കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ക്രിസ്തുമസ് ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന 60 ഓളം പത്രപ്രവർത്തകർ ഈ സംഗമത്തിൽ പങ്കുചേർന്നു.
സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത ഈശോ സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. അതിനുവേണ്ടിയാണ് ദൈവപുത്രൻ മനുഷ്യനായി പുൽക്കൂട്ടിൽ ജനിച്ചതെന്ന് കർദിനാൾ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. മനുഷ്യരോട് കൂടെ നടക്കാൻ വന്ന ദൈവം ഒന്നിച്ചുനടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രികരാണെന്നതിന്റെ ഓർമപ്പെടുത്തലാണ് ക്രിസ്തുമസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സീറോമലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ സ്വാഗതം ആശംസിക്കുകയും പി.ആർ.ഒ യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി. കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: മാധ്യമ പ്രവർത്തകർക്കായുള്ള സ്നേഹസംഗമത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്തുമസ് കേക്ക് മുറിക്കുന്നു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, പി.ആർ.ഒ യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി., മുതിർന്ന മാധ്യമ പ്രവർത്തകരായ സിജോ പൈനാടത്ത്, എം.എസ്. സജീവൻ എന്നിവർ സമീപം.
ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
ഡിസംബർ 23, 2022