ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ വൈദികനുമായി ബന്ധപ്പെട്ട് രൂപതാധികൃതർ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലെ ഉദാഹരണം.
മറ്റേതൊരു സംവിധാനത്തിലും എന്നതുപോലെതന്നെ, നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു അംഗം എന്ന നിലയിൽ ഏതൊരു കത്തോലിക്കാ വൈദികനും സ്വാഭാവികമായി നേരിട്ടേക്കാവുന്ന നടപടികൾ മാത്രമാണ് ഫാ. അജി പുതിയാപറമ്പിലുമായി ബന്ധപ്പെട്ടും ഉണ്ടായിരിക്കുന്നത്. എന്നാൽ, “സഭാ കോടതി” എന്ന സാങ്കേതിക പദത്തെ തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുകവഴി പൊതുസമൂഹത്തിൽ വലിയ ആശയക്കുഴപ്പമാണ് ചില മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.
വൈദിക വൃത്തിയിൽ തുടരാൻ കഴിയാത്തപക്ഷം അതിൽനിന്ന് വിമുക്തമാക്കി സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക എന്ന നടപടിയ്ക്കപ്പുറം മറ്റൊന്നും ഇക്കാര്യത്തിൽ സഭയ്ക്ക് ചെയ്യാനില്ല.രൂപതാധ്യക്ഷനായ മെത്രാന് വിധേയപ്പെട്ട് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു വൈദികൻ തനിക്ക് തോന്നിയതുപോലെ ജീവിക്കാൻ തീരുമാനിച്ചാൽ മാനുഷികമായി അതിൽ തെറ്റ് കാണാൻ ചിലർക്ക് കഴിഞ്ഞെന്നു വരില്ല.
ഒരു വ്യക്തി എന്ന നിലയിൽ ചിന്തിച്ചാൽ അയാൾക്ക് അതിനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ട് താനും. എന്നാൽ, കത്തോലിക്കാ സഭയിൽ ഒരു വൈദികൻ ആയിരിക്കുന്നിടത്തോളം അവിടെ ചില നിയന്ത്രണങ്ങൾ ബാധകമാണ്. എന്നാൽ, ഒരുവൻ വിഭാവനം ചെയ്യുന്ന പൂർണ്ണ സ്വാതന്ത്ര്യത്തോടെ തുടർന്നും ജീവിക്കാനാണ് തീരുമാനമെങ്കിൽ വൈദിക പദവിയിൽനിന്ന് അയാളെ സ്വതന്ത്രനാക്കാൻ സഭയ്ക്ക് കഴിയും. അതിനപ്പുറമുള്ള കടുത്ത ശിക്ഷാ നടപടികൾ ലക്ഷ്യം വച്ചാണ് സഭാ കോടതിയുടെ രൂപീകരണം എന്ന, സാമാന്യയുക്തിക്ക് നിരക്കാത്ത ധ്വനി ചില മാധ്യമങ്ങൾ റിപ്പോർട്ടുകളിൽ നൽകിയത് തികഞ്ഞ അബദ്ധമാണ്.
മാധ്യമ സ്ഥാപനങ്ങളും മറ്റ് തൊഴിൽ – സേവന മേഖലകളും തുടങ്ങി എവിടെയും, നിയമങ്ങൾ തീരെയും പാലിക്കാൻ കഴിയാത്ത വ്യക്തികളെ ഒരു പരിധിക്കപ്പുറം തുടരാൻ അനുവദിക്കാൻ മേലധികാരികൾക്ക് കഴിയില്ല എന്നതിൽ ആർക്കും സംശയമുണ്ടായിരിക്കാൻ ഇടയില്ല.
പൗരോഹിത്യം, സന്യാസം തുടങ്ങിയവ ഒരു സേവന മേഖല എന്നതിനതീതമായി മരണം വരേയ്ക്ക് ഒരാൾ സ്വയം തെരഞ്ഞെടുക്കുന്ന ജീവിതക്രമം കൂടി ആയതിനാൽ നടപടികൾ ആവശ്യം വരുന്നപക്ഷം കൂടുതൽ സങ്കീർണ്ണത അതിനുണ്ട്. എന്നാൽ, പ്രസ്തുത വ്യക്തിയുടെ നന്മയാണ് ആ നടപടിക്രമങ്ങളിൽ ഉടനീളം മുഖ്യമായും പരിഗണിക്കുക. മനുഷ്യത്വരഹിതമായ അടിച്ചേൽപ്പിക്കലുകളിലേക്കല്ല, ഏറ്റവും ഉചിതമായ തീരുമാനങ്ങളിലേക്കാണ് ഉത്തരവാദിത്വപ്പെട്ടവർ ഒടുവിൽ എത്തിച്ചേരുക.
സന്യാസത്തിലോ പൗരോഹിത്യത്തിനലോ തുടരാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുന്ന പക്ഷം അതിനുള്ള അവസരം തീർച്ചയായും ഉണ്ടായിരിക്കും. എന്നാൽ, ഇത്തരം വാസ്തവങ്ങളെ പൂർണ്ണമായും മറച്ചുവച്ചുകൊണ്ടുള്ള വിവരങ്ങളാണ് ചില മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിൽ നടത്തിയത്. ഒരുപക്ഷെ അറിവില്ലായ്മയായിരിക്കാം കാരണം. എന്നാൽ, ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കണം ഉത്തരവാദിത്തബോധമുള്ള മാധ്യമപ്രവർത്തകർ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അതേസ്ഥാനത്ത് ചിലർ പുലർത്തിവരുന്ന കുറ്റകരമായ അലംഭാവം നീതീകരിക്കാനാവാത്തതാണ്.
വിവിധ വിഷയങ്ങളിൽ അതത് സമയങ്ങളിൽ വ്യക്തമായ വിശദീകരണങ്ങൾ സഭ ഔദ്യോഗികമായി നൽകുന്നെങ്കിലും, അത് പരിഗണിക്കാതെ സ്വന്തമായ ആഖ്യാനങ്ങൾ നൽകി തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന പ്രവണതയും ചില അവസരങ്ങളിൽ ദൃശ്യമാണ്. ഇടുക്കി രൂപതാംഗമായ ഒരു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചതും, തുടർന്നുണ്ടായ രൂപതാ നടപടികളും ചില മാധ്യമങ്ങൾ സമാനമായ രീതിയിൽ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുകയുണ്ടായിരുന്നു.
കാനൻ നിയമപ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ഒരു വൈദികനില്ല. അതിനാൽത്തന്നെ അത്തരമുള്ള സാഹചര്യങ്ങളിൽ നിലവിലുള്ള ഉത്തരവാദിത്തങ്ങളിൽനിന്ന് താൽക്കാലികമായി മാറ്റി നിർത്തുക എന്നുള്ളത് സ്വാഭാവികമായ നടപടി മാത്രമാണ്. വിഭാഗീയതകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുമിച്ചു കാണുവാനും, സഹവർത്തിത്വത്തിന്റെ കാവലാളാകുവാനുമുള്ള ദൗത്യമാണ് ഒരു കത്തോലിക്കാ വൈദികനുള്ളത് എന്ന കാരണത്താലാണ് അത്.
വത്തിക്കാനിൽ നടന്നുവരുന്ന ആഗോള സിനഡുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ട് അഭ്യർത്ഥിച്ചത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അവാസ്തവങ്ങളാണ് സിനഡുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
ഇത്തരത്തിൽ തുടരെത്തുടരെ കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റിദ്ധാരണങ്ങൾ പ്രചരിപ്പിക്കുകയും സഭയുടെയും സഭാധികാരികളുടെയും പ്രതിച്ഛായ കളങ്കപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന നീക്കങ്ങൾ അംഗീകരിക്കാനാവുന്നതല്ല. ആവശ്യമായ തിരുത്തലുകൾ വരുത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണം
The Vigilant Catholic