നതിനെ കുറിച്ചുള്ള ചില വിവക്ഷിതാർത്ഥങ്ങൾ കണ്ടെത്താൻ സാധിക്കും.

(1) വിശ്വാസത്തെ കുറിച്ചുള്ള വിശദീകരണം ചുരുക്കം ചിലരിൽ നിക്ഷിപ്തമായ കാര്യമല്ല. സമകാലികമായ സാഹചര്യത്തിൽ അത് എല്ലാവരുടെയും വിഷയമാണ്. അതുകൊണ്ടുതന്നെ നമ്മൾ നൽകുന്ന വിശദീകരണത്തിന്റെ കേൾവിക്കാർ സഭയ്ക്ക് പുറത്തുള്ളവർ മാത്രമല്ല, ഉള്ളിലുള്ളവരുമാണ്.

(2) പത്രോസ് പറയുന്നത് നിങ്ങൾക്കുള്ള പ്രത്യാശയെ കുറിച്ച് വിശദീകരിക്കാനാണ്. നമുക്കെതിരെ വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി കാണിക്കേണ്ടത് പ്രത്യാശയായിരിക്കണം. കാരണം, നമ്മുടെ വിശ്വാസത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് പ്രത്യാശ.

(3) ക്രിസ്തുസംഭവങ്ങളുടെ സാക്ഷ്യത്തിൽ അടിസ്ഥാനമാക്കിയാണ് സഭ എല്ലാ ചോദ്യങ്ങളെയും തരണം ചെയ്തിട്ടുള്ളത്, അതുകൊണ്ട് ക്രിസ്താനുഭവത്തിന്റെ സാക്ഷ്യമില്ലാതെ ഒരു വിശദീകരണവും സാധ്യമാകില്ല.

(4) അപ്പോളജറ്റിക്സ് എന്നത് എല്ലാ ചോദ്യങ്ങൾക്കും പ്രതികരണങ്ങൾക്കുമുള്ള ഉത്തരം നൽകലല്ല, വിശ്വാസത്തെക്കുറിച്ച് ഉത്തരവാദിത്വത്തോടെ ചിന്തിക്കാനുള്ള ആത്മപ്രേരണയാണ്.

(5) ക്രൈസ്തവികതയുടെ ആഴം അറിയലാണ് അപ്പോളജറ്റിക്സ്, അതുകൊണ്ടുതന്നെ ചോദ്യം ഉന്നയിക്കുന്നവരെ അവഹേളിക്കുകയെന്നത് അതിന്റെ ധർമ്മമല്ല.

വിവരണാത്മകമാകണം അപ്പോളജറ്റിക്സ്

വിശ്വാസ വിശദീകരണം ആക്രമണാത്മകമല്ല വിവരണാത്മകമാണ്. ഭാരതം പോലെ ബഹുസ്വരമായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, മതം ഒരു വൈകാരികതയായി കരുതുകയും ഒപ്പം മതഗ്രന്ഥങ്ങളെ കുറിച്ച് ആഴമായ ഗ്രാഹ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിൽ, യുക്തിയുക്തവും ധൈഷണികവുമായ വിശ്വാസ സമർത്ഥനം നടത്തേണ്ടത് പുറത്തുള്ളവരോട് എന്നതിനേക്കാൾ കൂടുതൽ അകത്തുള്ളവരോടാണ്.

വിശുദ്ധ ഗ്രന്ഥത്തിന്റെ വാചികവും ആത്മീയവുമായ അർത്ഥതലങ്ങളെ വിവേചിച്ചറിയാനും മനസ്സിലാക്കാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, വിശുദ്ധ ഗ്രന്ഥത്തിന് ഭാഷ്യം മെനയുമ്പോൾ രണ്ട് കാര്യങ്ങൾ നമ്മൾ മനസ്സിൽ കരുതിയിരിക്കണം:

(1) വിശുദ്ധഗ്രന്ഥ വ്യാഖ്യാനം ഒരു കലയാണ്. കലയായതുകൊണ്ട് അത് കാവ്യാത്മകമാണ്. ദൈവത്തെ കുറിച്ചുള്ള കാവ്യമാണ് ദൈവശാസ്ത്രം എന്ന് അനുവാചകരിൽ അനുഭവമാകണം. അതുകൊണ്ട് മുഷിപ്പിന്റെ ഭാഷയും ശൈലിയും ആവുന്നതും ഒഴിവാക്കുക.

(2) ദൈവവചനത്തിന് നൽകുന്ന ഭാഷാന്തരവും അർത്ഥനിരൂപണവും വ്യാഖ്യാനവും സൈദ്ധാന്തികപരമായിരിക്കണം. വചനവ്യാഖ്യാനത്തിന് സഭ നിഷ്കർഷിച്ചിട്ടുള്ള ചില നിബന്ധനകളും ക്രമങ്ങളുമുണ്ട്, അവയെ തമസ്കരിച്ചു കൊണ്ട് വചനത്തിന് അർത്ഥബോധനം നൽകുമ്പോൾ വാചികമായത് ആത്മീയമാവുകയും ആത്മീയമായത് വാചികമാവുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുമ്പോഴാണ് വെളിവില്ലാത്ത മൗലികവാദങ്ങൾ നമ്മുടെയിടയിൽ പൊട്ടി മുളക്കുന്നത്.

2010 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ ഇറക്കിയ വെർബും ദോമിനി (Verbum Domini) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ വിശുദ്ധ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുമ്പോൾ വിമർശനാത്മകവും ആത്മീയവുമായ തലങ്ങൾ ഒന്നിച്ചു നിർത്തണമെന്ന് സൂചിപ്പിക്കുന്നുണ്ട്. ചില മൗലികവാദികളും ധ്യാനഗുരുക്കന്മാരും വിശുദ്ധ ഗ്രന്ഥത്തിന് നൽകുന്ന പദാനുപദമായ വ്യാഖ്യാനം അതിന്റെ വാചികവും ആത്മീയവുമായ അർഥതലങ്ങളോടുള്ള വഞ്ചനയാണ്. അതുകൊണ്ട്, ഇന്ന് നമ്മുടെ ഇടയിൽ അപ്പോളജറ്റിക്സ് സാധ്യമാകണമെങ്കിൽ ധിഷണയും ആത്മീയതയും സമന്വയിപ്പിച്ച വിവരണാത്മകമായ വിശുദ്ധഗ്രന്ഥ വ്യാഖ്യാനവും ദൈവശാസ്ത്ര പ്രബോധനങ്ങളും വരണം. വിവരണാത്മകമായ വിശദീകരണത്തിലൂടെ സുവിശേഷത്തിനുള്ളിലെ ജീവനാദത്തെ നമുക്ക് പകർന്നു നൽകാൻ സാധിക്കും, ഇതര മതസ്ഥരോടുള്ള അവഹേളനമെന്ന അപശ്രുതികളെ അങ്ങനെ മായ്ച്ച് കളയാനും പറ്റും.

സംവാദമാകണം അപ്പോളജറ്റിക്സ് ഭാഷണമാണ് ദൈവവചനം. അത് മനുഷ്യനിലേക്ക് പകർന്നു നൽകിയത് സംഭാഷണത്തിലൂടെയാണ്. വചനമാകുന്ന ദൈവത്തിലുള്ള വിശ്വാസം ഏകപക്ഷീയമായ ഭാഷണമല്ലാത്തത് പോലെ, ഈ വിശ്വാസത്തെക്കുറിച്ചുള്ള വിശദീകരണവും ഏകപക്ഷീയമാകരുത്. സംഭാഷണമാണ് വിശദീകരണം. സംഭാഷണം സാധ്യമാകണമെങ്കിൽ ഞാനെന്ന സ്വത്വവിചാരത്തിനപ്പുറത്ത് അപരവിചാരം കൊണ്ടുവരണം. എന്തുകൊണ്ട് എന്റെ വിശ്വാസം വിശദീകരിക്കാൻ ഞാൻ ബാധ്യസ്ഥനാകുന്നു? കാരണം, അപരൻ എന്റെ വിശ്വാസത്തെ വ്യക്തമായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, ചിലപ്പോൾ അറിയില്ലായിരിക്കാം. അങ്ങനെ വരുമ്പോൾ രണ്ടു രീതിയിൽ നമുക്ക് ഇതര മതസ്ഥരോട് ഇടപെടാൻ സാധിക്കും: (1) വൈരുദ്ധ്യാത്മക സമീപനം (dialectical approach), (2) സംവാദ സമീപനം (dialogical approach). ആദ്യത്തേത് മറ്റു മതങ്ങളുടെ തനിമയെ ഉൾക്കൊണ്ട് വ്യത്യസ്തതകളെ പരിഹരിക്കാൻ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തേത് മറ്റു മതങ്ങളുടെ വ്യത്യസ്തതകളെ ബഹുമാനിച്ച് സ്വത്വബോധം നഷ്ടപ്പെടാതെ അവരുമായി നല്ല ബന്ധം സ്ഥാപിക്കുക. രണ്ടാമത് പറഞ്ഞതാണ് വിശ്വാസ വിശദീകരണമായി ഉണ്ടാകേണ്ട സംവാദം. ബഹുസ്വരതയുള്ള ഒരു സമൂഹത്തിൽ സാമൂഹിക സമാധാനം നിലനിർത്തുക എന്നത് വിശ്വാസത്തിന്റെ ധാർമിക ഉത്തരവാദിത്വമാണ്. സംവാദം എന്നപേരിൽ ഇതര മതസ്ഥരുടെ വേദഗ്രന്ഥത്തെയും വിശ്വാസപ്രമാണങ്ങളെയും അവഹേളിക്കുന്നത് അപ്പോളജറ്റിക്സ് അല്ല.

ഉപസംഹാരം

അപ്പോളജറ്റിക്സ് സമം ആക്രമണം എന്ന ചിന്താസവിശേഷത സാമൂഹ്യ മാധ്യമങ്ങളിലെ മതമൗലികവാദികളും “സ്നേഹസംവാദം” നടത്തി ഇതര മതങ്ങളെ പരസ്യമായി പരിഹസിക്കുകയും ചെയ്തവർ ഇന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മതാത്മകമായ ഭാഷണങ്ങൾ ഹിംസാത്മകമായി മാറുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. മതവിശ്വാസം ഒരു കൂട്ടം അറിവുകളുടെ ശേഖരമായി ചുരുങ്ങി. വെളിപാടുകളിൽ അധിഷ്ഠിതമായ വിശ്വാസ സമൂഹങ്ങൾ അവരുടെ വിശ്വാസ സംഹിതകളെ സൂപ്പർ സോഷ്യോളജിയായി ചിത്രീകരിക്കുകയും സാംസ്കാരികതയുടെ ഉല്പത്തിയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനന്തവിഹായസ്സിലേക്ക് പരിണമിക്കുന്ന മാനുഷികതയ്ക്കു വിപരീതമായി വിപരിണാമത്തിന്റെ നരവിജ്ഞാനിയം ഈ വിശ്വാസവിശാരദന്മാർ സൃഷ്ടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവികത എന്ന ആശയവും ക്രൈസ്തവികത എന്ന ചരിത്രസമൂഹവും തമ്മിലുള്ള അന്തരം വലുതാവുന്നു എന്നതാണ് സത്യം.

ജർമൻ ചിന്തകനായ Ingolf Dalferth ദൈവം എന്ന പദത്തെ ഒരു index-word (സൂചിത പദം) ആയിട്ടാണ് കരുതുന്നത്. അതിനു കാരണമുണ്ട്. ദൈവമെന്ന യാഥാർത്ഥ്യത്തെ എല്ലാ തലത്തിലൂടെയും അറിയാൻ സാധിക്കില്ല. “God is to be identified in the lives of those believing in God” എന്നാണദ്ദേഹം പറയുന്നത്. അപ്പോളജറ്റിക്സ് ഒരു വാഗ്വാദമായി മാറുന്ന ഈ കാലഘട്ടത്തിൽ ഓർക്കണം നമ്മൾ;ദൈവത്തെക്കുറിച്ചുള്ള നല്ല സങ്കല്പങ്ങളിൽ നിന്ന് മാത്രമെ മനുഷ്യകുലത്തെക്കുറിച്ചുള്ള നല്ല ആശയങ്ങൾ നമുക്ക് രൂപീകരിക്കാൻ സാധിക്കു.

ഡോ. മാർട്ടിൻ N ആന്റണി O. de M

സഹായക ഗ്രന്ഥങ്ങൾSecond Vatican Council, Dei Verbum, Dogmatic Constitution on Divine Revelation, 8-20.Second Vatican Council, Gaudium et Spes, Pastoral Constitution on the Church in the Modern World, 19.Second Vatican Council, Decrees of the Ecumenical Councils, II, 1079.Catechism of the Catholic Church, 109-119.BENEDICT XVI, Verbum Domini, Postsynodal Apostolic Letter, Vatican, 2010.GERALD O’COLLINS, Retrieving Fundamental Theology: The Three Styles of Contemporary Theology, New York, 1993.HANS WALDEFELS, Kontextuelle Fundamentaltheologie, Paderborn, 1985.JOHANN BAPTIST METZ, “Apologetics”, in Sacramentum Mundi, II, London, 1966.

കടപ്പാട് ജീവനാദം

നിങ്ങൾ വിട്ടുപോയത്