കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക് വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ ആഗ്രഹിക്കുന്നു. മനുഷ്യൻ പാപം ചെയ്തപ്പോൾ അത് നിത്യനാശത്തിലേക്കുള്ള അവന്റെ വീഴ്ചയായിരുന്നു. എന്നാൽ നാം നശിച്ചുപോകാതിരിക്കുവാൻ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. ക്രൂരമായ കുരിശ് മരണത്തിലൂടെ കർത്താവായ യേശു നമുക്കുവേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ചു.

നാം ഓരോരുത്തരെയും നിത്യജീവന് അവകാശികളാക്കിത്തീർക്കുവാൻ നമ്മുടെ പാപങ്ങളും, അപമാനങ്ങളും ശാപങ്ങളും അവൻ കുരിശിൽ വഹിച്ചു. നമ്മുടെ നന്മപ്രവൃത്തികളാലല്ല, പ്രത്യുത, ‘ദൈവത്തിന്റെ കൃപയാൽ’ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. പാപത്തിന്റെ ശമ്പളം മരണമാണ് (റോമ. 6:23). ഈ മരണത്തെയാണ് ക്രിസ്തു ക്രൂശില്‍ വഹിച്ചത്. മരണം ഒരു അന്ത്യമല്ല എന്നു തെളിയിക്കപ്പെട്ടു. മരണത്തെ തോല്പിച്ച മരണത്തിനപ്പുറമായ ഒരു ജീവിതം അവിടുന്നു പ്രദാനം ചെയ്തു. സത്യദൈവത്തെ തിരിച്ചറിയണമെങ്കിൽ നാം യേശു ക്രിസ്തുവിലേക്ക് നോക്കണം. ദൈവം സംസാരിക്കുന്നത് കേൾക്കണമെങ്കിൽ യേശുക്രിസ്തുവിനെ ശ്രവിക്കണം. ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.

സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആത്മത്യാഗത്തിന്റെയും വെളിപ്പെടലാണ് ക്രൂശില്‍ ദര്‍ശിക്കുന്നത്. ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് അപമാനവും വേദനയും മരണവുമാണ്‌. എന്നാൽ, ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ക്രിസ്തുവിലുള്ള വാസമായിരുന്നു. സഹനം, അത് യേശുവിനോടൊപ്പം ആകുമ്പോൾ, മരണത്തിലേക്കല്ല, നിത്യജീവനിലേക്കാണ് നയിക്കുന്നത് എന്ന ബോധ്യത്തോടെ നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്