നാലാമത് ഫിയാത്ത് മിഷൻകോൺഗസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി.
നിരവധി വൈദികരുടെയും അല്മായരുടെയും ബിഷപുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപുമാർ അനുഗ്രഹീതമായ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ ഇന്ന് 78 ാം ജന്മദിനം ആഘോഷിക്കുന്ന ആലഞ്ചേരി പിതാവിന് ജറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് ബൊക്കെ നൽകി അനുമോദിച്ചു. തുടർന്ന് വി.ബലിയോടെ മിഷൻ കോൺഗ്രസിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.
മാമ്മോദീസാ സ്വീകരിച്ചവരെല്ലാം മിഷനറിമാരാണ്. സ്നേഹത്തിലൂടെ പ്രവർത്തന നിരതമാകണം ഓരോ മിഷനറിമാരുടെയും ജീവിതം എന്ന സന്ദേശം കുർബ്ബാന മധ്യേ ആലഞ്ചേരി പിതാവ് നൽകി.

തുടർന്ന് പിതാവ് 70 ഓളം വരുന്ന മിഷൻ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഇന്നേ ദിനം തന്നെ മിഷൻ ധ്യാനം, വൈദികധ്യാനം,ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, എക്സിബിറ്റേഴ്സ് ഗാതറിംഗ് , കൾച്ചറൽ പ്രോഗ്രാം എന്നിവയും നടക്കുന്നു.

രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
