കഴിഞ്ഞ തദ്ദേശ ഭരണകൂട തെരഞ്ഞെടുപ്പ് സമയം.
സ്ഥാനാർത്ഥിത്വത്തിന് അർഹതയും സാധ്യതയും ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എന്ന നിലയിൽ ഏതു സമയത്തും അദ്ദേഹത്തിൻറെ മുറിയുടെ വാതിലുകൾ തുറന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഗോഡ്ഫാദർമാരില്ലാത്ത, വരാപ്പുഴ അതിരൂപതാംഗങ്ങളായ നിരവധി പൊതുപ്രവർത്തകർക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് മോൺ. ജോസ് പരിയാരംപറമ്പിൽ. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പ് കാലയളവിലാണ് ചരിത്രത്തിലാദ്യമായി ഏറ്റവുമധികം സ്ഥാനാർത്ഥികൾ വരാപ്പുഴ അതിരൂപത പ്രദേശങ്ങളിൽ നിന്നും ഉണ്ടായിരുന്നത്, കൂടുതൽപേർ ജയിച്ചതും ഇത്തവണ തന്നെ.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒരു ഘട്ടത്തിലും സാമുദായിക ഇടപെടൽ ഉണ്ടാകാതെ, അർഹിക്കുന്ന രാഷ്ട്രീയ നീതി എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി ലഭിക്കണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള രാഷ്ട്രീയകാര്യ സമിതിക്കുണ്ടായിരുന്നത്. രാഷ്ട്രീയകാര്യ സമിതി നേതൃത്വം എന്നത് തികച്ചും വെല്ലുവിളി ഏറിയ പ്രവർത്തന മേഖലയാണ്. ചെറിയ തെറ്റിദ്ധാരണകൾ പോലും വലിയ വിഷയങ്ങളായി മാറിയേക്കാം. പ്രശ്നങ്ങൾക്ക് നടുവിൽ പോലും എല്ലാവരെയും സമന്വയിപ്പിച്ച് സമാധാനപരമായി കാര്യങ്ങൾ പര്യവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സാധാരണയായി വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി യോഗങ്ങൾ കൂടുന്നത് അരമനയിൽ ആയിരിക്കും. എന്നാൽ “പടിയച്ചൻ” ചെയർമാൻ ആയതോടുകൂടി കത്തീഡ്രൽ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയകാര്യ സമിതി പ്രവർത്തനങ്ങൾ നടന്നിരുന്നത്. അരമനക്കുപുറത്തും അദ്ദേഹത്തിൻറെ വിളിപ്പുറത്ത് മുൻനിര നേതാക്കൾ എത്തുമായിരുന്നു. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയകാര്യ സമിതി കൺവീനർ എന്ന നിലയിൽ പ്രവർത്തിച്ച കാലം അവിസ്മരണീയമാണ്!
Sherry J Thomas