“സനാതനവും സർവത്രികമായ ദൈവിക രക്ഷാ പദ്ധതി ക്രിസ്തു എന്ന വ്യക്തിയിൽ അനാവരണം ചെയ്യുകയാണ്മതബോധനം” എന്നാണ് വിശാസ പരിശീലനത്തിന് കത്തോലിക്ക സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം നൽകുന്ന ഒരു നിർവചനം ( CCC 426) . അതുകൊണ്ടു തന്നെ ക്രിസ്തുവിനെയും അവനിലൂടെ വെളിപ്പെട്ടു കിട്ടിയ രക്ഷാകര സന്ദേശവും മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കുന്ന പ്രക്രിയയാണ് വാസ്തവത്തിൽ മതബോധനം.

വിശ്വാസ പരിശീലനം സഭയുടെ വിശുദ്ധമായ കടമയും സഭയോളം പഴക്കമുള്ള ഒരു ശുശ്രൂഷയുമാണ് എന്നാണ് മതബോധന ജനറൽ ഡിറക്ടറി പഠിപ്പിക്കുന്നത് (Gcd 21) . അതുകൊണ്ട് തന്നെ ഈ ശുശ്രൂഷ തികച്ചും നവീനവും ആഴമേറിയതും ആകണമെന്ന് സഭ ആഗ്രഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ മതബോധന ശൈലികൾ കാലപ്പഴക്കം കൊണ്ട് കാലഹരണപ്പെട്ടതും ഉപയോഗ ശൂന്യത മൂലം മൂർച്ച കുറഞ്ഞതുമാണ്. ആത്മപരിശോധന ചെയ്യാത്ത വ്യക്തികളും പുനഃ പരിശോധന നടത്താത്ത പ്രസ്ഥാനങ്ങളും തളർന്നുപോകും എന്നാണ് പറയുക. അതിനാൽ കാലാനുസൃതമായ ഒരു പരിഷ്കരണം വിശ്വാസ പരിശീലന രംഗത്തും അത്യാവശ്യമാണ്.

*അനുഭവം കേന്ദ്രീകൃത പരിശീലനം*

സഭയുടെ വിശ്വാസ കൈമാറ്റ പ്രക്രിയക്ക് പ്രധാനമായും മൂന്ന് തലങ്ങൾ ഉണ്ട്. അറിവിന്റെ തലം, അനുഭവ തലം , പ്രായോഗിക തലം. പലപ്പോഴും നമ്മുടെ വിശ്വാസ പരിശീലനം അതിൽ ആദ്യ തലത്തിൽ മാത്രം ഒതുങ്ങി പോകുന്നു എന്നതാണ് സങ്കടം.പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ മാത്രം പഠിച്ചു പരീക്ഷ എഴുതി മാർക്ക് വാങ്ങുന്ന പഴയ പഠന ശൈലി ഇന്ന് തികച്ചും അപ്രസക്തമാണ്. അങ്ങനെ റാങ്ക് വാങ്ങിയ പലരും വിശ്വാസ ജീവിതത്തിന്റെ കാര്യത്തിൽ വരുമ്പോൾ വീണുപോകുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് നമ്മുടെ മതബോധനം കേവലം അറിവിന്റെ തലത്തിൽ മാത്രം ഒതുങ്ങി പോകാതെ ഒരു അനുഭവ കേന്ദ്രീകൃത വിശ്വാസ പരിശീലനം കുട്ടികളിൽ രൂപപ്പെടുത്തിയെടുക്കാനും അങ്ങനെ നമ്മുടെ വിശ്വാസത്തെ കുറേ കൂടി പ്രായോഗിക തലത്തിലേക്ക് എത്തിക്കാനും നമുക്ക് പറ്റണം. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനും വിഷമതകളിൽ അടിപതറാതെ നിൽക്കുവാനും നമ്മുടെ വിശ്വാസം കുട്ടികളെ സഹായിക്കത്തക്ക രീതിയിൽ നമ്മൾ അവരെ വാർത്തെടുക്കണം. മതബോധനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആതുരാലയ സന്ദർശങ്ങളും അവശരെ സഹായിക്കുന്ന പദ്ധതികളുമെല്ലാം കുട്ടികളെ അത്തരമൊരു വിശ്വാസ അനുഭവത്തിലേക്കു നയിക്കും.

*തിരുത്തപ്പെടേണ്ടഅധ്യാപന ശൈലി*

മാറ്റം അനിവാര്യമായ മറ്റൊരു രംഗം തീർച്ചയായും നമ്മുടെ മതബോധന അധ്യാപന ശൈലിയാണ്. പരമ്പരാഗത ബോധവൽക്കരണ രീതിയാണ് ഇപ്പോഴും നമ്മുടെ മതബോധന ക്ലാസുകളിൽ പിന്തുടരുന്നത്. നന്നായി സജ്ജീകരിക്കപ്പെട്ട ക്ലാസ് മുറികളും ‘ഹൈടെക് ലാബുകളും’ ‘ടെക്നിക്കൽ മുറി’കളുമുള്ള സ്കൂൾ ഇടങ്ങളിലാണ് നമ്മുടെ കുട്ടികൾ ആഴ്ചയുടെ ആറു ദിവസവും ചെലവഴിക്കുക. അതിനിടയിലെ ഒരു ദിവസം ഏറിയാൽ രണ്ടു മണിക്കൂർ മാത്രം നീളുന്ന മതബോധനവും അതിനു വേണ്ടി നൽകപ്പെട്ട ഇടുങ്ങിയ ക്ലാസ് മുറികളും വാരാന്തകളും അതിൽ ഒരിക്കൽ പോലും ഉപയോഗിക്കാത്ത ബ്ലാക്ക്‌ ബോർഡുകളും കാല് പോയതും ഇളകി മറയുന്നതുമായ ബെഞ്ചും കസേരയുമൊക്കെ കുട്ടികളെ അസ്വസ്ഥരാക്കുന്നു. ( ചില പള്ളികളിൽ നല്ല സൗകര്യം ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല). എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയേണ്ടത് അധ്യാപകരുടെ പ്രവർത്തന മികവുകൊണ്ടാണ് . അധ്യാപകന്റെ അറിവും കഴിവും അനുഭവവും തന്റെ വിദ്യാർഥികളെ വിശ്വാസ പക്വതയിലേക്ക് നയിക്കണം.”ക്രിസ്തു നിന്നിൽ രൂപപ്പെടുന്നത് വരെ ഞാൻ നിനക്ക് വേണ്ടി ഈറ്റു നോവ് അനുഭവിക്കുന്നു” ( ഗലാ 4;19) എന്നു പറഞ്ഞ പൗലോസ് ശ്ലീഹായുടെ തീക്ഷണയായിരിക്കണം ഏതൊരു അധ്യാപകന്റെയും പ്രവർത്തനത്തിന്റെ കാതൽ. തങ്ങളുടെ വിശ്വാസ പരിശീലനം എത്രയും കാര്യക്ഷമമാക്കാൻ വേണ്ട നൂതന മാർഗങ്ങൾ അധ്യാപകർ സ്വീകരിച്ചേ മതിയാകൂ.

*മൂല്യങ്ങളുടെ രൂപീകരണം (Value Formation)*

വിശ്വാസത്തിൻറെ യും അറിവിന്റെയും കാര്യത്തിലൊക്കെ നമ്മുടെ കുട്ടികൾ മുന്നിൽ നിന്നാലും ക്രൈസ്തവ മൂല്യങ്ങൾ എത്രത്തോളം അവരിൽ വളർത്തിയെടുക്കാൻ നമുക്ക് പറ്റുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതാണ്. സത്യസന്ധത, സഹിഷ്ണുത, സഹജീവികളോ ടുള്ള സഹാനുഭൂതി എന്നിങ്ങനെ ഒരു പൊതു സമൂഹം പ്രതീക്ഷിക്കുന്ന ഗുണങ്ങൾ ഒരു കുട്ടിയിൽ രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ഒരുപക്ഷേ വിശ്വാസ പരിശീലനത്തോടൊപ്പം തന്നെ നടക്കേണ്ട മറ്റൊരു പക്രിയ. തിന്മയെ ഒഴിവാക്കാനും നന്മയെ മുറുകെ പിടിക്കാനുമുള്ള ഒരു ക്രിസ്തീയ മനസാക്ഷി (Christian Conscience) അവരിൽ രൂപപ്പെടുത്തിയെടുക്കുക എന്നത് വിശ്വാസ പരിശീലനത്തിൽ സംഭവിക്കണം ( CCC1785). ആത്മീയതയും മൂല്യബോധവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണ്. അതുകൊണ്ട് വെറും ഒരു ക്രൈസ്തവ വിശ്വാസിയെ മാത്രമല്ല ഒരു ഉത്തമ പൗരനെ വളർത്തിയെടുക്കുക എന്നതുമായിരിക്കണം മതബോധനത്തിന്റെ ലക്ഷ്യം.

*വിശ്വാസ സമർത്ഥന പഠന ശൈലി (Apologetical Style of Learning)*

കത്തോലിക്കാ സഭ മുൻപൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. സഭയുടെ അകത്തുനിന്നും പുറത്തുനിന്നും അനേകം വെല്ലുവിളികൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു കാലത്തിൽ നമ്മുടെ വിശ്വാസത്തെ പ്രതിരോധിക്കാനായിട്ടുള്ള ഒരു ബാധ്യത ഒരു കത്തോലിക്കാ വിശ്വാസിക്കുണ്ട്. അതിനുവേണ്ടി നാം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തെ സംരക്ഷിക്കത്തക്ക വിധത്തിലുള്ള ഒരു വിശ്വാസ പ്രതിരോധ പ്രബോധന ശൈലി നമ്മുടെ വിശ്വാസ പരിശീലനത്തിന് ആവശ്യമാണ് . നമ്മൾ ഏറ്റു പറയുന്ന വിശ്വാസത്തെയും ( Profession of Faith) ആഘോഷിക്കുന്ന വിശ്വാസത്തേയും (Celebration of Faith) , ജീവിക്കുന്ന വിശ്വാസത്തെയും (Living Faith) കുറിച്ച് ആഴമേറിയ അറിവ് രൂപപ്പെടുത്തിയെടുക്കുകയും അതു മറ്റുള്ളവരുടെ മുമ്പിൽ സാക്ഷിപ്പെടുത്തക്ക വിധത്തിൽ നമ്മുടെ കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നത് മതബോധനത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ പ്രതിയോഗികൾ ഉയർത്തുന്ന വിമര്ശനതമകമായ ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവുമായിട്ടുള്ള മറുപടികൾ ദൈവവചനത്തിലൂന്നിയും സഭാ പാരമ്പര്യത്തിൽ മുറുകെപ്പിടിച്ചുകൊണ്ടും പറയാനായിട്ട് നമുക്ക് സാധിക്കുക എന്നുള്ളത് ഇന്നത്തെ കാലത്തിൻറെ വെല്ലുവിളിയാണ്.

*സമഗ്രമായ രൂപീകരണം ( Integral Formation)*

ഇന്നത്തെ കാലഘട്ടത്തിൽ മതബോധനം കേവലം ഒരു മതപഠനത്തിൽ മാത്രമായിട്ട് ഒതുങ്ങി പോകരുത്. കാരണം 17 – 18 വയസ്സായ ഒരു കുട്ടി 12 വർഷം മതബോധനം പഠിച്ച് പുറത്തിറങ്ങുമ്പോൾ അവരുടെ ജീവിതത്തിന് ആവശ്യമായിട്ടുള്ള പ്രായോഗിക അറിവ് കൂടി നേടിയെടുക്കാൻ സജ്ജരായിരിക്കണം. കുട്ടികളുടെ അഭിരുചികൾക്കനുസരിച്ചുള്ള മേഖലകൾ കണ്ടെത്താനും അതു വളർത്തിയെടുക്കാനും അതിനു വേണ്ട പ്രോത്സാഹനം നൽകാനും നമുക്ക് കടമയുണ്ട്. ‘സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്ങുകളും’ ‘കരിയർ ഗൈഡൻസ് ക്ലാസുകളും’ ‘നേതൃത്വ പരിശീലന ക്യാമ്പുകളും’ സംഘടിപ്പിക്കാൻ മതബോധന ത്തിലൂടെ നമുക്ക് സാധിക്കണം. അത്തരമൊരു സമഗ്രമായ രൂപീകരണം നമ്മുടെ കുട്ടികളിൽ നടക്കാൻ വേണ്ട ക്രമീകരണം ഒരുക്കി കൊടുക്കാൻ നമുക്ക് കഴിയണം.

*ഉപസംഹാരം*

മതബോധനം കേവലം മതപഠനം മാത്രമായിട്ട് ഒതുങ്ങാതെ കുട്ടികളിൽ ചില ആഴമേറിയ ബോധ്യങ്ങൾ നിറക്കുന്നതായിരിക്കണം. സുവിശേഷ സന്ദേശങ്ങളെ കാലാനുസൃതമായി കുട്ടികളിലേക്ക് എത്തിച്ചുകൊണ്ട് അവരിൽ ക്രിസ്തുവിനെ രൂപീകരിക്കുന്നതോടൊപ്പം ഇന്നത്തെ കാലഘട്ടത്തിൻറെ വെല്ലുവിളികളെ അതീജീവിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതും അങ്ങനെ ഉത്തമ പൗരന്മാരായി അവരെ വളർത്തുക എന്നതും മതബോധനത്തിന്റെ കടമയാണ്. അതിനുവേണ്ടിയിട്ടുള്ള പരിശ്രമത്തിൽ പുരോഹിതരും സന്യസ്തരും വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും കൈ കോർക്കേണ്ടതായുണ്ട്.

ഫാ. നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്