ജനനനിരക്ക് കുറഞ്ഞുവരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്ന വാര്‍ത്ത മലയാളി ക്രൈസ്തവരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 2001ലെയും 2011ലെയും സെന്‍സസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈസ്തവ സമൂഹത്തില്‍ ഈ ആശങ്ക വ്യാപിച്ചത്.

2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 18.38 ശതമാനമാണ്. ഇതില്‍ 61 ശതമാനം സീറോ മലബാര്‍, മലങ്കര, ലാറ്റിന്‍ വിഭാഗങ്ങൾ ഉൾപ്പെടുന്ന കത്തോലിക്കരും 16 ശതമാനം ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങളുമാണ്. മാര്‍തോമാ 6.6 ശതമാനം, സി.എസ്.ഐ 4.5 ശതമാനം, പെന്‍റെക്കൊസ്റ്റ് 4.3 ശതമാനം, ന്യൂജനറേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് സഭാവിഭാഗങ്ങള്‍ എല്ലാം കൂടി 9 ശതമാനം എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഈ എല്ലാ വിഭാഗങ്ങളിലുമായി 2001നും 2011നും ഇടയില്‍ 1.38 ശതമാനം ജനനനിരിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്യാനന്തരം 1950 നും 1960 നും ഇടയിൽ 26.95 ശതമാനം ആയിരുന്നു ക്രൈസ്തവരുടെ ജനനനിരക്കെങ്കില്‍ തുടര്‍ന്നുള്ള ഓരോ സെന്‍സസിലും ജനനനിരക്ക് ഗണ്യമായി കുറയുന്ന പ്രവണത തുടര്‍ന്നുവെങ്കിലും 1991- 2001 കാലഘട്ടത്തില്‍ 7.75 ശതമാനം ഉണ്ടായിരുന്ന ജനനനിരക്കാണ് 2001-2011 കാലഘട്ടത്തില്‍ ഭയാനകമായ വിധത്തില്‍ 1.38 ആയി കുറഞ്ഞിരിക്കുന്നത്.

2011 – 2021 കാലത്തെ ഏറ്റവും പുതിയ സെന്‍സസ് രേഖകള്‍ വരുമ്പോള്‍ ക്രൈസ്തവരുടെ വളര്‍ച്ച നിരക്ക് ഒരുശതമാനത്തില്‍ താഴ്ന്നാലും അതില്‍ അത്ഭുതപ്പെടാനില്ല. വാസ്തവത്തില്‍ ഹിന്ദുവിന്‍റെയും മുസ്ലിമിന്‍റെയും ജനനനിരക്കും കുറയുന്ന പ്രവണതയാണ് പതിറ്റാണ്ടുകളായി കാണിക്കുന്നതെങ്കിലും അതിവേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് ക്രൈസ്തവ ജനസംഖ്യയാണ് എന്നതാണ് ഏവരെയും അസ്വസ്ഥമാക്കുന്നത്.

കേരള ക്രൈസ്തവസമൂഹത്തില്‍ ജനസംഖ്യ കുറയുന്ന ഈ പ്രവണതയ്ക്ക് പരിഹാരമെന്നോണം ക്രൈസ്തവ കുടുംബങ്ങളില്‍ കൂടുതല്‍ മക്കള്‍ ജനിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സഭാനേതൃത്വങ്ങള്‍ നൽകിയിരിക്കുന്നത്. വിവിധ പ്രോലൈഫ് സംഘടനകള്‍ ഈ നിര്‍ദ്ദേശം ഏറ്റെടുത്ത് പ്രചരിപ്പിച്ചതിന്‍റെ ഫലമായി ആയിരക്കണക്കിന് കുടുംബങ്ങളില്‍ രണ്ടിലേറെ കുട്ടികള്‍ 2011നു ശേഷം ജനിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.

“1950-കള്‍ക്ക് ശേഷം പത്ത് മക്കള്‍ വരെയുള്ള ക്രൈസ്തവ കുടുംബങ്ങളെക്കുറിച്ച് ഇപ്പോള്‍ നാം കേള്‍ക്കുന്നു” എന്നാണ് ഒരു പ്രോലൈഫ് കാംപൈയിനര്‍ പറഞ്ഞത്. ക്രൈസ്തവസമൂഹത്തില്‍ പ്രത്യുത്പാദനത്തിലൂടെ ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്നത് വളരെ നല്ല വാര്‍ത്തയാണെന്നതില്‍ രണ്ടുപക്ഷമില്ലെങ്കിലും ക്രൈസ്തവ ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട് മറ്റ് ചില വിഷയങ്ങളില്‍കൂടി മലയാളി ക്രൈസ്തവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

ക്രിസ്തുമൊഴികളിൽ ആകൃഷ്ടരായി ക്രിസ്തുശിഷ്യത്വത്തിലേക്ക് കടന്നുവരുന്നവരേക്കൊണ്ട് വളര്‍ന്നുവ്യാപിക്കേണ്ടതാണ് (conversion growth) ക്രൈസ്തവസഭ. ഇതാണ് യേശുക്രിസ്തുവും അപ്പൊസ്തൊലന്മാരും പഠിപ്പിച്ചതും ആദിമസഭ മുതല്‍ ക്രൈസ്തവസഭ എക്കാലത്തും എല്ലായിടത്തും സഭാ വളര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതുമായ മാർഗ്ഗം. എന്നാല്‍ ഈ സുവിശേഷ സന്ദേശത്തിനുമേല്‍ ഇന്ന് പ്രചുരപ്രചാരം നേടി പ്രബലമായിക്കൊണ്ടിരിക്കുന്നത് പ്രത്യുത്പാദനത്തിലൂടെ (biological growth) സഭയ്ക്ക് വളര്‍ച്ചയുണ്ടാകണമെന്ന മാനുഷിക പോംവഴിയാണ്.

സഭയുടെ വളര്‍ച്ച എന്ന വിഷയം പരിശോധിക്കുമ്പോള്‍ വിശ്വാസത്തില്‍ കടന്നുവരുന്നവരെക്കൊണ്ടുള്ള വളര്‍ച്ചയും വിശ്വാസകുടുംബങ്ങളില്‍ ജനിക്കുന്നവരെക്കൊണ്ടുള്ള വളര്‍ച്ചയും രണ്ടായി കാണേണ്ടതുണ്ട്.

ജെറുസലേമിലേയും അന്ത്യോക്യയിലേയും ആദിമസഭയോളം പഴക്കമുള്ള ക്രൈസ്തവസമൂഹമാണ് ഭാരതത്തിലെ ക്രിസ്ത്യാനികള്‍. തങ്ങളുടെ അപ്പൊസ്തൊലിക പാരമ്പര്യം ക്രിസ്തുശിഷ്യനായ മാര്‍തോമാ സ്ലീഹായില്‍നിന്ന് ലഭിച്ചതാണെന്ന് കേരള ക്രൈസ്തവർ വിശ്വസിക്കുന്നു.

റോമാ സാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവിശ്യയോട് ഏറെ അടുത്തുകിടന്നിരുന്നതിനാല്‍ ഭാരതത്തിലെ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായിരുന്നത് കിഴക്കന്‍ സഭകളായിരുന്നു. അതിനാൽ, വിശ്വാസബോധ്യങ്ങളുടെ ആവിഷ്കരണത്തിനും ദൈവികവെളിപ്പാടുകള്‍ മനസ്സിലാക്കുന്നതിനും അവര്‍ ഉപയോഗിച്ചത് അറമായ ഭാഷയുടെ വകഭേദമായി സുറിയാനി ഭാഷയേ ആയിരുന്നു. സുറിയാനി ഭാഷയില്‍ ആരാധന നടത്തുകയും വിശ്വാസവിഷയങ്ങളെ ഉള്‍ക്കൊണ്ടവർ എന്നതിനാലും “സുറിയാനി ക്രിസ്ത്യാനികൾ ” എന്നും, ക്രിസ്തുശിഷ്യനായിരുന്ന തോമായാല്‍ സ്ഥാപിതമായ സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ “തോമാക്രിസ്ത്യാനികള്‍” എന്നും സഭാചരിത്രത്തില്‍ പരമ്പരാഗതമായി ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി അറിയപ്പെടുന്നു.

തോമാക്രിസ്ത്യാനികള്‍ ദ്രാവിഡവംശജര്‍ ആണെന്നാണ് അവരുടെ ശരീരപ്രകൃതിയുടെയും നരവംശ പ്രത്യേകതകളുടെയും ഭാഷാപൈതൃകങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്നത് (തിരുസ്സഭാചരിത്രം, പേജ് 180). തോമാക്രിസ്ത്യാനികളുടെ സഭാഭാരണമാതൃക ദ്രാവിഡ സംസ്കാരമനുസരിച്ചുള്ള ദേശക്കൂട്ടമായിരുന്ന “മണ്‍റ”ത്തിന്‍റെ മാതൃകയിലായിരുന്നുവെന്നും കാണാം. കടുത്ത ദ്രാവഡ പ്രകൃതമുള്ള തോമാക്രിസ്ത്യാനികള്‍ക്ക് ചുറ്റിലുമുള്ള ദ്രാവിഡസമൂഹത്തിലേക്ക് സുവിശേഷീകരണത്തിലൂടെ വളര്‍ന്ന് വ്യാപിക്കാനുള്ള സവിശേഷമായ സാധ്യതകളാണ് ആരംഭകാലംമുതല്‍ ഭാരതസഭ പിന്തുടര്‍ന്ന വ്യാപനസിദ്ധാന്തം.

സുവിശേഷീകരണത്തിലൂടെ ക്രിസ്തുവിശ്വാസത്തിലേക്ക് ജനസമൂഹങ്ങളെ ആകര്‍ഷിക്കുന്നതിനു പകരം പ്രത്യുത്പാദനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ക്രിസ്ത്യാനികളുടെ വളര്‍ച്ചമുരടിക്കുന്നേ എന്ന വിലാപം ഇവിടെ ഉയരാന്‍ കാരണമാകുന്നത്. മതപ്രചാരണ വിഷയങ്ങളില്‍ വര്‍ത്തമാനകാല കേരള/ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാധ്യതകളെ പൂര്‍ണ്ണായും ഉപയോഗിച്ചുകൊണ്ടാണ് അംഗസംഖ്യവിഷയത്തില്‍ ഉയരുന്ന ആശങ്കകളെ നേരിടാന്‍ സഭ തയാറാകേണ്ടത്. സുവിശേഷീകരണ ദര്‍ശനം നഷ്ടമായതിന്‍റെ ഫലമായി ക്രൈസ്തവരുടെ വളര്‍ച്ച പ്രത്യുത്പാദനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ധാരണയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. മാനുഷികമായി ധാരണകള്‍ മാറ്റിവച്ച് സഭാ വളര്‍ച്ചയ്ക്ക് സുവിശേഷത്തെ ആശ്രയിക്കാന്‍ സഭകള്‍ ശ്രമിക്കുക എന്നതാണ് സഭയുടെ വളർച്ചയ്ക്ക് ഏറ്റവും സ്വീകാര്യമായ മാർഗ്ഗം.

ഇസ്ളാമിൻ്റെ ദൈവശാസ്ത്ര, ധാർമ്മിക അടിത്തറയടെ തകർച്ചയെ ഫലപ്രദമായി ഉപയോഗിച്ച്, ഇസ്ളാമതം ഉപേക്ഷിച്ചു പോകുന്നവരെ ക്രിസ്തുമൊഴികളിലേക്ക് ആകർഷിക്കാൻ ക്രൈസ്തവസഭകൾ എന്തു ചെയ്തു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ലൗ ജിഹാദിലൂടെ നഷ്ടപ്പെടുന്നവരെ ഓർത്ത് വിലപിച്ച് കാലം കഴിക്കാതെ മാനവരിൽ മഹോന്നതനായ ക്രിസ്തുവിനെ സ്നേഹിച്ച് ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നവരെ കണ്ട് സന്തോഷിക്കാൻ നമുക്ക് ഇടയാകേണ്ടതുണ്ട്.

പ്രത്യുത്പാദനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നില്ല തോമാക്രിസ്ത്യാനികളുടെ പാരമ്പര്യം.

ഇതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. ഭാരതജനസമൂഹത്തിനിടയില്‍ വിശ്വാസബോധ്യങ്ങള്‍കൊണ്ടും ഒത്തൊരുമകൊണ്ടും ശ്രദ്ധേയരായ തോമാനസ്രാണികള്‍, തങ്ങളുടെ ചുറ്റുമുള്ളവരെ സുവിശേഷീകരിക്കുകയും അവരെ മാനസാന്തരത്തിലേക്ക് നയിക്കുകയും അതിനായി യത്നിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് വന്ന ഡൊമിനിക്കന്‍ സഭക്കാരും ഈശോസഭക്കാരും തമ്മില്‍ ഉടലെടുത്ത ശീതസമരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് 1628ല്‍ ആര്‍ച്ച് ഡീക്കന്‍ കുരിശിന്‍റെ ജോര്‍ജ്, ലിസ്ബണില്‍ താമസിച്ചിരുന്ന പേപ്പല്‍ നൂണ്‍സിയോയ്ക്ക് എഴുതിയ കത്തില്‍ പറയുന്നത് “മറ്റ് സന്യാസസഭക്കാര്‍ മലബാറില്‍ വരുന്നതിന് ഈശോസഭക്കാര്‍ എതിരാണെന്നും ഒരു വേദസാക്ഷിയെ എങ്കിലും തങ്ങളില്‍നിന്ന് എടുത്തുകാട്ടുവാനോ അക്രൈസ്തവരെ മാനസാന്തരപ്പെടുത്തുവാനോ അവര്‍ ശക്തരല്ല” എന്നും ആയിരുന്നു (തിരുസ്സഭാ ചരിത്രം, പേജ് 837). വാസ്തവത്തില്‍ ഈശോസഭക്കാരേക്കാള്‍ ഡൊമിനിക്കന്‍ മിഷനറിമാരോടുള്ള സുറിയാനി ക്രൈസ്തവരുടെ സൗഹൃദമായിരുന്നു ഇത്തരത്തിലൊരു കത്തെഴുതാന്‍ ആര്‍ച്ച് ഡീക്കനെ പ്രേരിപ്പിച്ചത്. എന്നാല്‍പോലും സുവിശേഷ സന്ദേശം ഉള്‍ക്കൊണ്ട് മാനസാന്തരപ്പെട്ട് ക്രൈസ്തവവിശ്വാസം സ്വീകരിക്കണമെന്ന വസ്തുത തോമാക്രിസ്ത്യാനികളില്‍ രൂഢമൂലമായിരുന്നു എന്നാണ് ഈ കത്തിടപാടുകളില്‍നിന്ന് മനസ്സിലാകുന്നത്.

വാസ്തവമായി സുവിശേഷീകരണം എന്താണെന്ന് ഇന്ത്യ കണ്ടത് പോര്‍ച്ചുഗീസുകാരുടെ കടന്നുവരവോടെയായിരുന്നു. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള തീരദേശങ്ങളില്‍ സുവിശേഷസന്ദേശം എത്തിക്കുന്നതില്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ ചെയ്ത സേവനം മഹത്തരമായിരുന്നു. ഇന്നും ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി ദേശീയജനസംഖ്യയില്‍ 2.3 ശതമാനമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിന്‍റെ പ്രധാന കാരണക്കാര്‍ സുവിശേഷതീഷ്ണതയോടെ ഇവിടെ വന്ന പോര്‍ച്ചുഗീസ് മിഷനറിമാരായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവും അതേത്തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലുണ്ടായ ഗതിവിഗതികളുമെല്ലാം മാറ്റിവച്ചാല്‍ തന്നെ സുവിശേഷീകരണം പോര്‍ച്ചുഗീസുകാരുടെ മുഖ്യ അജണ്ടയായിരുന്നു.

മലബാറില്‍ പോര്‍ച്ചുഗീസ് ആധിപത്യം വര്‍ദ്ധിച്ചുവന്നതോടെ മതപ്രചാരണവും വര്‍ദ്ധിച്ചുവന്നു. തന്‍റെ പ്രജകള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതിന് കൊച്ചിരാജാവ് ആദ്യമൊക്കെ എതിര്‍ത്തുവെങ്കിലും ക്രമേണ അദ്ദേഹത്തിന് മൗനംദീക്ഷിക്കേണ്ടിവന്നു. 1527 ആയപ്പോഴേക്കും കൊച്ചിയിലും പരിസരങ്ങളിലുമായി ഏതാണ്ട് പതിനായിരം പേര്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇടവക വൈദികരും ഫ്രാന്‍സിസ്കന്‍ സഭക്കാരും ഡൊമിനിക്കന്‍ സഭക്കാരും സജീവമായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിരുന്നു ഇത്. (തിരുസ്സഭാ ചരിത്രം പേജ് 813).

“പടിഞ്ഞാറന്‍ ദൈവശാസ്ത്രം” എന്നും സുവിശേഷീകരണം എന്ന ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ ദര്‍ശനമാണ് ആഗോളതലത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും വലിയ സഭയായി ഇന്നും നിലനിര്‍ത്തിയിരിക്കുന്നത്. 1910ല്‍ ആഗോള ക്രൈസ്തവരില്‍ 48ശതമാനമായിരുന്നു കത്തോലിക്കരെങ്കില്‍ 2010ല്‍ അത് അമ്പതു ശതമാനമായി വര്‍ദ്ധിച്ചതായി കാണാം. 1910-ൽ ആഗോള ക്രൈസ്തവരില്‍ 20 ശതമാനം പേര്‍ “കിഴക്കൻ ദൈവശാസ്ത്രം” പിന്തുടരുന്ന ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യന്‍സ് ആയിരുന്നുവെങ്കില്‍ നൂറുകൊല്ലത്തിനു ശേഷം അത് 12 ശതമാനമായി കുറയുകയായിരുന്നു.

കിഴക്കന്‍ ദൈവശാസ്ത്രത്തിന്‍റെ ഐതിഹാസിക സൗന്ദര്യവും പടിഞ്ഞാറന്‍ ദൈവശാസ്ത്രത്തിന്‍റെ സുവിശേഷീകരണ ദര്‍ശനവും ഒത്തുചേര്‍ന്ന ഇന്ത്യന്‍ മണ്ണില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു എന്നത് ഏറെ ഗൗരത്തോടെ കാണേണ്ടതു തന്നെയാണ്. സുവിശേഷീകരണ വൈമുഖ്യം പ്രകടിപ്പിക്കുന്ന കിഴക്കന്‍ സഭകളുടെ സ്വാധീനമുള്ള സുറിയാനി ക്രിസ്റ്റ്യാനിറ്റി സുവിശേഷീകരണത്തില്‍ വച്ചുപുലര്‍ത്തുന്ന താൽപര്യക്കുറവാണ് വാസ്തവത്തില്‍ ഇന്ത്യന്‍ ക്രൈസ്തവരുടെ എണ്ണം ദേശീയ ജനസംഖ്യയിൽ രണ്ട് ശതമാനമായി ഇന്നും നിലനിൽക്കുന്നതിന് കാരണം എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഈ പ്രതിഭാസം സുറിയാനി ക്രൈസ്തവ സ്വാധീനമുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായി സുറിയാനി ക്രൈസ്തവ ജനസംഖ്യ ആഗോളലതത്തില്‍തന്നെ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

1980കളില്‍ കേരളത്തില്‍ ആരംഭിച്ച കരിസ്മാറ്റിക് നവീകരണ പ്രസ്താനത്തിലൂടെ മൂന്നുലക്ഷം പേര്‍ ഇതര മതങ്ങളില്‍നിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്. Stanley M Burgess & Gary B McGee എന്നിവർ എഡിറ്റു ചെയ്ത “The new International Dictorary of Pentecostal and Charismatic Movement ” ഗ്രന്ഥത്തിൽ പേജ് 95ല്‍ പറയുന്നത് പോട്ടയിലെ ധ്യാനത്തിലൂടെ കുറഞ്ഞത് മൂന്നുലക്ഷം അക്രൈസ്തവര്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചു എന്നാണ്. കരിസ്മാറ്റിക് മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ കഴിയുമെങ്കിലും സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ വളര്‍ച്ചയ്ക്കും ഏറ്റവും നല്ലൊരു ഉപാധിയായിരുന്നു കരിസ്മാറ്റിക് ധ്യാനങ്ങള്‍.

കരിസ്മാറ്റിക്ക് ധ്യാനങ്ങളുടെ പ്രസക്തി ഇനിയും നഷ്ടമായിട്ടില്ല. കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് അക്രൈസ്തവരേ ക്രസ്തു വിശ്വസത്തിലേക്ക് ആകർഷിക്കാൻ കഴിയുന്ന വിധത്തില്‍ നടപ്പാക്കുകയാണെങ്കില്‍ ജനസംഖ്യ കുറയുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്ന വിഷയമായിരിക്കില്ല.

പരിശുദ്ധാത്മ ശക്തി പ്രാപിച്ച് ലോകത്തിന്‍റെ അറ്റത്തോളം സകലസൃഷ്ടികളോടും സുവിശേഷം പറയുവിന്‍ എന്ന ക്രിസ്തുനാഥന്‍റെ അന്ത്യകല്‍പ്പനയെ വിസ്മരിച്ചുകൊണ്ട്, ജൈവികപ്രക്രിയയിലൂടെയുള്ള ജനസംഖ്യാവര്‍ദ്ധനവ് ഒരിക്കലും ക്രൈസ്തവസഭയുടെ വളര്‍ച്ചയുടെ മാനദണ്ഡമല്ല. വിശ്വാസവിഷയങ്ങളില്‍ ആകൃഷ്ടരായവരും ക്രിസ്തുവിനെ അറിഞ്ഞ് സഭയില്‍ അംഗമാകുന്നവരിലൂടെ സംഭവിക്കുന്ന വളര്‍ച്ചയാണ് സഭാവളര്‍ച്ചയുടെ (conversion growth) മാനദണ്ഡം.

ഇതരമതവിഭാഗങ്ങളില്‍നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് വരുന്നവരെ ഉള്‍ക്കൊള്ളാന്‍ ക്രൈസ്തവര്‍ തയാറാകുന്ന മാനസികനിലയാണ് സഭകളില്‍ ആദ്യമായി വളര്‍ത്തിയെടുക്കേണ്ടത്. സുറിയാനി ക്രിസ്ത്യാനികള്‍ എന്നത് സിറിയക്കാരുടെ മക്കളാണെന്ന വിധമുള്ള വര്‍ഗ്ഗബോധത്തില്‍ നിന്നും ഇന്ത്യൻ ജാതിശ്രേണിയിലെ ഉയർന്ന വിഭാഗമാണെന്നുമുള്ള മിഥ്യാബോധത്തിൽ നിന്നും കേരള ക്രിസ്ത്യാനികള്‍ വിടുവിക്കപ്പെടണം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികരും അക്രൈസ്തവരായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകണം. പുതുതായി വിശ്വാസം സ്വീകരിച്ചു വരുന്നവരെ ഉള്‍ക്കൊള്ളാനുള്ള ബോധവല്‍ക്കരണം നടത്തിവേണം ക്രൈസ്തവസഭകള്‍ സുവിശേഷവുമായി പൊതുവിലേക്കിറങ്ങാന്‍. ആദിമ പന്തക്കുസ്തായില്‍ ജറുസലേമില്‍ ഒത്തുകൂടിയവരെപ്പോലെ നാനാവിഭാഗങ്ങളില്‍നിന്നും സുവിശേഷം കേട്ടവരുടെ സംഘമായി ക്രൈസ്തവസഭ മാറുമ്പോള്‍ മാത്രമേ സഭാവളര്‍ച്ചയുടെ ഗ്രാഫ് ഉയരുന്നു എന്നു പറയാന്‍ കഴിയുകയുള്ളൂ.

മനഃപരിവര്‍ത്തനം വന്നവര്‍ ക്രിസ്തുവിശ്വാസികളാകുന്നതാണ് വാസ്തവമായി സഭാ വളര്‍ച്ചയെന്നതിന്‍റെ മാനദണ്ഡമെങ്കില്‍, കഴിഞ്ഞ കുറേ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കേരളത്തിലെ തോമാ ക്രിസ്ത്യാനികളുടെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി എത്രപേര്‍ ക്രിസ്തു വിശ്വാസത്തില്‍ വന്നിട്ടുണ്ട് എന്നു പരിശോധിക്കുവാനും ക്രൈസ്തവജനസംഖ്യ കുറയുന്നു എന്ന് ആകുലപ്പെടുന്നവര്‍ തയാറാകണം.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്