ഫാ. അജി പുതിയാപറമ്പിൽ

(താമരശേരി രൂപതയുടെ മുഖപത്രമായ മലബാർ വിഷൻ്റെ ജനുവരി – ഫെബ്രുവരി ലക്കത്തിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചത്.)

ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക് സമൂഹത്തിലുണ്ടായിരുന്ന സാന്നിദ്ധ്യത്തിന് വലിയ തോതിൽ ഇടിവുണ്ടായി എന്നൊരു സങ്കടവും ഈ മുറവിളിയുടെ ഉള്ളിൽ ധ്വനിക്കുന്നുണ്ട്. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം എന്നു ചിന്തിക്കുന്നവരും ഇങ്ങനയൊക്കെ ആകാനുള്ള കാരണം ഇന്നവരൊക്കെയാണ് എന്നു കുറ്റപ്പെടുത്തുന്നവരും ഇനി ഇതൊന്നും ശരിയാകാൻ പോകുന്നില്ല എന്നു നിരാശപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ക്രൈസ്തവരുടെ സാന്നിദ്ധ്യത്തിന് സമൂഹ്യ ജീവിതത്തിലുള്ള സ്വാധീനം എങ്ങനെ ? എന്നതിനെപ്പറ്റി എനിക്കുണ്ടായ ഒരനുഭവം കുറിക്കട്ടെ. കല്യാൺ രൂപതയ്ക്കു വേണ്ടി മുംബയി നഗരത്തിൻ്റെ പടിഞ്ഞാറൻ റീജിയനിലുള്ള രണ്ടു പള്ളികളിൽ വികാരിയായി സേവനം ചെയ്യുന്ന കാലം. യാത്രകളൊക്കെ മിക്കവാറും ബൈക്കിലാണ്. അതാണ് അവിടെ സൗകര്യപ്രദം. ഒരിക്കൽ എന്നെ പോലീസ് പിടിച്ചു. സിഗ്നൽ ലംഘിച്ചതാണ് കുറ്റം. എല്ലാവരുടെയും കൂടെ ഞാനും തെറ്റിച്ചു. ചെയ്യാൻ പാടില്ലാത്തതാണ്. അപ്പുറത്തതാ ഒരു കൂട്ടം പോലീസുകാർ !!! മുംബയി പോലീസ് അങ്ങനെയാ. ചില പോയിൻ്റുകളിൽ പെട്ടെന്ന് വന്നു നില്ക്കും. അവർ എല്ലാവരെയും പൊക്കി. ലജ്ജകൊണ്ട് എൻ്റെ മുഖം ചുവന്നു . എത്രയും പെട്ടെന്ന് പിഴയടച്ചു രക്ഷപെടാൻ എൻ്റെ മനസ്സ് വെമ്പി. എൻ്റെ അടുത്തു വന്ന പോലീസുകാരനോട് എനിക്കറിയാവുന്ന ഹിന്ദി ഭാഷയിൽ ഞാൻ പറഞ്ഞു: “സർ തെറ്റ് എൻ്റെ ഭാഗത്താണ് : എത്രയാണ് ഫൈൻ? പെട്ടെന്ന് എൻ്റെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ ഇടപ്പെട്ടു. അവൻ പറഞ്ഞു ” ഇദ്ദേഹം ചർച്ച് കാ ഫാദർ ” ( കത്തോലിക്കാ വൈദികൻ) ആണ്. ഒരു വൈദികനാണെന്നറിയിക്കാതെ എങ്ങനെയെങ്കിലും ഒന്നു തടിയൂരാൻ നോക്കുബോഴാ അവൻ്റെയൊരു ഇടപെടൽ. എനിക്കവനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ആ പോലീസുകാരൻ എന്നെ സൂക്ഷിച്ചു നോക്കി.

” ഒരു വൈദികനായിട്ടു കൂടി നിയമം ലംഘിക്കുന്നുവോ?? കഷ്ടം!!! ” എന്ന ശകാരം അന്യ നാട്ടിൽ നിന്ന് കേൾക്കേണ്ടി വരുമല്ലോ എന്നു വിചാരിച്ച് നില്ക്കുബോൾ ആ പോലീസുകാരൻ എന്നോട് ചോദിച്ചു ” അങ്ങ് ഏത് സ്കൂളിൻ്റെ ഫാദറാണ് ?” ഞാൻ പറഞ്ഞു ” ചാവറ സ്കൂളിൻ്റെ ” . ഞാൻ വികാരിയായിരുന്ന ഇടവകയിൽ ചാവറയച്ചൻ്റെ പേരിൽ ഒരു നേഴ്സറി സ്കൂളുണ്ടായിരുന്നു. ആ പോലീസുകാരൻ ഉടനെ എന്നോടു പറഞ്ഞു. അങ്ങ് ദയവായി പെട്ടെന്ന് പോകുക. തെറ്റ് എൻ്റെ ഭാഗത്താണെന്നും അതിന് പിഴ അടക്കാമെന്നും പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല. എനിക്കു മനസ്സിലാകാൻ വേണ്ടി ഹിന്ദിയിലും അദ്ദേഹം പറഞ്ഞു ” ആപ് ജൽദി ചലിയേ ” (സാധാരണ
മുംബൈ പോലീസിന് മറാത്തിയാണ് വശം. ഹിന്ദിയും ഇംഗ്ലീഷും വളരെ കുറച്ചു പേർക്ക് മാത്രമേ അറിയു.)

ആ പോലീസുദ്ദ്യോഗസ്ഥൻ എന്നോട് ചോദിച്ചത് ” അങ്ങ് ഏത് സ്കൂളിൻ്റെ ഫാദറാണ് എന്നാണ് . ഏത് പള്ളിയുടെ എന്നല്ല ചോദിച്ചത്. അതിന് കാരണമുണ്ട്. തങ്ങളുടെ മക്കളെ ഏതെങ്കിലും സഭാ സ്കൂളിൽ പഠിപ്പിക്കുകയെന്നത് മുംബൈക്കാരായ എല്ലാ മാതാപിതാക്കളുടെയും വലിയ സ്വപ്നമാണ്. വലിയ മൾട്ടി നാഷണൽ കമ്പനികൾ നടത്തുന്ന പോഷ് സ്കൂളുകൾ
ധാരാളമുള്ള ഈ മെട്രോ നഗരത്തിൽ ഇന്നും ആളുകൾക്ക് പ്രിയം സഭയുടെ സ്കൂളുകളോടാണ്. പൊതുവേ കോൺവെൻ്റ് സ്കൂളുകൾ എന്നാണ് സഭാ സ്കൂളുകളെ അവർ വിളിക്കുക

സഭാസ്ക്കുളുകൾക്കുള്ള ഈ സൽപ്പേര് മുതലെടുക്കാനായി മറ്റുള്ളവരും അവരുടെ സ്കൂളുകൾക്ക് ക്രിസ്ത്യൻ പേരുകൾ നല്കാറുണ്ട്. ഒരിക്കൽ വെസ്‌റ്റേൺ സബർബിൽ കണ്ട ഒരു സ്കൂളിൻ്റെ പേര് ഓർക്കുബോൾ ചിരി വരുന്നു. “സെൻ്റ് ജീസസ് കോൺവെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ “
അവിടുത്തെ വിവാഹ പരസ്യങ്ങളിൽ ചിലപ്പോൾ ഇങ്ങനെ കാണാറുണ് “വി ആർ ലുക്കിംഗ് ഫോർ കോൺവെൻ്റ് സ്കൂൾ എജുക്കേയ്റ്റഡ് ബോയ്സ്/ ഗേൾസ്. നിയമ പഠനത്തിനായി കോളേജിൽ ചേർന്നപ്പോഴും ഈ കോൺവെൻ്റ് എജ്യൂക്കേഷൻ്റെ പവർ എനിക്ക് മനസ്സിലായി. കേരളത്തിൽ നിന്നാണെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരധ്യാപകൻ എന്നോട് ചോദിച്ചു ” Are you convent school educated ?

പറഞ്ഞു വരുന്നത് 2 കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുംബൈ എന്ന മഹാനഗരത്തിൽ 5 ലക്ഷത്തിൽ താഴെ മാത്രം വരുന്ന ക്രിസ്തീയ സമൂഹത്തിൻ്റെ സാന്നിദ്ധ്യത്തിൻ്റെ ശക്തിയെ സൂചിപ്പിക്കാനാണ്. അവരുടെ സ്കൂളുകളെയും അവ നടത്തുന്നവരെയും പൊതു സമൂഹം എത്രമാത്രം ആദരിക്കുന്നു എന്നു് ചിന്തിക്കണം..
(ചർച്ച് കാ ഫാദർ എന്ന ഒറ്റ ഐഡി യിൽ മാത്രം എത്രയോ സ്ഥലങ്ങളിലാണ് എനിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.)

ചേട്ടൻമാർ (ക്രിസ്ത്യാനികൾ) വന്നാൽ നാട് നന്നാകും. അവർ വന്നാൽ ആദ്യം പള്ളി, പിന്നെ പള്ളിക്കൂടം, റോഡ്, ഇലക്ട്രിസിറ്റി, ആശുപത്രി പോസ്റ്റാഫീസ്, പോലീസ് സ്‌റ്റേഷൻ എന്നു വേണ്ട എല്ലാക്കാര്യങ്ങളും ഞൊടിയിടയിൽ ശരിയാകും. ചേട്ടൻമാർ നാട് വികസിപ്പിക്കും എന്നൊരു ചൊല്ല് നാട്ടിലുണ്ടായിരുന്നു. അതെ.. ക്രൈസ്തവരുടെ സാന്നിദ്ധ്യം ഒരു നാടിനു മുഴുവൻ ഊർജ്ജം പകർന്നിരുന്നു.

ക്രൈസ്തവരുടെ കൃഷി കണ്ടിട്ട് ആദ്യമൊക്കെ ഇന്നാട്ടുകാർ പരിഹസിച്ചു ചിരിച്ചു. ഈ ചേട്ടൻമാർ മണ്ടൻമാർ…. അവരതാ മേത്തലയും കീഴ്ത്തലയും വെട്ടിയ കമ്പ് കുഴിച്ചു വച്ച് കാത്തിരിക്കുന്നു.( കപ്പ നടുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത് ) പിന്നിട് ഇവർ കാണുന്നത് പൂള (കപ്പ) വിറ്റ കാശു കൊണ്ട് സ്ഥലം വാങ്ങുന്ന ചേട്ടനെയാണ്. റബർ വെട്ടി പാലെടുത്തപ്പോൾ അവർ പറഞ്ഞു ” ഈ ചേട്ടൻമാരെ സമ്മതിക്കണം. “അവർ കുയിച്ച് ബച്ചത് (കുഴിച്ച് വച്ചത് ) പാല് ശൊരത്തണ മരമല്ലേ . ആ പാല് വിറ്റ് അവര് കായ് ബാരുകയാണ് (കാശ് വാരുകയാണ് ) മലബാറിലെയും ഇടുക്കിയിലെയും കാർഷിക മുന്നേറ്റങ്ങൾക്ക് ക്രൈസ്തവ സാന്നിദ്ധ്യം പകർന്ന ഊർജ്ജം വളരെ വളരെ വലുതാണ്.. തരിശായ കിടന്ന ഭൂമിയെല്ലാം സ്വർണ്ണം വിളയുന്ന മണ്ണാക്കി മാറ്റി. ദാരിദ്ര്യം സമൃദ്ധിക്ക് വഴിമാറി.

ഇന്നാട്ടിലെ ക്രൈസ്തവരുടെ സാന്നിദ്ധ്യം ഒരു വിധത്തിലും ഒരിക്കലും ആധിപത്യം പുലർത്തുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ നാട്ടിൽ അവർ എല്ലാവരാലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. നാട്ടിലെ പ്രശ്നങ്ങളിൽ ക്രൈസ്തവരുടെ മാദ്ധ്യസ്ഥം എല്ലാവരും അംഗീകരിച്ചിരുന്നു.

ആർക്കും ധൈര്യം പകരുന്ന സാന്നിദ്ധ്യമായിരുന്നു അവരുടേത്. വന്യമൃഗങ്ങളോട് മാത്രമല്ല മറ്റു പ്രതികൂല ഘടകങ്ങളോടും അവർ സധൈര്യം പൊരുതി. ഈ ധൈര്യവും നിശ്ചയദാർഢ്യവും സമീപ വാസികൾക്കും ധൈര്യവും ആവേശവും പകർന്നു. അതീതിക്കെതിരെയും കക്ഷകരുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ അവർ പോരാടി. അതിനു വേണ്ടി മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തി. വെച്ച കാൽ പിന്നോട്ട് വയക്കാത്തവരാണ് ചേട്ടൻമാർ എന്നൊരു സംസാരവും അക്കാലത്തുണ്ടായിരുന്നു.

ആരെയും അതിശയിപ്പിക്കുന്ന പുതിയ
കാൽവയ്പുകൾ നടത്തി വ്യാപാര രംഗത്തും അവർ സജീവ സാന്നിദ്ധ്യമായിരുന്നു.
വിദേശത്തേയ്ക്ക് കാർഷിക വിളകളും മറ്റും കയറ്റുമതി ചെയ്തിരുന്ന ബിസിനസ്സുകാർ ചില കുടിയേറ്റ മേഘലകളിൽ ഉണ്ടായിരുന്നു.

ക്രൈസ്തവ സാന്നിദ്ധ്യമുള്ളിടങ്ങളിൽ സമുദായിക ലഹളകളുണ്ടാവില്ല എന്നും അവർ സമാധാന പ്രിയരും നിയമങ്ങൾ അനുസരിക്കുന്നവരുമാണ് എന്ന പൊതുധാരണ നിയമപാലകർക്കിടയിൽ എന്നുമുണ്ട്.

ശക്തമായ പൊതു പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെയും സജീവ സാന്നിദ്ധ്യമായിരുന്നു ക്രൈസ്തവർ. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും മുൻ നിര നേതാക്കൻമാർ അവരായിരുന്നു. എല്ലാവരെയും പരിഗണിക്കുന്ന മതേതര കാഴ്ചപ്പാടാണ് അവർക്കുണ്ടായിരുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ മാത്രമല്ല സ്പോർട്സിലും സാംസ്ക്കാരിക മേഘലയിലും എല്ലാം ഈ സമൂഹം സജീവ സാന്നിദ്ധ്യമായിരുന്നു. വിസ്താര ഭയത്താൽ അവയൊന്നും കൂടുതൽ വിശദീകരിക്കുന്നില്ല.

ഇങ്ങനെ സർവ്വ മേഘലകളിലും സജീവമായിരുന്ന ഈ സമുദായത്തിൻ്റെ സാന്നിദ്ധ്യ ശക്തി ഇത്രമാത്രം ദുർബ്ബലമായതെങ്ങനെ?
നമ്മിൽ സംഭവിച്ച മൂല്യശോഷണമാണ് അതിൻ്റെ കാരണം. ക്രിസ്തുവിൻ്റെ മൂല്യങ്ങളിൽ നിന്നും വളരെ വേഗത്തിലാണ് നാം അകലുന്നത്. ഒരു
ക്രിസ്ത്യാനിയുടെ സാന്നിദ്ധ്യം ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം പോലെ സമൂഹത്തിനുഭവപ്പെടണം. ക്രിസ്തുവിൻ്റെ ചൈതന്യമില്ലാത്ത ക്രിസ്ത്യാനിക്ക് സമൂഹത്തിൽ മുക്കാൽ ചക്രത്തിൻ്റെ വില പോലും ഉണ്ടാകില്ല. അതിൽ പരിതപിച്ചിട്ട് കാര്യമില്ല.

സമൂഹത്തിലെ സാന്നിദ്ധ്യം സജീവമാക്കുന്നതിന് കുറുക്കുവഴികളൊന്നുമില്ല. വലിയ പള്ളികൾ പണിതും , ഉയരം കൂട്ടിയ കുരിശുപള്ളി പണിതും ഏഷ്യയിലെ തന്നെ വലിയ നിലവിളക്ക് സ്ഥാപിച്ചും ഉയരം കൂടിയ കൊടിമരം സ്ഥാപിച്ചുമൊക്കെ സമൂഹത്തിലെ സാന്നിദ്ധ്യം ശക്തമാക്കാമെന്ന് നമ്മൾ തെറ്റിദ്ധരിച്ചു. ഇവയ്ക്കൊക്കെ ഭാവിയിൽ ടൂറിസം വളർത്താനുള്ള സാധ്യത മാത്രമേയുള്ളൂ എന്നറിയാൻ ചുറ്റുവട്ടത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. ഷാജഹാൻ്റെ താജ്മഹൽ നിർമ്മാണത്തോടു കൂടി മുഗൾ വംശം തകരാൻ ആരംഭിച്ചു. റോമൻ സാമ്രാജ്യവും , ഫറവോയുടെ സാമ്രാജ്യവുമൊക്കെ അങ്ങനെ തന്നെ. യൂറോപ്പിലുള്ള പല വലിയ കത്തീഡ്രലുകളിലും ഇന്ന് സഞ്ചാരികളല്ലാതെ തദ്ദേശിയരായ ക്രിസ്ത്യാനികൾ ആരും വരുന്നില്ല എന്ന കാര്യം ഓർക്കണം.

നമ്മുടെ സ്കൂളുകളും കോളേജുകളും മറ്റ് സ്ഥാപനങ്ങളും സമൂഹത്തിലെ സജീവ സാന്നിദ്ധ്വം ആടയാളപ്പെടുത്തുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളുടെ സജീവ സാന്നിദ്ധ്യം കേരള സമൂഹത്തിന് ബോദ്ധ്യപ്പെട്ടു. കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചപ്പോളാണ് അത് സാധ്യമായത്. ബാഗ്ലുരുള്ള ഈശോസഭാ വൈദികർ നടത്തുന്ന സെൻ്റ് ജോസഫ് കോളേജിൻ്റെ വെബ്സൈറ്റിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ” ഈ കോളേജ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഫീസ് അല്ലാതെ മറ്റൊരു തുകയും ആരിൽ നിന്നും സ്വീകരിക്കുന്നതല്ല. ആരെങ്കിലും അങ്ങനെ ആവശ്യപ്പെട്ടാൽ കോളേജ് അധികാരികളെ ഉടൻ വിവരമറിയിക്കുക.” ഇത് വായിക്കുന്നവർക്ക് ഈ കോളേജ് ” യേശുവിൻ്റെ സ്വന്തം കോളേജ് പോലെ അനുഭവപ്പെടും. ഇതിന് വിപരീതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സമൂഹത്തിൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. വ്യത്യസ്തമായ രീതിയിലാണ് എന്നു മാത്രം.

മൂല്യങ്ങളിൽ അസ്ജസ്റ്റ്മെൻ്റുകൾക്ക് തയ്യാറാകുന്നവരുടെ സാന്നിദ്ധ്യം ആരും വിലവെയ്ക്കില്ല എന്നത് ചരിത്ര യാഥാർത്ഥമാണ്. സ്വന്തം മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നവനെ കൊള്ളക്കാരൻ പോലും മാനിക്കില്ല എന്നത് എൻ്റെ ഒരനുഭവമാണ്. കല്യാൺ രൂപതയിലെ ഒരു പള്ളിയുടെ പണിയിൽ നിരന്തരം ശല്യം ചെയ്യുന്ന ഒരാളെ ഞങ്ങൾ ചർച്ചയ്ക്ക് വിളിച്ചു. അയാൾ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ ചെന്നു. ( ഞാനും ഒരു കൈക്കാരനും ) ഒരു ലോക്കൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ വച്ചാണ് ചർച്ച. പണി നടക്കുന്ന പള്ളിയുടെ അടുത്തുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് പ്രശ്നക്കാരൻ. ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഞാൻ അയാളോട് അഭ്യർത്ഥിച്ചു. ” “താൻ ശല്യം ചെയ്യാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ തരണം”. അയാൾ തൻ്റെ ഡിമാൻ്റ് പച്ചയായി അവതരിപ്പിച്ചു. പണം തന്നാൽ ഞാൻ ഇനി ഒരു ശല്യവും ഉണ്ടാക്കില്ല. പണി തീരുന്നതിനു മുമ്പ് പണം കൊടുത്താൽ ഇയാൾ പിന്നെയും പ്രശ്നമുണ്ടാക്കി പണം ചോദിക്കും. അതു കൊണ്ട് ഒരു
വ്യസ്ഥയോടെ ഇക്കാര്യം സമ്മതിക്കാമെന്ന് ഞാൻ പറഞ്ഞു. ഏതാണാ വ്യവസ്ഥ? “അയാൾ ചോദിച്ചു “പണി പൂർത്തിയായി കഴിയുമ്പോൾ പണം തരും “. അയാൾ സംശയത്തോടെ എന്നെ നോക്കി. പണി കഴിയുമ്പോൾ ഞാൽ വാക്കു മാറുകയില്ല. നിങ്ങൾക്കെന്നെ വിശ്വസിക്കാം…. കാരണം ഞാൻ യേശുക്രിസ്തുവിൻ്റെ ആളാണ്”. ഞാൻ പറഞ്ഞു.

“യൂദാസും യേശുക്രിസ്തുവിൻ്റെ ആളായിരുന്നു ” അതുകൊണ്എനിക്ക് ഫാദറിൽ വിശ്വാസമില്ല. അയാളുടെ മറുപടി പെട്ടെന്നായിരുന്നു. ഞാൻ ചൂളിപ്പോയി. എൻ്റെ വിലയും നിലയും മറന്ന് ഒരു തെരുവ് ഗുണ്ടയുടെ അടുത്ത് സഹായാഭ്യർത്ഥനയുമായിപ്പോയ എനിക്ക് യുദാസിൻ്റെ വില പോലും അയാൾ തന്നില്ല. ക്രിസ്തുവിനെ ആശ്രയിക്കുന്നതിനു പകരം കുറുക്കുവഴിയന്വേഷിച്ച് ഒരു ഗുണ്ടയുടെ അടുത്ത് അഡ്ജസ്റ്റ്മെൻറിന് പോയ ഞാനത് അർഹിക്കുന്നു. എനിക്കതിയായ കുറ്റബോധം തോന്നി. ഇങ്ങനെ അനേകം അഡ്ജസ്റ്റ്മെൻറുകൾ നടത്തി നമ്മുടെ മൂല്യം നാം ഇടിച്ചു കളഞ്ഞു. നാം തന്നെ നമ്മളെ വിലയില്ലാത്തവരാക്കി.

ഇനി ഒരു ഉയിർത്തെഴുന്നേല്പ് സാധ്യമാണോയെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഉയിർത്തെഴുന്നേല്ക്കാൻ മാത്രം നമ്മുടെ സാന്നിദ്ധ്യം മരിച്ചിട്ടില്ല എന്നാണ് . ഒരുണർന്നെഴുന്നേല്പ് മാത്രമേ ആവശ്യമുള്ളു. ഓട്ടത്തിനിടയിൽ അല്പം ആലസ്യമുണ്ടായി. വഴി മാറിപ്പോയി. ഇനി യൊന്നുണർന്നാൽ മതി. എല്ലാ ശരിയാകും. ചാരം ഒന്നൂതിക്കളഞ്ഞാൽ മാത്രംമതി. കനൽ തെളിഞ്ഞു വരും.

നമ്മുടെ സാന്നിദ്ധ്യ ശക്തി എങ്ങനെ വീണ്ടെടുക്കാം. വളരെ ചെറിയ 3 മാറ്റങ്ങളിലൂടെടെ ഇത് സാധ്യമാക്കാവുന്നതേയുള്ളു എന്നാണ് എൻ്റെ പക്ഷം.

ഒന്ന്. നമ്മുടെ മൂല്യം നാം തന്നെ മനസ്സിലാക്കുക. ഒരു ക്രിസ്ത്യാനിക്കുള്ളത് ക്രിസ്തുവിൻ്റെ മൂല്യമാണ്. മറ്റാർക്കും അതിനെ തകർക്കാൻ സാധിക്കുകയില്ല.

രണ്ട്, ക്രിസ്തുവിൻ്റെ മൂല്യങ്ങളിലേയ്ക്കുള്ള മടക്കയാത്ര അതിവേഗം ആരംഭിക്കുക. ( കാര്യം വ്യക്തം. വിശദീകരിക്കുന്നില്ല.)

മൂന്ന്; നമ്മുടെ വിഭവങ്ങൾ മുഴുവൻ മനുഷ്യവിഭവശേഷി വികസനത്തിനായി നിക്ഷേപിക്കുക. ദൈവജനമാകുന്ന മനുഷ്യ വിഭവത്തിൽ നമ്മുടെ ധനവും വിഭവങ്ങളും നിക്ഷേപിക്കുക. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ നാം നിക്ഷേപിച്ചതൊക്കെ അങ്ങനെയായിരുന്നു. പള്ളി, സ്കൂൾ, കോളേജ്, ആശുപത്രികൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, സൊസൈറ്റികൾ , കളിസ്ഥലം എന്നു വേണ്ട എല്ലാം. ഇതിൻ്റെയെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; ദൈവജനമാകുന്ന മനുഷ്യവിഭവശേഷിയുടെ വളർച്ചയും പരിപോഷണവും.

എന്നാൽ പിന്നീട് നാം നമുക്കുള്ളതെല്ലാം കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും നിക്ഷേപിക്കാനാരംഭിച്ചു. വലിയ പള്ളികൾ, കുരിശുപള്ളികൾ, മണി മാളികകൾ, കൊടിമരങ്ങൾ, നിലവിളക്കുകൾ തുടങ്ങി പലതും . ആദ്യമൊക്കെ ഇതിൽ നമ്മൾ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. നാടിൻ്റെ തിലകക്കുറിയെന്നും, ഇടവകയുടെ അഭിമാനമെന്നു മൊക്കെ ഈ കെട്ടിടങ്ങളെ നമ്മൾ വാഴ്ത്തി. ഇക്കാലഘട്ടത്തിൽ മനുഷ്യവിഭവശേഷി വികസനം മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടു. സംശയമുണ്ടെങ്കിൽ ഇടവകകളിലെ വേദപാഠ ക്ലാസുകളിലേക്കൊന്നു നോക്കൂ… ഏറ്റവും പ്രാകൃത രൂപത്തിലുള്ള ബഞ്ചുകളും ഡസ്ക്കുകളും നമുക്കവിടെ കാണാൻ സാധിക്കും. സെക്യുലർ വിദ്യാഭ്യാസത്തിനു വേണ്ടി ലോണെടുത്തും, പിരിവെടുത്തും സ്മാർട്ട് ക്ലാസ്സുകൾ നിർമ്മിച്ച നാം ഇനി എന്നാണ് വേദപാഠ ക്ലാസ്സുകൾ സ്മാർട്ട് ക്ലാസ്സ് മുറികളിലേയ്ക്ക് മാറ്റുക. നാളത്തെ ഇന്ത്യ രൂപപ്പെടുന്നത് കാസ്സ് മുറികളിലാണ് എന്ന് കോത്താരി കമ്മിഷൻ നിരീക്ഷിച്ചിട്ടുണ്ട്. നാളത്തെ സഭ രൂപപ്പെടുന്നതിൽ ഒരു വലിയ പങ്ക് വേദപാഠ ക്ലാസ്സ് മുറികൾക്കുണ്ട് എന്നു കരുതുന്നതിൽ ദൈവശാസ്ത്രപരമായി ശരിയുണ്ട്. ഗർഭസ്ഥ ശിശു മുതലുള്ള മുഴുവൻ ദൈവജനത്തിൻ്റെയും ആത്മീയവും, ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വിഭവശേഷി വികസനത്തിനായി മുഴുവൻ വിഭവങ്ങളും നിക്ഷേപിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ഏറ്റവും അനിവാര്യതയായിരിക്കുന്നു.

” ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും, അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല”
ഏശയ്യ,40:31

നിങ്ങൾ വിട്ടുപോയത്