“ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണെന്ന്” അരുളിച്ചെയ്തവൻ ജീവനും ജീവിതവുമായി മാറിയതാണ് സെഹോയോൻ ഊട്ടൂശാലയിൽ; വി. കുർബ്ബാന സ്ഥാപനത്തിലൂടെ നമ്മുടെ ജീവനായി അവൻ സ്വയം മാറി. ഒപ്പം തന്നെ, വി. കുർബ്ബാനയുടെ മഹത്വവും പ്രാധാന്യവും പൗരോഹിത്യത്തിന്റെ വിശുദ്ധിയും ആ വിരുന്നിന്റെ രാവിൽ പകർന്നു തന്നു യേശുനാഥൻ.

നാം അനാഥരല്ലായെന്ന്, നമ്മെ അറിയുന്ന സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ടെന്ന് നമുക്ക് വെളിപ്പെടുത്തികിട്ടിയ അവസരമാണ് അന്ത്യ അത്താഴവേള. ‘സേവിക്കപ്പെടാനല്ല സേവിക്കാനയാണ് താൻ വന്നതെന്ന് പറഞ്ഞവൻ’ ശിഷ്യരുടെ കാല് കഴുകിയപ്പോൾ ശുശ്രുഷയുടെ ഒരു പുതിയ അദ്ധ്യായം തന്റെ ശിഷ്യർക്കായി അവൻ എഴുതി ചേർക്കുകയായിരുന്നു. കാല് വാരിയവന്റെപോലും പാദങ്ങൾ കഴുകിയപ്പോൾ ക്രൈസ്തവന്റെ ജീവിതചര്യയും ചിന്താരീതിയും എത്രമാത്രം അനന്യമായിരിക്കണമെന്ന് അവൻ പഠിപ്പിക്കുകയായിരുന്നു.

തള്ളിപ്പറഞ്ഞവനെയും ഒറ്റിക്കൊടുത്തവനെയും ഓടിപ്പോയവരെയും ഒരുപോലെ ചേർത്തുനിറുത്തി അവർക്കു തന്റെ ശരീര-രക്തം ഭക്ഷണ-പാനീയമായി പങ്കുവച്ചപ്പോൾ പുതിയൊരു ജീവിതശൈലിയും പുതിയൊരു ലോകവും തുറക്കപ്പെടുകയായി; ഗുരുവും നാഥനുമായി അവനെ സ്വീകരിച്ചവർക്കുള്ള ജീവിതവും ലോകവും. പങ്കുവയ്പ്പിന്റെയും വിട്ടുകൊടുക്കലിന്റെയും അനുഗ്രഹമാകലിന്റെയും ക്രിസ്തുമാർഗ്ഗം, നസ്രായശൈലി.

അപ്പത്തിന്റെ തിരുനാളും അപ്പമായി മാറിയവനും നമ്മെയും ഓർമിപ്പിക്കുന്നു അപ്പമായി മാറാൻ, സ്വയം മുറിച്ചു കൊടുക്കാൻ സഹോദരങ്ങൾക്കായി. സെഹിയോൻ ഊട്ടുശാല നമ്മെ ക്ഷണിക്കുന്നു ജീവിതം അപരനുള്ള ഊട്ടൂശാലയാക്കി മാറ്റാൻ.

തുറന്നുകിട്ടിയ ജീവത്യാഗത്തിന്റെ പാതയിലേക്ക് പ്രവേശിക്കാൻ, അപ്പമാകാൻ അപ്പമേകാൻ അപ്പത്തിന്റെ ഈ തിരുനാൾ നമ്മോട് ആവശ്യപ്പെടുന്നു.

അപ്പം സ്വീകരിച്ച നമ്മിലൂടെ അപ്പമായവനെ ലോകം അറിയട്ടെ.

സ്നേഹത്തോടെ,പ്രാർത്ഥനയോടെ

✍️ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്