കാക്കനാട്: അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്നും വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടന്ന വലിയശനിയുടെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാമ്മോദീസാശനി എന്നറിയപ്പെടുന്ന ഈ ദിവസം രക്ഷകന്റെ ഉയിർപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ പ്രത്യാശാശനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. കുർബാനമദ്ധ്യേ വെള്ളം വെഞ്ചിരിക്കുകയും മാമ്മോദീസവ്രതം നവീകരിക്കുകയും പുത്തൻ തിരിതെളിയിക്കുകയും ചെയ്ത കർമ്മങ്ങളിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.