സീറോമലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിതലാളിത്യവും എന്നും വലിയപിതാവിന്റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മർമം അറിഞ്ഞുള്ള തമാശകളിലൂടെ എത്ര വലിയ പ്രശ്നവും അവതരിപ്പിക്കാനുള്ള കഴിവിലൂടെയായിരുന്നു മെത്രാനായ ആദ്യകാലങ്ങളിൽ മാർ ആലഞ്ചേരിക്ക് ജനഹൃദയങ്ങളിൽ സ്ഥാനം നേടിക്കൊടുത്തു. മേജർ ആർച്ച്ബിഷപ്പും സീറോ മലബാർ സഭയുടെ തലവനുമെന്ന അധികാരം സ്വയം ഒഴിയുന്പോഴും ലക്ഷക്കണക്കിനു സഭാവിശ്വാസികളുടെ മനസിൽ പ്രിയപ്പെട്ട കർദിനാളും വലിയപിതാവുമായി അദ്ദേഹം തുടരും.
കർദിനാൾ എന്നതിലേറെ മാർ ജോർജ് ആലഞ്ചേരിയുടെ വ്യക്തിപരമായ മഹത്വമാണ് ആകർഷിച്ചത്. അദ്ദേഹത്തിന്റെ സൗമ്യതയും ലാളിത്യവുമാണ് ആദരവും സ്നേഹവും സൃഷ്ടിച്ചതെന്ന് അന്യമതസ്ഥർ അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവരിലെ ശ്രേഷ്ഠപുരോഹിതരിൽ ശുദ്ധഹൃദയനും നല്ലവനുമാണു കർദിനാൾ മാർ ആലഞ്ചേരിയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞതാണു ശരി. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയിലുള്ള എളിമയാർന്ന ജീവിതരീതികളും വേഷവിധാനങ്ങളും ആലഞ്ചേരി പിതാവിനെ വിശ്വാസികളുടെ സ്നേഹപിതാവാക്കി. സഭാപരമായ ഔദ്യോഗിക ചടങ്ങുകളിലൊഴികെ ഏറ്റവും സാധാരണക്കാരനായ പുരോഹിതനെപ്പോലെയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ദൈവം ഉള്ളപ്പോൾ എന്തിനു പണം?
അമേരിക്ക, റോം, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ഡൽഹിയിലേക്കുള്ള നിരവധിയായ യാത്രകളിലുമാണ് മാർ ആലഞ്ചേരിയുടെ ജീവിതലാളിത്യവും നർമവും ആകർഷിച്ചത്. കേരളത്തിനു പുറത്തും വിദേശയാത്രകളിലുമാണ് പലരുടെയും വ്യക്തിജീവിതത്തിലെ ഗുണദോഷങ്ങൾ മറ്റുള്ളവർക്കു ബോധ്യപ്പെടുക. ഇത്തരം യാത്രകൾക്കിടയിലെ ചില സംഭവങ്ങൾ മാർ ആലഞ്ചേരിയുടെ എളിമയുടെയും ലാളിത്യത്തിന്റെയും നേർസാക്ഷ്യങ്ങളാകും.
ഒരു ഉദാഹരണം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നത ദേശീയസമിതിയിൽ മാർ ആലഞ്ചേരിയെയും ഉൾപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാൻ 2018ൽ കർദിനാൾ ഡൽഹിയിലെത്തി. ഏറ്റവും ചെലവു കുറഞ്ഞ വിമാനത്തിലെ ഇക്കണോമി ക്ലാസിൽ രാവിലെ വന്ന് അന്നു വൈകുന്നേരംതന്നെ എറണാകുളത്തേക്കു മടങ്ങി. രാഷ്ട്രപതിഭവനിൽ നടന്ന യോഗത്തിൽ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേരുണ്ടായിരുന്നു.
യോഗം കഴിഞ്ഞ് താമസസ്ഥലത്തെത്തി. ഉടൻതന്നെ ചെറിയ ബാഗുമെടുത്ത് പുറത്തെത്തി. റൂം ബോയിക്ക് ചെറിയൊരു സമ്മാനം കൊടുക്കാൻ ആഗ്രഹിച്ച് സ്വന്തം പേഴ്സ് എടുത്തപ്പോഴാണ് ആലഞ്ചേരി പിതാവിനു കാര്യം മനസിലായത്. സ്വന്തം പേഴ്സിൽ നൂറു രൂപ പോലും തികച്ചില്ല. അദ്ദേഹം ആകെ വിഷമിച്ചതു കണ്ട് റൂംബോയിക്കുള്ള ടിപ്പ് കൊടുത്തു. ഡൽഹിയിലേക്കു വിമാനയാത്ര നടത്തുന്പോൾ പോലും പണം കൊണ്ടുനടക്കാത്തതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഇന്നും പാഠമാണ്.
“ദൈവം കൂടെയുള്ളപ്പോൾ എന്തിനാണു പണം? തിരിച്ചുപോകാനുള്ള ടിക്കറ്റുകൂടി എടുത്തിരുന്നതിനാലും അന്നുതന്നെ മടങ്ങുന്നതിനാലും മറ്റു ചെലവുകൾ ഉണ്ടാകാറില്ല. അതിനാൽ പേഴ്സിൽ അധികമായി പണം കരുതിയില്ല.’’ സീറോ മലബാർ സഭയുടെ അത്യാവശ്യ കാര്യങ്ങൾക്കുപോലും സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചെലവുചുരുക്കലിനായി കേരളത്തിനു പുറത്തേക്കുള്ള യാത്രകളിൽ തന്റെ സെക്രട്ടറിയെ പോലും കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നയാളാണ് മാർ ആലഞ്ചേരി. “ചെറിയൊരു പെട്ടിയെടുക്കാനുള്ള ആരോഗ്യം ദൈവം തന്നിട്ടുണ്ട്. പിന്നെന്തിനാണ് ഒരാളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത്. ഒരാളുടെകൂടി യാത്രാച്ചെലവ് ഒഴിവാക്കുകയും ചെയ്യാം’’- ഓരോ ചെറിയ കാര്യത്തിലും വ്യക്തമായ നിലപാടുകളുള്ള വ്യക്തിയായിരുന്ന മാർ ആലഞ്ചേരി തന്നെ വ്യക്തമാക്കി.
കത്തോലിക്കാ സഭയിലെ ഒട്ടുമിക്ക മേലധ്യക്ഷന്മാരും ഇതേ രീതിയിൽ ലാളിത്യത്തിൽ ശ്രദ്ധിക്കാറുണ്ടെങ്കിലും വലിയപിതാവിന്റെ രീതികൾ വേറിട്ടു നിൽക്കും. സഭയിലുണ്ടായ വിവാദങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ചോദിച്ചാൽ, ദൈവിക പദ്ധതിക്കു വഴങ്ങുകയാണ് പ്രധാനമെന്നായിരുന്നു പ്രതികരണം. ദൈവികവേലയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടയാൾ ദൈവഹിതം അനുസരിക്കുന്നതിലൂടെയാണു ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നും വലിയപിതാവ് കൂട്ടിച്ചേർക്കും.
ജ്ഞാനിയും വിവേകിയും
ഫ്രാൻസിസ് മാർപാപ്പയുടെ 2017ലെ ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് യാത്രയിൽ അദ്ദേഹത്തോടൊപ്പം പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലെത്തിയപ്പോൾ ഇന്ത്യയിൽനിന്നു മൂന്നു കർദിനാൾമാരും എത്തിയിരുന്നു. മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ച കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ എന്നിവരും കേരളത്തിൽനിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായിരുന്നു എത്തിയത്.
ധാക്കയിലെ രാംന റോഡിലെ കക്റെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾമാർ, മെത്രാന്മാർ, മെത്രാപ്പോലീത്തമാർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ അടക്കമുള്ളവർ മാർപാപ്പയെ സ്വീകരിക്കാൻ നേരത്തേ എത്തിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗത്തിനു മുന്പായി 2017 ഡിസംബർ ഒന്നിന് മാർ ആലഞ്ചേരി അവിടെ നടത്തിയ പ്രസംഗം എല്ലാവരെയും ഒരുപോലെ ആകർഷിച്ചു.
ശരിയായ ക്രൈസ്തവികയിലൂടെയും വിശ്വാസതീക്ഷ്ണതയിലൂടെയും വഴി, പരോപകാരത്തിലൂടെയും ദൈവത്തെ സ്നേഹിക്കാന് ആഹ്വാനം ചെയ്ത ആ പ്രസംഗത്തിലെ ഓരോ വരികൾ ഹൃദ്യമായെന്ന് ബംഗ്ലാദേശിലെ അന്നത്തെ നുണ്ഷ്യോ ആയിരുന്ന ചങ്ങനാശേരിയുടെ സ്വന്തം ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി പറഞ്ഞത് ഓർക്കുന്നു. വിവേകവും ജ്ഞാനവുമുള്ള പുരോഹിതന്റെ വാക്കുകളാണ് മാർ ആലഞ്ചേരിയുടെ പ്രഭാഷണമെന്നായിരുന്നു ധാക്ക ആർച്ച്ബിഷ് കർദിനാൾ പാട്രിക് ഡി റൊസാരിയോ അഭിപ്രായപ്പെട്ടത്.
ജോർജ് കള്ളിവയലിൽ