കൊല്ലം ജില്ലയിൽ ഒരു കൊച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അഭിഗേൾ എന്നും അബിഗേൽ എന്നുമൊക്കെ എഴുതുന്ന ആ പേര് യഥാർത്ഥത്തിൽ പഴയ നിയമത്തിൽ ദാവീദിന്റെ മൂന്നാം ഭാര്യയുടെ പേരായ ‘അബിഗെയ്ൽ’ (abigail) എന്ന പേരിൽ നിന്നുണ്ടായതാണ്. അബിഗെയ്ൽ എന്ന വാക്കിന് ‘അച്ഛന്റെ സന്തോഷം’ എന്നാണ് ഹീബ്രൂ ഭാഷയിൽ അർത്ഥം. ദാവീദ് രാജാവിൻറെ കാലത്ത് ജീവിച്ചിരുന്ന അബിഗെയ്ൽ തൻറെ ഭർത്താവ് നബാലിന്റേയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ നടത്തിയ ഇടപെടലാണ് അവരെ പഴയ നിയമത്തിലെ വാഴ്ത്തപ്പെടാത്ത നായികയാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും സുന്ദരിയും ബുദ്ധിമതിയുമായ സ്ത്രീ ആയിരുന്നു അബിഗെയ്ൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അക്കാലത്തെ ഏറ്റവും വലിയ ഭൂവുടമകളിൽ ഒരാളായിരുന്നു നബാൽ. സാവൂൾ രാജാവിന്റെ കോപത്തിനിരയായി തന്റെ ആളുകളുമൊത്ത് പലായനം ചെയ്ത ദാവീദ് നാബാലിനോട് അവർക്കുള്ള ഭക്ഷണവും മറ്റു സാധനങ്ങളും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കടുത്ത ഭാഷയിൽ നബാൽ ദാവീദ് അയച്ച ആളുകളെ അപമാനിച്ചു. അതിൽ രോഷാകുലനായ ദാവീദും നാനൂറ് പടയാളികളും നബാലിനെ കൊല്ലാൻ പുറപ്പെട്ടു. എന്നാൽ ഇക്കാര്യം നബാലിന്റെ കൂട്ടത്തിലെ ഒരാട്ടിടയൻ നബാലിന്റെ ഭാര്യ അബിഗെയ്ലിനെ അറിയിക്കുകയും അബിഗെയ്ൽ തന്റെ സേവകരുമൊത്ത് ഭർത്താവിനോട് പറയാതെ ദാവീദ് ആവശ്യപ്പെട്ട കാര്യങ്ങളുമായി ദാവീദിനെ കാണാൻ പോകുകയും ചെയ്തു. നബാലിന്റെ പ്രവർത്തിയുടെ ഉത്തരവാദിത്തം അവൾ സ്വയം ഏറ്റെടുക്കയും അതിന്റെ പേരിൽ ചോരപ്പുഴയൊഴുക്കരുതെന്നും അവൾ ദാവീദിനോട് അപേക്ഷിച്ചു. അവളുടെ സംസാരത്തിലും പ്രവർത്തിയിലും മതിപ്പ് തോന്നിയ ദാവീദ് അവൾക്ക് വാക്കു കൊടുക്കുയും അവളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

അബിഗെയ്ൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ നബാൽ പക്ഷാഘാതം വന്നു കിടപ്പിലാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു. ആദ്യ കാഴ്ചയിൽ തന്നെ അബിഗെയ്ലിനോട് പ്രണയം തോന്നിയ ദാവീദ് പിന്നീട് അവളെ വിവാഹം കഴിക്കുകയും അവവർക്ക് കിലിയേബ് / ഡാനിയൽ എന്നൊരു മകനുണ്ടാകുകയും ചെയ്തു.

Favour Francis 

നിങ്ങൾ വിട്ടുപോയത്