എളിമയ്ക്കു ഒരു പരിധിയും കാണിക്കാത്ത എന്റെ ഈശോയെ, ഇന്ന് പെസഹാ…

അങ്ങയെപ്പോലെ സ്വന്തം ശിഷ്യന്റെ കാലിൽ തൊട്ടിട്ടുള്ള ഒരു ഗുരുക്കന്മാരും ഇന്നേവരെ ഉണ്ടായിട്ടില്ല…

അങ്ങ് കാലിൽ തൊട്ടു കാൽ കഴുകുക മാത്രമല്ലായിരുന്നല്ലോ… ആ കാലുകളിൽ കെട്ടിപ്പിടിച്ചു ചുംബിക്കുക കൂടി ചെയ്തുവല്ലോ…

ഈശോയെ, അങ്ങ് ദൈവമായിരുന്നിട്ടും ഇതൊക്കെ ചെയ്തുവല്ലോ… ഞങ്ങളൊക്കെ ഇന്ന് അനുഗ്രഹത്തിനായി പോലും സ്വന്തം മാതാപിതാക്കളുടെ കാലുകളിൽ തൊടാറില്ല…

അതല്ലെങ്കിൽ മുതിർന്ന ആരുടെയെങ്കിലും ശരീരത്തു ചവുട്ടിയാൽ ഒന്ന് തൊട്ടു ക്ഷമ ചോദിക്കുവാൻ പോലും ഇന്ന് മടിയാണ്…

ഞാനിന്നു ആരൊക്കെയോ ആയിത്തീർന്നിരിക്കുന്നു എന്ന ചിന്ത എന്നെ ഒന്നിനും അനുവദിക്കുന്നില്ല ഈശോയെ…

എന്റെ ഗുരുവും കർത്താവുമായ ഈശോയെ, നിന്റെ പാദക്ഷാളനത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ എനിക്കുമൊരു കുഞ്ഞാഗ്രഹം ഉണ്ടിപ്പോൾ…

ആരുടെയെങ്കിലും പാദം എനിക്കുമൊന്നു കഴുകാൻ കഴിഞ്ഞെങ്കിൽ…

പക്ഷെ എങ്ങനെ കർത്താവേ?… ദൈവാലയത്തിലെ പാദക്ഷാളനം പോലെ സ്വഭവനങ്ങളിൽ ഞങ്ങൾക്കും അത് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ..

. ആരുമല്ല ഞാൻ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വീട്ടിൽവച്ചു ആദ്യം ജീവിതപങ്കാളിയുടെ കാൽ കഴുകണമെനിക്ക്…

പിന്നീട് സ്വന്തം മക്കളുടെ, സ്വന്തം സഹോദരങ്ങളുടെ, മാതാപിതാക്കളുടെ…

ഈശോയെ, അങ്ങനെ എനിക്ക് അവരുടെമേൽ അധികാരമല്ല മറിച്ചു സ്നേഹമാണ് ഉള്ളതെന്നവർ മനസ്സിലാക്കട്ടെ..

. ഈ വലിയൊരു കാര്യം ആരൊക്കെ എന്തൊക്കെ വിചാരിച്ചാലും ചെയ്യാനുള്ള ധൈര്യവും വീട്ടിൽ അതിനു വേണ്ട സാഹചര്യങ്ങളും എനിക്ക് ഒരുക്കിത്തരേണമേ…

കാൽ കഴുകാൻ പറ്റിയില്ലെങ്കിലും അവരുമായി വഴക്കിടുമ്പോൾ, എന്നെ അവർ വേദനിപ്പിക്കുമ്പോൾ ബഹളം വയ്ക്കാതെ, അവരുടെ പുറത്തു എന്റെ കൈകൾ വീഴ്ത്താതെ, മാനവും അഭിമാനവും നോക്കാതെ ഇടക്കൊക്കെ അവരെയൊന്നു കെട്ടിപ്പിടിച്ചു ക്ഷമ ചോദിക്കുവാനും, അപ്പോഴത്തെ അവസ്ഥയിൽ, പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറഞ്ഞു പോയതും ചെയ്തു പോയതുമാണെന്നും അവരോടു പറയാൻ ഉള്ള ധൈര്യവും എളിമയും എനിക്ക് നൽകണമേ…

അതും ഒരു വിധത്തിൽ കാൽ കഴുകൽ ശുശ്രൂഷക്കു തുല്യമല്ലെ ഈശോയെ… മനസ്സിലെ അഹങ്കാരങ്ങൾ മറന്നുകൊണ്ട്, കുഞ്ഞിക്കാലുകൾ ചുംബിക്കുന്ന ലാഘവത്തോടെ, ഉള്ളുനിറയെ സന്തോഷത്തോടെ എല്ലാവരെയും എളിമയോടെ, ക്ഷമയോടെ സ്നേഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ…

ആമേൻ.

. Credit Fr Lenin

Philokalia Foundation

നിങ്ങൾ വിട്ടുപോയത്