ന്യൂഡല്‍ഹി: മുഖ്യധാര മാധ്യമങ്ങളുടെയും, സാമൂഹീക മാധ്യമങ്ങളുടെയും ഘോഷാരവങ്ങള്‍ക്ക് ഇടയില്‍ സത്യത്തിന്റെയും നീതിയുടെയും ശബ്ദം ആരും കേള്‍ക്കാതെ പോകരുതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബിഷപ്‌സ് ഹൗസില്‍ രൂപതയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവാക്കളോട് നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

രൂപതയുടെ കീഴില്‍ യുവാക്കളുടെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപികരിക്കാനും സാമൂഹീക മാധ്യമങ്ങളില്‍ സജീവമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ദ്ദേഹം എടുത്തുപറഞ്ഞു. മുഖ്യധാര മാധ്യമങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും മാത്രം പ്രാമുഖ്യം നല്‍കുമ്പോള്‍ അവയൊന്നും സഭയ്‌ക്കോ വിശ്വാസ സമൂഹത്തിനോ ഗുണപ്രദമുള്ളതാകണമെന്നില്ല. തെറ്റായ വാര്‍ത്തകളും, നെഗറ്റീവ് വാര്‍ത്തകള്‍ക്കും പ്രചാരകര്‍ ഏറെയുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഫലമോ നന്മയുടെയും സത്യത്തിന്റേയും ശബ്ദം ആരും കേള്‍ക്കാതെ പോകുന്നു. വര്‍ത്തമാന കാലത്തെ പല വിഷയങ്ങളിലും സഭയും, സഭ നേതാക്കളും എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ ലോകം ആഗ്രഹിക്കിന്നുണ്ട്. പരിഹാരം ഒന്നുമാത്രം സ്വന്തമായ സാമൂഹീക മാധ്യമ പ്ലാറ്റ്‌ഫോം രൂപീകരിക്കുക.

വത്തിക്കാന്‍ മുതല്‍ പ്രാദേശിക ഇടവകവരെയുള്ള സഭയുടെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന മലയാളം യൂട്യൂബ് ചാനല്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് രൂപത പിആര്‍ഒ ഫാ. ഫ്രിജോ തറയില്‍ അറിയിച്ചു.

രൂപത വികാരിജനറാള്‍ ഫാ.ജോസഫ് ഓടനാട്ട്, ഫാ.ജിന്റോ ടോം എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ഓരോ ഇടവകയിലെയും യുവജനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഫോട്ടോ: സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രൂപതയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംവാദത്തില്‍ പങ്കെടുക്കുന്നു.

നിങ്ങൾ വിട്ടുപോയത്