കൊച്ചി∙ ഒന്നരയാഴ്ച മുമ്പാണ്, കോട്ടയം സ്വദേശി ഡോ. ലക്സൺ ഫ്രാൻസിസിന്റെ മൊബൈലിലേയ്ക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ വരുന്നത്. വിദേശ നമ്പരാണ്. കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്, തന്നെ ഇവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്നാണാണ് ആവശ്യം. പെൺകുട്ടിയുടെ കോൾ ആയതുകൊണ്ടും നിരവധി തട്ടിപ്പു കഥകൾ അറിവുള്ളതുകൊണ്ടും ആദ്യം ഒന്നറച്ചു. പിന്നെ കുവൈത്തിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാൻ ഏൽപിച്ചു. അദ്ദേഹം സംഗതി സത്യമാണെന്നു സ്ഥിരീകരിച്ചതോടെ പിന്നെ അദ്ദേഹം അതൊരു ദൗത്യമായി ഏറ്റെടുത്തു. വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി. ഇന്നലെ രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങുമ്പോൾ ഒരു ഗദ്ദാമയുടെ ദുരിതജീവത്തിൽ നിന്ന്.., മരണത്തിന്റെ പടിവാതിൽക്കൽ നിന്നു നാടിന്റെ സുരക്ഷയിലേയ്ക്കെത്തിച്ച അദ്ദേഹം അവിടെ കാത്തു നിൽപുണ്ടായിരുന്നു.

‘‘രക്ഷപെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം..’’ ലക്സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. ഇടയ്ക്കിടെ വാതിൽ തുറന്നു കിടക്കുകയാണോ എന്നു നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു. അദ്ദേഹം ധൈര്യമായി ഇറങ്ങി പുറത്തേയ്ക്ക് ഓടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് തിരിഞ്ഞു നോക്കാതെ റോഡിലേയ്ക്ക് ഓടി.. ഒരു ടാക്സി കിട്ടിയതിൽ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കുവൈത്തിലെ ഇന്ത്യൻ എംബസിയിലേയ്ക്ക്. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവിടെ സ്നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസിക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി. ഇന്നലെ നാട്ടിലേയ്ക്കു വരുന്നതിനുള്ള ടിക്കറ്റും വാഹനവും തന്നു. – ഇതു പറയുമ്പോൾ ദീപയുടെ മനസിൽ ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസം. ഒപ്പം ഇതുപോലെ അവിടെ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരെക്കുറിച്ചുള്ള ആശങ്കകളും.

ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗ ബാധിതനായി മരിച്ചു. പിതാവ് നേരത്തേ മരിച്ചിരുന്നു. ഒരു കുഞ്ഞുണ്ട്. അതിനെ വളർത്തണം. സഹോദരന്റെ തണലിൽ ജീവിക്കുമ്പോൾ അദ്ദേഹത്തെ സഹായിക്കണം. അമ്മയ്ക്കും സഹായകമാകും. അതുകൊണ്ട് എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുന്നതിനിടെയാണ് ഒരു അകന്ന ബന്ധു വീട്ടിൽ വരുന്നതും പരിചയപ്പെടുന്നതും. വർഷങ്ങളായി കുവൈത്തിലുള്ള അവർ തനിക്ക് അവിടെ വീട്ടുജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഒരു അപകടം പ്രതീക്ഷിച്ചതല്ല. ആവശ്യപ്പെട്ട പണം സംഘടിപ്പിച്ചു നൽകിയാണ് 2018ൽ കുവൈത്തിലെത്തിയത്. അവിടെ എത്തിയപ്പോൾ കാത്തു നിന്ന ഒരു അറബി ഏജന്റ് തന്നെ വീട്ടിലാക്കി, രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു പോകുമ്പോൾ വാഗ്ദാനം. നൽകിയത് വെറും 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യണം. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം. ചെറിയ കുറേ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി.

ഇവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ഒരു ശ്രീലങ്കക്കാരൻ ഏജന്റിനു തന്നെ കൊടുത്തു. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലു നിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിൽ വിടാൻ അഭ്യർഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. ഇവിടെ കടുത്ത ജോലിയും മാനസിക പീഡനവും ഭക്ഷണം പോലും തരാത്ത സാഹചര്യവുമുണ്ടായി. ഇതിനിടെ കഴുത്തിൽ ഒരു മുഴ വന്ന് ചികിത്സ വേണ്ടി വന്നു. അവർ ആദ്യം ആശുപത്രിയിൽ കാണിക്കാതിരുന്നെങ്കിലും പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സ ലഭിക്കാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം തരാൻ പോലും അവർ തയാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു. ഇടയ്ക്ക് ജൂസ് ഉണ്ടാക്കി കഴിച്ചു. തന്നെ നാട്ടിൽ വിടാൻ ആവശ്യപ്പെട്ടപ്പോൾ വലിയ തുക അതിനു പകരമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇവിടെ കിടന്നു മരിച്ചു പോകുമോ എന്ന ഭയത്തിലും വിഷമത്തിലുമായി. ഇതോടെ ഏജന്റിനോടും നാട്ടിൽ വിടാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും വീട്ടിൽ വിടാൻ തയാറായിരുന്നില്ല. പലപ്പോഴും വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. സമൂഹമാധ്യമങ്ങളിൽ തന്റെ സങ്കടം പോസ്റ്റു ചെയ്യുമെന്നു പറഞ്ഞപ്പോൾ അതിനും വഴങ്ങാതെ വന്നതോടെ കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞു.

ഒരു കൂട്ടുകാരിയാണ് ഡോ, ലക്സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതു വരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെ നിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും വീട്ടിൽ നിന്നു രക്ഷപെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. വീട്ടിൽ നിന്ന് ഇറങ്ങി ഓടി ടാക്സിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ വീടും ഭക്ഷണവും എല്ലാം തന്നു. തന്നെ പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലായത്. തന്നെ കയറ്റിവിട്ട ബന്ധു തന്നെ കയറ്റിവിട്ട ഒരു ഗദ്ദാമ വളരെ ദുരിതം അനുഭവിക്കുന്നത് തന്നോടു പറഞ്ഞിരുന്നു. പലരും ലൈംഗികമായ അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. തനിക്ക് അത്തരത്തിൽ ഒരു പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ ഒരു സ്ത്രീ രക്ഷപെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്. ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രവും ദീപ പങ്കുവയ്ക്കുന്നു.

ദീപയുടെ കഷ്ടപ്പാടറിഞ്ഞ് ഏജന്റിനെ ബന്ധപ്പെടുമ്പോൾ ഒന്നര ലക്ഷം രൂപ വരുന്ന തുക നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യമെന്ന് ‍ഡോ. ലക്സൺ പറയുന്നു. അതു നൽകാമെന്ന് ഏറ്റതോടെയാണ് നാട്ടിൽ വിടുന്നത് പരിഗണിക്കാം എന്നു സമ്മതിച്ചത്. എംബസിയിൽ അംബാസിഡറെ ഉൾപ്പെടെ ബന്ധപ്പെട്ടപ്പോൾ ഇരകൾ താമസിക്കുന്നിടത്തു പോയി കൂട്ടിക്കൊണ്ടു വരാനാവില്ലെന്നും ഇവിടെ വന്നാൽ നാട്ടിലെത്താൻ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നൽകി. ആ ധൈര്യത്തിലാണ് ദീപയെ എംബസിയിലെത്തുന്നതു വരെ വേണ്ട കാര്യങ്ങൾ ചെയ്തത്. എംബസിയിൽ എത്തിയെങ്കിലും പാസ്പോർട് ഇല്ലാതിരുന്നത് വീണ്ടും കുരുക്കായി. എംബസി നേരിട്ട് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ മറ്റെന്തെങ്കിലും കേസ് വരുമോ എന്ന് ഭയന്നാകണം അവർ പാസ്പോർട് നൽകാൻ തയാറായി. അവിടെ പാസ്പോർട് ലഭിക്കാതെയും മറ്റു പല കാരണങ്ങൾ കൊണ്ടും ദുരിതത്തിൽ കഴിയുന്ന മലയാളികൾ ഉൾപ്പടെയുള്ളവർ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ലക്സൺ മനോരമ ഓൺലൈനോടു പറഞ്ഞു.

കൊച്ചിയിൽ ഐടി, എക്സ്പോർട്ടിങ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോക്ടർ ലക്സൺ ഫ്രാൻസിസിനെ കഴിഞ്ഞ ദിവസം കെപിസിസി നൂനപക്ഷ വിഭാഗം സംസ്ഥാന കൊഓർഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കുന്ന ദൗത്യം പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

News by Malayala Manorama

DrLuckson Kallumadikal