ഈ തലക്കെട്ടിലുള്ള വാർത്തകൾക്ക് വിപുല പ്രചാരമാണ് സമൂഹമാധ്യമങ്ങളിലും എന്തിനേറെ ചില മുഖ്യധാരാ മാധ്യമങ്ങളിലും… വിപ്ലവകരമായ തീരുമാനമെന്ന് ചിലർ അവകാശപ്പെടുന്നു. കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും എന്ന് ആക്ഷേപിക്കുന്ന ചിലർ മാർപ്പാപ്പയുടെ “വിപ്ലവകരമായ തീരുമാനത്തെ” പുകഴ്ത്തുന്നു .
വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?
ഡിസംബർമാസം പതിനെട്ടാം തിയ്യതി വിശ്വാസകാര്യങ്ങൾക്കുള്ള ഡിക്കാസ്റ്ററിയുടെ മാർപ്പാപ്പയുടെ ഒപ്പോടുകൂടിയ ഒരു പ്രഖ്യാപനം വത്തിക്കാനിൽനിന്ന് ഉണ്ടായി. ആ ഡോക്യുമെന്റിലെ മൊത്തം 45 ഖണ്ഡികകളെ നാല് തലക്കെട്ടുകളിലായി വേർതിരിച്ചിട്ടുണ്ട്. അവതരണത്തിൽ പ്രീഫെക്ട് വിക്ടർ മാനുവൽ കാർഡിനൽ ഫെർണാണ്ടസ് വ്യക്തമായി ചില കാര്യങ്ങൾ പറയുന്നുണ്ട്.
ഒന്നാമതായി, ഈ പ്രഖ്യാപനം വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പഠനത്തിൽ ഉറച്ചുനിൽക്കുന്നു.
രണ്ട്, ഈ പ്രഖ്യാപനം ആശീർവാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സവിശേഷമായി വിശദീകരിക്കുന്നു.
മൂന്ന്, ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ക്രമരഹിതമായ അവസ്ഥകളിലുള്ളവർക്കും സ്വവർഗ്ഗ വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്കും നൽകപ്പെടാവുന്ന ആശീർവാദത്തിനുള്ള സാധ്യതകളാണ്. ഇതൊരു കാരണവശാലും ക്രമരഹിതമായ വിവാഹങ്ങളെ സാധൂകരിക്കുകയോ, വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തുകയോ ചെയ്യുന്നില്ല.
പ്രസ്തുത പ്രഖ്യാപനത്തിന്റെ അവതാരികയിൽ ഇത്തരം വസ്തുതകൾ വ്യക്തമായി എഴുതിയിട്ടും നമ്മുടെ മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമ പ്രബോധകർക്കും വാസ്തവങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. അവർ തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകൾ സൃഷ്ടിച്ച് പുകമറകൾ സൃഷ്ടിക്കുന്ന തിരക്കിലാണ്. ഈ തലക്കെട്ടുകൾക്ക് പിന്നാലെ സത്യമറിയാതെ അഭിപ്രായപ്രകടനം നടത്തുന്ന തിരക്കിലാണ് മറ്റുള്ള അനേകർ.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പുരോഹിതൻ നൽകുന്ന ആശീർവാദങ്ങളെക്കുറിച്ചും, ആശീർവാദങ്ങളുടെ അജപാലനപരമായ അർത്ഥതലങ്ങളെക്കുറിച്ചുമുള്ള വിശാലമായ ഒരു പഠനമാണ് ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. നാല് തലക്കെട്ടുകളിലായാണ് ഇവയുടെ അവതരണം.
ഒന്ന്, വിവാഹമാകുന്ന കൂദാശയിലെ ആശീർവാദം – The blessing in the sacrament of marriage
രണ്ട്, വിവിധ തരത്തിലുള്ള ആശീർവാദങ്ങളുടെ അർത്ഥം – The meaning of the various blessings
മൂന്ന്, ക്രമരഹിതമായ അവസ്ഥകളിലുള്ള ദമ്പതിമാർക്കും, സ്വവർഗ്ഗ ദമ്പതിമാർക്കുമുള്ള ആശീർവാദങ്ങൾ – blessings of couples in irregular situatuions and couples of the same sex
നാല്, ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ കൂദാശയാണ് സഭ – The Church is the sacrament of God’s infinite love.
വ്യത്യസ്ത തലക്കെട്ടുകളിൽ അവതരിപ്പിച്ചിരിക്കുന്ന നാല് വിഷയങ്ങളുടെ വിശദമായ പഠനമാണ് ഈ പ്രഖ്യാപനത്തിന്റെ ഇതിവൃത്തം. തെറ്റിദ്ധാരണാജനകമായി മാധ്യമങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളല്ല അത് ഉൾക്കൊള്ളുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന കൂദാശയിൽ നൽകുന്ന ആശീർവാദമല്ല പ്രാർത്ഥന തേടിയെത്തുന്ന ക്രമരഹിതമായ ജീവിതാവസ്ഥകളിലുള്ളവർക്ക് നൽകുന്നത്.
ആശീർവാദം തേടിയെത്തുന്നവർക്ക് അവരുടെ അവസ്ഥയെ പരിഗണിക്കാതെതന്നെ, പിതൃസഹജമായ കരുതലോടെ, ആരാധനാക്രമപരമല്ലാത്ത ആശീർവാദം എല്ലായ്പ്പോഴും പുരോഹിതന് നൽകാം.
ദൈവത്തിന്റെ ഇടപെടലുകളോട് തുറവി പ്രകടിപ്പിക്കുന്നവരാണ് ആശീർവാദത്തിനായി സഭയെ സമീപിക്കുന്നവർ എന്നതിനാലാണ് അത്. അങ്ങനെ അവർക്ക് ലഭിക്കുന്ന ആശീർവാദം സുവിശേഷത്തോടുള്ള വിശ്വസ്തതയിലേയ്ക്കും പക്വമായ ബന്ധങ്ങളിലേക്കുള്ള പരിവർത്തനത്തിലേയ്ക്കും അവരെ നയിക്കും. അതിനുള്ള കൃപയ്ക്കായാണ് പുരോഹിതൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുക.
ആശീർവാദം ചോദിച്ചു വരുന്നവരെ തുറവിയോടെ കാണുക, അവരെ കാരുണ്യത്തോടെ സമീപിക്കുക, സ്നേഹത്തോടെ സ്വീകരിക്കുക, പ്രാർത്ഥനയോടെ ആശീർവദിക്കുക എന്നിങ്ങനെയുള്ള ആഹ്വാനങ്ങളുടെ അർത്ഥം, അവരുടെ ക്രമരാഹിത്യങ്ങളെ അംഗീകരിക്കുക എന്നതല്ല. ദൈവത്തിന്റെ കൃപയ്ക്ക് മുന്നിൽ അവരെ സമർപ്പിക്കുക എന്നതാണ്. ആ കൃപയുടെ പിൻബലത്തോടെ അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകൾക്ക് മാറ്റം സംഭവിച്ചേക്കാം.
ഇതാണ് വത്തിക്കാനിൽനിന്നുള്ള പ്രഖ്യാപനത്തിന്റെ കാതൽ. ഉള്ളടക്കം ശരിയാംവിധം മനസിലാക്കാൻ ശ്രമിക്കാതെ കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ അംഗീകരിച്ചിരിക്കുന്നു എന്ന രീതിയിലുള്ള അവതരണങ്ങൾ നടത്തുന്നവരുടെ അജ്ഞതയെക്കുറിച്ചോർത്ത് സഹതപിക്കുന്നു.
സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ..
മൈക്കിളച്ചൻ