കേരളത്തിൽ അധികം കാണുന്നില്ലെങ്കിലുംഅന്യ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും പാടം ഉഴുതു മറിക്കാൻ കന്നുകാലികളെ ഉപയോഗിക്കുന്ന രീതി ഇന്നുമുണ്ട്.
കൃത്യമായ് പരിശീലിപ്പിക്കാതെ ആരും ഒരു കാളയുടെ മുതുകിലും നുകം വച്ചുകെട്ടി പാടത്തിറക്കാറില്ല. കാളയുടെ കാര്യത്തിൽ മാത്രമല്ല, സവാരിക്ക് കൊണ്ടുപോകുന്ന കുതിര, ഉത്സവത്തിന് വരുന്ന ആന, കാവൽ നായ എന്നിവയുടെ കാര്യത്തിലെല്ലാം സ്ഥിതിയിതു തന്നെ.
ഈ ചിന്തയോടെ കുറിപ്പ് തുടങ്ങാൻ കാരണം ഓശാന ഞായറിന് ദൈവാലയങ്ങളിൽ വായിക്കുന്ന സുവിശേഷ ഭാഗമാണ്.അവൻ ശിഷ്യരോട് പറഞ്ഞു: “എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ചെല്ലുമ്പോള്‍, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക”(ലൂക്കാ 19 : 30).
നാം ചിന്തിക്കേണ്ട ഒന്നാമത്തെ കാര്യം ഇതാണ്:ആരും ഒരിക്കലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടി, എന്തുകൊണ്ട് ആൾക്കൂട്ടത്തിന്നിടയിലൂടെ വിരണ്ട് ഓടിയില്ല? ആരെയും ആക്രമിക്കുന്നില്ല? ക്രിസ്തുവിന്റെ മുമ്പിൽ ശാന്തതയോടെ അത് നിൽക്കുന്നു.
മൃഗീയമായ സ്വഭാവ ദൂഷ്യങ്ങളും തഴക്കദോഷങ്ങളും ഒരു പക്ഷേ നമ്മെയും അലട്ടുന്നുണ്ടായിരിക്കാം.ക്രിസ്തുസാനിധ്യം കഴുതക്കുട്ടിയെ ഇണക്കമുള്ളതാക്കി മാറ്റിയതുപോലെ വിശുദ്ധ വാരത്തിൽ ദൈവത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കും.
രണ്ടാമത്തെ വിചിന്തനം: “കഴുത”യ്ക്ക് വില ലഭിച്ച ദിവസമാണ് ഓശാന. നമ്മുടെ ജീവിതത്തിൽ ക്രിസ്തു പ്രവേശിക്കുമ്പോൾ സമൂഹത്തിനു മുമ്പിൽ നമ്മളും വിലയുള്ളവരാകുമെന്ന സത്യം മനസിൽ സൂക്ഷിക്കുക.
നമ്മൾ ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടി കുറിക്കട്ടെ.വിശുദ്ധ വാരത്തിൽസംഭവിക്കുന്നത് പലതും വിശുദ്ധമായ കാര്യങ്ങളല്ല: കുറച്ചുപേരുടെ അസൂയയും കുതന്ത്രവുംക്രിസ്തുവിന്റെ സഹനത്തിന് കാരണമായി. പാപമില്ലാത്തവൻ മരണത്തിന് വിധിക്കപ്പെടുന്നു.മരണം വരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞവരെല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാനായ് ഓടിയൊളിച്ചു.ആൾക്കൂട്ടത്തിനു മധ്യേ ഉടുതുണിയില്ലാതെ അവൻ നിർത്തപ്പെട്ടു…
.എങ്കിലും പരാതികളില്ലാതെക്രിസ്തു കുരിശുമായ് കാൽവരി കയറുന്നു.ചിലപ്പോഴൊക്കെ നമ്മുടെ ജീവിതവും ഏതാണ്ടിതുപോലെ തന്നെയാണ്.നമ്മളും ഒറ്റപ്പെട്ടേക്കാം. തിരസ്ക്കരണവും കുത്തുവാക്കുകളും അപഹാസ്യങ്ങളും ഏൽക്കേണ്ടി വന്നേക്കാം. അപ്പോഴെല്ലാം നമുക്ക് കരുത്തു പകരേണ്ടത് വിശുദ്ധ വാരത്തിൽ നമ്മൾ ധ്യാനിക്കുന്ന ക്രിസ്തുവിന്റെ ജീവിതമാണ്.
നീതിമാനായിട്ടു പോലും തനിക്കു മുമ്പിൽ വന്ന പീഢകളെ ക്രിസ്തു എതിരേറ്റ രീതിയാണ് വിശുദ്ധ വാരത്തിൽ ഏറ്റവും വിശുദ്ധമായത്.അപ്രതീക്ഷിതമായ ദുരിതങ്ങൾ നമ്മെ അലട്ടുമ്പോൾ ക്രിസ്തുവിന്റെ ജീവിതം നമുക്ക് കരുത്ത് പകരട്ടെ.
ഓശാന ഞായറിന്റെയുംവിശുദ്ധ വാരത്തിന്റെയുംമംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്