……………………………………..

ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യന്മാരുടെയും ആദിമസഭയിലെ വിശുദ്ധന്മാരുടെയും പാദസ്പര്‍ശമേറ്റ ഏഷ്യാമൈനറിലെ സഭകൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്. പഴയ കോൺസ്റ്റാൻ്റിനോപ്പിളിൽ നിന്ന് (Istanbul) തുടങ്ങിയ യാത്ര പെര്‍ഗമവും സ്മിര്‍ണയും എഫേസോസും കടന്നു. ലവോദിക്യയാണ് അടുത്ത ലക്ഷ്യം. അതിനു ശേഷം ഫിലദല്‍ഫിയ, സാര്‍ദിസ്, ഒടുവിൽ തയിത്തീറയിലും എത്തിച്ചേരണം.

വാസ്തവത്തില്‍ ഇവിടങ്ങളിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. വെളിപാടു പുസ്തകത്തില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ എന്നതില്‍ കവിഞ്ഞ് യാതൊരു പ്രസക്തിയും ഈ സ്ഥലങ്ങള്‍ക്ക് ഇന്നില്ല. പലതിൻ്റെയും പേരുകൾ മാറിയിരിക്കുന്നു. പഴയ പട്ടണാവശിഷ്ടങ്ങൾ പുതിയ നഗരങ്ങളുടെ ഒരു ഭാഗത്തു “പഴയ സിറ്റി” (Old City) എന്ന പേരിൽ വേലികെട്ടി വേര്‍തിരിച്ചിട്ടുണ്ട്. സഞ്ചാരികളായി ആരുമെത്തിയില്ലെങ്കിൽ തികച്ചും വിജനമായിരിക്കും ഈ സ്ഥലങ്ങൾ.

പൗരാണിക ക്രൈസ്തവ ദേവാലയങ്ങളുടെയും റോമൻ ക്ഷേത്രങ്ങളുടെയും യഹൂദ സിനഗോഗുകളുടെയും പേരും ചരിത്രവും എഴുതിവച്ചിരിക്കുന്ന ഫലകങ്ങൾ പഴയ പട്ടണങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്ര വസ്തുതകളെ സാധൂകരിക്കാൻ ബൈബിളിൽ നിന്നുള്ള ഭാഗങ്ങളും ചരിത്രവിവരണങ്ങളും അവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശേഷപ്പെട്ട കൊത്തുപണികളുള്ള മാർബിൾ തൂണുകൾ വീണുതകർന്ന് ചിന്നിച്ചിതറി കിടക്കുന്നത് എല്ലായിടത്തെയും പതിവു കാഴ്ചയാണ്. ഒരു കാലഘട്ടത്തില്‍ തീഷ്ണമതികളായ ക്രൈസ്തവര്‍ സത്യവിശ്വാസം പ്രഖ്യാപിച്ച് ഒത്തുകൂടിയ ദേവാലയങ്ങളുടെ അവശിഷ്ട ഭാഗങ്ങൾ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്; ഈ അവശിഷ്ടങ്ങളിൽ പലതിലും കുരിശാകൃതിയിലുള്ള സ്നാനക്കുളവും മദ്ബഹായും പ്രസംഗപീഠവുമെല്ലാം സംരക്ഷിച്ചിട്ടുണ്ട്.

ബൈബിളില്‍ പേരെടുത്തു പറയുന്ന ഏഷ്യാമൈനറിലെ പ്രമുഖ സഭകളുടെയെല്ലാം സ്ഥാനത്ത് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത് മോസ്കുകളാണ്. തിയോടോക്കസിന്‍റെയും (Theotokos) ക്രൈസ്റ്റ് പാൻ്റോക്രാത്തറിന്‍റെയും (Christ Pantocrator) മൊസൈക് ചിത്രങ്ങള്‍ പതിച്ചിരിക്കുന്ന ദേവാലയങ്ങളില്‍നിന്നും വാങ്കുവിളികൾ (Adhan) ഉയർന്നു കേള്‍ക്കുമ്പോള്‍ നമുക്കനുഭവപ്പെടുന്ന ആശങ്കയും ആശയക്കുഴപ്പവും വിവരണാതീതമാണ്. ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും കൂടിച്ചേര്‍ന്ന് ഒരു “സങ്കരമതം” ഉണ്ടായോ എന്നു തോന്നിപ്പോകും!

♦️യോഹന്നാനും പൗലോസും സ്ഥാപിച്ചസഭകള്‍ ഇല്ലാതായതിനു പിന്നിൽ ?

മെഡിറ്ററേനിയന്‍ സമതലങ്ങളില്‍ ഇസ്ലാം ശക്തിപ്രാപിച്ചതോടെ ക്രൈസ്തവ സഭയ്ക്ക് എന്തു സംഭവിച്ചു എന്ന് “Christian Martyrs Under Islam” എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്ളാമിക അധിനിവേശത്തിൻ്റെ ദൃക്സാക്ഷി വിവരണം നൽകിയ വ്യക്തികളിൽ ഒരാളാണ് സുറിയാനി സഭയിലെ സന്യാസിയായിരുന്ന Joshua the Stylite. പേർഷ്യൻ, ബൈസാൻ്റിയൻ സാമ്രാജ്യത്തിലെ മതസംഘർഷങ്ങളുടെ വിശ്വസനീയമായ ചരിത്രമാണ് ജോഷ്വാ സ്റ്റൈലിറ്റ് നൽകുന്നത്. ഇതു ചരിത്രകാരന്മാർ ഒരു പോലെ അംഗീകരിക്കുന്ന കാര്യമാണ്. അദ്ദേഹത്തിൻ്റെ Zuqnin Chronicle എന്ന ഗ്രന്ഥത്തിൽ ഇസ്ളാമിക അധിനിവേശത്തിൻ്റെ നേർചിത്രം വിവരിക്കുന്നതായി Princeton, Oxford University കൾ പ്രസിദ്ധീകരിച്ച “Christian Martyrs Under Islam” എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു. മതപരമായി വലിയ മാറ്റങ്ങൾ ഉണ്ടായ എട്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനർ, മധ്യപൗരസ്ത്യ ദേശങ്ങൾ എന്നിവിടങ്ങളിലെ “ക്രൈസ്തവ സഭയിൽ നിന്ന് ഇസ്ളാമിലേക്കു” മാത്രമേ (from the church to the mosque) മതപരിവർത്തനം ഉണ്ടായിട്ടുള്ളൂ എന്നും ഈ ഗ്രന്ഥം വിവരിക്കുന്നു.

ഇസ്ളാമിലെ മൂന്നാം ഖലീഫറ്റായ അബ്ബാസിദ ഖലീഫറ്റിൻ്റെ കാലത്ത് (AD 566–653) ക്രൈസ്തവർക്ക് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളും ഇസ്ളാമിക നിയപ്രകാരം അടിച്ചേൽപ്പിച്ച കടുത്ത നികുതിയും (jizyah) കാരണം ജനങ്ങൾ ഇസ്ളാമതം സ്വീകരിക്കാൻ നിർബന്ധിതരായതിൻ്റെ ദൃക്സാക്ഷി വിവരണമാണ് Joshua the Stylite നൽകുന്നത്. “ആട്ടിൻ കൂട്ടം വെള്ളത്തിങ്കലേക്ക് കുതിക്കുന്നതിനേക്കാൾ വേഗത്തിൽ ഇരുപതും മുപ്പതും നൂറും ഇരുനൂറും മുന്നൂറും പേരുള്ള സംഘങ്ങളായി ക്രൈസ്തവർ ഇസ്ളാമതം സ്വീകരിക്കുമായിരുന്നു. അവർ ക്രിസ്തുവിനെയും സ്നാനത്തേയും വിശുദ്ധ കുർബാനയേയും കുരിശിനേയും തള്ളിപ്പറയാൻ നിർബന്ധിതരായിരുന്നു. യുവാക്കൾ മാത്രമല്ല, പ്രായമുള്ളവരും നിരവധി സീനിയർ വൈദികരും അസംഖ്യം ഡീക്കന്മാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു” (Christian Martyrs Under Islam – religious violence and the making of the Muslim world – Chapter 1, Converting to Islam and returning to Christianity, page 29 by Christian C Sahner, Princeton University Press, Princeton & Oxford).

നൂറ്റാണ്ടുകളായി നേരിട്ട ക്രൂരമായ പീഡനം സഹിച്ചും1914 -ല്‍ പോലും 25% ക്രൈസ്തവർ തുർക്കിയിൽ ഉണ്ടായിരുന്നു. എന്നാൽ വെറും 13 വർഷങ്ങൾക്കു ശേഷം, 1927-ല്‍ ഇത് 2% ആയി കുറഞ്ഞു! ഇപ്പോള്‍ അര ശതമാനത്തിലും താഴെയാണ് ഏഷ്യാമൈനറിലെ ക്രൈസ്തവരുടെ എണ്ണം.

♦️തുർക്കിയിൽ ക്രൈസ്തവർഇല്ലാതായതിനു പിന്നിൽ ?

അര്‍മീനിയന്‍ വംശഹത്യ, ഗ്രീക്ക് വംശഹത്യ, അസ്സീറിയന്‍ വംശഹത്യ എന്നിവയിലൂടെ ലക്ഷക്കണക്കിന് ക്രൈസ്തവര്‍ ഇവിടെ അതിവിശുദ്ധ വിശ്വാസത്തിനുവേണ്ടി കൊലചെയ്യപ്പെട്ടു. കൂടാതെ, ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്കും ഇന്ത്യയിലെ മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതുപോലെ ഗ്രീസും തുര്‍ക്കിയും തമ്മിലുണ്ടായ ഉടമ്പടി പ്രകാരം (Population exchange between Greece and Turkey) തുര്‍ക്കിയില്‍നിന്ന് ഇരുപതുലക്ഷത്തോളം ക്രൈസ്തവരെയാണ് ഗ്രീസിനു കൈമാറിയത്. പകരം നാലുലക്ഷത്തോളം മുസ്ലിംകളെ ഗ്രീസില്‍നിന്ന് തുര്‍ക്കിയിലേക്കും കൈമാറി. ഇതോടെ തുര്‍ക്കിയിലെ ക്രൈസ്തവകേന്ദ്രങ്ങളെല്ലാം ശൂന്യമാവുകയും മുഹമ്മദീയര്‍ കൂട്ടമായി എത്തിച്ചേരുകയും ചെയ്തു. 1914 നും 1927 നും ഇടയിലാണ് തുർക്കിയിൽ നിന്നും ക്രൈസ്തവ സമൂഹം പൂർണ്ണമായി അപ്രത്യക്ഷമായത്.

വെളിപാടു പുസ്തകത്തിൽ “വിജയംവരിക്കുന്നവർക്കു” ലഭിക്കുന്ന പാരിതോഷികങ്ങൾ കാണാം. ഏഷ്യാമൈനറിലെ സഭയിലെ ഭക്തന്മാരിൽ മഹാഭൂരിപക്ഷവും വിജയംവരിച്ചവരായിരുന്നു. രക്തസാക്ഷി മകുടം ചൂടിയ അവരെല്ലാം വലിയ ഞെരുക്കത്തിലൂടെ കടന്ന് ”കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവരാണ്”. (വെളിപാട്‌ 7:14). അവരെല്ലാം ദൈവ സിംഹാസനത്തിന് ചുറ്റിലുമുണ്ട്. തങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിച്ച് രക്തസാക്ഷിത്വംകൊണ്ടു ജീവിതത്തെ യഥാര്‍ഥ ആരാധനയായി (റോമാ 12 :1) അവർ അർപ്പിച്ചു.

♦️ഏഷ്യാമൈനർ സഭകളുടെ ശൂന്യാവസ്ഥഇനിയെത്ര കാലം ?

ദാര്യാവേശിന്‍റെ ഭരണത്തിന്‍റെ ഒന്നാമാണ്ടില്‍ ജെറമിയായുടെ പുസ്തകത്തില്‍നിന്ന് യെരുശലേമിന്‍റെ ശൂന്യാവസ്ഥ എഴുപത് വര്‍ഷങ്ങളായിരിക്കുമെന്ന് ദാനിയേല്‍ കണ്ടെത്തി (9:1-5). ഇപ്രകാരം ഏഷ്യാമൈനറിലെ സഭകളും ഒരു ശൂന്യാവസ്ഥയിലൂടെ ഇന്നു കടന്നുപോവുകയാണെന്നു കരുതാം. ഇത് എത്രകാലമായിരിക്കും എന്ന് തിരുവചനത്തില്‍ എവിടെയും രേഖപ്പെടുത്തിയതായി കാണാനില്ല. ഈ ശൂന്യാവസ്ഥ രൂപപ്പെടുവാന്‍ തക്കവിധം വംശഹത്യകളും ജനകൈമാറ്റങ്ങളുമെല്ലാം സംഭവിച്ചത് ഒന്നാം ലോകയുദ്ധത്തിനു ശേഷമായിരുന്നു. പരിശുദ്ധാത്മാവ് ഈ ശൂന്യത്തിന്മേല്‍ പ്രവര്‍ത്തിച്ച് കാലസമ്പൂര്‍ണ്ണതയില്‍ ഏഷ്യാമൈനറിനെയും ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ നിറയ്ക്കുമെന്ന് പ്രത്യാശിക്കുന്നു.

♦️തോമായുടെ സഭകളുടെഭാവിയെന്ത് ?

ക്രിസ്തുശിഷ്യനായ തോമാസ്ളീഹാ കേരളത്തില്‍ ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു എന്നാണ് ചരിത്രം. പാലയൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടക്കാവ്, കോക്കമംഗലം, നിരണം, നിലക്കല്‍, കൊല്ലം എന്നിങ്ങനെ ഏഴിടത്തും ഇന്ന് സഭകളുണ്ട്. ഇവയ്ക്ക് പുറമേ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് പള്ളിയെക്കൂടി ചേർത്ത് ഏഴര പള്ളികൾ എന്ന് വിളിക്കുന്നു. ‘കെട്ടിടം’ എന്ന അർത്ഥത്തിലല്ല സഭാ സമൂഹങ്ങൾ എന്നാണ് “പളളികൾ” എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്.

ഇതെഴുതുമ്പോള്‍ കേരളസഭയിലെ സ്ഥിതി ആശങ്കാജനകമാണ്. 15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ആഗമനത്തോടെ ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇന്നും ഗുരുതരമായി നിലനിൽക്കുന്നു. സഭയുടെ ശത്രുക്കൾ പലനിലയിലും തങ്ങളെ വലയം ചെയ്തിരിക്കുന്നു എന്ന വസ്തുത വ്യക്തമായിട്ടും പള്ളിപിടുത്തവും കുര്‍ബാന തര്‍ക്കവുമായി സഭകള്‍ പോരടിക്കുന്നു. ഇനിയൊരു നൂറുവര്‍ഷംകൂടി ഈ സഭകൾ ഈ ദേശത്ത് കാണുമോ? ജനസംഖ്യ ചുരുങ്ങുന്നതും വിദേശ കുടിയേറ്റവും വിശ്വാസം ഉപേക്ഷിച്ചു പോകുന്നവരും എല്ലാം സഭയെ ദുർബലയാക്കുന്നു. ഇതിൻ്റെ കൂടെ പുരോഹിതനേതൃത്വത്തിൽ ഉരുണ്ടുകൂടുന്ന സംഘർഷങ്ങൾ കൂടി ശക്തമാകുമ്പോൾ തോമായുടെ സഭകളുടെ ഭാവി ആശങ്കാജനകമാണ്. എങ്കിലും “ഞാന്‍ എന്റെ സഭയെ പണിയും; നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്നു പ്രഖ്യാപിച്ചവൻ തന്നെ യോഹന്നാൻ്റെ തളർന്നു പോയ സഭകളെ എഴുന്നേൽപ്പിക്കുകയും തോമായുടെ ദുർബലമായിക്കൊണ്ടിരിക്കുന്ന സഭകളെ ബലപ്പെടുത്തുകയും ചെയ്യട്ടെ (തുടരും)

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്