മലബാർ കുടിയേറ്റത്തിലൂടെ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിന്റെ അതിജീവിതത്തിന് വഴിയൊരുക്കിയ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മലബാറിൻ്റെ മുഖഛായ തന്നെ മാറ്റി. പകർച്ചവ്യാധിയും കുടിയിറക്കും ദാരിദ്ര്യവും കുടിയേറ്റ ജനതയുടെ ഭാവി പ്രതീക്ഷകളെ തകർത്തപ്പോൾ അവർ പ്രതീക്ഷയർപ്പിച്ചത് ഈ പ്രാർത്ഥനാ വീരനിലായിരുന്നു.
ക്രിസ്തുദർശനങ്ങൾ പരിപക്വമാക്കിയ ജീവിതം ഗാന്ധിയൻ രീതിയിലൂടെ സമൂഹത്തിൽ അവതരിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തിലേക്ക് വള്ളോപ്പിള്ളി പിതാവ് ഇറങ്ങിച്ചെന്നു. ക്രിസ്തു ശിഷ്യത്വത്തിൻ്റെ മഹത്വം തന്റെ ശുശ്രൂഷാ കാലത്ത് വാനോളം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ആ മഹാത്മാവ് മലബാറിലെ സകല ജനങ്ങളുടെയും ജീവിതത്തെ സ്വാധീനിച്ചത്. , ഓരോ സാധാരണ വിശ്വാസിക്കും പ്രതീക്ഷ നൽകുന്നതാണ് മാർ വള്ളോപ്പിള്ളി പിതാവിന്റെ ധന്യജീവിതം.
മാർ വള്ളോപ്പിള്ളി പിതാവിൻ്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ
കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്
കാടും മേടും വെട്ടിത്തെളിച്ച് , കാട്ടാനയോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരു പറ്റം കുടിയേറ്റ നസ്രാണി മക്കളുടെ ആത്മാവിൽ തൊട്ട, അവരുടെ ഇടയനായിരുന്നു മാർ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്. ഇടയനില്ലാത്ത ആട്ടിൻപറ്റത്തോടുള്ള അനുകമ്പ മൂലം, ഇതാ കർത്താവിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞുകൊണ്ട് പാലായോട് വിട പറഞ്ഞു തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റെടുത്ത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ആ ഇടയനെ തങ്ങളുടെ പിതാവായി അവരേറ്റെടുത്തു.
1920 കളിൽ തുടങ്ങിയ മലബാർ കുടിയേറ്റത്തിൽ ഏറെയും മാർ തോമാ നസ്രാണികൾ ആയിരുന്നു. ദാരിദ്രത്തിന്റെ അളവ് കൂടിയപ്പോൾ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ അളവും വർദ്ധിച്ചു. തിരിച്ചു പോകുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് തന്നെ തങ്ങൾക്കുള്ളതെല്ലാം വിറ്റു പെറുക്കിയാണ് എല്ലാവരും പോന്നത്. എന്നാൽ കാട്ടുമൃഗങ്ങളോടും വിഷകാരികളായ പാമ്പുകളോടും പടവെട്ടി മുന്നേറിയ അവരെ “മലേറിയ” പോലെയുള്ള രോഗങ്ങൾ തീരെയങ്ങു തളർത്തികളഞ്ഞു. ആശുപത്രി സൗകര്യങ്ങൾ കുറവായിരുന്നതിനാൽ അനേകം പേർ അവിടെ മരിച്ചു വീണു.
തങ്ങൾക്ക് ഒരു ആത്മീയ പിന്തുണ ആഗ്രഹിച്ച് കാത്തിരുന്ന അവർക്കിടയിലേയ്ക്കാണു തലശ്ശേരി അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ ആയി 1953 ഡിസംബർ 31 ന് വള്ളോപ്പിള്ളി പിതാവ് പാലായിൽ നിന്നും എത്തിയത്. പള്ളികൾ മാത്രമല്ല, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ ഇടയന്റെ കീഴിൽ വൈദികർക്കൊപ്പം ജനങ്ങളും ഒന്നിച്ചു നിന്നു.
1911 ഓഗസ്റ്റ് 4 ന് പാലാ രൂപതയിലെ കുടക്കച്ചിറയിൽ ജനിച്ച്, സെബാസ്റ്റ്യൻ (ദേവസ്യ ) എന്ന് മാമോദീസ നാമകരണം ചെയ്ത അദ്ദേഹത്തെ വീട്ടുകാർ സ്നേഹത്തോടെ ദേവസ്യാച്ചൻ എന്ന് വിളിച്ചു. SB കോളേജ് ചങ്ങനാശ്ശേരി, സെന്റ്.സേവ്യേഴ്സ് കോളേജ് പാളയംകോട്ട എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മതേതര പഠനങ്ങൾ. പാലാ സെന്റ്. തോമസ് സ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധിയനായ ഡേവിഡ് മഹാപിള്ള വക്കീലിന്റെ മാതൃക അദ്ദേഹത്തെ ഒരു തികഞ്ഞ ഗാന്ധിയനാക്കി മാറ്റി. പിന്നീട് ജീവിതാവസാനം വരെ തികഞ്ഞ ഒരു ഗാന്ധിയൻ ആയിരുന്നു അദ്ദേഹം.
കാൻഡി (ശ്രീലങ്ക ) പേപ്പൽ സെമിനാരിയിലെ സഭാ പഠനത്തിനുശേഷം 1945 ഓഗസ്റ്റ് 24 ന് ബെനെഡിക്ടൻ സന്യാസിയായ റേഞ്ഞോ മെത്രാനിൽ നിന്നു ബ്രദർ സെബാസ്റ്റ്യൻ വൈദികപട്ടം സ്വീകരിച്ചു. 1946 ജൂൺ മുതൽ 1949 ഡിസംബർ വരെ ചങ്ങനാശ്ശേരി മൈനർ സെമിനാരിയിൽ ആധ്യാത്മിക ഗുരുവും വൈസ് റെക്ടറുമായി ജോലി നോക്കി. തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ നിന്നു ബാച്ലർ ഓഫ് ട്രെയിനിംഗ് പൂർത്തിയാക്കിയശേഷം സെന്റ്.സെബാസ്റ്റ്യൻ സ്കൂൾ “കാടനാടി”ൽ ഹൈസ്കൂൾ അധ്യാപകനായും ഹെഡ്മാസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. ഭരണങ്ങാനം പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി പ്രവർത്തിക്കാൻ സാധിച്ചത് മൂലം വിശുദ്ധ അൽഫോൻസാമ്മയെ നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചു.
1954 മാർച്ച് 19 ന് തലശ്ശേരി രൂപതയുടെ ചാർജ് ഏറ്റെടുത്തുവെങ്കിലും , 1955 ഒക്ടോബർ 16 നാണു തലശ്ശേരി രൂപതാ പ്രഥമ ബിഷപ്പായി ഔദ്യോഗികമായി സ്ഥാനാരോപിതനായത്. പാലായിൽ നിന്നും വന്ന തങ്ങളുടെ ഇടയനെ നസ്രാണി കുടിയേറ്റ ജനത ആഘോഷപൂർവവും അതിലേറെ പ്രതീക്ഷയോടെയും എതിരേറ്റു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കിലോമീറ്ററുകളോളം നടക്കാൻ പോലും അദ്ദേഹം മടിച്ചില്ല. മൂന്നു മാസം കൊണ്ട് തന്നെ രൂപതയിലെ എല്ലാ കുടിയേറ്റ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. പിതാവിനെ സ്വീകരിക്കാനായി നാട്ടുകാർ വഴി വെട്ടി.
ഇരിട്ടി പുഴയിൽ (കോളിക്കടവ്) മണൽ ചാക്കുകൾ നിരത്തി ചിറകെട്ടിയാണ് എടൂരേക്ക് ജീപ്പ് എത്തിച്ചത്.
കർഷകരോടൊപ്പം കുടിയിറക്കു സമരത്തിൽ അവരിലൊരാളായി കൂടെ നിന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് അന്നത്തെ സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്ത് കുടിയേറ്റ മേഖലയിലേക്ക് ധാരാളം സ്കൂളുകൾ അദ്ദേഹം എത്തിച്ചു.
സെമിനാരി, മഠങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വൃദ്ധമന്ദിരം, ബാലഭവനം എന്നിങ്ങനെ ജനങ്ങൾക്കു വേണ്ടി ഒന്നൊന്നായി അദ്ദേഹം പ്രാബല്യത്തിൽ വരുത്തി. മലേറിയയെ ചെറുത്തു നിന്ന ജനത മദ്യത്തിന് അടിമപ്പെടുന്നത് സഹിക്കാനാവാതെ, മദ്യത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് തൈത്തോട്ടത്തിൽ തോമാ കത്താനാരുടെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് ചാരായഷാപ്പുകൾ പിക്കറ്റ് ചെയ്യുകയും , വ്യാജ വാറ്റു കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.
മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ബിഷപ്പ് ആയിരിക്കുമ്പോൾ തന്നെ 1973 ലും 1986 ലുമായി തലശ്ശേരിയിൽ നിന്നും മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകൾ രൂപം കൊണ്ടു. 33 വർഷത്തെ നേതൃത്വത്തിന് ശേഷം 1986 ഓഗസ്റ്റ് 4 ന് എഴുപത്തി അഞ്ചാമത്തെ വയസിൽ അദ്ദേഹം രാജി സമർപ്പിച്ചുവെങ്കിലും അർപ്പണ ബോധവും നേതൃപാടവവും പ്രായത്തിനു തളർത്താൻ കഴിയില്ല എന്ന് മനസിലാക്കിയ സഭ 1989 ഫെബ്രുവരി 8 നാണ് രാജി സ്വീകരിച്ചത്.
ഫാദർ അബ്രഹാം പാറക്കൽ മെമ്മോറിയൽ അവാർഡ് (1990), കേരള സഭാരത്നം അവാർഡ്(1992), നവജീവ പരിഷത്ത് അവാർഡ്(1995), കേരള സഭാതാരം അവാർഡ് (1995), ലയൺസ് ഇന്റർനാഷണൽ അവാർഡ് (1996), മേരി വിജയം ദർശന അവാർഡ്(1998), രാമാശ്രമം അവാർഡ് (1998), തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സെക്കന്റ് വത്തിക്കാൻ കൗൺസിൽ സെഷൻ ഒന്ന്, രണ്ട് , മൂന്ന്, നാല് എന്നീ കൗൺസിലുകളുടെ ഫാദർ ആയിരുന്നു അദ്ദേഹം. 1964 ൽ നിർമ്മലഗിരി കോളേജ് സ്ഥാപിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ പ്രധാന പങ്കുവഹിച്ചു. “സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ” സ്ഥാപകനും അദ്ദേഹമാണ്.
രൂപതാഭരണം പിൻഗാമിയെ ഏല്പിച്ചുവെങ്കിലും, തന്റെ വിശ്രമജീവിതത്തിലും അദ്ദേഹം അനേകർക്ക് മാതൃകയായി വർത്തിച്ചു. അദ്ദേഹത്തിന്റെ രജത ജൂബിലി സ്മാരകമായി സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് “ബിഷപ്പ് വള്ളോപ്പിള്ളി ജെ എം എച്ച് എസ്”. വിദ്യാഭ്യാസത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിച്ച ആ മനസിന് ഒരു അംഗീകാരം.
2006 ഏപ്രിൽ നാലാം തിയതി കുടിയേറ്റ ജനതയെ കണ്ണീരിലാഴ്ത്തികൊണ്ട് അവരുടെ പിതാവ് എന്നേയ്ക്കുമായി യാത്രയായി. തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ രാവിലെ 10 മണിക്ക് കുർബാനയോട് കൂടി ആരംഭിച്ച ചടങ്ങുകൾക്ക് താമരശ്ശേരി ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി നേതൃത്വം നൽകി. തന്റെ 95 വർഷത്തെ ജീവിതത്തിൽ ഭൂരിഭാഗവും അദ്ദേഹം മറ്റുള്ളവർക്കായി മാറ്റിവെച്ചു. അത് കൊണ്ടുതന്നെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം ഒരു വൻ ജനാവലി കണ്ണീരോടെ അദ്ദേഹത്തെ യാത്രയാക്കി. 2006 ഏപ്രിൽ ആറാം തിയതി തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ അദ്ദേഹത്തെ അടക്കം ചെയ്തു.
വൈദികനായും, മെത്രാനായും, ആത്മീയ നേതാവായും, സാമൂഹ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യമായും നിറഞ്ഞു നിന്ന അദ്ദേഹം തന്റെ ദൗത്യങ്ങൾ അവസാനിപ്പിച്ചു പോയെങ്കിലും, “ദൈവം നമ്മോടുകൂടെ ‘ എന്ന അദ്ദേഹത്തിന്റെ ആത്മകഥ നമുക്ക് വെളിച്ചമാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവില്ലെങ്കിലും, കുടക്കച്ചിറ – അടൂർ റോഡിനെ ബിഷപ്പ് വള്ളോപ്പിള്ളി റോഡ് എന്ന പേര് നൽകി കേരള ഗവണ്മെന്റ് അദ്ദേഹത്തെ ആദരിച്ചപ്പോൾ 80 വർഷങ്ങൾക്കു മുൻപേ അതേ റോഡിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഒൻപതാം ക്ലാസുകാരനായ സെബാസ്റ്റ്യനെ നാട്ടുകാർ സ്മരിച്ചിട്ടുണ്ടാവണം.
തലശ്ശേരി രൂപത, അതിരൂപതയായി മാറിയെങ്കിലും, ഇടയന്മാർ മാറിവന്നെങ്കിലും കുടിയേറ്റ ജനതയുടെ മനസ്സിൽ ഇന്നും വള്ളോപ്പിള്ളി പിതാവിനുള്ള സ്ഥാനം വളരെ വലുതാണ്. മണ്ണിനെ പൊന്നാക്കാൻ പടവെട്ടിയ ജനതയ്ക്ക് നേതൃത്വം നൽകി, അവരുടെ ആത്മീയ വഴികാട്ടിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഇന്നും അവരുടെ മനസ്സിൽ ജീവിക്കുന്നു, കുടിയേറ്റക്കാരുടെ പിതാവായി.