♦️♦️ഇനിയും പറയാതെ വയ്യ… വിശ്വാസികളേ… അജപാലകരേ… കേൾക്കുക… സഭയുടെ തകർച്ചയുടെ തുടക്കം ദൈവാലയത്തിൽ നിന്നുതന്നെ…‼️‼️

ഏപ്രിൽ 24-2023

ദിവസങ്ങൾക്കുമുൻപ്, കൈകളിൽ കൊടുക്കുന്നതുമൂലം വി. കുർബാന അപമാനിക്കപ്പെടുന്നതിന്റെ പലവിധ കാരണങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ IFI MISSION ചാനലും JAINEES MEDIA യും You Tube ൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അത് കണ്ട, മറ്റൊരു രാജ്യത്ത് ജോലി ചെയ്യുന്ന സുഹൃത്ത്, അദ്ദേഹം അവിടുത്തെ പള്ളികളിൽ കണ്ടുകൊണ്ടിരിക്കുന്ന ഹൃദയം വേദനിപ്പിക്കുന്ന മറ്റൊരനുഭവം പങ്കുവയ്ക്കുകയുണ്ടായി.

ഒരിക്കൽ മുട്ടുകുത്തി നാവിൽമാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു ..? ആരാണ് ഇതിനുത്തരവാദികൾ..? ക്രിസ്തു ഏൽപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇങ്ങനെ ഉദാസീനതയോടെ കൈകാര്യം ചെയ്യുന്നതുകാണുമ്പോൾ വളരെ സങ്കടമുണ്ട്. ഇതിനൊരു മാറ്റം നമ്മുടെ സഭയിൽ ഉണ്ടാകേണ്ടേ..?

വി. കുർബാനയ്ക്ക് ആളുകൾ കൂടുതൽ വരുന്ന ദിനങ്ങളിൽ Eucharistic Ministers ആയി വി. കുർബാന കൊടുക്കുവാൻ വരുന്ന സ്ത്രീകളുടെ വേഷം കാണുമ്പോൾ ചങ്കു തകരുമെന്ന് അദ്ദേഹം പറഞ്ഞു. ചില പള്ളികളിൽ പ്രത്യേക ഗൗൺ സ്ത്രീകൾ ഉപയോഗിക്കുമെങ്കിലും പലയിടത്തും, ഗൗൺ ഇടാതെ അരക്കഷ്ണം തുണിയുമുടുത്ത്, വി. കുർബാനയും കയ്യിൽ പിടിച്ച് ഫാഷൻ ഷോ പോലെ സ്ത്രീകൾ നിൽക്കുന്നതുകാണുമ്പോൾ, വി. കുർബാന വെറും ഗോതമ്പപ്പമല്ല- ഈശോയുടെ ശരീരമാണെന്ന് ഉറച്ച വിശ്വാസമുള്ളവരുടെ ചങ്കു തകരുകതന്നെ ചെയ്യും. ( “അതിനെന്താ കുഴപ്പം..? നിന്റെ നോട്ടത്തിന്റെ കുഴപ്പമാ..” എന്ന് ആരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടെങ്കിൽ അവർ, പുരോഹിതർ തിരുവസ്ത്രമിടാതെ മുണ്ടും ഷർട്ടുമിട്ട് അൾത്താരയിൽ ബലിയർപ്പിച്ചാലും ഓണകുർബാന ചൊല്ലിയാലും കുഴപ്പമില്ലാത്തവരായിരിക്കും.)

“സൈന്യങ്ങളുടെ കർത്താവായ ഞാൻ നിങ്ങളോടു ചോദിക്കുന്നു: ഞാൻ പിതാവാണെങ്കിൽ എനിക്കുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനാണെങ്കിൽ എന്നോടുള്ള ഭയം എവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങൾ നിന്ദിച്ചതെന്നു നിങ്ങൾ ചോദിക്കുന്നു.” (മലാക്കി 1 :6 )ആ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾക്കും (വീഡിയോ ലിങ്ക് ഒടുവിൽ കൊടുക്കാം) ഇപ്പോൾ സൂചിപ്പിച്ച കാര്യങ്ങൾക്കും പരിഹാരം കാണേണ്ടവർ, ഇതൊന്നും കാണാത്ത മട്ടിൽ കണ്ണടച്ചിരുന്ന്, സഭയിലെ നിരവധിയായ പ്രതിസന്ധികൾക്ക് പരിഹാരം കാണുവാൻ, പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ട് എന്ത് result ആണ് ദൈവത്തിൽനിന്നും പ്രതീക്ഷിക്കുന്നത്..? അടിത്തറ ഇളകിയാൽ മോന്തായം ഇളകില്ലേ..? അടിത്തറ ഉറപ്പിക്കുവാൻ നിയോഗിക്കപ്പെട്ടവർ നിസ്സംഗരായിരിക്കുന്നു..!!

നമ്മൾ വസിക്കുന്ന ഭൂമിക്ക് ഒരു CORE ഉള്ളതുപോലെ, കത്തോലിക്കാ സഭയുടെ CORE ആണ് ഈശോയുടെ ശരീരമാകുന്ന വി. കുർബാന. ഈശോയുടെ ശരീരത്തെ പലവിധത്തിൽ അവഹേളനപാത്രമാകുവാൻ വിട്ടുകൊടുത്തുകൊണ്ട്, പലവിധ ലോകകാര്യങ്ങൾക്കായി ഓടിനടക്കുന്ന സഭാധികാരികളും വിശ്വാസികളും ഇതിനുത്തരംകൊടുക്കേണ്ട ഒരു സമയം വരും. മറക്കരുത്…

ഇതുകൂടാതെ അൾത്താരയുടെ മുൻപിൽ വച്ചു നടത്തുന്ന സിനിമാറ്റിക് ഡാൻസ് കൂത്തരങ്ങുകൾ വേറെ..!!ബലിപീഠം മലിനമാക്കപ്പെട്ടു എന്നതിനർത്ഥം, സഭയുടെ നട്ടെല്ല് തകർന്നു എന്നതാണ്. തകർന്ന നട്ടെല്ലുമായി സഭയാകുന്ന ക്രിസ്തുശരീരം നേരെ നില്ക്കാൻ പറ്റാതെ ആടിക്കളിക്കുമ്പോൾ, വെപ്രാളപ്പെട്ട് പരക്കംപായുന്നതിനുപകരം, പാകപ്പിഴകൾ പരിഹരിച്ച് നട്ടെല്ല് ബലപ്പെടുത്തുവാൻ ശ്രമിക്കുക. തമ്മിലടികൾ മാറും…വിഭാഗീയ ചിന്തകൾ മാറും..സഭയിലെ പ്രതിസന്ധികൾ മാറും… എല്ലാം ശരിയാകും..

വി. കുർബാനയ്ക്ക് ബഹുമാനം കൊടുത്തിട്ടും ആദിമ സഭയിലും പ്രതിസന്ധികളുണ്ടായിട്ടില്ലേ എന്ന ചിന്ത വന്നേക്കാം. ഓർക്കുക, ആദിമ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. (അപ്പ 4 :32) അന്ന് സഭാമക്കൾ പീഡനമനുഭവിച്ച് രക്തസാക്ഷികളായത്, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. ദൈവത്തിന് ഏറ്റം പ്രീതികരമായ ഈ പ്രവൃത്തികൾ സഭയുടെ വളർച്ചയ്ക്ക് ദൈവം കാരണമാക്കി.

എന്നാൽ നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സഭയെ വളർത്തുന്ന കാര്യങ്ങളാണോ..? വി. കുർബാന അതിന്റെ പാരമ്യത്തിൽ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് നാം മനഃപൂർവം ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇതിന് വലിയ വിലകൊടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. സഭയിലെ ദുരാചാരങ്ങൾ കണ്ട് നിരവധിപേർ സഭ വിട്ടുപോകുന്നതും, നിരവധി യുവജനങ്ങൾ വിശ്വാസത്തിൽനിന്നകന്ന് ദൈവാലയം വിട്ടുപോകുന്നതും നിങ്ങൾ അറിയുന്നില്ലേ.? ഇതിനെല്ലാം പരിഹാരം കാണേണ്ടവർ കുലുക്കമില്ലാതെ ഇപ്പോഴും ഉറക്കം നടിക്കുന്നുവോ..? സത്യം മനസ്സിലാക്കുവാൻ സാധിക്കാത്ത വിധത്തിൽ ഈ ലോകത്തിന്റെ ദേവൻ സഭാധികാരികളെയടക്കം അന്ധരാക്കി മാറ്റിയിരിക്കുന്നത് എത്രയോ വേദനാജനകം…

ഒരു കാലത്ത് മുട്ടുകുത്തി നിന്ന് നാവിൽ മാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി ഇപ്പോൾ മാറ്റിയിരിക്കുന്നു. നമ്മുടെ രാജാധിരാജന് നാം കൊടുക്കേണ്ടത് അതിപൂജിത ബഹുമാനമാണ്. ആ ബഹുമാനത്തോടെ വി. കുർബാന സ്വീകരിക്കുവാൻ നാവ് നീട്ടിയാൽ, നാവിൽ കൊടുക്കാതെ കൈ നീട്ടുവാൻ പറയുന്ന വൈദികർ ഇപ്പോഴുമുണ്ട്. (അനുഭവമുള്ളവർ ഉണ്ട്) “വി. കുർബാനയുടെ ഭാഗം താഴെ വീണാലും കുഴപ്പമില്ല…അതിൽ ചവിട്ടിപ്പോയാലും കുഴപ്പമില്ല..കയ്യിൽ കിട്ടിയതുകൊണ്ട് ഒളിച്ചുകടത്തി സാത്താൻ ആരാധകർക്കു വിറ്റ്, വി. കുർബാന അവർ വഴി പരമാവധി അവഹേളിക്കപ്പെട്ടാലും കുഴപ്പമില്ല.. ഞാൻ വി. കുർബാന കയ്യിൽ മാത്രമേ കൊടുക്കൂ..” എന്ന്, ചില വൈദികർ വാശി പിടിക്കുന്നതെന്തിന്..? സാത്താനെ സന്തോഷിപ്പിക്കുവാനോ..? ദൈവത്തിന് ബഹുമാനം കൊടുക്കാത്തവരെ ദൈവജനം തിരസ്ക്കരിച്ചാൽ ആരാണതിനുത്തരവാദി..?

വി. കുർബാന നാവിൽ മാത്രം കൊടുത്തുകൊണ്ടും രാജാധിരാജന് കൊടുക്കേണ്ട ബഹുമാനം അതേപടി നിലനിർത്തികൊണ്ടും മുന്നോട്ടുപോകുന്ന ഒരുകൂട്ടം ഇടവക വികാരിമാരും ധ്യാന കേന്ദ്രങ്ങളും ആശ്രമങ്ങളും പലയിടങ്ങളിലായി ഇപ്പോഴും ഉണ്ട് എന്നത് മാത്രമാണ് ചെറിയൊരാശ്വാസം.

വി. കുർബാനയെ സ്നേഹിക്കാതെ.. അതിപൂജിത ബഹുമാനം കൊടുക്കാതെ..അത് ക്രിസ്തുവിന്റെ യഥാർത്ഥ ശരീരമാണെന്ന് വിശ്വസിക്കാത്തവർക്ക് പൈശാചിക ശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടുള്ള വിശുദ്ധജീവിതം അസാധ്യമാണ്. പാപക്കുഴിയിൽ നിന്നും ദുരന്തങ്ങളിൽനിന്നും രക്ഷപെടുവാൻ സാധിക്കാതെ ജീവിക്കുന്നവർ, വി. കുമ്പസാരത്തിനും കുർബാനയ്ക്കും ദൈവവചനത്തിനും കേവലം ചടങ്ങ് എന്നതിനുപരി കൊടുക്കുന്ന വില എത്രമാത്രമുണ്ടെന്നും വിലയിരുത്തുക. വി. കുർബാന അപമാനിക്കപ്പെടുവാൻ കാരണമാകുന്നവരിൽ ദൈവം പ്രസാദിക്കുമോ..?. ക്രിസ്തുവിന്റെ രണ്ടാം വരവിൽ, വലതുഭാഗത്തു നിൽക്കുവാൻ യോഗ്യത നേടുമോ..?

‼️സഭയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, മലിനമാക്കപ്പെടാത്ത സക്രാരിയിൽനിന്നുമാത്രം…‼️കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ..

.Please Watch the Video👇

ദൈവനാമം മഹത്വപ്പെടട്ടെ..ആമേൻ..

റെനിറ്റ് അലക്സ്

Renit Alex Standsfor Jesus

നിങ്ങൾ വിട്ടുപോയത്