പുറമെയുള്ള ആകാരവും പ്രകൃതവും കണ്ടാൽ ഒരാളുടെ ഉള്ളിലെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു.മറ്റുള്ളവരെ പെട്ടെന്ന് തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ അത്രക്കും മനോജ്‌ഞമായ ബാഹ്യരൂപത്തിനുടമയായിരുന്നു വിശുദ്ധ ഡൊമിനിക് .സഹജരുടെ കഷ്ടപ്പാട് കണ്ട് വേദനിക്കുന്ന സമയങ്ങളിലൊഴികെ എപ്പോഴും ചിരിക്കുന്ന, സന്തോഷം നിറഞ്ഞ,സുന്ദരമുഖം, മാധുര്യമുള്ള സ്വരം..

പുറമെയുള്ള ആ സൗന്ദര്യം മനോഹരമായ, തേജസ്സാർന്ന, പ്രശാന്തത നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിന്റെ പ്രതിഫലനമായിരുന്നു എന്ന് പറയേണ്ടി വരും, കാരണം സത്യത്തിന്റെയും സാർവ്വത്രിക സ്നേഹത്തിന്റെയും ഒരന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവനും.വിജ്‌ഞാനത്തിന്റെയും വിശുദ്ധിയുടെയും ആശ്ചര്യപ്പെടുത്തുന്ന സമന്വയം തന്നെ.

സ്പെയിനിലെ കാലറ്വേഗ എന്ന സ്ഥലത്ത് ഒരു കുലീനകുടുംബത്തിലായിരുന്നു 1170 ൽ ഡൊമിനിക് ദേ ഗുസ്മനിന്റെ ജനനം. അനിതരസാധാരണമായ വിശുദ്ധിയുണ്ടായിരുന്ന അവന്റെ അനുഗ്രഹീതമാതാവ് ജോവാൻ ഓഫ് ആസ ഇന്ന് കത്തോലിക്ക സഭയിൽ വണങ്ങപ്പെടുന്നു, മൂത്ത സഹോദരനും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ പെട്ടവനാണ്.7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന വൈദികന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് മറ്റു വിഷയങ്ങൾക്കൊപ്പം ദൈവശാസ്ത്രത്തിലും അഗ്രഗണ്യനായി.

“അവനെ നോക്കിയിരിക്കുന്നത് തന്നെ രസമായിരുന്നു”…തിയഡോറിക്ക് ഓഫ് അപ്പോൾഡിയ ഡൊമിനിക്കിനെക്കുറിച്ച് പറഞ്ഞതിങ്ങനെ : “പ്രായത്തിൽ ഒരു കുട്ടിയായിരിക്കാം,പക്ഷേ പ്രായത്തിന്റെതായ സന്തോഷങ്ങളിലൊന്നും പെടാതെ, അറിവിന്റെ കാര്യത്തിൽ അവനൊരു സന്യാസിയെ പോലെയായിരുന്നു. നീതിക്ക് വേണ്ടിയാണ് അവൻ ദാഹിച്ചത്. ലക്ഷ്യമില്ലാത്ത, കടിഞ്ഞാണില്ലാത്ത ചുറ്റുമുള്ള ലോകത്തെക്കാൾ സഭയാകുന്ന മാതാവിന്റെ മടിത്തട്ടായിരുന്നു അവന് പ്രിയം. അവളുടെ സക്രാരിക്ക് മുൻപിലായിരുന്നു അവന്റെ വിശ്രമസമയങ്ങൾ ചിലവഴിച്ചത്.പഠനത്തിനും പ്രാർത്ഥനക്കും തുല്യമായി അവൻ തന്റെ സമയം വീതിച്ചു. തന്റെ കല്പനകൾ പാലിക്കുന്നതിലുള്ള അവന്റെ തീക്ഷ്‌ണതക്ക് ദൈവം പ്രതിഫലം നൽകിയത്, ഏത് കുഴപ്പം പിടിച്ച ചോദ്യത്തിനും എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള ബുദ്ധിയും വിവേകവും നൽകിക്കൊണ്ടായിരുന്നു”.

വിജ്ഞാനത്തിനായുള്ള ഡൊമിനിക്കിന്റെ ഉൽക്കടമായ ആഗ്രഹവും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ശുഷ്‌കാന്തിയും അവൻ വിദ്യാർത്ഥിയായിരിക്കെ തന്നെ നടന്ന ഈ സംഭവത്തിൽ നിന്ന് മനസ്സിലാകും.കുറച്ചു കൊല്ലങ്ങൾ കൊണ്ട് ഡൊമിനിക്ക് തോൽക്കടലാസ് കൊണ്ടുള്ള പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ടാക്കിയിരുന്നു. അതിനെ അവൻ വളരെ വിലമതിച്ചിരുന്നു. അക്കാലത്ത് സ്പെയിനിൽ ഒട്ടാകെ ഒരു ക്ഷാമമുണ്ടായപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവൻ പാവങ്ങളെ സഹായിക്കാനായി ചിലവഴിച്ചു. ശേഷം വിലപിടിച്ച തന്റെ വസ്ത്രങ്ങൾ വിറ്റു. ആ പണവും തികയാതെ വന്നപ്പോൾ തന്റെ പ്രിയപ്പെട്ട, തോൽക്കടലാസ് കൊണ്ടുള്ള പുസ്തകശേഖരം വിൽക്കാനുള്ള തീരുമാനമെടുത്തു. അത് തടയാനായി മറ്റുള്ളവർ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു, “ജീവനോടെയുള്ള ചർമ്മത്തോടുകൂടെയിരിക്കുന്നവർ പട്ടിണി കൊണ്ട് മരിക്കുമ്പോൾ ഈ ജീവനില്ലാത്ത തോൽ ഞാൻ എങ്ങനെ വിലമതിക്കും?”

1194 ൽ വൈദികനായ ഡൊമിനിക് ഓസ്മയിലെ ഭദ്രാസനപള്ളിയിൽ അഗസ്തീനിയൻ സമൂഹത്തിലൊരാളായി തുടർന്നു. പിന്നീട് പ്രയോരച്ചനായ അവനിൽ അവിടുള്ള 10 വർഷങ്ങളിലെ കഠിനമായ അച്ചടക്കവും സമൂഹജീവിതവും മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചു. പിൽക്കാലത്ത് തന്റെ ശിഷ്യരിലേക്ക് പകർന്നതും ഈ ചൈതന്യത്തിന്റെ ഒരു ഭാഗമായിരുന്നു.

ഡൊമിനിക് മറ്റുള്ളവർക്ക് തിളങ്ങുന്ന മാതൃകയായിരുന്നു. ഈശോക്ക് വേണ്ടി ആത്മാക്കളെ നേടിക്കൊടുക്കാൻ അവനുണ്ടായിരുന്ന വ്യഗ്രതയെപ്പറ്റി ജോർഡൻ സാക്സണി ഇങ്ങനെ പറഞ്ഞു,” പക്ഷേ ദൈവത്തിനോട് അവൻ എന്നും ചെയ്തിരുന്ന ഒരു പ്രത്യേക യാചന ഉണ്ടായിരുന്നു,ആത്മാക്കളുടെ രക്ഷക്ക് തനിക്കാവുന്ന പോലെ സഹായിക്കാനുള്ള അടങ്ങാത്ത ആഗ്രഹം തരണേ എന്ന്, എങ്കിൽ മാത്രമേ തന്നെത്തന്നെ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ ശരിയായ ഒരംഗമായി അദ്ദേഹം കണക്കാക്കിയിരുന്നുള്ളു. കർത്താവായ യേശു കുരിശിൽ തന്നെത്തന്നെ അർപ്പിച്ചതുപോലെ താനും ഈശോക്കായി ആത്മാക്കളെ നേടാൻ സർവ്വത്മനാ യത്നിക്കണമെന്ന് ഡൊമിനിക് മനസ്സിലുറപ്പിച്ചിരുന്നു”

ആൽബിജെൻസിയൻ പാഷണ്ഡത പടർന്ന് പന്തലിച്ച സമയമായിരുന്നു അത്. കിഴക്കൻ ഫ്രാൻസിലെ ലാങ്ങ്വേഡോക്കിലെ ആൽബി എന്ന സ്ഥലപ്പേരിൽ നിന്നാണ് ആ പേര് വന്നത്. ആൽബിജെൻസിയൻ പാഷണ്ഡത അനുസരിച്ച് പ്രപഞ്ചത്തിൽ നന്മയും തിന്മയും എന്ന പരസ്പരം എതിർത്തുകൊണ്ടിരിക്കുന്ന ശക്തികൾ പ്രബലമാണ്. ദൈവത്തിൽ പോലും നന്മയും തിന്മയുമുണ്ടത്രേ. പദാർത്ഥങ്ങളെല്ലാം തിന്മയും അവയിലുള്ള ആത്മാവ് നന്മയുമാണ്. ഈ പാഷണ്ഡത പ്രചരിപ്പിക്കുന്നവർ ശരീരത്തിന്റെ ഉയിർപ്പിൽ വിശ്വസിക്കുന്നില്ല. വചനം മാംസമായെന്ന് വിശ്വസിക്കുന്നില്ല. കൂദാശകളിലും സഭാപ്രബോധനങ്ങളിലും വിശ്വാസമില്ല. വിവാഹത്തിൽ നിന്ന് അവർ ആളുകളെ വിലക്കി.

വിശുദ്ധ ഡൊമിനിക് ഈ പാഷണ്ഡതയുമായി ഏറ്റുമുട്ടേണ്ടി വന്നത് യാദൃശ്ചികമായി ആയിരുന്നു. ബിഷപ്പ് ഡിയെഗോയുടെ കൂടെ കൂട്ടുപോകുമ്പോൾ ഡൊമിനിക് താമസിച്ചിരുന്ന സത്രത്തിന്റെ സൂക്ഷിപ്പുകാരൻ ആൽബിജൻസിയൻ പാഷണ്ഡത പിന്തുടർന്നിരുന്ന ആളായിരുന്നു. ഒരു രാത്രി മുഴുവൻ അയാളോട് സംസാരിച്ച ഡൊമിനിക് വഴി അയാൾ പശ്ചാത്തപിച്ചു. സഭക്ക് അകത്തും പുറത്തും വിശ്വാസം ധീരമായി പ്രഘോഷിക്കാൻ ദൈവം തന്നെ വിളിക്കുന്നു എന്ന ബോധ്യം ഡൊമിനിക്കിനുണ്ടായി. പരിശുദ്ധ അമ്മയുടെ പ്രചോദനപ്രകാരം ജപമാലയുടെ രഹസ്യങ്ങളും ഡൊമിനിക്കിന്റെ പ്രഭാഷണങ്ങളിൽ മുഖ്യഘടകമായി.

പത്തുകൊല്ലത്തെ പ്രഘോഷണത്തിനിടയിൽ പാഷണ്ഡതകളിൽ പെട്ട ആയിരക്കണക്കിന് പേരെ ഡൊമിനിക് തിരികെ കൊണ്ടുവന്നു. ദൈവശാസ്ത്രത്തിൽ പ്രാവീണ്യം ലഭിച്ച, യൂറോപ്പിലും ലോകം മുഴുവനിലും വിശ്വാസത്തെ പ്രതിരോധിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, കർക്കശനിയമങ്ങൾ പിഞ്ചെല്ലുന്ന, ഒരു സഭ വൈദികർക്കായി രൂപീകരിക്കാൻ ഡൊമിനിക് ആഗ്രഹിച്ചു.

1206 ൽ പ്രോയിലിൽ കന്യാസ്ത്രീകൾക്ക് വേണ്ടി ഒരു മഠം സ്ഥാപിച്ചു. കർക്കശമായ നിയമാവലിയും പരിഹാരനിഷ്ഠകളും ധ്യാനരീതിയുമൊക്കെ അവർക്കായി നൽകി. ഡൊമിനിക് സ്ഥാപിക്കുന്ന സഭാസമൂഹത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ വിജയത്തിനായി തങ്ങളുടെ പ്രാർത്ഥനകളാൽ അവർ താങ്ങാവേണ്ടവരാണ് .അടുത്തതായി സുവിശേഷപ്രചരണം നടത്തുന്ന സഹോദരർക്കായി ഒരു ഭവനം സ്ഥാപിച്ചു. തന്റെ ആഗ്രഹം പോലെ ഒരു പുതിയ സഭാസമൂഹത്തിന് രൂപംകൊടുക്കുന്ന പദ്ധതിയുമായി ഡൊമിനിക് മുന്നോട്ടുപോയി.അവസാനം 1216 ൽ ഹോണോറിയസ് മൂന്നാമൻ പാപ്പ പുതിയ സഭാസമൂഹത്തിന് അംഗീകാരം നൽകി. ഡൊമിനിക്കൻ സഭ നിലവിൽ വന്നു.

യൂറോപ്പിൽ അങ്ങിങ്ങായി സമൂഹങ്ങൾ സ്ഥാപിച്ചും പഠിപ്പിച്ചുമൊക്കെ ഡൊമിനിക് ശിഷ്ടകാലം കഴിച്ചു. 1221 ആകുമ്പോഴേക്കും 8 പ്രൊവിൻസായി തിരിച്ചിരുന്ന 60 ഭവനങ്ങളിലായി 600 അംഗങ്ങളുണ്ടായിരുന്നു

ദൗത്യം പൂർത്തിയാക്കിയ ഡൊമിനിക്കിന് Nunc dimittis ( അങ്ങയുടെ ദാസനെ ഇനി സമാധാനത്തിൽ വിട്ടയക്കണമേ) പാടാൻ സമയമായിരുന്നു . 1221 ലെ സമ്മേളനത്തിന് ശേഷം ഡൊമിനിക് അസുഖബാധിതനായി. അവസാനനിമിഷങ്ങളിലും സ്നേഹം നിറഞ്ഞ, ചുരുങ്ങിയ വാക്കുകളിൽ നിയമം നൽകി : എന്റെ പുത്രരെ, നിങ്ങളുടെയിടയിൽ ഉപവി ഉണ്ടായിരിക്കട്ടെ ; എളിമയെ മുറുകെപിടിക്കുക; ദാരിദ്യത്തെ കൂടെക്കൂട്ടുക”

ചുറ്റും കൂടി നിന്നവർ മരണാസന്നന് വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങവേ, ഡൊമിനിക് അവരോട് ഒരു നിമിഷം നിർത്താൻ ആവശ്യപ്പെട്ടു. ഒരു കാര്യം കൂടെ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. ” നിങ്ങളെ കൂടുതൽ സേവിക്കാൻ എനിക്ക് കഴിയുന്നിടത്തേക്കാണ് ഞാൻ പോകുന്നത്” അദ്ദേഹം മന്ത്രിച്ചു, ‘തുടങ്ങിക്കോളൂ ‘.

1221 ഓഗസ്റ്റ് ആറിന് ബൊളോനയിൽ വെച്ചാണ് വിശുദ്ധ ഡൊമിനിക് മരിക്കുന്നത്, “മൊണീറ്റ സഹോദരന്റെ കിടക്കയിൽ – കാരണം അദ്ദേഹത്തിന് സ്വന്തമായി ഒരു കിടക്ക ഇല്ലായിരുന്നു, മൊണീറ്റ സഹോദരന്റെ ഉടുപ്പ് ധരിച്ചുകൊണ്ട് – കാരണം വളരെ നാളായി ധരിച്ചുകൊണ്ടിരുന്ന തന്റെ ഉടുപ്പ് മാറ്റി വേറെ ഒരെണ്ണം ധരിക്കാൻ അദ്ദേഹത്തിന്റെ പക്കൽ വേറെ ഇല്ലായിരുന്നു!”വിശുദ്ധ ഡൊമിനിക്കിനെപ്പറ്റി പറയുന്നത് ” അദ്ദേഹം ഒന്നുകിൽ ദൈവത്തെ പറ്റി സംസാരിച്ചു അല്ലെങ്കിൽ ദൈവത്തോട് സംസാരിച്ചു ” എന്നാണ്. ദൈവമല്ലാതെ ഒന്നും സംസാരവിഷയമായിരുന്നില്ല. 1234ൽ വിശുദ്ധീകരണത്തിന് വേണ്ടിയുള്ള ഡിക്രിയിൽ ഒപ്പുവെക്കുമ്പോൾ ഗ്രിഗറി ഒൻപതാം പാപ്പ പറഞ്ഞത് വിശുദ്ധ പത്രോസിന്റെയോ വിശുദ്ധ പൗലോസിന്റെയോ വിശുദ്ധിയിൽ തനിക്ക് എത്ര മാത്രം സംശയിക്കേണ്ടി വന്നിരിക്കുമോ അത്രയുമേ വിശുദ്ധ ഡൊമിനിക്കിന്റെ വിശുദ്ധിയുടെ കാര്യത്തിലും തനിക്ക് സംശയിക്കേണ്ടി വന്നുള്ളൂ എന്നാണ്.

ഡൊമിനിക്കൻ സഭാസ്ഥാപകനായ, വിശുദ്ധ ഡൊമിനിക്കിന്റെ തിരുന്നാൾ മംഗളങ്ങൾ ഏവർക്കും നേരുന്നു.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്