‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13)

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്?

നമ്മൾ ഈ ലോകത്ത് ഒരിക്കൽ മാത്രം ജീവിച്ചു മറഞ്ഞുപോകുന്നു. അതിലെ തിരഞ്ഞെടുപ്പുകൾ നിസ്സാരങ്ങളല്ല. ലാസറിനെ ഗൗനിക്കാതിരുന്ന ധനവാനോ, എണ്ണ കരുതി വെക്കാതിരുന്ന കന്യകകളോ, താലന്ത് ഉപയോഗിക്കാതെ മറച്ചുവെച്ചവനോ, വലിയ കുറ്റങ്ങൾ ചെയ്തതായി തിരുവചനം എടുത്തുപറയുന്നില്ല. തെറ്റ് ചെയ്തില്ലെങ്കിലും, ചെയ്യേണ്ടത് ചെയ്തില്ല. നിസ്സംഗത!! അതായിരുന്നു അവർക്കൊക്കെ പറ്റിയ തെറ്റ് എന്ന് നമുക്കറിയാം. അത് മാത്രമാണോ?അതെങ്ങനെയാണ് സംഭവിച്ചത് ?

ദൈവഹിതം അറിയാനോ അനുസരിക്കാനോ അവർ മെനക്കെട്ടില്ല എന്ന വലിയൊരു തെറ്റുണ്ട് അതിന്റെ പിന്നിൽ. അവർ ദൈവസ്വരം കേൾക്കുന്നവർ ആയിരുന്നില്ല ! ആയിരുന്നെങ്കിൽ അവർ ചെയ്യേണ്ടതെന്തെന്ന് അവർ അറിയുമായിരുന്നു…നമ്മൾ ചെയ്യേണ്ടിയിരുന്ന, പക്ഷേ ശ്രദ്ധിക്കാതെ പോകുന്ന പല സംഗതികളും നമ്മളെ പിടിച്ചുനിർത്തി ചെയ്യിപ്പിക്കുന്നവനും ചെയ്യരുതാത്തത് ഇപ്പൊ നിർത്തിക്കോണം എന്ന് പറഞ്ഞ് തടയിടുന്നവനുമാണ് ദൈവം. അതല്ലേ ഈ ദൈവഹിതം ചെയ്യുക എന്ന് പറഞ്ഞാൽ? പക്ഷേ അതറിയണമെങ്കിൽ, ‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് ‘ നമ്മൾ ദൈവകൃപയാൽ സംരക്ഷിക്കപ്പെടണമെങ്കിൽ ദൈവമുമായി നമുക്ക് ഒരു കണക്ഷൻ ഉണ്ടായിരിക്കണം.

ആത്മാർത്ഥമായ അനുതാപത്തിലൂടെ,ഒരു ദൈവാനുഭവത്തിലൂടെ ഒക്കെ ഈശോയുടെ സ്നേഹത്തിലേക്ക് എത്തിക്കഴിഞ്ഞാൽ,

ഈശോയെ അറിയാനും അവന്റെ ഹിതം അനുസരിക്കാനും എപ്പോഴും അവന്റെ കമ്പനിയിൽ ആയിരിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ഒരാൾ കൂടി നമ്മളോടൊപ്പം കൂടുന്നു. അതാണ്‌ പരിശുദ്ധാത്മാവ്. ( ത്രിത്വം ഒന്നിച്ചു നമ്മിൽ വാസമുറപ്പിക്കുന്നുമുണ്ട് ) ഹോളി സ്പിരിറ്റ്‌ നമ്മുടെ സഹായകനും ഗൈഡും അധ്യാപകനും അഡ്വക്കേറ്റും ഒക്കെയാണ്.

കൂദാശസ്വീകരണങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ പ്രത്യേകിച്ച് ജപമാലയിലൂടെ, തിരുവചനവായനയിലൂടെ, പരസ്നേഹപ്രവൃത്തികളിലൂടെ ഒക്കെ അവനോട് ചേർന്ന് നിൽക്കുമ്പോൾ നമുക്ക് തന്നെ അനുഭവിച്ചറിയാൻ പറ്റും ആത്മാവ് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, നമ്മുടെ മനോഭാവങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ മാറുന്നത്.

മുൻപൊക്കെ ഒരുപക്ഷെ, കുറേ ദേഷ്യം വരുമ്പോൾ നമ്മൾ മറ്റുള്ളവരോട് ആക്രോശിച്ചിട്ടുണ്ടാവും, അതിനെ ഓർത്ത് വെല്ല്യ വിഷമമോ പശ്ചാത്താപമോ തോന്നിയിട്ടുണ്ടാവില്ല. എന്നാൽ നമ്മൾ കുറഞ്ഞ് യേശു നമ്മളിൽ വളരാൻ തുടങ്ങുമ്പോൾ, ആദ്യമൊക്കെ ആ ചീത്തവിളി ഒഴിവാക്കാൻ നമുക്ക് പറ്റിയില്ലെന്ന് വരും. പക്ഷേ അത് കഴിഞ്ഞ പാടെ ഒരു വിഷമം തോന്നും. ഛെ, വേണ്ടായിരുന്നു. ആ വ്യക്തിക്ക് വിഷമമുണ്ടാക്കി എന്നതിനേക്കാൾ നമ്മിലുള്ള കൃപക്ക് ഒരു ഇളക്കം തട്ടിയല്ലോ എന്ന സങ്കടം നമുക്കുണ്ടാവും. ഇനി അത് ആവർത്തിക്കില്ലെന്ന് തീരുമാനിക്കും. പ്രാർത്ഥനയിൽ മുന്നേറുമ്പോൾ, വീണ്ടും നമുക്ക് പലപ്പോഴും വീഴ്ചകൾ പറ്റിയെന്നു വരാം. പക്ഷേ ദൈവകൃപ വർദ്ധിച്ചു വരുന്നതിനനുസരിച്ച്, ദേഷ്യപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായാലും ചീത്ത പറയുന്നതിനു മുൻപേ നമ്മെത്തന്നെ നിയന്ത്രിക്കാനും അതൊഴിവാക്കാനും നമുക്ക് കഴിയും. ഇതുപോലെ തന്നെയാണ് ഒരോ പാപങ്ങളുടെ കാര്യത്തിലും. നമ്മൾ അടുത്തതായി പറയേണ്ട കാര്യങ്ങൾ പോലും ആത്മാവ് അപ്പപ്പോൾ നമുക്ക് പറഞ്ഞുതന്നെന്നു വരും ബൈബിളിൽ പറയും പോലെ.

നമ്മുടെ മേന്മ കൊണ്ടാണോ നമ്മൾ തിന്മയിൽ നിന്ന് അകന്നുമാറുകയും വിശുദ്ധിയിൽ നടക്കുകയും ചെയ്യുന്നത്? അല്ല. ദൈവദാനമാണത്. ഞാൻ ഇനിമുതൽ തെറ്റ് ചെയ്യില്ല എന്ന് വിചാരിച്ചതുകൊണ്ട് ഒന്നും ആകുന്നില്ല. ദൈവത്തോട് ചേർന്നു നിൽക്കണം എന്നത് നമ്മുടെ തീരുമാനം തന്നെയാണ്. ശരി. പക്ഷേ പ്രലോഭനത്തിൽ വീണുപോകാനും അറിയാതെ പോലും തെറ്റ് ചെയ്യാനും ചാൻസുണ്ട്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമേ വിശുദ്ധിയിൽ നിലനിൽക്കാൻ സാധിക്കൂ.

‘അങ്ങ് ജ്ഞാനത്തേയും അങ്ങയുടെ പരിശുദ്ധാത്മാവിനേയും ഉന്നതത്തിൽ നിന്ന് നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും ! ( ജ്ഞാനം 9:17)

ഈശോയെ എത്രക്ക് അറിയുന്നോ, നമുക്കവനോടുള്ള സ്നേഹം, അത്രക്കും നമ്മളെ രൂപാന്തരപ്പെടുത്താനും തുടങ്ങും. ശരിയായ സന്തോഷം നമ്മളറിയും. അവന്റെ വഴികളിൽ നടക്കുമ്പോഴുള്ള സന്തോഷവും ഹൃദയോഷ്മളതയും ഈ ഭൂമിയിലെ വേറെ ഒന്നിനും തരാൻ കഴിയില്ല. ഈശോയെ സ്നേഹിക്കുന്നവർ എല്ലാവരെയും ഒഴിവാക്കാതെ ഒന്നുപോലെ സ്നേഹിക്കും, മതത്തിന്റെയോ പണത്തിന്റെയോ രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ..

ഒരിക്കലല്ലേ ഉള്ളു നമ്മൾ ഈ ഭൂമിയിൽ. തിരഞ്ഞെടുപ്പുകൾ ദൈവസന്നിധിയിൽ സ്വീകാര്യമായിരിക്കട്ടെ. അവന്റെ ഹിതം നമ്മളാൽ നിറവേറട്ടെ. നമ്മൾ കുറഞ്ഞ് അവൻ വളരട്ടെ. ജീവിതാവസാനമാകുമ്പോൾ, ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ദൈവത്തോടും മനുഷ്യരോടും നമ്മൾ എങ്ങനെ ആയിരുന്നു എന്നുള്ളത് നമ്മെ സന്തോഷിപ്പിക്കാനിടവരട്ടെ,…

ദൈവകൃപയിൽ ഞാനാശ്രയിച്ച്…

അവൻ വഴികളെ ഞാനറിഞ്ഞ്….

അനുഗമിച്ചിടുമവനുടെ ചുവടുകളെ…

അനുഗമിച്ചിടുമവനുടെ ചുവടുകളെ…

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്