കൊച്ചി : വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ്. ജോര്‍ജ് ഇടവകാംഗവുമായ വെരി റവ.മോണ്‍. ആന്റണി കളത്തിവീട്ടില്‍ (13.02.24) ന് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (15.02.24) വൈകിട്ട് നാലിന് കര്‍ത്തേടം സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1984 – 1998 വരെ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തു. ലൂര്‍ദ് ഹോസ്പിറ്റലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന് നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബർ പതിമൂന്നാം തീയതി വല്ലാർപാടം തീർത്ഥയാത്രയുടെ അവസരത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും അദ്ദേഹത്തിന് പേപ്പല്‍ ബഹുമതിയായ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.
വരാപ്പുഴ അതിരൂപത കർത്തേടം സെൻറ് ജോർജ് ഇടവകയിൽ തോമസ് ത്രേസ്യ ദമ്പതികളുടെ മകനായി 1937 ഡിസംബർ നാലിന് ജനിച്ചു. 1937 ഡിസംബർ 9ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 1945 നവംബർ 25ന് സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുകയും 1955 മെയ് 9ന് സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. 1957 മെയ് 31ന് ആലുവ മേജർ സെമിനാരിയിൽ പ്രവേശിക്കുകയും 1964 മാർച്ച് 15 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
അതിരൂപതയുടെ ആരോഗ്യ പരിപാലന കേന്ദ്രമായ ലൂർദ് ആശുപത്രിയിൽ 1984 മെയ് 3 മുതൽ 1998 ഫെബ്രുവരി 27 വരെ ഡയറക്ടർ ആയി സേവനം ചെയ്ത കാലഘട്ടത്തിൽ ആശുപത്രിയിൽ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിച്ചു. ഇത് സമൂഹത്തിലെ സാധാരണ ജനങ്ങൾക്ക് വലിയ ഒരു അനുഗ്രഹമായി തീർന്നു. ഒരു മികച്ച അഡ്മിനിസ്ട്രേറ്റർ ആണെന്ന് അദ്ദേഹം തെളിയിച്ചു.
ജനനം- 04.12.1937
തിരുപ്പട്ടം- 05.03.1964 സ്വീകരിച്ചു.
സേവനം ചെയ്തിരുന്ന ഇടവകകള്‍ – കത്തിഡ്രല്‍, ചാത്തിയാത്ത്, പോണേല്‍, കാക്കനാട്, പെരുമാനൂര്‍, ഇന്‍ഫന്റ് ജീസസ്, പൊറ്റക്കുഴി, ചേരാനെല്ലൂര്‍.
മാതാപിതാക്കൾ : തൊമ്മൻ – ത്രേസ്യ
സഹോദരങ്ങൾ:
റാഫേൽ (late),മേരി ബെനവഞ്ചർ ചേന്നാട്ട് (late), പീറ്റർ (late), തോമസ് (late), ജോർജ്ജ് (late), സെലിൻ
എലിസബത്ത് ജോർജ് തിരുനിലത്ത്.
സ്നേഹനിധിയായ കളത്തിവീട്ടിൽ അച്ചൻ,
ഈയുള്ളവനെ മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം തുടങ്ങുവാനായി ക്ഷണിച്ചു. ഇരുപതു വർഷക്കാലത്തെ വിദേശ ജീവിതത്തിന് വിരാമമിട്ടു ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം സ്ഥാപിക്കുന്നു. ബാലദശയിൽ നിന്ന് കരകയറാൻ പരിശോധന-ചികിത്സ സംബന്ധമായ എല്ലാ സഹായങ്ങളും ചെയ്തുതന്നു. എപ്പോഴും മറ്റുള്ളവരോട് സ്നേഹവും കരുതലും ഉള്ള ഒരു വ്യക്തിത്വം. ബാലാരിഷ്ടതകളിൽ നിന്ന് ആശുപത്രിയെ കൈപിടിച്ചുയർത്താൻ ശക്തമായ നേതൃത്വപാടവം, ഡോക്ടർമാരോടും മറ്റു സ്റ്റാഫ് അംഗങ്ങളോടും ഹൃദയം തുറന്ന സമീപനം, ലൂർദ് ആശുപത്രി വാസ്തവത്തിൽ ഇതുപോലെ വളരുവാൻ പ്രധാന കാരണം അച്ചൻ പുതുതായി തുടങ്ങിയ സ്പെഷ്യലിറ്റി വിഭാഗങ്ങളും ഓരോ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്തുകൊണ്ടുവന്ന പ്രഗത്ഭരായ ഡോക്ടർമാരും തന്നെ.
പ്രിയപ്പെട്ട കളത്തിവീട്ടിൽ അച്ചാ, അങ്ങയുടെ അശ്രാന്ത പരിശ്രമം കൊണ്ട് എറണാകുളത്തു ആതുരസേവനരംഗത്തു ഒരു വലിയ സ്ഥാപനം ഉദയം കൊണ്ടു, അങ്ങയുടെ ദീർഘദൃഷ്ടിയും ക്രിയാത്മകതയും മൂലം ഇന്ന് ഒരു ആശുപത്രിയും കുറച്ചു നല്ല ഡോക്ടർമാരും രാപകലില്ലാതെ വേദന അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കർമനിരതരാകുന്നു.
ഏറെ വേദനയുണ്ട് അങ്ങ് ഞങ്ങളെ വിട്ടുപോകുന്നതിൽ, വിജയം ജീവിതത്തിന്റെ മധുരപലഹാരമാണെങ്കിൽ അതുണ്ടാക്കാനുള്ള ചേരുവകൾ കൃത്യമായി സൂക്ഷിക്കുകയും ഉചിതമായി ഉപയോഗിക്കുകയും ചെയ്യുവാൻ ഞങ്ങളെ പഠിപ്പിച്ചത് അങ്ങാണ്, ശിരസ്സു നമിക്കുന്നു അങ്ങയുടെ കാൽപ്പാദത്തിങ്കൽ തൊട്ട്….
എന്നും നന്ദിയോടെ, ഒത്തിരി സ്നേഹത്തോടെ,
ഡോ ജോർജ് തയ്യിൽ