കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർധിച്ചു വരുന്നതായാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളും കൗമാരക്കാരും കൂടുതലായി ഈ ദുശ്ശീലത്തിന് അടിപ്പെടുന്നു. ബാറുകൾ തുറക്കാനുണ്ടായ സമ്മർദത്തിന് സർക്കാരും വഴിപ്പെട്ടിരിക്കുന്നു. പുകയില ഉത്പന്നങ്ങളുടെയും കഞ്ചാവിന്റെയും ചില്ലറ വിൽപ്പനയും റെയ്ഡും അറസ്റ്റും വാർത്തയായിരുന്നിടത്ത് ഇവയുടെ മൊത്തക്കച്ചവടവും ക്വിന്റൽ കണക്കിനുള്ള കടത്തലുമാണ് ഇപ്പോൾ കേൾക്കുന്നത്. മലയാളികളുടെ സുഖ-ദു:ഖങ്ങളിൽ മദ്യ സത്കാരം ഒഴിവാക്കാനാകാത്തതായി മാറുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുദിനമുണ്ടാകുന്ന റോഡപകടങ്ങളിലെ വില്ലനും ഇത്തരം ലഹരിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുംനേരേ നടക്കുന്ന അക്രമങ്ങളുടെയും പീഡനങ്ങളുടെയും പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്.

കൗമാരക്കാരുടെയും യുവാക്കളുടെയും ലഹരി ഉപയോഗത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുന്നു എന്നത് ശുഭസൂചകമല്ല. പ്രായപൂർത്തിയായവർക്കു മാത്രമേ സിഗററ്റുൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കാവൂവെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവർക്ക് ഇവ കിട്ടുന്നില്ലെന്ന് ആരാണ് ഉറപ്പുവരുത്തുന്നത്? ഹാൻസും പാൻപരാഗുമുൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റാൻഡുകളും ചില പെട്ടിക്കടകളും കേന്ദ്രീകരിച്ച് ഇവയുടെ കച്ചവടം തകൃതിയാണ്. സ്കൂളുകളുടെയും കോളജുകളുടെയും ചുറ്റുവട്ടങ്ങളിൽ രഹസ്യമായി ഇവ വിൽക്കപ്പെടുന്നുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ ലഹരിയുടെ വിൽപന തടയുക എന്നതിനൊപ്പം, കുട്ടികളെയും യുവാക്കളെയും വൈകാരികമായി അറിയാനും അവരെ നേർവഴിയിലേക്കു കൈപിടിച്ചു നടത്താനും അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടുന്ന പൊതുസമൂഹം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
സാഹചര്യമറിയുക
ലഹരി ഉപയോഗത്തിലേക്കു നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങൾ തന്നെയാണ്. ഉപയോഗിക്കുന്നവരുടെയും ഉപയോഗിച്ചവരുടെയും വീരവാദങ്ങളും ആകാംക്ഷയും കൂട്ടുകാരുടെ സമ്മർദവും പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലുമൊക്കെ നല്ല വളക്കൂറുള്ള സാഹചര്യങ്ങൾ തന്നെ. വീടുകളിലെ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദ്യ സത്കാരം കുട്ടികൾക്കിടയിൽ അതിന്റെ ഉപയോഗത്തെ സംബന്ധിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. മദ്യസത്കാരങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടികളുടെ മനസിൽ, അവർ പോലുമറിയാതെ ലഹരിയോടുള്ള താത്പര്യം രൂപപ്പെടുത്തും. ലഹരി ഉപയോഗം സർവസാധാരണമാണെന്നുള്ള ചിന്തയും ഉടലെടുക്കുന്നു. അനുകരണ ശീലംകൂടിയാകുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു. കൂടാതെ പരീക്ഷാപ്പേടിയും കുടുംബ ബന്ധങ്ങളിലെ തകർച്ചയുമൊക്കെ ലഹരി ഉപയോഗത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലഹരി രുചിച്ചു തുടങ്ങുന്നവരിൽ 20 ശതമാനം പേർ കാലാന്തരത്തിൽ സ്ഥിരമായി ലഹരി ഉപയോഗിച്ചു തുടങ്ങുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത് കൗതുകത്താലോ നിർബന്ധത്തിനു വഴങ്ങിയോ ലഹരി രുചിച്ചു നോക്കുന്ന അഞ്ചുപേരിലൊരാൾ പിൽക്കാലത്ത് ലഹരിക്ക് അടിപ്പെടും. എന്നാൽ ഇത്തരത്തിൽ ലഹരിക്ക് അടിപ്പെടാൻ സാധ്യതയുള്ള അഞ്ചുപേരിലൊരാൾ ആരെന്നു മുൻകുട്ടി തിരിച്ചറിയാൻ മാർഗമൊന്നുമില്ല. അതുകൊണ്ടു തന്നെ ലഹരിയിൽനിന്നും അവയുടെ സാധ്യതകളിൽനിന്നും കർശനമായ അകലം പാലിക്കുക എന്നതല്ലാതെ മറ്റു പോംവഴികളൊന്നുമില്ല.
സൂചനകൾ
ശാരീരിക ക്ഷീണം, നിരാശാബോധം, കൃത്യനിഷ്ഠയില്ലായ്മ, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതെ മുറിയിൽ കതകടച്ചിരിക്കൽ, വ്യത്യസ്ത ആവശ്യങ്ങളുടെ പേരിൽ വീട്ടിൽനിന്നും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം കടം വാങ്ങൽ, പണത്തിനു വേണ്ടി പുതിയ സാധ്യതകൾ കണ്ടെത്തൽ, പതിവു സുഹൃത്തുക്കളിൽനിന്നു മാറി പുതിയ സൗഹൃദങ്ങൾ തേടൽ, മണം പുറത്തറിയാതിരിക്കാൻ ചൂയിംഗ് ഗമ്മിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലായ്മ തുടങ്ങിയവയൊക്കെ ലഹരിക്ക് അടിപ്പെടുന്ന കൗമാരക്കാരിൽ പ്രത്യക്ഷത്തിൽ കാണാവുന്ന ശാരീരിക സൂചനകളാണ്. ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുക, എന്തിനെയും എതിർക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം ഇവയൊക്കെ മാനസികമായി തന്നെ കാണാവുന്ന സൂചകങ്ങളാണ്. കുറ്റകൃത്യങ്ങൾക്കും സദാചാര ലംഘനങ്ങൾക്കും പലപ്പോഴും ലഹരി ഉൾപ്രേരകമായി മാറിക്കൊണ്ടിരിക്കുമെന്നതാണ് വാസ്തവം.
മുൻകരുതലുകൾ
കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം സ്നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ പ്രകടിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയെന്നതാണ് ആദ്യ മുൻകരുതൽ. അതിന് മക്കളുമായി സംസാരിക്കാൻ കുടുംബങ്ങളിൽ സാഹചര്യമൊരുക്കേണ്ടതുണ്ട്. സമ്മർദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ, അവരെ പ്രോൽസാഹിപ്പിക്കുകയും വീഴ്ചകളിൽ കൈ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്യുന്ന, നല്ല മാതൃകകൾ നൽകുന്ന മാതാപിതാക്കളാകുക. അവരിലെ ആത്മവിശ്വാസം വളർത്തുന്ന, മക്കളോട് വൈകാരികമായി അടുപ്പം പുലർത്തുന്ന രക്ഷിതാക്കളാവുക. മക്കളാൽ നിയന്ത്രിക്കപ്പെടുന്ന മാതാപിതാക്കളാകാതെ, മാതാപിതാക്കളാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മക്കളാക്കി ശിക്ഷണത്തിൽ അവരെ വളർത്തുകയെന്നതും മികച്ച ജാഗ്രതാ നടപടികളാണ്.
കുടുംബങ്ങളിലെ അകൽച്ച
കുടുംബങ്ങളിലെ ആശയവിനിമയത്തിന്റെ അപര്യാപ്തത ഇന്ന് നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്. സ്മാർട്ട് ഫോണുകളുടെ അഭൂതപൂർവമായ വരവോടെ കൂടിയിരുന്നു സംസാരിക്കാനോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ നമുക്ക് സമയമില്ലാതെയായി. കുട്ടികൾ,അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളോടു പറഞ്ഞിരുന്ന സ്വാഭാവിക വേദിയായിരുന്നു വൈകുന്നേരങ്ങളിലെ ഭക്ഷണസമയം. എന്നാൽ കുട്ടികൾക്കൊപ്പം മുതിർന്നവരും സമൂഹ മാധ്യമങ്ങളുടെ പിടിയിലമർന്നതോടെ മുറിയുടെ ചുവരുകൾ അവരവരുടെ അതിർത്തികളായി.എന്നാൽ നന്മയുടെ ഉറവിടങ്ങൾ കുടുംബമാണെന്ന ബോധ്യം കുട്ടികൾക്കു കൊടുക്കാനുള്ള ബാധ്യത മാതാപിതാക്കൾക്കാണ്.
അതോടൊപ്പം മക്കളോ വിദ്യാർഥികളോ ഏതെങ്കിലും തരത്തിലുള്ള ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെട്ടാൽ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യാതെ അവരെ രക്ഷിക്കുകയാണ് വേണ്ടത്. അതിനായി കൗൺസലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും മറ്റു ചികിൽസകളും ഉപയോഗപ്പെടുത്തണം. അതിലുപരിയായി അവരെ ഹൃദയത്തോടു ചേർത്തു നിർത്തുകയും വേണം. അതിനായി മാനസികമായി വളരേണ്ടത് വിദ്യാർഥികളെക്കാളുപരി മാതാപിതാക്കളും അധ്യാപകരുമാണ്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ
കടപ്പാട് ദീപിക
മയക്കുമരുന്നിൻെറ മാസ്മരിക ലോകത്ത്
നമ്മുടെ കുട്ടികളും
യുവജനങ്ങളും
എത്താതെ സംരക്ഷിക്കുക ,പ്രാർത്ഥിക്കുക ,
ബോധപൂർവ്വം പ്രവർത്തിക്കുക .
മംഗള വാർത്താ പ്രവർത്തകർ
