നിരന്തരം പാപത്തിൽ വീഴുകയും ദൈവത്തിൽനിന്ന അകലുകയും ചെയ്യുന്ന നമ്മുടെ അകൃത്യങ്ങൾക്ക്‌ പരിഹാരമായാണ് ക്രിസ്തു സ്വയം ക്രൂശിൽ ബലിയായി നല്കിയത്. ക്രിസ്തുവിലൂടെയാണ് നമുക്ക് രക്ഷയും പാപമോചനവും . അതുകൊണ്ടുതന്നെ, ധീരമായ ആത്മവിശ്വാസത്തോടെ നമ്മുടെ പിതാവിനോട് പാപമോചനത്തിനായി നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. എന്നാൽ, ഈ യാചനയുടെ ആദ്യഭാഗം നമ്മിൽ ആശ്ചര്യവും ഭയവും ജനിപ്പിക്കാൻ ഉതകുന്ന ഒന്നാണ്. നമുക്കെതിരേ തെറ്റു ചെയ്തിട്ടുള്ളവരോട് നമ്മൾ ക്ഷമിച്ചില്ലെങ്കിൽ ദൈവത്തിന്റെ കരുണ നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചേരില്ല.

നമ്മുടെ സഹോദരന്മാരോടും സഹോദരിമാരോടും ക്ഷമിക്കാൻ നമ്മൾ വിസമ്മതിക്കുമ്പോൾ നമ്മുടെ ഹൃദയം അടയ്ക്കപ്പെടുകയും അതിന്റെ കാഠിന്യം പിതാവിന്റെ അനുകമ്പാർദ്രമായ സ്നേഹത്തിനു പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല (1 യോഹന്നാൻ 4;20) സഹോദരുമായുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കേണ്ടത്, ദൈവം ഒട്ടേറെ പ്രാധാന്യം നൽകുന്ന ഒരു കാര്യമാണ്

സഹോദരനുമായി രമ്യതയിലല്ലാത്ത നിന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കില്ല. അതുകൊണ്ടുതന്നെയാണ്, കാഴ്ചവസ്തു ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടാൻ ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. ക്ഷമിക്കാനും പൊറുക്കാനും കാരണം അന്വേഷിച്ചു നാം അധികമൊന്നും അലയേണ്ട കാര്യമില്ല. കുരിശിൽ കിടന്നു തന്നെ ക്രൂശിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച യേശു തന്നെയായിരിക്കണം ഇക്കാര്യത്തിലും നമ്മുടെ മാതൃക. മറ്റുള്ളവരിലെ കുറ്റങ്ങൾ അന്വേഷിച്ചു അവരുടെ മുൻപിൽ നടക്കാതെ, അവരിലെ നന്മകൾ തിരിച്ചറിഞ്ഞ് അതിനെ പിന്തുടരുവാൻ നമ്മൾക്കാവട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്