കൊച്ചി: ജനവാസ മേഖലയായ എം.ജി റോഡിലെ അനധികൃത ബെവ്കോ ഔട്ട് ലറ്റ് അടച്ചു പൂട്ടി. കൊച്ചി കോർപറേഷൻ അധികൃതർ ഇന്ന് വൈകുന്നേരം 6ന് എത്തി പൂട്ടി സീൽ വെക്കുകയായിരുന്നു.
വിവിധ മദ്യ വിരുദ്ധ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും നടത്തിയ റിലേ നിരാഹാര സത്യാഗ്രഹത്തെ തുടർന്നാണ് കോർപറേഷന്റെ നടപടി.
ഈ ഔട്ലെറ്റ് കോർപറേഷൻ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ 5 ദിവസമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം നടന്നു വരികയായിരുന്നു.
കോർപ്പറേഷൻ അനുമതി വാങ്ങാതെ പ്രവർത്തനമാരംഭിച്ചതിനാലാണ് പൂട്ടിയത്. എന്നാൽ ബെവ്കോ മാറ്റും വരെ സമരം തുടരുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ചിത്രം: ജനവാസ മേഖലയായ എം.ജി റോഡിലെ അനധികൃത ബെവ്കോ ഔട്ട് ലറ്റ് കൊച്ചി കോർപറേഷൻ അധികൃതർ പൂട്ടി സീൽ വെക്കുന്നു.
ജനവാസ കേന്ദ്രങ്ങളിൽ മദ്യാലയമരുത്- അഡ്വ. ചാർളി പോൾ
കൊച്ചി: ജനങ്ങൾ തിങ്ങി പാർക്കുന്ന ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ജനവാസ കേന്ദ്രമായ എം.ജി റോഡിൽ പുതിയ ബെവ്കോ ഔട്ട് ലറ്റ് സ്ഥാപിച്ചതിനെതിരെ വിവിധ മദ്യ വിരുദ്ധ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും ആരംഭിച്ച അനിശ്ചിത കാല റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാർളി പോൾ.
ഒരു പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്തീരാജ് – നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കാനുളള നീക്കം ആപത്ക്കരമാണെന്നും ജനങ്ങൾക്ക് വേണ്ടാത്ത ജനദ്രോഹ മദ്യാലയങ്ങൾ വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചാം ദിവസമായ ഇന്ന് കേരള ശാന്തി സേന ജില്ലാ പ്രസിഡന്റ് ഹിൽട്ടൺ ചാൾസ് നിരാഹാരമനുഷ്ഠിച്ചു.
ടി.ജെ വിനോദ് എംഎൽഎ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ സന്ദേശം നൽകി. എക്സൈസ് മന്ത്രിക്ക് അദ്ദേഹം നിവേദനം നൽകി.
സമരസമിതി ചെയർമാൻ സായി പ്രസാദ് കമ്മത്ത് അധ്യക്ഷനായിരുന്നു. കൗൺസിലർ സുധ ദിലീപ് കുമാർ, ശാലേം മാർത്തോമ്മ വികാരി റവ.ജെയിംസ് കോശി വീരമല, റവ. നിജു തോമസ്, റവ. ജിനു ജോൺ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, നോബർട് അടിമുറി, കെ.എസ്. ദിലീപ് കുമാർ, ടി.എൻ പ്രതാപൻ, കെ.എം. രാധാകൃഷ്ണൻ, ജേക്കബ് ഫിലിപ്പ്, മിനു പോൾ, ഗോപിനാഥ് കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം: ജനവാസ കേന്ദ്രമായ എം.ജി റോഡിൽ ആരംഭിച്ച ബെവ്കോ ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ആദിമുഖത്തിൽ നടക്കുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു.