ദിവ്യകാരുണ്യ വിചാരങ്ങൾ 1

ഈ അതുല്യ അവസരം പാഴാക്കരുത്…

കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നിധിയായ വിശുദ്ധ കുർബാനയിൽ ഈശോ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1374 നമ്പറിൽ ” ഏറ്റവും പരിശുദ്ധ കൂദാശയായ വിശുദ്ധ കുർബാനയിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും, ആത്മമാവോടും ദൈവീകതയോടും കൂടി സത്യമായും യഥാർത്ഥമായും സത്താപരമായും അങ്ങനെ ക്രിസ്തു മുഴുവനിലും അടങ്ങിയിരിക്കുന്നു.” വിശുദ്ധ കുർബാന സ്വീകരണ വേളയിൽ നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യം ഉടനടി അവസാനിക്കുന്നില്ല എന്നും സഭ പഠിപ്പിക്കുന്നു. ” ക്രിസ്തുവിൻ്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശ കർമ്മത്തിൻ്റെ നിമിഷം മുതൽ തുടങ്ങുകയും ദിവ്യകാരുണ്യ സാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അതു തുടരുകയും ചെയ്യുന്നു. സാദൃശങ്ങളിൽ ഓരോന്നിലും ക്രിസ്തു പൂർണമായും സമഗ്രമായും സന്നിഹിതനാണ്. ” (CCC 1377)

ദിവ്യകാരുണ്യം ഉൾക്കൊള്ളുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്?

എത്ര നേരം ഈശോയുടെ ദിവ്യകാരുണ്യസാന്നിധ്യം നമ്മൽ നിലനിൽക്കും?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തിലുടെ നമുക്കു എളുപ്പം മനസ്സിലാക്കാം. ഒരു ദിവസം ഫിലിപ്പ് നേരി വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒരാൾ വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ ദൈവാലയത്തിൽ നിന്നു പുറത്തേക്കു പോകുന്നതു വിശുദ്ധൻ ശ്രദ്ധിച്ചു.

ആ മനുഷ്യനു തന്റെ ഉള്ളിൽ വന്ന ഈശോയോടു യാതൊരു പരിഗണനയും ഇല്ലെന്നു മനസ്സിലാക്കിയ ഫിലിപ്പ് നേരി കത്തിച്ച മെഴുകുതിരികളുമായി രണ്ട് അൾത്താര ബാലന്മാരെ ദൈവാലയത്തിൽ നിന്ന് പുറത്ത് ഇറങ്ങിയ മനുഷ്യൻ്റെ പക്കലേക്ക് അയച്ചു.

റോമിലെ തെരുവീഥികളിലൂടെ നടന്നു പോയ ആ വ്യക്തിയുടെ ഇരുവശങ്ങളിലുമായി അൾത്താര ബാലന്മാർ നടന്നു. അൾത്താര ബാലന്മാർ തിരികെ പോകില്ലന്നു മനസ്സിലാക്കിയ അദേഹം പള്ളിയിലേക്ക് തിരികെ മടങ്ങി, അൾത്താര ബാലന്മാരെ അയച്ചത് എന്തിനാണെന്ന് ഫിലിപ്പ് നേരിയോട് ചോദിച്ചു.

HOLY MASS 2

വിശുദ്ധൻ്റെ മറുപടി ഇപ്രകാരമായിരുന്നു. “താങ്കൾ താങ്കളോടൊപ്പം കൊണ്ടുപോകുന്ന നമ്മുടെ കർത്താവിന് ഉചിതമായ ബഹുമാനം നൽകണം. താങ്കൾ കുർബാന സ്വീകരണശേഷം അവനെ ആരാധിക്കാതെ പുറത്തേക്കു പോയതിനാൽ, താങ്കളുടെ ഉള്ളിൽ വസിക്കുന്ന ഈശോയെ ആരാധിക്കാൽ താങ്കളുടെ സ്ഥാനത്ത് രണ്ട് അൾത്താര ബാലന്മാരെ ഞാൻ അയച്ചു. “ഫിലിപ്പിൻ്റെ ഈ പ്രതികരണത്തിൽ സ്തംഭിച്ചുപോയ ആ മനുഷ്യൻ അന്നു മുതൽ വിശുദ്ധ കുർബാന സ്വീകരണ ശേഷം ഉടൻ തന്നെ ദൈവാലയത്തിനു പുറത്തുപോകാതെ ദിവ്യകാരുണ്യ സന്നിധിയിൽ പതിനഞ്ചു മിനിറ്റെങ്കിലും ഉപകാരസ്മരണയിൽചിലവഴിക്കുവാൻ തീരുമാനിച്ചു.

HOLT MASS

അതിനാൽ വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ ദൈവാലയത്തിനു പുറത്തു പോകാതെ 5 മിനിറ്റെങ്കിലും ദൈവസാന്നിധ്യ സ്മരണയിൽ ചിലവഴിക്കുന്നതു നമ്മുടെ ആത്മീയ പതിവാക്കി നമുക്കു മാറ്റാം.

ജീവിക്കുന്ന ദൈവവുമായി ആശയവിനിമയം നടത്താനും നമ്മുടെ ഉള്ളിൽ അവന്റെ സ്‌നേഹം അനുഭവിക്കാനും കഴിയുന്ന ഒരു അതുല്യ അവസരമാണിത്.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്