“കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ” എന്ന പോസ്റ്റിനു താഴെ കൃപാസനം പത്രത്തെയും ധ്യാനകേന്ദ്രങ്ങളിലെ രോഗശാന്തി ശുശ്രുഷകളെയും ചീത്ത വിളിച്ച് സഭയുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന ശരാശരി മലയാളിയുടെ നിലവാരത്തകർച്ചയ്ക്ക് ഒരു മറുപടി എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ഭൂമി സൂര്യനെ ചുറ്റുന്നു എന്ന വിഖ്യാതമായ കോപ്പർ നിക്കസ് തിയറിയുടെ വക്താവായിരുന്ന ഇറ്റലിയൻ ഭൗമനിരീക്ഷകൻ ഗലീലിയോയെ വീട്ടുതടങ്കലിലാക്കിയ ഇൻക്വിസിഷന്റെ ഇരുണ്ട കാലത്തെ പഴിക്കുമ്പോൾ തന്നെ ഓർമിക്കുക ചരിത്രത്തോടൊപ്പമാണ് സഭ വഴി നടന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രത്തോടുള്ള സമീപനത്തിൽ വികാസ പരിണാമങ്ങൾക്ക് വിധേയമായമായ കാഴ്ചപ്പാടുകളാണ് സഭ സ്വീകരിച്ചിട്ടുള്ളത്.

ശാസ്ത്രത്തോട് ആദരവും കണ്ടുപിടുത്തങ്ങളോട് തുറവിയും കാണിച്ചിട്ടുള്ള മതമാണ് ക്രൈസ്തവ മതം. യുക്തിയുടെ വെളിച്ചത്തിൽ വിശ്വാസത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ച മധ്യകാലഘട്ടത്തിലെ സ്കോളാസ്റ്റിസിസം പോലെയുള്ള ചിന്താധാരകൾ അങ്ങനെയാണ് രൂപപ്പെട്ടത്. തോമസ് അക്വിനാസ്, ഡൻസ് സ്കോട്ടസ്, ആൻസലേം തുടങ്ങിയ ചിന്തകരുടെ എഴുത്തിലൂടെയാണ് ക്രൈസ്തവ വിശ്വാസം മധ്യകാലഘട്ടത്തോട് സംവദിച്ചത്.
കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ലോകത്തിൽ മറ്റൊരു മതത്തിനും അവകാശപെടാൻ കഴിയാത്തത്രയും വലിയ സംഭാവനകൾ നൽകാൻ കത്തോലിക്ക സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത പ്രഗത്ഭരുടെ പട്ടികയിലെ പ്രമുഖരാണ് ലുയി പാസ്റ്ററും ഗ്രിഗറി മെന്റലും റെനെ ഡെക്കാർട്ടുമൊക്കെ.https://en.wikipedia.org/…/List_of_lay_Catholic_scientists
60000- കിടക്കകൾ
50000-നഴ്സുമാർ
10000- ഡോക്ടർമാർ
1000- കന്യാസ്ത്രീ ഡോക്ടർമാർ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി മെഡിക്കൽ കോളേജുകൾ ആയിരക്കണക്കിന് ആശുപത്രികൾ നിരവധി ഡിസ്പെൻസറികൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃഖലയാണ് CHAI അഥവാ Catholic Health Association of India( https://chai-india.org/). ഗ്രാമീണ ജനങ്ങൾക്കും സാധാരണക്കാർക്കും ഏറ്റവും വേഗത്തിൽ സമീപിക്കാവുന്ന ആരോഗ്യ രംഗത്തെ ഏറ്റവും ചെറിയ ഡിസ്പെൻസറി സംവിധാനം മുതൽ ചിലവ് കുറഞ്ഞ മിഷൻ ആശുപത്രികളും മെഡിക്കൽ കോളേജുകളും വരെ നടത്തുന്നത് കത്തോലിക്ക സഭയാണ് എന്ന് ഓർമിപ്പിക്കുന്നു.
രോഗം വന്നാൽ ചികിൽസിക്കണമെന്നും മരുന്ന് കഴിക്കണമെന്നും നിർദേശിക്കുമ്പോൾ തന്നെ പ്രാർത്ഥനയുടെ അത്ഭുതകരമായ ശക്തിയിലും വിശ്വസിക്കുന്നവരാണ് കാത്തോലിക്കർ. ഒരു കത്തോലിക്കാ ആശുപത്രിയുടെ http://www.karuvanchalstjosephshospital.in/ പരസ്യവാചകം ശ്രദ്ധിക്കാൻ ഇടയായി, “We treat God heals”എന്നായിരുന്നു അത്. ഡോക്ടർ ചികിത്സാ വിധികൾ നിർദ്ദേശിക്കുമ്പോൾ പക്ഷെ സൗഖ്യം നൽകുന്നത് ദൈവമാണ് എന്ന് ബോധ്യപ്പെടുത്തുന്ന പരസ്യം.

ഫെബ്രുവരി 14 ആം തിയ്യതി ശ്വാസതടസത്തെ തുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പ്രഗത്ഭരായ ഡോക്ടർമാരാണ്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകണമെന്ന മാർപ്പാപ്പയുടെ ആഗ്രഹത്തിന്റെ ഭാഗമായാണ് എല്ലാ ദിവസവും ഹോസ്പിറ്റൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുന്നത്. ആഗോള സഭയുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പ രോഗകിടക്കയിലായിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപെടുന്നത് ശാസ്ത്ര അവബോധം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് ഔഷധങ്ങളോടൊപ്പം കലർത്തുന്ന പ്രാർത്ഥനകൾ തീർച്ചയായും രോഗിക്ക് ആശ്വാസം പകരുമെന്ന പ്രത്യാശ കൂടിയാണ്.


ഫാ. ജോബിൻ വലിയപറമ്പിൽ,