ദിവ്യകാരുണ്യ വിചാരങ്ങൾ 2

എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം

2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട കാൽഡിയൻ കത്താലിക്കാ സഭയിലെ വൈദീകൻ ഫാ. റഘീദ് അസീസ് ഗാനി, 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിൽ താൻ ജീവിതത്തിൽ അനുഭവിച്ച ചില ദിവ്യകാരുണ്യ സത്യങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു:

HOLT MASS

“ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം പക്ഷേ ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരു പക്ഷേ ഞങ്ങളുടെ ജീവൻ അവർ എടുത്തേക്കാം പക്ഷേ വിശുദ്ധ കുർബാന അതു ഞങ്ങൾക്കു തിരിച്ചു തരും. ഭയവും ആകുലതയും നിറഞ്ഞ ദിവസങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ വിശുദ്ധ കുർബാന കൈകളിലെടുത്ത് ഈശോയെ നോക്കി ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു പറയുമ്പോൾ എന്നിൽ ഒരു വലിയ ശക്തി ഞാൻ അനുഭവിക്കുന്നു. ഞാൻ തിരുവോസ്തി എന്റെ കൈകളിൽ പിടിക്കുമ്പോൾ യാർത്ഥത്തിൽ ഈശോ എന്നെയും നിങ്ങളെയും അവന്റെ സംരക്ഷിക്കുന്ന കരങ്ങളിൽ, നമ്മളെ ഒന്നിപ്പിക്കുന്ന അതിർത്തികളില്ലാത്ത സ്നേഹത്തിൻ ചേർത്തു പിടിക്കുകയാണ്.”

ദിവ്യകാരുണ്യം ആത്മാവിനും ശരീരത്തിനും ശക്തിപകരുന്ന ഭക്ഷണമാണ് അത് സ്വീകരിക്കുന്ന നാം ഈശോയോടു ഒന്നായിത്തീരുകയും ഈശോ നമ്മിൽ വാസമുറപ്പിക്കുകയും ചെയ്യും.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ ഫലങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ദിവ്യകാരുണ്യസ്വീകരണം ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യം വളർത്തുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്റെ പ്രധാന ഫലം യേശുക്രിസ്തുവുമായുള്ള ഉറ്റ ബന്ധമാണ്. യഥാർഥത്തിൽ കർത്താവു പറഞ്ഞു: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും.” ക്രിസ്തുവിലുള്ള ജീവന്റെ അടിസ്ഥാനം ദിവ്യകാരുണ്യ വിരുന്നാണ്. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും.” (CCC: 1391)

മനുഷ്യൻ്റെ ജീവനു വേണ്ടി സ്വജീവിതം സമർപ്പിച്ചവനാണ് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമ്മിലേക്ക് എത്തുന്നത് എന്ന് ബോധ്യം ഓരോ വിശ്വാസിക്കും ഉണ്ടാകുമ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ വീണ്ടും തേടിവരുകയും ചെയ്യും.

ഫാ. ജയ്സൺ കുന്നേൽ mcbs