ഇന്നലെ വൈകിട്ട് 6.32 മുതൽ 7.16 വരെയുള്ള 44 മിനിറ്റ് സമയം ഇന്ത്യൻ പാർലമെന്റ് കണ്ടതിൽ വെച്ചേറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നു സംഭവിച്ചു. ഇന്ത്യ എന്ന രാജ്യമല്ല, ഇന്ത്യ എന്ന ആശയം എന്തായിരുന്നുവെന്നും എങ്ങനെ നിലനിൽക്കണമെന്നും ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നും ഈ സമയത്തിനുള്ളിൽ രാജ്യം കേട്ടു. ഇന്ത്യയെക്കുറിച്ചുള്ള കൃത്യമായ ധാരണയോടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം. അടുത്ത കാലത്തൊരു നേതാവും ഇന്ത്യയുടെ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ ഇങ്ങനെ സംസാരിച്ചിട്ടുണ്ടാവില്ല. ദരിദ്ര ഇന്ത്യയിൽത്തുടങ്ങി, സ്വകാര്യവത്കരണത്തിലേക്കും ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ കൈയടക്കുന്നതിലേക്കും പെഗാസസിലേക്കും വിദേശ നയത്തിലേക്കും വരെ ആ പ്രസംഗം പോയി.

അതിൽ ഏറ്റവും പ്രസക്തമായി തോന്നിയ ചിലതു താഴെ നൽകുന്നു, വളരെക്കുറച്ചു മാത്രം-

“രാഷ്ട്രപതിയുടെ പ്രസംഗം വളരെ തന്ത്രപ്രധാനമായ പ്രസംഗമായിരിക്കണമെന്നാണു ഞാൻ കരുതുന്നത്. നമ്മൾ ഇപ്പോൾ എവിടെയാണു നിൽക്കുന്നതെന്നും എങ്ങോട്ടേക്കാണു പോകുന്നതെന്നും അതിൽ ഉണ്ടായിരിക്കണം. നമ്മൾ നേരിടുന്ന വെല്ലുവിളികൾ എന്താണെന്നും എവിടെ വരെ നമുക്കു പോകാൻ കഴിയുമെന്നും അതിൽ ഉണ്ടായിരിക്കണം. പക്ഷേ രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നതു സർക്കാർ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന കാര്യങ്ങളുടെ നീണ്ട പട്ടികയാണ്. ആ പ്രസംഗത്തിൽ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചു സംസാരിക്കുന്നില്ല.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഞാൻ കാണുന്നതു രണ്ട് ഇന്ത്യയെന്ന ആശയമാണ്. ഒറ്റ ഇന്ത്യയെന്ന ആശയം ഇപ്പോഴില്ല.
ഒന്ന്, ആവശ്യത്തിലധികം സ്വത്തുള്ള, അധികാരമുള്ള അതിസമ്പന്നരുടെ ഇന്ത്യയാണ്. ജോലിയോ വാട്ടർ കണക്ഷനോ ഇലക്ട്രിസിറ്റി കണക്ഷനോ ആവശ്യമില്ലാത്തവരുടെ, എന്നാൽ ഇന്ത്യയുടെ ഹൃദയസ്പന്ദനത്തെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നവരുടെ ഇന്ത്യ. മറ്റൊന്നു ദരിദ്രരുടെ ഇന്ത്യയാണ്. ദരിദ്ര ഇന്ത്യക്കു തൊഴിലില്ല. രണ്ടും തമ്മിലുള്ള അകലം കൂടുകയാണ്.

സർക്കാർ നോട്ടുനിരോധനവും ജി.എസ്.ടിയും വഴി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ നശിപ്പിച്ചു. ഇന്ത്യയുടെ നിർമാണമേഖലയെ താങ്ങിനിർത്തുന്ന വ്യവസായത്തെ സർക്കാർ പിന്തുണച്ചില്ല. നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇൻ ഇന്ത്യ ഇനി സാധ്യമല്ല. അതു നിങ്ങൾ തകർത്തിരിക്കുന്നു. ചെറുകിട-ഇടത്തരം വ്യവസായങ്ങളില്ലാതെ മെയ്ഡ് ഇൻ ഇന്ത്യ സാധ്യമല്ല. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു മാത്രമേ തൊഴിൽ സൃഷ്ടിക്കാൻ കഴിയൂ.

(ഇടയ്ക്കു ഭരണപക്ഷ എം.പിമാർ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു)

സർക്കാരിലുള്ള എന്റെ സുഹൃത്തുക്കൾക്കു ഞാൻ സംസാരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് ആശങ്കയുള്ള രാജ്യത്തെ ഒരു പൗരൻ സംസാരിക്കുന്നതായി മാത്രം കാണൂ.

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വരി പോലുമില്ല. ഇന്ത്യയിലെ യുവാക്കൾ തൊഴിലിനെക്കുറിച്ചാണു ചോദിക്കുന്നത്. പക്ഷേ, നിങ്ങളുടെ സർക്കാർ അതു നൽകുന്നില്ല. 2021-ൽ മൂന്നുകോടി യുവാക്കൾക്കാണു തൊഴിൽ നഷ്ടമായത്. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണിത്. എത്ര തൊഴിലാണു നിങ്ങൾ സൃഷ്ടിച്ചത്? നിങ്ങൾ അതേക്കുറിച്ചു സംസാരിക്കില്ല. നിങ്ങളതേക്കുറിച്ചു സംസാരിച്ചാൽ ജനങ്ങൾ കരുതും നിങ്ങൾ തമാശയാണു പറയുന്നതെന്ന്.

നമ്മുടെ തൊഴിലിൽ ഭൂരിഭാഗവും അനൗദ്യോഗിക മേഖലയിലാണ്. ആ മേഖലയിൽ നിന്നു പണമെടുത്തു നിങ്ങൾ ഇന്ത്യയിലെ സമ്പന്നർക്കു നൽകി. നിങ്ങൾ അനൗദ്യോഗിക മേഖലയെ ആക്രമിച്ചു. എങ്ങനെ? നോട്ടുനിരോധനം വഴി, തെറ്റായി ജി.എസ്.ടി നടപ്പിലാക്കുക വഴി, കോവിഡ് കാലത്തു സഹായം ചെയ്യാതിരിക്കുക വഴി. അനൗദ്യോഗിക മേഖലയിൽ കുത്തകകൾ സൃഷ്ടിക്കപ്പെട്ടു. ഞാൻ പേര് പറയില്ല, പക്ഷേ, ഒരാൾക്കു മാത്രമായി ഇന്ത്യയുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഖനനവും പാചകവാതക വിതരണവും എല്ലാം നൽകി. ‘AA’ വകഭേദം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒട്ടാകെ പടർന്നു കയറുകയാണ്. എനിക്കു വലിയ വ്യവസായങ്ങളോടു പ്രശ്‌നമില്ല. പക്ഷേ അവർക്കു തൊഴിൽ നൽകാൻ കഴിയില്ല. തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്നതു ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു മാത്രമാണ്.

നമ്മുടെ മുഴുവൻ പണവും ചിലർക്കു മാത്രമായി പോകുന്നു. ഈ ദരിദ്ര്യ ഇന്ത്യയിലെ 55 ശതമാനം ആളുകളുടെ സ്വത്തിനേക്കാൾ കൂടുതൽ സ്വത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേർക്കുണ്ട്. 84 ശതമാനം ഇന്ത്യക്കാരുടെ വരുമാനം ചുരുങ്ങുകയാണ്, അതവരെ പട്ടിണിയിലേക്കു തള്ളിയിടുകയാണ്. യു.പി.എ കാലത്ത് 23 കോടി ആളുകളെ പട്ടിണിയിൽ നിന്നു മോചിപ്പിച്ചിരുന്നു. നിങ്ങൾ ഈ 23 കോടി ആളുകളെ തിരികെ ദാരിദ്ര്യത്തിൽ എത്തിച്ചു. എത്രയും വേഗം ഈ രണ്ട് ഇന്ത്യയെയും ഒന്നിപ്പിക്കുക.

നിങ്ങൾ ഭരണഘടന വായിച്ചാൽ നിങ്ങൾക്ക് ഇന്ത്യയെ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആയി വിശേഷിപ്പിച്ചിരിക്കുന്നതു കാണാം. രാജ്യം എന്നല്ല അവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനർഥം, തമിഴ്നാട്ടിലെ സഹോദരർക്കു മഹാരാഷ്ട്രയിലെയും ജമ്മു കശ്മീരിലെയും മണിപ്പൂരിലെയും ലക്ഷദ്വീപിലെയും സഹോദരർക്കുള്ള അതേ അവകാശമുണ്ട് എന്നാണ്.

ഇതൊരുടമ്പടിയാണ്, സംവാദമാണ്, കൂട്ടുകെട്ടാണ്, രാജഭരണത്തിൻ കീഴിലുള്ള സാമ്രാജ്യമല്ല ഇത്. നിങ്ങൾ അശോകനെയും മൗര്യനെയും നോക്കൂ. ഈ രാജ്യം എപ്പോഴും സംവാദത്തിൽക്കൂടിയാണു ഭരിക്കപ്പെട്ടിട്ടുള്ളത്. നിങ്ങൾക്ക് ഒരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാൻ കഴിയില്ല. നിങ്ങളുടെ കൈയിൽ എന്തൊക്കെയുണ്ടെങ്കിലും കാര്യമില്ല. അതു കഴിഞ്ഞ മൂവായിരം വർഷങ്ങൾക്കിടയിൽ ഒരിക്കലും നടന്നിട്ടില്ല. തമിഴ്നാട്ടിലെ ജനങ്ങൾക്കു തമിഴ് ഭാഷയെന്ന ആശയമുണ്ട്, ഒപ്പം ഇന്ത്യയെന്ന ആശയവും. കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരവും അന്തസ്സുമുണ്ടെന്ന് എനിക്കു മനസിലാകും. രാജസ്ഥാനിലെ ജനങ്ങൾക്കും ആ അന്തസ്സുണ്ട്, അവർക്കൊരു ജീവിത രീതിയുണ്ട്. അതാണു നമ്മുടെ ശക്തി.

നിങ്ങൾക്ക് ഏതു സാമ്രാജ്യവും നോക്കാം. ഇന്ത്യ എപ്പോഴും സംവാദങ്ങൾ വഴി മാത്രമേ ഭരിക്കപ്പെട്ടിട്ടുള്ളൂ. നിങ്ങൾക്കു ചരിത്രത്തെക്കുറിച്ച് ഒട്ടും ബോധ്യമില്ല, എന്താണു നിങ്ങൾ ചെയ്യുന്നത് എന്നതിനെക്കുറിച്ചും ബോധ്യമില്ല. ഞാൻ എല്ലാ ജനങ്ങളിൽ നിന്നും പഠിക്കുന്നുണ്ട്, നിങ്ങളിൽ നിന്നും.

ഇന്ത്യയെ ഒരൊറ്റ വടി കൊണ്ടു ഭരിക്കുക എന്നതാണു മറ്റൊരു കാഴ്ചപ്പാട്. അതൊരു കേന്ദ്രീകൃത കാഴ്ചപ്പാടാണ്. എല്ലാത്തവണയും അതിനു ശ്രമിക്കുമ്പോൾ ആ വടി ഒടിഞ്ഞുപോവുകയാണു ചെയ്യുക. 1947-ൽ രാജാവെന്ന സങ്കൽപ്പത്തെ കോൺഗ്രസ്‌ തകർത്തു. പക്ഷേ, അതിപ്പോൾ തിരികെ വന്നിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കാഴ്ചപ്പാടിൽ കർഷകർക്കു ശബ്ദമില്ല. രാജാവ് ആരെയും കേൾക്കില്ല.

എന്റെ മുതുമുത്തശ്ശൻ 15 വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എന്റെ മുത്തശ്ശിക്ക് 32 തവണയാണു വെടിയേറ്റത്. എന്റെ അച്ഛൻ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. അതുകൊണ്ട് എനിക്കു കുറച്ചൊക്കെ മനസിലാകും ഈ രാജ്യം എന്താണെന്ന്. എന്റെ രക്തം ഈ രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്തിട്ടുണ്ട്, എന്റെ മുതുമുത്തശ്ശനും മുത്തശ്ശിയും അച്ഛനും വഴി. അതുകൊണ്ടു നിങ്ങൾ വളരെ വളരെ അപകടകരമായ കാര്യങ്ങൾക്കു വേണ്ടിയാണു സമയം പാഴാക്കുന്നതെന്ന് എനിക്കു മനസിലാകും. അതവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിങ്ങളത് അവസാനിപ്പിച്ചില്ലെങ്കിൽ അതു പ്രശ്നമുണ്ടാക്കും. പ്രശ്നം നേരത്തെത്തന്നെ തുടങ്ങിക്കഴിഞ്ഞു.

ഒരു പ്രത്യേക സംഘടന ഇന്ത്യയുടെ സ്ഥാപനങ്ങളെയൊക്കെ കൈയടക്കിയിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാനുള്ള ഉപകരണങ്ങളാണ് അവർക്കു ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും പെഗാസസും.

നമ്മുടെ ഭാഷകളും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഇപ്പോൾ ദുർബലപ്പെടുത്തിക്കളഞ്ഞിരിക്കുന്നു. ഇന്ത്യ പൂർണമായും ഒറ്റപ്പെട്ടും ചുറ്റപ്പെട്ടും കിടക്കുകയാണ്. നമ്മുടെ എതിരാളികൾക്കു നമ്മുടെ സാഹചര്യം മനസിലാകും. നമ്മുടെ രാജ്യം എവിടെയാണു നിൽക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.

നിങ്ങൾ ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും വലിയൊരു ആപത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. നമ്മൾ ജമ്മു കശ്മീരിൽ വലിയ തെറ്റുകൾ ചെയ്തു. നിങ്ങൾ പാകിസ്ഥാനെയും ചൈനയെയും ഒന്നിച്ചുകൊണ്ടുവന്നു. ചൈനക്കാർക്കു തങ്ങൾ ചെയ്യേണ്ടത് എന്താണെന്ന കൃത്യമായ ബോധ്യമുണ്ട്. ഇന്ത്യയുടെ വിദേശ നയത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാനമായ ലക്ഷ്യം എന്നു പറയുന്നത്, പാകിസ്ഥാനെ ചൈനയിൽ നിന്ന് അകറ്റിനിർത്തുക എന്നുള്ളതാണ്. നമ്മുടെ തൊട്ടുമുൻപിൽ നിൽക്കുന്ന ശക്തിയെ ഒരിക്കലും വിലകുറച്ചു കാണരുത്. ചൈനക്ക് ഒരു പദ്ധതിയുണ്ട്. നമ്മൾ ഒരു വൻ വിഡ്ഢിത്തമാണു ചെയ്തത്. ചൈനക്കെതിരെ പ്രതിരോധം തീർക്കാൻ കഴിയുമെന്നു പൂർണമായും നമ്മൾ ഉറപ്പിക്കണം. പക്ഷേ, നമ്മൾ ദുർബലപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനു മുൻപ് എങ്ങനെയായിരുന്നോ, അതിനേക്കാൾ ദുർബലമാണ് ഇന്ത്യ ഇന്ന്. എന്തുകൊണ്ടാണു റിപ്പബ്ലിക് ദിനത്തിൽ നമുക്ക് ഒരു അതിഥിയെ ലഭിക്കാത്തതെന്നു നിങ്ങൾ സ്വയമൊന്ന് ആലോചിച്ചു നോക്കൂ.

ഈ രാജ്യം അപകടത്തിലാണ്. ഈ രാജ്യം പുറത്തുനിന്നും അകത്തുനിന്നും അപകടത്തിലാണ്. അത്‌ ഒരു രാജ്യത്തെ സംബന്ധിച്ചു വളരെ അപകടകരമായ കളിയാണ്. അതെനിക്ക് ഇഷ്ടമല്ല. ഈ രാജ്യം ഇപ്പോൾ എവിടെ നിൽക്കുന്നു എന്നറിയുന്നതു വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. പുറത്തു നമ്മുടെ രാജ്യം ഒറ്റപ്പെട്ടു കഴിഞ്ഞു. ഉള്ളിൽ പരസ്പരം അടികൂടുന്നു. സ്ഥാപനങ്ങൾ പിടിച്ചടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതെനിക്ക് ആശങ്കയുണ്ടാക്കുന്നു. നിങ്ങളിൽ പലരും ഞാൻ പറഞ്ഞതിനെ വിഡ്ഢിത്തമായി കാണുന്നുണ്ട്. എനിക്കറിയാമത്. പക്ഷേ ഞാൻ പറഞ്ഞതോർക്കുക. നിങ്ങൾ ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും വലിയൊരു അപകടത്തിലേക്കാണു തള്ളിയിടുന്നത്. നിർത്തൂ.”

**
ഈ പ്രസംഗം കഴിഞ്ഞു രാത്രിയിൽ പാർലമെന്റിനു പുറത്തേക്കിറങ്ങിയ രാഹുലിനോട് ഒരു മാധ്യമപ്രവർത്തക ചോദിച്ചു, “നിങ്ങളെന്തിനാണ് ഇത്രയും തമിഴ് നാടിനെ പരാമർശിച്ചത്?” എന്ന്. അതിനു രാഹുൽ മറുപടി പറഞ്ഞത്, “ഞാനൊരു തമിഴനാണ്” എന്നായിരുന്നു.

ഇതിന് ഒരൊറ്റ അർഥമേയുള്ളൂ. ഇന്ത്യയെന്ന ആശയത്തെ മുൻനിർത്തിയാണ്, അതേക്കുറിച്ചുള്ള വ്യക്തമായ ധാരണയിൽ നിന്നുകൊണ്ടാണു രാഹുൽ ഇന്നലെ സംസാരിച്ചതൊക്കെയും. തമിഴനായും മലയാളിയായും കശ്മീരിയായുമൊക്കെ അയാൾ സംസാരിച്ചു.

44 മിനിറ്റ് പ്രസംഗത്തെ ഈ രീതിയിൽ ചുരുക്കി എഴുതാൻ ചില കാരണങ്ങളുണ്ട്. ഒന്ന്, ഈ പ്രസംഗത്തിനിടയിൽ എത്രയോ വട്ടം ബി.ജെ.പി നേതാക്കൾ ബഹളമുണ്ടാക്കി, എത്രതവണ പ്രസംഗം മുറിഞ്ഞുപോയി. പലതരം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണു രാഹുൽ ഇന്നലെ സംസാരിച്ചത്. പ്രതീക്ഷിച്ചതുപോലെ അന്താരാഷ്ട്ര തലത്തിൽ അതു ചർച്ചയായിരിക്കുന്നു. പ്രസംഗത്തിലുള്ള പാകിസ്ഥാൻ-ചൈന പരാമർശത്തെ ഇന്ന് അമേരിക്ക പോലും വിമർശിക്കുകയുണ്ടായി. വിമർശിക്കാനായെങ്കിലും വിദേശ രാജ്യങ്ങൾ പോലും ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നു.

പക്ഷേ, രാജ്യത്തെ ഏറ്റവും ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ വിശാലമായ ഒരു പ്രസംഗത്തെ ഭൂരിപക്ഷം പത്രങ്ങളും ഉൾപ്പേജുകളിലേക്കു തള്ളി അപമാനിച്ചു. ടെലഗ്രാഫ് പോലെ നിലപാടുകളുള്ള ചിലർ മാത്രം അതൊന്നാം പേജിലെ പ്രധാന വാർത്തയാക്കി.

ഭൂരിപക്ഷം ചാനലുകളും പ്രസംഗത്തിലെ തമിഴ്നാട് ഭാഗവും, ചൈന പരാമർശവും വിവാദരൂപേണ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിലെ കോൺഗ്രസുകാർ രാഹുൽ നെഹ്‌റുവിനെയും ഇന്ദിരയെയും രാജീവിനെയും കുറിച്ചു പറnഞ്ഞതു മാത്രം ആഘോഷിച്ചു.

കേന്ദ്രസർക്കാരിനെ അടിമുടി തുറന്നുകാണിക്കാൻ ചൈനയെ പരാമർശിക്കാനും ജുഡീഷ്യറിയെ വിമർശിക്കാനും മടി കാണിക്കാതിരുന്ന അയാളെടുത്ത റിസ്ക് ഏറ്റവും കുറഞ്ഞതു കോൺഗ്രസുകാരെങ്കിലും മനസിലാക്കുക.

എല്ലാറ്റിലുമുപരി കേന്ദ്രസർക്കാർ അടുത്ത കാലത്ത് ഏറ്റവും അസ്വസ്ഥരായത് ഇന്നലെയാകും എന്നു തിരിച്ചറിയുക.

നിങ്ങൾ വിട്ടുപോയത്