മഹാമാരിയുടെ മധ്യേ ഒരു ക്രിസ്തുമസ്. ആഘോഷങ്ങളെ ഭയപ്പാടോടെ നോക്കുന്ന കാലഘട്ടം.
കോവിഡ് 19 എന്ന ഭയത്തിന്റെ തണലിൽ നന്മ നഷ്ടമാകുന്നവരുടെ ഇടയിൽ പ്രകാശത്തിന്റെ കൈത്തിരിനാളമായി ജീവിതം അർപ്പിച്ചവരുടെ കരുതലിന്റേതുകൂടിയാണ് ഈ ക്രിസ്തുമസ്.
നമുക്കും കരുതാം.
കൈ കഴുകി, മുഖം മറച്ചു, അകലം പാലിച്ച് ആഘോഷങ്ങളെ ലളിതമാക്കി മിതവ്യയത്തിന്റെ സംസ്കാരരൂപീകരണത്തിനുതകുന്ന ക്രിസ്തുമസ് ആഘോഷവുമായി .
കഷ്ടപ്പെടുന്നവനെ കരുതുന്ന, കഠിനവ്യാധികളിലകപ്പെടാതെ കരുതുന്ന കാലഘട്ടത്തിന്റെ കരുതലാകട്ടെ ഈ ക്രിസ്തുമസ്.
‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം’, ക്രിസ്തുമസിന്റെ മനോഹരമായ സന്ദേശമാണിത്. ക്രിസ്തുവിന്റെ ജനനം സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണ്.
യേശുവിന്റെ ജനനം അനേകരിൽ ആസ്വസ്ഥതയും അനേകരിൽ സമാധാനവുമാണ്. യേശുവിനെ സന്ദർശിക്കുവാനെത്തിയ ജ്ഞാനികളിൽ നിന്ന് അവന്റെ ജനനത്തെക്കുറിച്ചറിഞ്ഞ ഹേറോദേസും അവനോടൊപ്പം ജറുസലേം മുഴുവനും അസ്വസ്ഥമായെന്ന് മത്തായി സുവിശേഷകൻ പറയുന്നു. ഈ ആസ്വസ്ഥതയുടെ ഉത്തരം രണ്ടും അതിൽ താഴെയും പ്രായമുള്ള ആൺകുട്ടികളെ വധിക്കുന്ന തലത്തിലേക്കെത്തുന്ന വിധം ക്രൂരമായിരുന്നു.
ഇന്നും നന്മ വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഭ്രൂണഹത്യ, ശിശുഹത്യ, ശിശുപീഡനം, സ്ത്രീപീഡനം, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്ന്, തീവ്രവാദം, കൊലപാതകം, യുദ്ധം, ദയാവധം ഇങ്ങനെ നന്മയുടെ വധം തുടർക്കഥയാകുന്നു. ഏതൊക്കെ ന്യായീകരണങ്ങൾ ഉയർത്തിയാലും തിന്മ തിന്മ തന്നെയാണ് തെറ്റ് തെറ്റായിരിക്കുകയും ചെയ്യും. ബൈബിൾ പറയുന്നു നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവർക്ക് ദുരിതം.
പ്രിയമുള്ളവരേ, ഉള്ളിലേക്കൊന്നു നോക്കൂ നിന്നിൽ യേശു പിറന്നിട്ടുണ്ടോ?
യേശുവിന് ജനിക്കുവാൻ ഈ ക്രിസ്തുമസിനെങ്കിലും തിന്മയെ പിൻതള്ളുന്ന ഒരു പുൽക്കൂട് നിന്റെ ഹൃദയത്തിൽ ഒരുക്കിയിട്ടുണ്ടോ?
അതോ ഭൂരിപക്ഷത്തെ ഭയന്ന് സത്യം അറിയാമായിരുന്നിട്ടും സത്യത്തെ പ്രഘോഷിക്കാതെ നീ ഒഴുക്കിനൊത്ത് നീന്തുകയാണോ?
ഒന്ന് ചിന്തിക്കൂ… വേദനിക്കുന്നവർ, കഷ്ടപ്പെടുന്നവർ, മുറിവേൽപ്പിക്കപ്പെടുന്നവർ നിന്റെ മുൻപിലുണ്ട്,
നിന്റെ അയലത്തെ വീട്ടിലുണ്ട്,
നിന്റെ ചുറ്റുമുണ്ട്,
നിന്റെ സമൂഹത്തിലുണ്ട്.
അവർക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും നീയനക്കിയിട്ടുണ്ടെങ്കിൽ, വിശക്കുന്നവന് ഒരു നേരത്തെ ആഹാരമെങ്കിലും നീ കൊടുത്തിട്ടുണ്ടെങ്കിൽ, അനീതിക്കെതിരെ ചെറു സ്വരമെങ്കിലും നീയുയർത്തിയിട്ടുണ്ടെങ്കിൽ നിന്റെ ഉള്ളിൽ യേശു പിറന്നിട്ടുണ്ട്. നിന്നിൽ നിന്നാണ് സമാധാനം പ്രസരിക്കുന്നത്.
നമുക്ക് പ്രാർത്ഥിക്കാം,പ്രതിസന്ധിയിൽ നിന്ന് പ്രത്യാശയിലേക്കുള്ള ക്രിസ്തുമസിന്റെ പുഞ്ചിരി ഓരോ അധരങ്ങളിലും പിറവിയെടുക്കുവാൻ.
അവിടെ യേശുവുണ്ടാകും, ക്രിസ്തുമസിന്റെ സമാധാനമുണ്ടാകും.
പ്രകൃതി ദുരന്തങ്ങളെ ഓർത്തു,
യുദ്ധങ്ങളെ ഓർത്തു, തീവ്രവാദങ്ങളെ ഓർത്തു,
രോഗങ്ങളെ ഓർത്തു ഭയന്ന് വിറക്കുന്ന മനുഷ്യനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് പറയാം,
ഭയപ്പെടേണ്ട ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ക്രിസ്തു നിങ്ങളിൽ ജനിച്ചിരിക്കുന്നു.

ഭയത്തിന്റെ അസ്വസ്ഥത പടരുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ ക്രിസ്തുമസും
പ്രത്യാശയുടെ പുതുവർഷവും ഏവർക്കും നേരുന്നു. നന്മയുടെ പുലരികൾ പിറവിയെടുക്കട്ടെ

ജോർജ് എഫ് സേവ്യർ വലിയവീട്*
*സംസ്ഥാന ആനിമേറ്റർ*
*കെ സി ബി സി പ്രോലൈഫ് സമിതി