മനുഷ്യ ജീവനും കുടുംബവും സഭയും ,
——————————————————————————
ഇന്നത്തെ ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്. ഏറ്റവും കൂടുതൽ കൗൺസിൽ സെന്റുകളും ധ്യാനകേന്ദ്രങ്ങളും സ്വന്തമായിട്ടുള്ള നമ്മുടെ സഭയിലും നമ്മുടെ കുടുംബങ്ങളിലും എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു?…. എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
കുടുംബബന്ധങ്ങൾ
—————————————–
കുടുംബബന്ധങ്ങളിൽ മുൻപൊന്നും ഇല്ലാത്തവിധത്തിൽ വിള്ളലുകൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.ഭാര്യാ ഭർതൃ ബന്ധത്തിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളലുകളാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അനേകം മാതാപിതാക്കൾ ഈ ലേഖകനുമായി സംസാരിക്കുമ്പോൾ കരഞ്ഞുകൊണ്ട് പങ്കുവെക്കുന്ന ഒരു കാര്യം എന്റെ മകൾ അന്യസമുദായത്തിലുള്ള പയ്യനുമായി അടുപ്പത്തിലാണ് അല്ലെങ്കിൽ മകൾ അന്യ സമുദായത്തിലുള്ള പയ്യനുമായി വിവാഹം ചെയ്ത് താമസിക്കുന്നു എന്നിങ്ങനെയുള്ള സങ്കടങ്ങളാണ് പലർക്കും പങ്കുവെക്കാനുള്ളത്. ഇതിന്റെയൊക്കെ മുഖ്യ കാരണമായിട്ട് ലേഖകൻ മനസ്സിലാക്കുന്നത് കുടുംബങ്ങളിലുള്ള മക്കളുടെ കുറവു തന്നെയാണ്.
സഭയിൽ ജനസംഖ്യ കുറയുന്നു
———————————————————-
കൂടുതൽ മക്കളുള്ള കുടുംബങ്ങളിൽ സഹോദരങ്ങൾ തമ്മിൽ ഒരു പങ്കുവെയ്ക്കൽ നടക്കും. അവർക്ക് പരസ്പരം തുറന്നു സംസാരിക്കാനും അനുദിന വിഷയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തുറന്ന് പറയുവാനും സാധിക്കും. ഇന്ന് നമുക്ക് പറ്റിയിട്ടുള്ള ഏറ്റവും വലിയ ഒരു വിപത്ത് കൂടുതൽ മക്കൾക്ക് ജന്മം കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കളെയാണ്. ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ അവരുടെ അനുദിന പ്രശ്നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കളുടെ ജോലിത്തിരക്കിനിടയിൽ സാധിക്കാതെ വരുമ്പോൾ കേൾക്കാൻ തയ്യാറുള്ളവന്റെ അരികിലേക്ക് നമ്മുടെ പെൺകുട്ടികൾ കടന്ന് ചെല്ലും. പക്ഷെ പലപ്പോഴും ചതിക്കുഴിയിലാണ് അവർവീണ് പോകുന്നതെന്നറിയുമ്പോഴേക്കും സമയം കടന്ന് പോയിട്ടുണ്ടാകും.
അബോർഷൻ
————————————————–
നമ്മുടെ ഇടയിലെ മറ്റൊന്നാണ് അബോർഷൻ. എത്രയോ കുഞ്ഞുങ്ങളാണ് അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ കൊലചെയ്യപ്പെടുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ സൺഡേ സ്ക്കൂൾ ക്ലാസ്സുകളിൽ ഈ വിഷയങ്ങളിൽ കുഞ്ഞുങ്ങളിൽ അവബോധം വളർത്തേണ്ടതല്ലെ? സഭാസംവിധാനത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടലുകൾ വേണം.ഭക്തസംഘടനകളിൽ ആലോചന ആവശ്യമാണ്.
ഒറ്റപ്പെടുന്ന വാർധക്യം
—————————————————
ഇതേ പോലെ തന്നെ പ്രായമായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലും വാർദ്ധക്യത്തിൽ മക്കളിൽ നിന്നും നേരിടേണ്ടി വരുന്ന പീഠനങ്ങളും. പത്രമാധ്യമങ്ങളിലൂടെ ദിവസേനയെന്നോണം നമ്മൾ ഇത് കാണുന്നില്ലെ? നിരാശരായവർ ആത്മഹത്യാ പ്രവണത കാണിക്കുന്നു. ഇപ്രകാരം കുടുംബ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തകർച്ചകളിൽ സഭ കൂടുതൽ ക്രൈസ്തവ മൂല്യം ഉൾക്കൊണ്ട് ഇങ്ങനെയുള്ള കുടുംബങ്ങളുടെ രക്ഷകരായി മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.
നിലവിൽ ഈ രംഗത്ത് നമ്മുടെ സഭാസംവിധാനം കൂടുതൽ സജീവമാകണം.നമ്മുടെ സംഭാസംവിധാനങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സംഭവിച്ച പോലെ സഭയുടേയും കൃസ്തീയ കുടുംബങ്ങളുടെയും തകർച്ചയായിരിക്കും ഭാവിയിൽ നാം കാണാൻ പോകുന്ന വലിയ ഒരു വിപത്ത്.
നമ്മുടെ കൃസ്തീയ വിശ്വാസികൾ ഏറ്റവും കൂടുതൽ ജോലിയെടുക്കുന്ന കാർഷിക -മത്സ്യമേഖലകളിലും സഭ കൂടുതൽ ശക്തമായി ഇടപേടേണ്ടതുണ്ട്. അങ്ങനെ ഈ മേഖലകളിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. സഭയും കുടുംബങ്ങളും കൈ കോർത്ത് പിടിച്ച് കൊണ്ട് വരാനിരിക്കുന്ന വിപത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാം. അതിനായിട്ട് നമുക്ക് പ്രാർത്ഥിക്കാം.
ജോസ് പാറേക്കാട്ടിൽ.