സ്ത്രീധന സമ്പ്രദായം അപമാനകരം: മാർ പാംപ്ലാനി.
തലശേരി: നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം പലരൂപത്തിലും നിലനില്ക്കുന്നു എന്നത് അപമാനകരമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നു എന്നതു വിസ്മരിക്കാനാവില്ലെന്നും ഈസ്റ്ററിനോടനുബന്ധിച്ച് ഇടവകദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്കാരവും നിലവിൽ ഏറെ പിന്നിലാണ്.
“ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു’’’’ എന്ന (ഉൽപ്പ 1,27) പ്രസ്താവനയോടെ സ്ത്രീ-പുരുഷ സമത്വമാണ് വിശുദ്ധ ഗ്രന്ഥകാരൻ ഊന്നിപ്പറയുന്നത്.
എന്നാൽ കാലാന്തരത്തിൽ കായിക ബലത്തിന്റെ പിന്തുണയിൽ പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടു.
സ്ത്രീയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന അവഗണനയുടെ സമ്പ്രദായങ്ങൾ രൂപപ്പെട്ടു. അതിനുള്ള ഏറ്റവും ശക്തമായ ദൃഷ്ടാന്തമാണ് സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്ന സ്ത്രീധന സമ്പ്രദായം.
ദൈവം ജീവിതപങ്കാളിയായി നൽകുന്ന സ്ത്രീ തന്നെയാണ് ഏറ്റവും വലിയധനം എന്ന ചിന്ത സമൂഹത്തിൽ ശക്തിപ്പെടണം.
വിവാഹം എന്ന പരിശുദ്ധമായ കൂദാശയെ സ്ത്രീധനവുമായി ബന്ധിപ്പിക്കുന്നത് നമ്മുടെ വിശ്വാസമനുസരിച്ച് പാപമാണ്.
ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന വിരുദ്ധ സമ്പ്രദായം പൂർണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
വിവാഹപ്രായമെത്തിയ പെൺമക്കളെ ക്കുറിച്ച് ആകുലപ്പെടുന്ന സാഹചര്യമാണ് മാതാപിതാക്കൾക്കു മുന്നിലുള്ളത്.നമ്മുടെ കുടുംബങ്ങളിലെ കടബാധ്യതകളിൽ നല്ലൊരു ശതമാനവും പെൺമക്കളുടെ വിവാഹത്തോടനുബന്ധിച്ചുള്ള കടമാണ്.
പെൺമക്കളെ വലിയ സാമ്പത്തിക ബാധ്യതകളോടെ പഠിപ്പിച്ച് ജോലിയിൽ പ്രവേശിപ്പിച്ചാലും അവരുടെ വിവാഹത്തിന് വീണ്ടും കടം വാങ്ങേണ്ട ഗതികേടിലാണ് പെൺകുട്ടിയുടെ കുടുംബം.
ഇത് തികച്ചും അനീതിപരമാണ്.
ആൺമക്കൾക്ക് എന്നതുപോലെ പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നമ്മുടെ സമുദായം ഇനിയും വേണ്ട രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് സത്യം.
വിവാഹസമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ, മറിച്ച് ആൺമക്കളെപ്പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പുവരുത്തുകയാണു വേണ്ടത്.
കല്യാണസമയത്തെ ആഭരണധൂർത്തിന് അറുതിവരുത്താൻ ഇതിലൂടെ സാധിക്കും.
വധുവിന്റെ വീട്ടിൽനിന്നു ലഭിക്കുന്ന തുകകൊണ്ട് കല്യാണം ആർഭാടമാക്കാൻ ശ്രമിക്കുന്ന പ്രവണതയും തികച്ചും അനഭിലഷണീയമാണ്.
ഭാര്യക്ക് വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകൾക്കു വേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം.
സ്ത്രീയാണ് യഥാർഥ ധനം എന്നു തിരിച്ചറിയാൻ വൈകിയതിന്റെ അനന്തരഫലമാണ് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കന്മാരുടെയെങ്കിലും ജീവിതം.
സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
സ്ഥിതി വിവരക്കണക്കുകൾ അനുസരിച്ച് 35 വയസു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം വിവാഹാർത്ഥികളായ പുരുഷന്മാർ അതിരൂപതയിലുണ്ട് എന്ന സത്യം ഏറെ ഗൗരവമുള്ളതാണ് .
നാലായിരത്തോളം കുടുംബങ്ങളുടെ സാധ്യതയാണ് വരും തലമുറയിൽ അന്യം നില്ക്കുന്നത്. ഇവരിൽ ചിലരുടെയെങ്കിലും വിവാഹാലോചനകൾ നല്ലപ്രായത്തിൽ സ്ത്രീധനവിഷയത്തിൽ തട്ടി വഴിമുട്ടിയതാണെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് സ്ത്രീധന സമ്പ്രദായം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നത്.
സ്ത്രീയുടെയും പുരുഷന്റെയും കണ്ണീരിനുകാരണമാകുന്ന ഈ ദുരാചാരത്തെ അകറ്റി നിർത്താൻ മാതാപിതാക്കളും മക്കളും വിശിഷ്യാ യുവജനങ്ങൾ ആത്മാർഥമായി മുന്നോട്ടു വരണം.
നമ്മുടെ സമുദായത്തിലെ യുവജനങ്ങളുടെ വിവാഹപ്രായം ക്രമാതീതമായി ഉയർന്നു നില്ക്കുന്നതിന്റെ പിന്നിലും സ്ത്രീധന സമ്പ്രദായത്തിന്റെ സ്വാധീനമുണ്ട്.
സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയിൽ ജോലി സമ്പാദിച്ചശേഷവും വിവാഹത്തിനുവേണ്ടി കാത്തിരിക്കാൻ നമ്മുടെ പെൺകുട്ടികൾ നിർബന്ധിതരാവുകയാണ്.
വിവാഹപ്രായം അമിതമായി ഉയരുന്നത് പുതുതല മുറയുടെ എണ്ണത്തെയും ഗുണത്തെയും ദോഷകരമായി ബാധിക്കുമെന്ന ശാസ്ത്രീയ പഠനങ്ങൾ സമുദായം ഗൗരവമായി എടുക്കേണ്ട വസ്തുതയാണ് .
സ്ത്രീകളെ ആദരിക്കുന്നതും തുല്യരായി പരിഗണിക്കുന്നതുമാണ് സാംസ്കാരിക വളർച്ചയുടെ യഥാർഥ ലക്ഷണം. അതിനാൽ ഗാർഹിക പീഡനങ്ങളും പെൺകുട്ടികളോടുള്ള വിവേചനവും കുടുംബത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ തകിടം മറിക്കുന്ന തിന്മകളാണ്.
സ്ത്രീകളെ ആദരിക്കുന്ന സംസ്കാരം മാതാപിതാക്കളിൽ നിന്നുമാണ് മക്കൾ പഠിക്കേണ്ടത്.
യാത്രകളിലും ജോലിസ്ഥലങ്ങളിലും പഠനസ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കരുതുന്ന കഴുകൻ കണ്ണുകളുടെ എണ്ണം വർധിക്കുന്നത് അപടകരമാണ്.
പ്രണയക്കെണികളിൽ കുടുക്കി പെൺമക്കൾക്കു ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുകയാണെന്നും ആർച്ച്ബിഷപ് ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.