ക്ലബ് ഹൗസിനെ സൂക്ഷിക്കുക !

കേരളം കുറച്ച് ദിവസങ്ങളായി ക്ലബ് ഹൗസ് എന്ന ആപ്പിനു പിറകെയാണ്.ഒരു ഫോൺ കോൾ നടത്തുന്നത്ര ലാഘവത്തിൽ ആയിരക്കണക്കിന് ആളുകളുമായി സംവദിക്കാൻ കഴിയുന്ന നവ മാധ്യമമാണ് ക്ലബ് ഹൗസ്.ഇന്ത്യൻ വംശജനായ രോഹൻ സേത്തും, പോൾ ഡേവിസണും ചേർന്നാണ് ഈ ആപ് നിർമിച്ചിരിക്കുന്നത്. എന്ത് പുതിയത് വന്നാലും അതെല്ലാം പരീക്ഷിച്ച് നോക്കുന്ന കേരളീയർ ക്ലബ് ഹൗസിനെ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പക്വതയോടെ ഉപയോഗിച്ചാൽ വളരെ ക്രിയാത്മകമായി വ്യത്യസ്ത വിഷയങ്ങളിൽ ലോകത്തിൻ്റെ പല ഭാഗത്തുള്ളവർക്ക് ചർച്ചകൾ നടത്താൻ ക്ലബ് ഹൗസിലൂടെ സാധിക്കും.സാമാന്യം നല്ല പ്രൊഫൈലുള്ള സംവാദകർ, രാഷ്ട്രീയക്കാർ, സാഹിത്യ – സിനിമ മേഖലയിൽ ഉള്ളവർ, എന്നിങ്ങനെ സാധാരണ ഗതിയിൽ സാധാരണക്കാർക്ക് സംവദിക്കാൻ കഴിയാത്തവരുമായി വരെ ആശയ വിനിമയം നടത്താൻ ക്ലബ് ഹൗസ് സഹായിക്കും. പാട്ട് പാടാനും, കവിത ചൊല്ലാനും, പ്രസംഗം പറയാനും, ഒക്കെ ക്ലബ് ഹൗസിലൂടെ കഴിയും.

എന്നാൽ നിർഭാഗ്യവശാൽ പലരും ക്ലബ് ഉപയോഗിക്കുന്നത് അപക്വമായും, അനിയന്ത്രിതമായും, സാമാന്യ വിവേകം പോലും പുലർത്താതെയുമാണ്.ഇത്തരത്തിലുള്ള ചിലത് നേരിൽ കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്. ഏത് സാമൂഹ മാധ്യമവും ബുദ്ധിപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത് ഉപയോഗിക്കുന്ന ആളിൻ്റെ നാശത്തിനെ കാരണമാകു. ക്ലബ് ഹൗസ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ക്ലബ് ഹൗസിനെ ഒരു വലിയ കടലിനോട് വേണമെങ്കിൽ ഉപമിക്കാം. പല തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ക്ലബ് ഹൗസ് വളരയധികം അഡിക്റ്റീവാണ്. ഇതുപയോഗിച്ച നല്ലൊരു ശതമാനം ആളുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാര്യമാത്ര പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതും, വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ളവരോട് സംസാരിക്കുന്നതും നല്ലത് തന്നെയാണ്. എന്നാൽ ഇങ്ങനെയിരിക്കുമ്പോൾ സമയം പോകുന്നത് അറിയുക കൂടിയില്ല. നല്ല കാര്യങ്ങളായാലും അമിതമായാൽ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യു.കുടുംബത്തോടൊപ്പവും, പഠനത്തിനും, വായനയ്ക്കും മറ്റും ചിലവഴിക്കേണ്ട വിലപ്പെട്ട സമയം റൂമുകളിൽ ചിലവഴിച്ചാൽ നമ്മുടെ ധീരമായ അഭിപ്രായ പ്രകടനങ്ങൾ കേട്ട് പുകഴ്ത്തുന്നവരൊന്നും ആ സമയം തിരിച്ചു തരില്ല. പരിചയക്കാരുമായി കൂട്ടം കൂടി നിന്ന് താത്പര്യമുള്ള വിഷയങ്ങൾ സംസാരിക്കുന്ന പരിപാടി റൂമുകളിലേയ്ക്ക് മാറുമ്പോൾ, മുഖം കാണിക്കാതെ സംസാരിക്കാൻ കഴിയുമ്പോൾ വല്ലാത്തൊരു മാസ്മരിക ലോകത്തിലേക്ക് വീണു പോകാൻ ഇടയുണ്ട്. നമ്മുടെ സമയത്തിൻ്റെ വില നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്.അതുകൊണ്ട് കൃത്യമായി ഒരു സമയം വെച്ച് മാത്രം ക്ലബ് ഹൗസ് ഉപയോഗിക്കുക.

ക്ലബ് ഹൗസിൽ ശ്രദ്ധിക്കേണ്ട മറ്റൊന്ന് ശരിയല്ലാത്ത ഇൻഫോർമേഷൻ്റെ പ്രവാഹമാണ്.ക്ലബ് ഹൗസിൽ റൂം തുടങ്ങുന്നത് വളരെ ലളിതമാണ്.ആർക്കു വേണമെങ്കിലും തുടങ്ങാവുന്ന ഇത്തരം ഇടങ്ങൾ പലപ്പോലും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്ന സ്ഥലങ്ങളായി മാറുന്നുണ്ട്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെപ്പറ്റി യാതൊരു അറിവുമില്ലാത്തവർക്ക് വരെ ക്ലബ് ഹൗസിൽ ഘോരം ഘോരം സംസാരിക്കാം. അഭിപ്രായങ്ങൾ എന്ന ലേബലിൽ ആന മണ്ടത്തരമൊക്കെ തട്ടി വിടുന്നവരുണ്ട്.അതു കൊണ്ട് തന്നെ ആധികാരികമായ അറിവ് ലഭിക്കുന്നതിന് പൂർണമായും ക്ലബ് ഹൗസിനെ ആശ്രയിക്കരുത്. വിമർശന ബുദ്ധിയോടെ, കേൾക്കുന്ന കാര്യങ്ങളെ ഫിൽറ്റർ ചെയ്ത് മാത്രമേ മനസിലേക്ക് കടത്തിവിടാവു.

ക്ലബ് ഹൗസിലെ പല റൂമുകളും കണ്ടാൽ ഇത് ഓൺലൈൻ പൂവാല സമ്മേളനമാണോയെന്ന് തോന്നിപോകും. തങ്ങൾക്ക് ഇഷ്ട്ടപ്പെട്ടവരെ (കേവലം ഒരു DP മാത്രം നോക്കി) പ്രൊപ്പോസ് ചെയ്യുന്നവരേയും, യാതൊരു മടിയും കൂടാതെ ഫോൺ നംബറും, ഇൻസ്റ്റാഗ്രാം ഐഡിയുമൊക്കെ കൈമാറുന്നവരേയും ഇത്തരം റൂമുകളിൽ കാണാൻ കഴിയും.സമൂഹമാധ്യമങ്ങൾ വഴി പരിചയം സ്ഥാപിച്ച് അതിരുകൾ ലംഘിക്കപ്പെടുന്ന പല കേസുകളും പത്രമാധ്യമങ്ങളിലൂടെ നാം കാണുന്നതാണ്. പറയാനുള്ളത് സഹോദരിമാരോടാണ്… ഒരു കാരണവശാലും ഇത്തരം റൂമുകളിൽ പോയി പങ്കെടുക്കുകയോ വ്യക്തി വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. ഇന്ന് ലോകത്തിൽ ഏറ്റവും വിലയുള്ളത് ഡേറ്റയാണ്.പ്രൊപ്പോസ് ചെയ്യുന്ന ആളിനോട് പറയുന്ന വൃക്തി വിവരങ്ങൾ ആ റൂമിലുള്ള എല്ലാവർക്കും കേൾക്കാനും, ആർക്ക് വേണമെങ്കിലും അത് ദുരുപയോഗിക്കാനും സാധിക്കും.

ക്ലബ് ഹൗസ് വഴി പ്രണയിക്കാമെന്നും, ജീവിത പങ്കാളിയെ കണ്ടത്താമെന്നുമുള്ളത് വെറും ബാലിശമായ സങ്കൽപ്പമാണ്. വെറും ഒരു DP കണ്ടു കൊണ്ടുള്ള ഇഷ്ട്ടം പറച്ചിലുകൾ മനുഷ്യണ്ഡങ്ങളുടെ വിലയും നിലവാരവും ഇടിച്ച് കളയും.നിങ്ങളെ കുടുക്കാൻ കഴുകൻമാർ പല രൂപത്തിൽ വട്ടമിട്ട് പറക്കുന്നുണ്ട്. പ്രണയം നടിച്ച്, പീഡിപ്പിക്കുന്നവരും, പണം തട്ടുന്നവരും, എന്തിന് മതം മാറ്റുന്നവർ വരെ പല രൂപത്തിലും ഭാവത്തിലും കറങ്ങി നടപ്പുണ്ട്‌. ഇത്തരക്കാർക്ക് തല വെച്ച് കൊടുത്ത് നശിപ്പിക്കേണ്ടതല്ല നമ്മുടെ ജീവിതം. ഇതൊക്കെ ഒരു തമാശയല്ലേ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇത്തരം തമാശകൾ ഊരാക്കുടുക്കുകളായ നിരവധി ഉദാഹരണങ്ങളുണ്ട്. കേരളത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന സൈബർ കുറ്റകൃത്യങ്ങൾ പറഞ്ഞ് വയ്ക്കുന്നതും ഇത് തന്നെയാണ്. സ്വന്തം അശ്രദ്ധകൊണ്ടും, അവിവേകം കൊണ്ടും സംഭവിക്കുന്ന പിഴവുകൾക്ക് സഹതപിക്കാൻ പോലും ആരും ഉണ്ടാകില്ല എന്ന് ഓർക്കണം. അതു കൊണ്ട് അഖിലേഷേട്ടൻമാരെ കരുതിയിരിക്കുക.

സമൂഹ മാധ്യമങ്ങൾ തുറന്നിടുന്നത് വലിയ അവസരങ്ങളാണ്.എന്നാൽ ബുദ്ധിപൂർവം ഉപയോഗിച്ചില്ലെങ്കിൽ വ്യക്തികളുടെയും ആത്യന്തികമായി സമൂഹത്തിൻ്റെയും നാശത്തിന് അത് കാരണമാകും.മലീമസമായ ഇടങ്ങൾ സൃഷ്ടിക്കപ്പെടുന്നിടത്ത് ആരോഗ്യകരമായ, നിലവാരമുള്ള, കുലീനത്വം നിറഞ്ഞ വേദികൾ ഉണ്ടാകാൻ സാഹചര്യമൊരുക്കണം.നവമാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ഫലപ്രദമായ വഴി ബദലുകൾ സൃഷ്ടിക്കുക എന്നതാണ്.

ക്ലബ് ഹൗസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മാന്യമായി ഉപയോഗിക്കാൻ പരിശ്രമിക്കാം. കോവിഡും ലോക്ക് ഡൗണും സൃഷ്ട്ടിക്കുന്ന ശൂന്യത കാമ്പില്ലാത്ത ചർച്ചകളാൽ നികത്തപ്പെടുന്ന ദുരവസ്ഥ ആർക്കും സംഭവിക്കാതിരിക്കട്ടെ.

✍️Mathews Theniaplackal

നിങ്ങൾ വിട്ടുപോയത്