നിലപാടുകളുടെ രാജകുമാരൻ യാത്രയായി…

ഡിജോ കാപ്പൻ, തൻ്റെ അത്മസുഹൃത്ത് പി ടി തോമസിനടുത്തേയ്ക്ക് പോയി. രണ്ട് പേരെയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആത്മബന്ധവുമുണ്ടായിരുന്നു. രണ്ട് പേരും പോയി.

കെ എസ് സിയുടെയും, യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് മാറി കെ. എം. മാണി സാറിൽ നിന്ന് മാനസികമായി അകന്ന് നിൽക്കുന്ന കാലത്താണ് ഇടതുപക്ഷം ഡിജോ കാപ്പനെ പാലായിൽ സ്ഥാനാർഥി ആക്കാൻ ശ്രമിച്ചത്. അന്ന് സംശയലേശമന്യേ അല്പം തമാശ മേമ്പൊടിയാക്കി ഡിജോ കാപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു :

“കാര്യമെന്തൊക്കെയാണെങ്കിലും മാണി സാറിന്റെ പാർട്ടിയായ കേരള കോൺഗ്രസ് എമ്മിലൂടെയാണ് ഞാൻ പൊതുരംഗത്ത് വരുന്നത്… ആ മാണി സാറിനെതിരെ മത്സരിക്കാനോ, അദ്ദേഹത്തെ തോൽപ്പിക്കാനോ ഞാൻ ഇല്ല. ജീവിതത്തിൽ അത് കുറച്ചുള്ള ഭാഗ്യമൊക്കെ എനിക്ക് മതി.” മാന്യത എന്ന വാക്കിന്റെ പര്യായമായിരുന്നു ഡിജോ കാപ്പൻ.

ഡിജോ ചേട്ടനെ ഞാൻ പരിചയപ്പെടുന്നത് സ്കൂളിൽ പഠിക്കുമ്പോൾ ഒരു തെരഞ്ഞെടുപ്പ് കാലത്താണ്. അന്ന് പ്രസംഗ മത്സര തൊഴിലാളിയായി നടക്കുന്ന കാലം. നാട്ടിലും മുഖ്യധാരാ രാഷ്ട്രീയമൊക്കെയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കവല പ്രസംഗം നടത്തും. അങ്ങനെ ഒരു കവല പ്രസംഗം കഴിഞ്ഞ് കാണക്കാരി കവലയിലെ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡിജോ ചേട്ടൻ ആ കടയിലേയ്ക്ക് കയറി വരുന്നത്. അന്നാണ് ഞാൻ ആദ്യമായി ഡിജോ കാപ്പനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആ മനുഷ്യൻ ആത്മസുഹൃത്തും ജേഷ്ഠസഹോദരനുമായി.

പഴയകാല രാഷ്ട്രീയ കഥകൾ, സംഭവങ്ങൾ, രാഷ്ട്രീയ തന്ത്രങ്ങൾ, തെരഞ്ഞെടുപ്പ് സൂത്രങ്ങൾ… അങ്ങനെ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞ് തന്നു. രാഷ്‌ട്രീയ ചാണക്യതന്ത്രങ്ങളുടെ ഉസ്താദായിരുന്നു. പഴയ കാലത്തെ ഒരു തന്ത്രമായ മർമറിംഗിനെ പുതിയ കാലത്ത് തെരഞ്ഞെടുപ്പ് തന്ത്രമായി വികസിപ്പിച്ചെടുത്ത് വിജയിപ്പിച്ച അനുഭവങ്ങൾ ഒരു വലിയ പാഠമായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ രീതിശാസ്ത്രം ഇത്ര കൃത്യമായി മനസ്സിലാക്കി മർമ്മം നോക്കി മാന്യമായി അടിക്കാനുള്ള ഡിജോ ചേട്ടൻ്റെ കഴിവിന് ഞാൻ പലതവണ സാക്ഷിയാണ്.

രാഷ്ട്രീയത്തിൽ നേതാവിന് ഒരു ശരീരഭാഷ വേണം. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ശരീരഭാഷ കൊണ്ട് ജനങ്ങളെ ആകർഷിച്ച നേതാവാണ് ഡിജോ കാപ്പൻ. പക്ഷെ, ഡിജോ ചേട്ടന് വിനയായത് ചേട്ടന് മാത്രം കൈമുതലായ ആറാം ഇന്ദ്രിയമാണ്. ഇത് മനസ്സിലാക്കിയവർ ഡിജോ കാപ്പനെ വെട്ടിയൊതുക്കി, അങ്ങനെ ഡിജോ കാപ്പൻ സ്വയം രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയത്തിൽ കഴിവല്ല പ്രധാനം, അടമത്തമാണ് വേണ്ടത് എന്നുള്ളതിൻ്റെ പാഠപുസ്തകം കൂടിയാണ് ഡിജോ കാപ്പൻ.

ഒരു മുതിർന്ന നേതാവിൻ്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഞാൻ ഡിജോ ചേട്ടനെ കാണുവാൻ രാവിലെ പാലക്കാട്ടുള്ള വീട്ടിൽ പോയി. കോട്ടയത്ത് മത്സരിക്കുവാനുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടത്തുവാനാണ് പോയത്. പക്ഷെ, പറഞ്ഞപ്പോഴെ ഡിജോ ചേട്ടൻ “നൊ” പറഞ്ഞു. ഇനി രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല, എന്നായിരുന്നു നിലപാട്. പിന്നീട്, ഏകദേശം രണ്ട് മണിക്കൂറോളം പഴയകാല രാഷ്ട്രീയ കഥകൾ കേട്ട് ഞാനിരുന്നു.

അവസാനം കഴിഞ്ഞ ഒക്ടോബർ 10ന് എനിക്ക് ഒരു പാനൽ ഡിസ്കഷൻ നോട്ട് അയച്ച് തന്നു. അത് Transit-Oriented Development (TOD): Reshaping Kerala’s Cities, Waterways as the Future Highways of Kerala, Smart, Connected and Sustainable Transport, Roads to Safety Kerala: Integrated Emergency Response & Trauma Care Solutions എന്നിവയെ കുറിച്ചായിരുന്നു. അന്ന് ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചു. പിന്നീട് കേട്ടത് ദുരന്ത വാർത്തയായിരുന്നു.

2006ൽ സി പി എം സംഘടനകളുടെ ഒത്താശയോടെ എസ് എഫ് ഐക്കാർ മർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എന്നെ കാണുവാൻ രാത്രി വൈകി ആശുപത്രിയിലെത്തിയത് ഞാൻ ഓർമ്മിക്കുന്നു. കള്ളക്കേസിലൂടെ എന്നെ സർവീസിൽ നിന്നും പുറത്താക്കിയപ്പോഴും എനിക്ക് നൽകിയ പിന്തുണ മറക്കാനാവില്ല. അന്നും എന്നും ഡിജോ ചേട്ടൻ എനിക്ക് ഒരു ആത്മബലമായിരുന്നു.

ഡിജോ ചേട്ടൻ പറഞ്ഞു തന്ന രാഷ്ട്രീയവും പൊതുപ്രവർത്തന അനുഭവങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും നിലപാടുകളുടെ രാഷ്ട്രീയവുമൊക്കെ ഞാൻ ഓർമ്മിക്കുന്നു. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…

“ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു, ഞാൻ എൻറെ ഓട്ടം പൂർത്തിയാക്കി. എന്റെ വിശ്വാസം ഞാൻ സംരക്ഷിച്ചു, അതിനാൽ ന്യായാധിപനായ കർത്താവ് ഈ ദിവസം നീതിയുടെ മുടി എന്നെ അണിയിച്ചു.” (2 തിമോ 4:7)

എന്നെ ഒരു അനുജനെ പോലെ കരുതി, സ്നേഹിച്ച്, പ്രോത്സാഹിപ്പിച്ച ധീരനായ പോരാളിക്ക് കണ്ണീരോടെ വിട…

Jaleesh Peter

നിങ്ങൾ വിട്ടുപോയത്