എനിക്കറിയാവുന്ന ഒരു മെത്രാൻ (അദ്ദേഹം വൈദികരുടെ ഇനീഷിയേറ്റീവ്നെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്ന ആളാണ്) ഒരിക്കൽ പറഞ്ഞു: “ഓരോ അച്ചന്മാർ ഓടിനടന്ന് ഓരോരോ കാര്യങ്ങൾ തുടങ്ങി വയ്ക്കും. അവർ സ്ഥലത്തുനിന്ന് മാറിക്കഴിയുമ്പോൾ, തുടങ്ങിവച്ച പലതും നിർത്തി എടുക്കാൻ ഞാൻ പുറകെ നടന്നു കഷ്ടപ്പെടുകയാണ്!” എന്ന്
പകുതി കാര്യവും പകുതി തമാശയുമായി അദ്ദേഹം പറഞ്ഞതിൽ, വലിയ വാസ്തവമുണ്ട്. സഭയുടെ കർമ്മരംഗത്ത് ചില പ്രസ്ഥാനങ്ങൾ നാടിനു വലിയ ഗുണം ചെയ്യും. ചിലത് ഇടവകയ്ക്കും പിന്നെ രൂപതക്കും വലിയ ബാധ്യതയാകും. അപ്പോൾ എല്ലാവരും മെത്രാനു നേരേ തിരിയും. ഒന്നുകിൽ ബാധ്യതയെല്ലാം ഏറ്റെടുത്തു നടത്തിക്കൊണ്ടുപോകാൻ അദ്ദേഹം തയ്യാറാകണം. അതിനു പറ്റിയ ആളുകളെയും കണ്ടെത്തണം.
പ്രസ്ഥാനം തുടങ്ങിയ അച്ചൻ പറയും, “ഞാനുണ്ടായിരുന്നെങ്കിൽ അതു ഭംഗിയായി നടന്നു പോയേനെ” എന്ന്. അതു മിക്കവാറും ശരിയുമായിരിക്കും. പക്ഷേ, അങ്ങനെ ഓരോ പ്രസ്ഥാനത്തിലും അച്ചന്മാരെ ഒരിടത്തു സ്ഥിരമായി നിർത്താൻ സഭക്കു കഴിയില്ലല്ലോ. അങ്ങനെ വരുമ്പോഴാണ് പലതും പരാജയപ്പെടുന്നതും നിർത്തലാക്കാൻ മെത്രാൻ പുറകെ ചെല്ലേണ്ടി വരുന്നതും! മെത്രാൻ കണ്ടില്ലെന്നു നടിച്ചാൽ സഭയ്ക്കാവും പേരുദോഷം!
സംരംഭം തുടങ്ങിയ വ്യക്തിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ കാര്യങ്ങൾ എക്കാലവും നടന്നിരുന്നു എങ്കിൽ, ഇപ്പോൾ നമ്മുടെ നാടിന്റെ സ്ഥിതി ഇന്നത്തേക്കാൾ വളരെ മെച്ചമായിരുന്നേനെ! ഒപ്പം, പ്രതിസന്ധികളുടെ മുൻപിൽ വേഗം തളർന്നു പിന്മാറിയിരുന്നെങ്കിൽ, ഇന്നു നാടിനു നന്മ ചെയ്യുന്ന പല സംരംഭങ്ങളും നമുക്ക് ഉണ്ടാകുമായിരുന്നുമില്ല.
നമ്മുടെ പല ക്ലിനിക്കുകളും ആശുപത്രികളും സ്‌കൂളുകളുമെല്ലാം തീഷ്ണമതിയായ ഒരു വൈദികനോ ഇടവകക്കാരോ പ്രദേശത്തെ ജനങ്ങളെ സഹായിക്കാൻ തികച്ചും സൗജന്യമായി തുടങ്ങിയവയാണ്. സൗജന്യമായി സേവനം തുടരാൻ കഴിഞ്ഞിടത്തോളം അവയെല്ലാം നാടിന്റെ വെളിച്ചമായി അംഗീകരിക്കപ്പെടുകയും ചെയ്തു. അതിനു കഴിയാതെ വന്നപ്പോൾ, അവയിൽ നല്ലപങ്കും നിന്നുപോയി. മുന്നോട്ടു നടത്തുന്നതിനു ചിലവിനുള്ള പണം സേവനത്തിലൂടെത്തന്നെ കണ്ടെത്തേണ്ടി വന്നപ്പോൾ, അവയോട് ആളുകൾക്കുണ്ടായിരുന്ന പ്രതിപത്തി കുറഞ്ഞു പോവുകയും ചെയ്തു.
ബഹുമാനപ്പെട്ട ചിറമ്മേലച്ചന്റെ ഒരു നൂതന സംരംഭത്തെ ജസ്റ്റിൻ ജോർജ് എന്ന ഒരു ചെറുപ്പക്കാരൻ സാമൂഹ്യ മാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ, ഇപ്പോൾ വലിയ കോലാഹലങ്ങൾ നടക്കുന്നുണ്ട്. അച്ചനും അതിനോട് അല്പം വൈകാരികമായിത്തന്നെ പ്രതികരിക്കുന്നതു കണ്ടു. ഇപ്പോൾ വിമർശനത്തിന്റെ വ്യാപ്തി വളർന്നു വലുതായിക്കൊണ്ടിരിക്കുകയാണ്!
എല്ലാത്തരം സംരംഭങ്ങളെയും എതിർക്കുന്ന മനോഭാവവും ഒരു വിമർശനത്തിൽ എല്ലാം ഉപേക്ഷിക്കുന്ന മനസ്ഥിതിയും ഒരുപോലെ ഗുണകരമല്ല… ഇവിടെ ഏതായാലും കാര്യങ്ങൾ അത്രത്തോളം എത്തിയിട്ടില്ല. പിന്നെ, വിമർശനങ്ങളും എതിർപ്പുകളും ഒരു പരിധിവരെ നല്ലതാണ്. ഉദ്ദേശ്യ ശുദ്ധിയോടൊപ്പം, നല്ല ജാഗ്രതയും കൃത്യമായ ആസൂത്രണവും ഉണ്ടാകാൻ അതു സഹായിക്കും…
അസഹിഷ്ണുതയോടെയുള്ള വിമർശനങ്ങളും ആരോപണങ്ങളും ഇരു ഭാഗത്തിനും ഗുണകരമല്ല… അതു മറ്റു ചിലർക്കെല്ലാം മുതലെടുപ്പിനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ മാത്രമേ ഉപകരിക്കൂ.
ഒരാൾ ഒരു വിമർശനം ഉന്നയിച്ചാലുടൻ, അയാൾ പറഞ്ഞത് എന്ത് എന്നുപോലും ശ്രദ്ധിക്കാതെ, ചിലർ കൂട്ടം ചേർന്നു അയാളെ ആക്രമിക്കുന്ന രീതി ഏതായാലും ആരോഗ്യപരമല്ല. ഇതു വീണുകിട്ടിയ ഒരു അവസരമായി കണ്ട് സഭയിലെ മെത്രാൻമാരെയും ഒന്നോ രണ്ടോ പേർ ഒഴികെയുള്ള വൈദികരേയുമെല്ലാം വിമർശിക്കാൻ ഇറങ്ങിത്തിരിക്കുന്നവരുമുണ്ട്. അത്തരം വിമർശനങ്ങളെ അത്ര കാര്യമാക്കേണ്ട ആവശ്യവുമില്ല…
ചിറമ്മേൽ അച്ചനെപ്പറ്റി നമുക്കെല്ലാം അഭിമാനമാണ്. വിവേകവും ജാഗ്രതയുമുള്ള അച്ചൻ, അദ്ദേഹത്തിനു കഴിയുന്ന നന്മ നാടിനു തുടർന്നും ചെയ്യട്ടെ! ജസ്റ്റിൻ ജോർജിനെപ്പോലെ ആത്മാർത്ഥതയുള്ള ചെറുപ്പക്കാർ തങ്ങളുടെ നിരീക്ഷണങ്ങൾ തുടർന്നും പങ്കു വയ്ക്കട്ടെ! അതിനെ ഭയക്കേണ്ടതില്ല. അതല്ലേ അതിന്റെയൊരു സ്പോർട്സ്മാൻ സ്പിരിറ്റ്?!
ഫാ. വർഗീസ് വള്ളിക്കാട്ട്