ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ

വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകർ; രണ്ട് കർദിനാൾമാർ ഉൾപ്പെടെ എട്ട് സഭാപിതാക്കന്മാർ; സംവാദങ്ങളും ചർച്ചകളും ക്ലാസുകളും ഉൾപ്പെടുത്തിയ ആറ് ദിന കാര്യപരിപാടികൾ! ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി ആന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമത്തിന് ജൂൺ 17ന് റോമാ നഗരത്തിൽ തിരിതെളിയും. പാശ്ചാത്യനാടുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യുവജന നേതൃസംഗമത്തിന് ‘എറൈസ് 2022’ എന്നാണ് പേരിട്ടിരിക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോ മലബാർ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം. ആഗോളസഭയുടെ ഭരണസിരാകേന്ദ്രമായ റോമിലെ ‘മരിയ മാത്തർ’ പൊന്തിഫിക്കൽ കോളജ് വേദിയാകുന്ന സംഗമം ജൂൺ 22വരെ നീണ്ടുനിൽക്കും. ഈ യുവജന നേതൃനിരയെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും. ജൂൺ 18 വത്തിക്കാൻ സമയം ഉച്ചയ്ക്ക് 12.00നാണ് പേപ്പൽ കൂടിക്കാഴ്ച.

പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം അധ്യക്ഷൻ കർദിനാൾ ലിയാനാർദോ സാന്ദ്രി സംദമത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുടെ മുഴുവൻ സമയ പങ്കാളിത്തവും ‘എറൈസ് 2022’നെ ശ്രദ്ധേയമാക്കും.

ക്രിസ്തുവിനെ കണ്ടുമുട്ടുകയും അവിടുന്നുമായുള്ള ആത്മബന്ധത്തിന് ആഴം കൂട്ടുകയും ചെയ്യുക, സീറോ മലബാർ സഭയെയും അതിന്റെ അപ്പസ്‌തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോ മലബാർ സഭയുടെ ദൗത്യത്തിലേക്കും പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീർത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ അൽഫോൻസ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്നിവരാണ് സംഗമത്തിന്റെ വിശേഷാൽ മധ്യസ്ഥർ. സംഗമത്തിന്റെ ഓരോ ദിനത്തിലും ഓരോ തിരുവചനമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

യു.എസിൽനിന്ന് 15, കാനഡയിൽനിന്ന് 15, മെൽബണിൽനിന്ന് 16, യു.കെയിൽനിന്ന് 10, ഇതര യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്ന് 19 എന്നിങ്ങനെയാണ് പങ്കെടുക്കുന്നവരുടെ എണ്ണം. യുവജന ശുശ്രൂഷകളുടെ ദേശീയതല നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നവരിൽനിന്ന് അതത് രൂപതകളാണ് പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്. വിശ്വാസജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ യുവജനങ്ങളെ സഹായിക്കുന്നതു മുതൽ വിവരസാങ്കേതിക വിദ്യകളെ ഒരു ക്രിസ്തുവിശ്വാസി എപ്രകാരം വിദഗ്ദ്ധമായി വിനിയോഗിക്കണമെന്നുവരെ വ്യക്തമാക്കുന്ന ക്ലാസുകളാകും സംഗമത്തിന്റെ മുഖ്യ ആകർഷണം. പാശ്ചാത്യലോകത്ത് സീറോ മലബാർ സഭയ്ക്കുള്ള പ്രസക്തി, പാശ്ചാത്യ രാജ്യങ്ങളിൽ സീറോ മലബാർ യുവജനം നേരിടുന്ന വെല്ലുവിളികൾ, പാശ്ചാത്യനാടുകളിൽ തനതു വിശ്വാസപാരമ്പര്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങൾക്കുള്ള പങ്ക് എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടും.

2018മുതൽ ആരംഭിച്ച പരിശ്രമങ്ങളുടെയും പ്രാർത്ഥനയുടെയും ഫലമായാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ യുവജന നേതൃസംഗമം യാഥാർത്ഥ്യമായതെന്ന് ചിക്കാഗോ സീറോ മലബാർ രൂപത യൂത്ത് ഡയറക്ടർ ഫാ. പോൾ ചാലിശേരി ‘സൺഡേ ശാലോ’മിനോട് പറഞ്ഞു. ഫാ. ബിനോജ് മുളവരിക്കൽ (യൂറോപ്പ്), ഫാ. ഫാൻസ്വാ പതിൽ (ഗ്രേറ്റ് ബ്രിട്ടൺ), സോജിൻ സെബാസ്റ്റ്യൻ (യൂത്ത് ഡയറക്ടർ, മെൽബൺ) ഫാ. ജോയിസ് കൊളംകുഴിയിൽ സി.എം.ഐ (സ്പിരിച്വൽ ഫാദർ, മെൽബൺ), ഫാ. ജോർജ് ജോസഫ് (മിസിസാഗ), ഫാ. കെവിൻ മുണ്ടക്കൽ (അസിസ്റ്റന്റ് യൂത്ത് ഡയറക്ടർ- ചിക്കാഗോ) എന്നിവരാണ് സംഗമത്തിന് നേതൃത്വം വഹിക്കുന്ന ‘സീറോ മലബാർ കംബൈയിൻഡ് മിഷന്റെ’ കോർ ടീം അംഗങ്ങൾ.

‘ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഈ 70 പേരുടെ സംഘത്തിന് ഉത്തമ ദിശാബോധം പകർന്ന് അവരിലൂടെ അതത് രാജ്യത്തെ സീറോ മലബാർ യുവജനങ്ങളെ തനത് പാരമ്പര്യത്തിലും മിഷണറി തീക്ഷ്ണതയിലും ഊട്ടിയുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഫാ. പോൾ പറഞ്ഞു. ഈ പ്രഥമ സംഗമത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, കൃത്യമായ ഇടവേളകളിൽ യുവജന നേതൃനിരയ്ക്കുവേണ്ടിയുള്ള പരിശീലന പരിപാടികൾ ദേശീയ, അന്തർദേശീത തലങ്ങളിൽ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും കോർ ടീം വ്യക്തമാക്കി.

അടുത്ത വർഷം പോർച്ചുഗലിലെ ഫാത്തിമയിൽ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് സീറോ മലബാർ യുവജന നേതൃസംഗമം ഫാത്തിമയിൽ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രാർത്ഥനാ മംഗളങ്ങൾ

ആശംസകൾ

നിങ്ങൾ വിട്ടുപോയത്