പതിവില്ലാതെ രാവിലെ തന്നെ നടവയലുകാരൻ ദേവസ്യ ചേട്ടന്റെ കോൾ. വിളിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല. അല്പം കഴിഞ്ഞ് തിരിച്ചു വിളിച്ചു.
“അച്ചാ സുഖമാണോ?””
സുഖമാണല്ലോ? എന്തുണ്ട് വിശേഷങ്ങൾ?
“”അച്ചൻ ഇന്നലെ മെസഞ്ചറിൽ എന്നെ വിളിച്ചിരുന്നോ?””ഇല്ലല്ലോ?
ആ…. എന്നാൽ അച്ചന്റെ പേരിൽ ഫെയ്ക്ക് ഐഡി ഉണ്ടാക്കി ആരോ ചെയ്തതായിരിക്കും.
വിളിച്ചയാൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നെ എനിക്ക് സംശയം തോന്നുകയും അത് ഫെയ്ക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
എന്തായാലും അച്ചൻ ഇത് മറ്റുള്ളവരെ ഒന്ന് അറിയിക്കണെ. നമ്മുടെ രൂപതയിലെ പല അച്ചന്മാരുടെ പേരിലും ഇങ്ങനെ ഐഡി നിർമിക്കപ്പെട്ടിട്ടുണ്ട് എന്നാണറിയാൻ കഴിഞ്ഞത്.”
ദേവസ്യ ചേട്ടന് നന്ദി പറഞ്ഞ് ഫോൺ വച്ചപ്പോൾ കഴിഞ്ഞയാഴ്ച എനിക്കുവന്ന മറ്റൊരു സന്ദേശമാണ് ഓർമവന്നത്.
ലാസലെറ്റ് സഭാംഗം ജോസ് പുന്നക്കുന്നേലച്ചന്റെ സഹോദരി മോളി ചേച്ചിയെ ഞങ്ങളുടെ സഭയിലുള്ള ആൻഡ്രൂസച്ചന്റെ പേരിൽ ഫെയ്ക് അക്കൗഡ് ഉണ്ടാക്കി ആരോ ബന്ധപ്പെട്ടു. പതിനായിരം രൂപ അത്യാവശ്യമായ് വേണമെന്നായിരുന്നു ആവശ്യം. എന്തായാലും യഥാസമയം ആ കള്ളത്തരവും തിരിച്ചറിഞ്ഞതിനാൽ പണം നഷ്ടപ്പെട്ടില്ല.
നമ്മുടെ അതേ പേരിൽ പ്രൊഫൈലുകൾ ആരംഭിച്ച് ഫ്രണ്ട്സിനെല്ലാം റിക്വസ്റ്റ് അയക്കുകയും അത് അക്സപ്റ്റ് ചെയ്താൽ ഉടൻ പണത്തിന് ആവശ്യം പറഞ്ഞ് ഗൂഗിൾ പേ വഴിയോ, അക്കൗണ്ട് വഴിയോ മറ്റോ പണം അയക്കാൻ ആവശ്യപ്പെടുന്ന രീതിയാണ് തട്ടിപ്പുകാരിൽ ഒരു വിഭാഗം ചെയ്യുന്നത്.
തന്റെ സുഹൃത്തിനെ അടിയന്തിരമായി സഹായിക്കാമെന്ന് കരുതിയവരിൽ പലർക്കും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.സൈബർ സെല്ലോ, പോലീസോ ഇത്തരം പരാതികളിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചതായും അറിയില്ല. അവർ ഇക്കാര്യം ഗൗരവമായെടുത്തിരുന്നെങ്കിൽ വർഷങ്ങൾക്കുശേഷവും ഇങ്ങനെ ആവർത്തിക്കുമായിരുന്നില്ലല്ലോ.
കള്ളത്തരങ്ങൾ കറങ്ങി നടക്കുന്ന ഇക്കാലയളവിൽ ഇത് വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ പേരിലും ഫെയ്ക്ക് അക്കൗണ്ടുകൾ നിർമിക്കപ്പെട്ടിട്ടുണ്ടോ എന്ന് ദൈവത്തിനു മാത്രമേ അറിയാൻ കഴിയൂ.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്ന് ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ശക്തിപ്പെടുത്തട്ടെ:”സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.
അവൻ സ്വമേധയ ആയിരിക്കില്ല സംസാരിക്കുന്നത്. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും.”(യോഹന്നാന്‍ 16 : 13-14) ചില കള്ളത്തരങ്ങൾ തിരിച്ചറിയണമെങ്കിൽ ആത്മാവിന്റെ സഹായം കൂടിയേ തീരൂ.
എന്തായാലും എന്റെ പേരിൽ ആരെങ്കിലും നിങ്ങളെ പണത്തിനു വേണ്ടി ബന്ധപ്പെട്ടാൽ അത് ഞാനല്ല എന്ന് സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.
ആത്മാവിന്റെ നിറവ് ഏവർക്കും ലഭിക്കട്ടെ.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽപരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ മംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്ജൂൺ-4- 2023