
കൊല്ലം :- പ്രകൃതിയെ പരിസ്ഥിതി സംരക്ഷണത്തിലൂടെ അണിയിച്ചൊരുക്കുക. ഹരിത പ്രോട്ടോക്കോളിന്റെ സാരഥ്യം ഏറ്റെടുത്ത്, കൊല്ലം രൂപതയെ മാതൃകാപരമായ ഒരു പരിസ്ഥിതി പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ലൗദാതോ സി – കൊല്ലത്തിനൊരു കുട എന്ന പദ്ധതി നടപ്പിലാക്കുന്നു.
പ്രകൃതിയോട് സഹോദരഭാവത്തോടെ ജീവിക്കുന്ന, ഭൂമിയെ സംരക്ഷിക്കുന്ന, വരും തലമുറകൾക്ക് നേരായ വഴി തെളിയിക്കുന്ന ഒരു ഒരു വലിയ കുടുംബത്തിലേക്കുള്ള ക്ഷണമാണ് ലൗദാതോ സി: കൊല്ലത്തിനൊരു കുട.

ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യാൻ രൂപത വികാരി ജനറൽ റവ. ഡോ. ബൈജു ജൂലിയാന്റെ നേതൃത്വത്തിൽ ജാതിമതങ്ങൾക്കതീതമായി സകലരെയും ഒരുമിച്ചു ചേർത്ത് ലൗദാതോ സി പ്രകൃതി സംരക്ഷണ സമിതി രൂപീകരിക്കും.
കൊല്ലം കോർപ്പറേഷൻ, ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, പരിസ്ഥിതി, സാമൂഹ്യ, കാരുണ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

കൊല്ലം രൂപത ജീവൻസംരക്ഷണസമിതി,
ബി.സി.സി, രൂപതയിലെ വിവിധ സ്ഥാപനങ്ങൾ എന്നിവ സഹകരിച്ച്,
ഇടവകകളിലും സ്ഥാപനങ്ങളിലും വീടുകളിലും വൃക്ഷങ്ങൾ നടുക, കൃഷികൾ ഒരുക്കുക.
ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുക.
പ്രകൃതി സംരക്ഷണത്തോടൊപ്പം ബോധവൽക്കരണത്തിലൂടെ മനുഷ്യ ഹൃദയങ്ങളെ മാറ്റിയെടുക്കുക തുടങ്ങിയ നിരവധി മേഖലകളിലൂടെ പ്രവർത്തനം വിപുലീകരിക്കും.
പ്രകൃതിയെ സംരക്ഷിച്ച് ദുരന്തങ്ങളിൽ നിന്നും മാരക മഹാമാരികളിൽ നിന്നും നാടിനെ രക്ഷിക്കുക.
വരും തലമുറയ്ക്ക് ശുദ്ധവായുവും ഫലഭൂയിഷ്ഠമായ മണ്ണും ജലവും ലഭ്യമാക്കുക എന്നതെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്.
ഉപഭോഗസംസ്കാരത്തിന്റെയും അനിയന്ത്രിതമായ ചൂഷണത്തിന്റെയും ഫലമായുണ്ടാകുന്ന മലിനീകരണം, ജൈവവൈവിധ്യനാശം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെതിരെ പോരാട്ടമായി മാറുകയാണ് ലൗദാതോ സി: കൊല്ലത്തിനൊരു കുട

.
