1949 -ലാണ് ഒരു പാവപ്പെട്ട കുടുംബത്തിൽ തോമസ് എന്ന പേരിൽ ഒരു കുട്ടി ജനിക്കുന്നത്. ഏഴാം ക്ലാസ്സ് വരെ മാത്രമേ വിദ്യാഭ്യാസം നേടാൻ അവന് യോഗം ഉണ്ടായിരുന്നുള്ളു.
17 -ആം വയസിൽ ഒരു ശസ്ത്രക്രിയ ചെയ്യുന്നതനായി സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ കിടന്ന അവൻ അവിടുത്തെ രോഗികളുടെ ദുരിതങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.
എന്നെങ്കിലും തന്നെക്കൊണ്ട് ആവുന്ന രീതിയിൽ എന്തെങ്കിലും ഒക്കെ സഹായം മറ്റുള്ളവർക്ക് ചെയ്യാണം എന്നൊരു ചിന്ത അന്നാണ് അവന്റെ ഉള്ളിൽ പതിഞ്ഞത്.
20 വയസ്സ് ആയപ്പോൾ ആ പയ്യന് മെഡിക്കൽ കോളേജിലെ മെൻസ് ഹോസ്റ്റലിലെ മെസ്സിൽ ജോലി കിട്ടി. അവിടെ മിച്ചം വരുന്ന ഭക്ഷണവുമായി അവൻ നേരെ പോയിരുന്നത് ആശുപത്രിയിലെ ജനറൽ വാർഡിലേക്ക് ആയിരുന്നു.
അവിടെയുള്ള ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും അവൻ സ്നേഹത്തോടെ ആ പൊതികൾ വച്ചു നീട്ടി. പലപ്പോഴും തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്നും പണം കണ്ടെത്തി അവരിൽ പലർക്കും മരുന്നുകൾ വാങ്ങി നൽകി.
ഇത് കണ്ട വിദ്യാർത്ഥികളും, ഡോക്ടർമാരും, ഹോട്ടൽ ഉടമകളും ഒക്കെ അവന്റെ കയ്യിൽ തങ്ങളെക്കൊണ്ട് ആകുന്ന രീതിയിൽ ചെറിയ തുക നൽകാൻ തുടങ്ങി. അങ്ങനെ ആ 20 വയസുകാരന്റെ ഭക്ഷണവിതരണം ഓരോ ദിവസവും കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങി.
1980 -ൽ അയാൾ മെഡിക്കൽ കോളേജിലെ സൈക്കാട്രി വാർഡിൽ അറ്റന്റൻറ് ആയി ജോലി ചെയ്യാൻ തുടങ്ങി. അവിടെ അയാൾ കണ്ടത് മറ്റ് ചില കാഴ്ചകലായിരുന്നു. വിശക്കുന്ന മനുഷ്യരേക്കാൾ പരിചരണം വേണ്ട മനസിന്റെ സമനില തെറ്റിയ മനുഷ്യർ,
അങ്ങനെ തെരുവിൽ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി ശുശ്രൂഷ ചെയ്യാൻ അയാൾ തയ്യാറായി. സ്നേഹവും പരിചരണവും വഴി ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ച്ച കൂടി നേരിട്ട് കണ്ടതോടെ അദ്ദേഹത്തിന് ഉറപ്പായി, നല്ല പരിചരണം നൽകാൻ കഴിഞ്ഞാൽ അത്ഭുതങ്ങൾ സംഭവിക്കാം.
1988 -ൽ അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് ഒരു ലോഡ്ജ് വാടകയ്ക്ക് എടുത്തു. സമനില നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞവരെയും, ഉപേക്ഷിക്കപ്പെട്ട മനുഷ്യരെയും അദ്ദേഹം അവിടെ കൊണ്ടുവന്നു താമസിപ്പിച്ചു, അവർക്ക് വേണ്ട പരിചരണം നൽകി.
1991-ൽ ആ സേവനങ്ങൾക്ക് ഒരു പേര് നൽകി – നവജീവൻ ട്രസ്റ്റ്. പതിയെ അവിടെ എത്തുന്ന മനുഷ്യരുടെ എണ്ണം കൂടി, അവരെ സഹായിക്കാൻ എത്തുന്ന ആളുകളുടെ എണ്ണവും, അങ്ങനെ ലോഡ്ജിൽ നിന്നും മെഡിക്കൽ കോളേജിന് അടുത്ത് തന്നെയുള്ള വില്ലൂന്നി എന്ന സ്ഥലത്തേക്ക് ട്രസ്റ്റ് മാറി.
വിദേശത്തു നിന്നോ, സർക്കാരിൽ നിന്നോ ഒരു രൂപ പോലും ഫണ്ട് സ്വീകരിക്കാതെയാണ് ഇതുവരെ ട്രസ്റ്റ് പ്രവർത്തിച്ചത് എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുന്നത്.
ഇന്ന് നവജീവൻ ദിവസവും 4000 ത്തിലേറെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങിയ 5 സർക്കാർ ആശുപത്രികളിൽ മുടക്കമില്ലാതെ ഈ സൗജന്യ ഭക്ഷണ വിതരണം നടന്നു വരുന്നു.
നവജീവൻ ട്രസ്റ്റിൽ ഇപ്പോൾ 160 ലേറെ അന്തേവാസികളുണ്ട്. ജാതിയോ മതമോ ഒന്നും വ്യക്തമായി അറിയാത്തവർ, സ്വന്തം പേരുപോലും നിശ്ചയം ഇല്ലാത്തവർ. ആരുടെയൊക്കെയോ കാരുണ്യത്താൽ നവജീവന്റെ സ്നേഹക്കൂടാരത്തിൽ ഏത്തപ്പെട്ടവർ.
ഇതുവരെ 4000 ത്തോളം ആളുകളെ ഇവിടെ പാർപ്പിച്ചു പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ ചിലരൊക്കെ തന്നെയാണ് ഇപ്പോൾ അവിടെ സേവനത്തിനായി പ്രവർത്തിക്കുന്നതും.
കിഡ്നി, ക്യാൻസർ മുതലായ മാരകരോഗങ്ങൾ മൂലം ക്ലേശമനുഭവിക്കുന്ന 130 രോഗികൾക്ക് പ്രതിമാസം 3000 രൂപ വീതം ചികിത്സാസഹായമായി നൽകുന്ന കൈത്താങ് എന്ന പദ്ധതിയും നവജീവന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഇതിന്റെ എല്ലാം പിന്നിൽ ഒരൊറ്റ മനുഷ്യൻ – PU തോമസ്.
ഇതുപോലെ ഒരാളെ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ കേട്ടിട്ടുണ്ടോ?
Anup Jose
