വൈറൽ പ്രസംഗം കേട്ടു. തരിച്ചിരുന്നു പോകാതിരിക്കുന്നതെങ്ങനെ?
നിരീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ്റെ മൈതാനപ്രസംഗത്തിൽ കേൾക്കാനുതകിയ യുക്തിയാണ് അൾത്താരയിൽ അദ്ദേഹം കാഴ്ചവച്ചത്. (പല യുക്തന്മാരും രഹസ്യമായി വിശ്വാസികളും, ചിലരെങ്കിലും, വയസ്സായി ഒറ്റക്കാകുമ്പോൾ എങ്കിലും യുക്തിവാദത്തിൻ്റെ മുഖംമൂടി മാറ്റി പരസ്യമായിത്തന്നെ വിശ്വാസം ഏറ്റു പറയുന്നവരുമാണ് എന്ന കാര്യവും വിസ്മരിക്കുന്നില്ല)
അൾത്താരയിൽനിന്ന് ഒരു വൈദികൻ പറയേണ്ടത് ക്രിസ്തുമതത്തിന് അപ്പുറം പോയി മനുഷ്യനാകണമെന്നൊക്കെയുള്ള വൈറലാകാനുള്ള വായ്ത്താരികളല്ല. മറിച്ച്, കർത്താവിനെക്കുറിച്ചും വചനത്തെക്കുറിച്ചും ഈ സഭയുടെ തനിമയെക്കുറിച്ചും അനന്യതയെക്കുറിച്ചുമാണ്.
വചനവ്യാഖ്യാനം കേൾക്കുമ്പോൾ കർത്താവിനെയും അവൻ്റെ ദിവ്യവചസ്സുകളേയും, അവൻ്റെ മൗതികശരീരമായ സഭയേയും കൂടുതൽ സ്നേഹിക്കാനും, മനുഷ്യൻ്റെ സർവ യുക്തിയെയും അതിലംഘിക്കുന്ന വിശ്വാസത്തിൽ ആഴപ്പെടാനും ദൈവജനത്തിന് പ്രചോദനം ലഭിക്കണം.
മറിച്ച്, ക്രിസ്തുമതത്തിലുമപ്പുറം (അദ്ദേഹം “ക്രിസ്തുമതത്തിനപ്പുറം ” എന്ന വാക്ക് ഉപയോഗിച്ചില്ല. എന്നാൽ ക്രിസ്ത്യാനികളോട് മതത്തിനപ്പുറം മനുഷ്യനാകണം എന്ന് ദേവാലയത്തിൽ പറയുമ്പോൾ മറ്റെന്താണ് ഉദ്ദേശിക്കുന്നത്?) മനുഷ്യനാകണമെന്ന് പറയുന്നതിൻ്റെ പുറകിലെ യുക്തിയെന്താണ്? ദൈവംതന്നെ മനുഷ്യനായി അവതരിച്ച്, എങ്ങനെ മനുഷ്യത്വത്തിൻ്റെ പൂർണ്ണതയിൽ ജീവിക്കാമെന്ന് കാണിച്ചുതന്ന മാർഗ്ഗമാണിത്സി.ജെ വർക്കിയുടെ സുന്ദരമായ പുസ്തകത്തിനപ്പുറം ലോകോത്തരമായ ബൈബിൾ എന്നൊരു പുസ്തകമെണ്ടെന്നത്, നിർഭാഗ്യകരമെന്നു പറയട്ടെ, പല അഭിഷിക്തരും അവഗണിക്കുന്നു..
പറഞ്ഞാലും, ലോകഗുരുവായ നമ്മുടെ സ്വന്തം കർത്താവ് ഈശോമിശിഹായിലുമധികം മനുഷ്യത്വം പഠിപ്പിക്കുകയും, ജീവിക്കുകയും ചെയ്ത മറ്റാരാണ് അവനിലും ശ്രേഷ്ഠമാതൃകയായി ഈ ഭൂമികയിലുണ്ടായിട്ടുള്ളത്? അതുകൊണ്ടുതന്നെ എത്ര ഭാഗ്യവാന്മാരാണ് ക്രിസ്തുശിഷ്യർ !
ഈ യുഗപ്രഭാവവാനായ ഈശോമിശിഹാ പഠിപ്പിച്ചതും, ജീവിച്ചതുമായ മാനവികതയ്ക്കുമപ്പുറം ഔന്ന്യത്യമാർന്ന മാനവികത മറ്റെവിടെപ്പോയാണ് ക്രിസ്ത്യാനി പഠിക്കേണ്ടത് എന്നുകൂടി ഈ നവയുഗ പ്രബോധകർ വ്യക്തമാക്കിത്തന്നിരുന്നെങ്കിൽ!
കൂടുതൽ നല്ല ക്രിസ്ത്യാനിയാകാൻ പരിശ്രമിക്കുക; മനുഷ്യത്വത്തിൻ്റെ മഹനീയത അനുഭവിക്കും; അതിൻ്റെ പൂർണ്ണതയിലേക്ക് വളരും. അല്ലാതെ, കർണ്ണാനന്ദകരമായ വൈറൽ പ്രസംഗങ്ങളുടെ വചോവിലാസത്തിൽ ഭ്രമിച്ച് ഈശോമിശിഹായെ മറന്ന് മനുഷ്യനാകാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്.
വൈറലാകാനല്ല, വചനത്തോട് വിശ്വസ്തരാകാനാണ് ഒരു വൈദികൻ അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത്.
ഒരു കാര്യം കൂടി, ഒരു കമൻ്റിൽ ഇതിനോടകം ഞാനത് സൂചിപ്പിച്ചതാണ്. ഈശോയുടെ തിരുനാമത്തെ അവഹേളിക്കുന്ന രീതിയിൽ സിനിമ ഇറക്കുന്നതും, യേശുവിനെ കേശു എന്ന് വിളിക്കുന്നതും കന്യകമാതാവിന്റെ മടിയിൽ ഈശോയുടെ ശരീരം കിടത്തിയിരിക്കുന്ന വിശ്രുതശില്പത്തെ അനുകരിക്കുന്ന ചിത്രത്തിന് ചേരയെന്ന് പേരുകൊടുത്തിരിക്കുന്നതുമൊക്കെ കാണുമ്പോൾ ഒരു വൈദികൻ്റെ ഉള്ളുപൊള്ളുന്നതിനു പകരം ആവിഷ്കാര സ്വാതന്ത്ര്യക്കാരോട് അനുഭാവവും, ഇതൊക്കെക്കണ്ടു ചങ്ക് പൊട്ടുന്നവരോട് പുച്ഛവുമാണ് തോന്നുന്നതെങ്കിൽ അദ്ദേഹത്തിൻ്റെ പൗരോഹിത്യ പരിശീലനത്തിൽ എന്തോ സാരമായ പ്രശ്നം ഭവിച്ചിട്ടുണ്ട് – തീർച്ച
ശിഷ്യന് ആ ഗുരുവിനെപ്പോലെയായാൽ ജീവിതം അതിധന്യമായി. അതിനപ്പുറം ആരുമില്ല; ആരും വേണമെന്നുമില്ല.– സൈ
Simon Varghese