ഒരിടം .

ശാന്തമായ ചെറിയ ഒരിടം .

ആർക്കും ഭയമില്ലാതെ കയറി വരാവുന്ന ഒരിടം . ആർക്കും സ്വന്തമെന്നു കരുതാവുന്ന ഒരിടം.

തൊഴുത്തിന് അടുത്ത് കന്നുകാലികൾക്ക് പുല്ലും വൈക്കോലും തിന്നാനുള്ള ഒരു ഇടസ്ഥലം(manger).

അവിടെയാണ് ഈ ഭൂമി കൈവശം വെച്ചിരിക്കുന്ന നാം, മനുഷ്യർ , സ്നേഹവും കരുണയും ത്യാഗവും നിറഞ്ഞ ഒരു കുഞ്ഞിന് ജനിക്കാനുള്ള ഇടം അനുവദിച്ചത് . ജാതിയോ മതമോ വർഗീയതയോ സ്ഥാനമോ ദേശീയതയോ, തമ്മിൽ തമ്മിൽ വേർതിരിവോ ഇല്ലാത്ത ആടും പശുവും കിളികളും ഒട്ടകവും ആണ് ആ ഇടത്തിൽ ഉണ്ടായിരുന്നത് . ആ ഇടം തേടി നക്ഷത്രം വന്നു , ആട്ടിടയന്മാരും രാജാക്കൻമാരും വന്നു .

അവിടെ ജനിച്ചവന് ഈ ഭൂമി മുഴുവൻ മനുഷ്യമനസ്സുകളിൽ ഇന്ന് ഇടമുണ്ട് . ആരും കാണാത്ത ആ ഇടത്തിൽ ജനിച്ച ഒരുവൻ , അതിനു മുമ്പ് ഒരിടത്ത് ജനിച്ച് പിന്നീട് എന്തൊക്കെയോ തേടി എവിടെക്കെയോ അലയുന്ന മനുഷ്യരെ തേടി പുറപ്പെട്ടു .

പക്ഷേ ആർക്കും തങ്ങളെ തേടിവന്ന തങ്ങളുടെ മകനെ, അനുജനെ, കൂട്ടുകാരനെ മനസ്സിലായില്ല . കാരണം ആ മനുഷ്യർക്കൊന്നും തങ്ങൾ ഈ ഭൂമിയിൽ ജനിച്ച ഇടം അറിയുമായിരുന്നില്ല . ഓർമയുണ്ടായിരുന്നില്ല .

ഓർക്കാനിഷ്ടമുണ്ടായിരുന്നില്ല . ജനിച്ച ഇടം മറന്ന് എങ്ങിനെയോ ജീവിക്കുന്ന നമുക്ക് നാം ജനിച്ച ഇടത്തിൽ പണ്ടേ ഉള്ളവരെ അറിയുമോ ? അവരിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യലതാതികളുമുണ്ട്. അവരെല്ലാം നമ്മൾ ജനിച്ചപോലെ ഇവിടെ ഇതേ ഭൂമിയിൽ ജനിച്ചവരാണ് .

അതിന് നിങ്ങൾ ഈ ഭൂമിയിൽ ജനിച്ച ഇടംഇപ്പോൾ നിങ്ങൾക്കറിയുമോ ? അതു ഒരു സ്ഥലം അല്ല , അതു ജീവിതാവസ്ഥയാണ് , മനോഭാവമാണ് , നിങ്ങളുടെ സഹജരാണ്‌ , നിങ്ങളുടെ മനസ്സാണ് . ഇതെല്ലാം , ഇവയെയെല്ലാം എന്ന് തിരിച്ചറിയുന്നുവോ അന്ന് അവനവനാരെന്ന് നാം അറിയും . ആ ഇടത്തിൽ നമുക്ക് മുമ്പെയും നമ്മോടൊപ്പവും ജനിച്ച നമ്മൾ ജനിച്ച നിമിഷത്തിലും അതിനു മുമ്പും നമുക്ക് കൂട്ടായിരുന്ന മനുഷ്യരും, അന്ന് നമുക്ക് ലഭിച്ച സ്നേഹവും കരുണയും ത്യാഗവും, ഇപ്പോഴും നമ്മുടെ കൂടെയുണ്ടോ ? ഈ ക്രിസ്മസ് നമുക്കു തമ്മിൽ തമ്മിൽ വേർതിരിവില്ലാത്ത ആ ഇടത്തിലാക്കാം.

ജനിച്ചപ്പോൾ നാം എത്ര നിർമ്മലമായിരുന്നുവോ ആ മനസ്സിന്റെ ഇടം നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിച്ചാലോ ?

അവിടെ സന്മനസുള്ളവർക് സമാധാനം എന്ന് എഴുതി വെച്ചിട്ടുണ്ട് .

സമാധാനത്തിൽ ജനിച്ച് , ശാന്തിയിൽ ജീവിച്ച് , പരമശാന്തിയിൽ ലയിച്ച് ചേർന്ന ഒരുവന്റെ പേരാണ് യേശു . അവന് ജാതിയില്ല , മതമില്ല , വർഗ്ഗമില്ല , വേർതിരിവില്ല , കാപട്യമില്ല, സ്വത്തില്ല . എന്നും അവൻ സന്മനസുള്ളവർക് സമാധാനം നൽകുന്നു .

അപ്പോൾ എന്റെ മനസ്സ് നന്നാവണം , അപ്പോൾ സമാധാനം ഉണ്ടാകും . അതാണ് ക്രിസ്ത്മസ്.

വെറുമൊരു മരപ്പലകയിൽ വെള്ളത്തുണിയിൽ ജനിച്ച് , ഒടുവിൽ മറ്റൊരു മരപ്പലകയിൽ മരിച്ച് , ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു ഭൂമിയിൽ നിന്ന് യാത്രയായവൻ.അത്രമേൽ നിസ്സാരമായി ആണ് നാമും ജനിച്ചത് എന്ന് തിരിച്ചറിഞ്ഞ് , ആ ബോധ്യത്തിൽ എളിമയോടെ ജീവിക്കാനും ത്യാഗത്തിൽ മരിക്കാനും കഴിഞ്ഞിരുന്നുവെങ്കിൽ എന്നും എന്നിൽ ക്രിസ്മസ് ഉണ്ടായേനെ .

ദൈവതിരുമുൻപിൽ പരിശുദ്ധിയിൽ ശുശ്രുഷ ചെയ്യുവാനുള്ള അനുഗ്രഹം നൽകുവാനാണ് രക്ഷകൻ എത്തിയത്.
എന്റെ സ്നേഹിതരെ ക്രിസ്തുമസ് കാലത്തു ശത്രുവായ സാത്താനോട് ചേർന്ന് ആ രക്ഷ നാം കളയരുത്. മദ്യപിച്ഛ് പള്ളിയിൽ പോകരുത്. മദ്യപിച്ചിട്ട് പരിശുദ്ധ മാതാവും ഉണ്ണിയിശോയുമായി കരോൾ നടത്തരുത്. ഭവനങ്ങളിൽ ക്രിസ്തുമസിനോട് ചേർന്ന് മദ്യപാനം നടത്തരുത്. ഇത് കുടുംബങ്ങൾക്കു വലിയ ബന്ധനത്തിനും തിന്മയ്‌ക്കും അനുഗ്രഹക്കുറവിനും കാരണമാകും. മദ്യപിച്ചാൽ ഉണ്ണീശോ അറിയുകയില്ല എന്നു പറയുന്നവരോട് വചനം പറയുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11 അന്ന്‌ ഞാന്‍ ജറുസലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ്‌ നന്‍മയോ തിന്‍മയോ ചെയ്യുകയില്ല എന്ന്‌ ആത്‌മഗതം ചെയ്‌ത്‌ വീഞ്ഞിന്‍റെ മട്ടില്‍ കിടന്ന്‌ ചീര്‍ക്കുന്നവരെ ഞാന്‍ ശിക്‌ഷിക്കും.
സെഫാനിയാ 1 : 12
അവരുടെ വസ്‌തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.
സെഫാനിയാ 1 : 13 മാത്രവുമല്ല ഇതിനൊക്കെ കണക്കു നമ്മൾ കൊടുക്കേണ്ടി വരുമെന്ന് പത്രോസ് ശ്ലീഹാ മുന്നറിയിപ്പ് തരുന്നുമുണ്ട്. വിജാതീയര്‍ ചെയ്യാനിഷ്‌ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്‌ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
1 പത്രോസ് 4 : 3
അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്‌, അവര്‍ വിസ്‌മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
1 പത്രോസ് 4 : 4
എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്‍റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.
1 പത്രോസ് 4 : 5 മനുഷ്യരക്ഷയുടെ ഈ സമയം നശിപ്പിക്കാതെ വളരെ വിശുദ്ധിയോടും പ്രാർത്ഥനയോടും കൂടി നമുക്ക് ക്രിസ്മസ് ആഘോഷിക്കാം. ക്രിസ്തിയ ചൈതന്യത്തിൽ നിലനിന്നുകൊണ്ട് കരോൾ ഗാനങ്ങൾ പാടാം

merry christmas.

നിങ്ങൾ വിട്ടുപോയത്