ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർവിചിന്തനം :- മനുഷ്യരെ പിടിക്കുന്നവർ (ലൂക്കാ 5:1-11)
ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകൈയോടെ നിൽക്കുന്ന ഒരു കൂട്ടം മീൻപിടുത്തക്കാരും, അവർ എവിടെ തങ്ങളുടെ പ്രയത്നം അവസാനിപ്പിച്ചോ അവിടെ നിന്നും തുടങ്ങുന്ന യേശുവുമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. നമ്മുടെ ജീവിത പ്രയത്നങ്ങളിലെ ദൈവിക ഇടപെടലിന്റെ ചിത്രം കൂടിയാണ് ഈ സുവിശേഷഭാഗം. നമ്മളെവിടെ തോൽവി സമ്മതിച്ചു വിരാമമിടുന്നുവോ അവിടെ ദൈവം തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തുടങ്ങും. അത് നമ്മെ ദൈവവിളി എന്ന യാഥാർത്ഥ്യത്തിന്റെ ആഴമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും.
ദൈവത്തിന്റെ ഇടപെടൽ നമ്മുടെ ജീവിതത്തിലേക്കുള്ള ഒരു തള്ളിക്കയറൽ അല്ല, അത് ആദരവോടെ വിശുദ്ധമായ സ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെയുള്ള ഒരു കടന്നുവരവാണ്. മുക്കുവനായ ശിമയോന്റെ ജീവിതത്തിലേക്കുള്ള യേശുവിന്റെ കടന്നുവരവിൽ ഇത്തരത്തിലുള്ള ആദരവ് നമുക്ക് കാണാൻ സാധിക്കും. ഒരു സഹായം ചോദിച്ചുകൊണ്ടാണ് യേശു അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്; കരയിൽനിന്നും വള്ളം നീക്കാൻ അവൻ ആവശ്യപ്പെടുന്നു. ഒന്നും അടിച്ചേൽപ്പിക്കുന്നില്ല, മറിച്ച് ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു.
ശിമയോൻ ക്ഷീണിതനാണ്. ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകയ്യോടെയാണ് അവൻ അവിടെ നിൽക്കുന്നത്. വീട്ടിൽ പോയി വിശ്രമിക്കാൻ അവൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ടാകണം. എങ്കിലും തന്റെ വള്ളത്തിൽ കയറിയവന്റെ വാക്കുകൾ അനുസരിക്കാതിരിക്കാൻ അവനു സാധിക്കുന്നില്ല: “നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം” (v.5). എന്താണ് അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്? ഇതിനുമുമ്പ് ഇവർ തമ്മിൽ സംസാരിച്ചതായി സുവിശേഷകൻ ഒരു സ്ഥലത്തും പറയുന്നില്ല. ഇത് പരസ്പരമുള്ള ആദ്യ കണ്ടുമുട്ടലാണ്, കാഴ്ചയാണ്. യേശുവിനെ സംബന്ധിച്ച് കാഴ്ച സ്നേഹത്തിനു തുല്യമാണ്. അത് ശിമയോൻ അവന്റെ കണ്ണുകളിൽനിന്നും തിരിച്ചറിയുന്നു. ആ സ്നേഹത്തിലേക്കാണ് അവൻ തന്റെ അറിവും അനുഭവങ്ങളും പരിത്യജിച്ചുകൊണ്ട് ആഴത്തിലേക്ക് നീക്കി വലയിറക്കുന്നത്. പിന്നീട് സംഭവിച്ചത് അനുഗ്രഹത്തിന്റെ ആധിക്യത്തിൽ അവന്റെ അറിവും അനുഭവവുമാകുന്ന വല കീറുന്നതാണ്. അപ്പോഴവൻ യേശുവിന്റെ കാൽക്കൽ വീണ്, കർത്താവേ, എന്നിൽ നിന്നും അകന്നു പോകണമേ; ഞാൻ പാപിയാണ് എന്ന് പറഞ്ഞു (v.. ദൈവാനുഗ്രഹത്തിന്റെ സ്പർശനം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ആരാണെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കു. അല്ലാത്തപക്ഷം നമ്മൾ മുക്കുവനായ ശിമയോനെ പോലെയാണ്. രാത്രി മുഴുവൻ നിഷ്ഫലമായി അധ്വാനിച്ച് പകല് വിഷണ്ണനായി നിൽക്കേണ്ടി വരുന്ന അറിവിന്റെയും അനുഭവത്തിന്റെയും വെറുമൊരു പ്രതിനിധി മാത്രം.
സ്വത്വബോധത്തോടെ തന്റെ കാൽക്കൽ വീണുകിടക്കുന്ന ശിമയോന് യേശു നൽകുന്ന മറുപടി വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരമായ വാചകങ്ങളിലൊന്നാണ്: “Μὴ φοβοῦ” (ഭയപ്പെടേണ്ട). ഒരാളെ അനിർവചനീയമായ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സാധിക്കുന്ന ഏറ്റവും സുന്ദരമായ വാചകമാണിത്. അതുകൊണ്ടാണ് താൻ പാപിയാണ് എന്ന് ഏറ്റുപറഞ്ഞവന്റെ ഭൂതകാലം ഇവിടെ ഒരു പരിഗണനാ വിഷയമാകാത്തത്. യേശു കാണുന്നത് ശിമയോന്റെ ഭാവി മാത്രമാണ്. സ്നേഹത്തിന്റെ മിഴി പതിക്കുന്നത് കുറവുകളിലൊ ഇല്ലായ്മകളിലൊ അല്ല, കഴിവിലും കാര്യസ്ഥതയിലുമാണ്.
“നീ ഇപ്പോള് മുതല് മനുഷ്യരെപ്പിടിക്കുന്നവനാകും” (v.10). ശിമയോന്റെ ഇന്നലെകളെ പരിഗണിക്കാത്ത പുതിയൊരു ദൗത്യമാണിത്. ജലത്തിൽ ജീവിക്കുന്ന മീനുകളെ കരയാകുന്ന മരണത്തിലേക്ക് പിടിച്ചുകൊണ്ടു വന്നിരുന്നവനോടാണ് യേശു പറയുന്നത് മനുഷ്യരെ പിടിക്കാൻ. “പിടിക്കുക” എന്നതിന് ഗ്രീക്ക് ബൈബിളിൽ ζωγρῶν (zōgrōn) എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന് “ജീവനോടെ പിടിക്കുക” എന്നാണർത്ഥം. പഴയ നിയമത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത് യുദ്ധക്കളത്തിൽ ജീവനോടെ അവശേഷിച്ചിരിക്കുന്നവരെ രക്ഷിക്കുക എന്നർത്ഥത്തിലാണ്. മരിച്ചവർ മരിച്ചവരെ സംസ്കരിക്കുന്ന ഒരു സംസ്കാരത്തിൽ നിന്നും ജീവനുള്ളവരെ പിടിക്കുവാൻ അയക്കപ്പെടുകയാണ് ശിമയോൻ. ജീവനുള്ളവരെ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നയിക്കുന്നതിനുവേണ്ടി.
സുവിശേഷം പറയുന്നു ശിമയോനും സെബദീപുത്രന്മാരും എല്ലാം ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചുവെന്ന്. അവർക്ക് ആ രണ്ടു വള്ളങ്ങളിലുള്ള മത്സ്യങ്ങളുടെ വില കണക്കാക്കി ജീവിതം കെട്ടിപ്പടുക്കാമായിരുന്നു, രാത്രിയിലെ അധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ വിശ്രമിക്കാൻ പോകാമായിരുന്നു, പക്ഷേ അവർ അവനോടൊപ്പം മറ്റൊരു തീരത്തിലേക്ക് യാത്ര തിരിക്കുന്നു. ഒന്നും മിണ്ടാതെ അവർ അവനെ അനുഗമിക്കുന്നു. അങ്ങനെ യേശുവിലൂടെ പച്ച മനുഷ്യരുടെ ഹൃദയസ്പന്ദനം അനുഭവിച്ചറിയുവാൻ അവരും നാടോടികളാകുന്നു.
/// ഫാ .മാർട്ടിൻ N ആന്റണി ///