ആദരാഞ്ജലി
കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ

കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം പ്രാപിക്കുകയും വത്തിക്കാനിൽ തിരിച്ചെത്തി പൊതുസമൂഹത്തെ കാണുകയും വീണ്ടും സഭാശുശ്രൂഷകളിൽ കർമനിരതനാവുകയും ചെയ്യുന്ന കാഴ്ച നാം കണ്ടു.
കത്തോലിക്കാസഭയുടെ ചരിത്രത്തിൽ 1300 വർഷങ്ങൾക്കുശേഷമാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരു മാർപാപ്പ വരുന്നത്. തന്റെ സ്വതസിദ്ധമായ ലാളിത്യവും പാവങ്ങളോടുള്ള കരുതലുംമൂലം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ലോകശ്രദ്ധപിടിച്ചുപറ്റി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി കണ്ടുമുട്ടുന്നവർക്ക് പ്രത്യാശയുടെ തിരിനാളം പകർന്നുനൽകിയ പരിശുദ്ധപിതാവിന്റെ വേർപാട് വേദന ഉളവാക്കുന്നതാണ്. കൈ്രസ്തവവിശ്വാസത്തിന്റെയും അജപാലനനേതൃത്വത്തി ന്റെയും ഉന്നതമായ സാക്ഷ്യം നല്കി കർത്താവ് ഒരുക്കിയിരിക്കുന്ന നിത്യസൗഭാഗ്യത്തിലേക്ക് കടന്നുപോയ ഫ്രാൻസിസ മാർപാപ്പായെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർഥിക്കാം.

ഇൗശോസഭയിലെ അംഗമായ പരിശുദ്ധ പിതാവ് 2013ൽ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ പിൻഗാമിയായി സ്ഥാനമേറ്റെടുത്തപ്പോൾ പാവങ്ങളുടെ വിശുദ്ധനായ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ പേര് സ്വീകരിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. തുടക്കം മുതലേ വി. ഫ്രാൻസിസ് അസ്സീസിയുടെ ചൈതന്യം പേറുന്ന പ്രവർത്തനങ്ങളായിരുന്നു പരിശുദ്ധ പിതാവ് കാഴ്ചവച്ചത്. മാർപാപ്പയുടെ ഒൗദ്യോകിക വസതി വേണ്ടെന്നുവെച്ച് ‘സാന്താമാർത്ത’യിലേക്ക് താമസം മാറിയതും സമൂഹത്തിലെ പാവപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും അഭയാർത്ഥികളോടും പരിശുദ്ധ പിതാവ് കാണിച്ച കരുതലും ലോകശ്രദ്ധ ആകർഷിച്ചു.

പൗരസ്ത്യസഭകളോട് പ്രത്യേകമായ സ്നേഹവും അടുപ്പവും ഫ്രാൻസിസ് മാർപാപ്പ കാത്തുസൂക്ഷിച്ചിരുന്നു. സീറോമലബാർസഭയ്ക്ക് ഭാരതം മുഴുവനിലും അജപാലനാധികാരം നല്കിയതും ഗൾഫ് രാജ്യങ്ങളിൽ കുടിയേറിപാർത്ത സീറോമലബാർ വിശ്വാസികളുടെ അജപാലനശുശ്രൂഷ സീറോമലബാർസഭയെ ഏല്പിക്കാൻ സുപ്രധാന നിർദേശം നല്കിയതും പരിശുദ്ധ പിതാവിന്റെ നമ്മുടെ സഭയോടുള്ള കരുതലിന്റെ ഉദാഹരണങ്ങളാണ്.
ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്.
2025-ൽ കത്തോലിക്കാസഭ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി വർഷമായി ആചരിക്കുന്ന വേളയിൽ പ്രത്യാശയുടെ തീർഥാടകരാകാൻ നമ്മെ ഉദ്ബോധിച്ചുകൊണ്ട് പ്രത്യാശയുടെ കവാടമായ സ്വർഗ്ഗരാജ്യത്തിലേക്ക് കടന്നുപോയ പരിശുദ്ധ പിതാവിനെ ഒാർത്തു നമുക്കു നന്ദിയുള്ളവരാകാം. ഫ്രാൻസിസ് മാർപാപ്പയുടെ ജിവിതത്തിൽ വിളങ്ങിയിരുന്ന നന്മയുടെ നല്ല മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാം. കത്തോലിക്കാസഭയ്ക്ക് ധീരമായ നേതൃത്വം നല്കിയ പരിശുദ്ധ പിതാവിനെ ഒാർത്തു ദൈവത്തിനു നന്ദിപറയാം.

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വർഗത്തിലിരുന്നു മാർപാപ്പ നമുക്കുവേണ്ടി പ്രാർഥിക്കുമെന്നതിൽ സംശയമില്ല. കരുണയുടെയും പ്രത്യാശയുടെയും ആൾരൂപമായിരുന്ന ഫ്രാൻസിസ് മാർപാപ്പയെ കാരുണ്യവാനായ ദൈവം തന്റെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കുമാറാകട്ടെ!

മാർ റാഫേൽ തട്ടിൽ
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്
ഏപ്രിൽ 21, 2025