*പ്രസന്നതയുടെ പര്യായമായ മദർ സിസിലി*
എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ പിതൃതുല്യമായ കാർക്കശ്യവും ആവോളം ഏറ്റുവാങ്ങി ജീവിച്ച അക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ തെളിഞ്ഞു വരുന്ന ഏറ്റവും പ്രസന്നമായ വദനം മദർ സിസിലിയുടേതാണ്.
അക്കാലത്ത് പ്രായഭേദമന്യേ എല്ലാ കന്യാസ്ത്രീയമ്മമാരെയും ഞങ്ങൾ വിളിച്ചിരുന്നത് മദർ എന്നായിരുന്നു. സിസ്റ്റർ വിളി അത്ര പരിചിതമായിരുന്നില്ല. അങ്ങനെ മാത്രമല്ല, ‘മദർ സിസിലി’ എന്ന വിളിയുണ്ടായത്. വൈപ്പിൻ കനോസ്സാ മഠത്തിൻ്റെ സുപ്പീരിയർ എന്ന നിലയിലും മദർ സിസിലി ‘മദർ’ തന്നെയായിരുന്നു. പക്ഷേ, ഇതിനെക്കാളൊക്കെ മദറിനെ മദറാക്കിയത് പ്രസന്നഗംഭീരവും മാതൃതുല്യവുമായ ആ സാന്നിധ്യവും സംസാരവും കരുതലോടുകൂടിയ ഇടപെടലുകളുമായിരുന്നു.
*ഞായറാഴ്ച മദർ*
ഞായറാഴ്ചയിലെ മതബോധനത്തിനു മുമ്പുള്ള ദിവ്യബലിയായിരുന്നു മദർ സിസിലിയെ കാണാൻ ഞങ്ങൾക്ക് അവസരമായി ഭവിച്ചത്. കാരണം, കുട്ടികൾക്ക് ഞായറാഴ്ചക്കുർബാന മഠത്തിലെ ചാപ്പലിലായിരുന്നു. മഠത്തിൻ്റെ കവാടത്തിൽ കുട്ടികളെ സ്നേഹത്തോടെ സ്വീകരിക്കുന്ന മദർ! കാൽ വഴുതാതെ സ്റ്റെപ്പു കയറാൻ ഞങ്ങളെ ഓർമപ്പെടുത്തിയിരുന്ന മദർ! പള്ളിയിൽ ശബ്ദമുണ്ടാക്കാതിരിക്കാൻ ചുണ്ടിന്മേൽ വിരലു കാണിച്ച് ‘ശൂ’ വയ്ക്കുന്ന മദർ! കുർബാന സമയത്ത് ഞങ്ങളുടെയെല്ലാം പിറകിലായി ഒരു കസേരയിൽ ഇരിക്കുന്ന മദർ! വല്ലപ്പോഴുമൊക്കെ ഞങ്ങൾക്ക് സമ്മാനമായി മിഠായി നല്കിയിരുന്ന മദർ സിസിലി!
മദറിൻ്റെ മുഖം ഓർക്കുമ്പോൾ ആ പ്രൗഢമുഖത്തിന് അനുയുക്തമായ പശ്ചാത്തലവും മനസ്സിലേക്ക് ഓടിയെത്താതിരിക്കില്ല. പഴയ വൈപ്പിൻ മഠം തന്നെയാണ് സൂചിതം. അതിഗംഭീരമായ ഒരു നിർമിതി ആയിരുന്നു അത്. മദര് ജുസ്റ്റീന ലോബോയുടെ കുടുംബവീട് കനോസ്സാസഭയ്ക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്തതിന്റെ ഭാഗമായിരുന്നു അത്. അതിന് ഒരു പ്രത്യേകതരം അര്ധവൃത്താകൃതിയായിരുന്നു. പണ്ട് അത് ലോബോ കുടുംബത്തിന്റെ നൃത്തശാല ആയിരുന്നത്രേ. ഒന്നാം നിലയിൽ പുറത്തേക്ക് ചുറ്റും തള്ളിനിന്നിരുന്ന അർധവൃത്താകൃതിയിലുള്ള ദേവാലയത്തിൻ്റെയും അതിലേക്ക് കയറിച്ചെല്ലാനുള്ള മരത്തിൻ്റെ വിശാലമായ ചവിട്ടുപടികളുടെയും അതിനു തൊട്ടുമുമ്പിലായി പച്ചപ്പോടെ തലയുയർത്തി നിന്നിരുന്ന കുന്തുരുക്കവൃക്ഷത്തിൻ്റെയും പശ്ചാത്തലത്തിൽ വിടർന്ന ചിരിയോടെ തിളങ്ങി നില്ക്കുന്ന മദർ സിസിലിയുടെ മുഖം!
വർഷങ്ങൾക്കുശേഷം, ആലപ്പുഴ മഠത്തിൽ പോയി മദറിനെ കണ്ടിരുന്ന വേളകളിൽ വാർധക്യത്തിൻ്റെ അവശതകളിൽപ്പോലും ആ മുഖത്തിൻ്റെ പ്രസന്നത തെല്ലും കുറഞ്ഞിരുന്നില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മദർ സിസിലി എപ്പോഴും സന്തുഷ്ടയായിരുന്നു. കുമ്പളങ്ങിക്കാരിയെന്ന പേരിൽ കുമ്പളങ്ങിത്തമാശകൾ പറഞ്ഞ് കളിയാക്കുമ്പോൾ ആ മുഖം കൂടുതൽ തിളങ്ങിയിരുന്നു ...
*ആ ജീവിതത്തിൻ്റെ ഒരു സംക്ഷിപ്തം*
1922-ൽ കുമ്പളങ്ങിയുടെ തെക്കേയറ്റത്ത് പ്രശസ്തമായ പൊൻവേലി കുടുംബത്തിലാണ് പതിനഞ്ചു മക്കളിൽ അഞ്ചാമത്തവളായി സിസിലി ജനിച്ചത്. അധ്യാപകവൃത്തി സ്വീകരിച്ച് ഫോർട്ടുകൊച്ചി സെൻ്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസിലി ക്രമേണ കനോഷ്യൻ ആധ്യാത്മികതയിൽ ആകൃഷ്ടയായി. 33-ാം വയസ്സിൽ മഠത്തിൽ ചേർന്ന സിസിലി 1958-ൽ പ്രഥമ വ്രതവാഗ്ദാനം ചെയ്തു. 1964-ൽ വൈപ്പിൻ കനോസ്സാ സ്കൂളിൽ പ്രധാന അധ്യാപികയായി ഉത്തരവാദിത്വമേറ്റെടുക്കും വരെ മദർ സിസിലി ഉത്തരേന്ത്യയിൽ മിഷൻപ്രവർത്തനങ്ങളിലായിരുന്നു. പിന്നീട് വൈപ്പിൻ കോൺവെൻ്റിൻ്റെ മദർ സുപ്പീരിയറായി ചുമതലയേറ്റു. ഫോർട്ടുകൊച്ചി, പള്ളിത്തോട്, ആലപ്പുഴ എന്നീ സമൂഹങ്ങളിൽ വിവിധ തലങ്ങളിലുള്ള ശുശ്രൂഷകൾ നിർവഹിച്ചു. ഏറെ നാളായി ആലപ്പുഴ സെൻ്റ് ജോസഫ് കോൺവെൻ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഞാൻ രണ്ടു വർഷം മുമ്പ് അവസാനമായി കാണുമ്പോഴും കേൾവിയും കാഴ്ചയും സംസാരവും നടപ്പുമെല്ലാം തികച്ചും നോർമൽ – പ്രസന്നജീവിതത്തിൻ്റെ പ്രസന്നാന്ത്യം! അഞ്ചു മാസം കൂടി കഴിഞ്ഞാൽ മദർ സിസിലിക്ക് 100 വയസ്സു തികയുമായിരുന്നു. പക്ഷേ, അസാധാരണമായ ആ പ്രസന്നതയെ കർത്താവ് സെഞ്ചുറിക്കു മുന്നേ സ്വർഗത്തിലേക്ക് പറിച്ചുനട്ടു.
അന്ന് കുട്ടികളായ ഞങ്ങൾക്കു നല്കിയ പ്രോത്സാഹനവും തിരുത്തലും കരുതലുമെല്ലാം ഇന്ന് ഉള്ളിലെ നന്ദിയായും ദൈവസന്നിധിയിലെ പ്രാർത്ഥനയായും തിരിച്ചുനല്കാൻ മാത്രമേ ഞങ്ങൾക്കു കഴിയൂ. പഴയ മിഠായികളോർത്ത്, ഒരു നന്മ കൂടി ഞങ്ങൾ മദറിൽനിന്ന് ചോദിക്കട്ടെ… സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…
ഫാ .ജോഷി മയ്യാറ്റിൽ